കുഞ്ഞുങ്ങളുടെ ചിരി മായാതിരിക്കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. എന്നാല്‍ തന്‍റെ കുഞ്ഞിന്‍റെ മുഖത്തെ ചിരി മാറി കാണാനാണ് ക്രിസ്റ്റീന വെര്‍ച്ചര്‍ എന്ന മാതാവ് കാത്തിരിക്കുന്നത്.

അതിന് കാരണമൊ ബൈലാറ്റെറല്‍ മാക്രോസ്റ്റോമ്യ എന്ന അപൂര്‍വ രോഗമാണ്. വായുടെ ഭാഗം കൃത്യമായി കൂടിച്ചേരാതെ രണ്ടായി നില്‍ക്കുന്ന ഒരവസ്ഥയാണിത്.

2021 ഡിസംബറില്‍ ക്രിസ്റ്റീന വെര്‍ച്ചര്‍ക്കും ഭര്‍ത്താവ് ബ്ലെയ്സ് മുച്ചയ്ക്കും ജനിച്ച കുട്ടിയാണ് അയ്‌ല സമ്മര്‍ മുച്ച. സാധാരണ ഗര്‍ഭ കാലത്ത് വയറ്റില്‍വച്ചു തന്നെ ശിശുവിന്‍റെ വായ്
ശരിയായി രൂപപ്പെടാറുണ്ട്. എന്നാല്‍ അയ്‌ല ജനിച്ചത് ഈ അപൂര്‍വ രോഗവുമായിട്ടായിരുന്നു. കാണുന്നവര്‍ക്ക് കുഞ്ഞ് സദാ ചിരിക്കുന്നതായി തോന്നും.

ലോകത്തില്‍ 14 പേര്‍ക്കു മാത്രമുണ്ടായിട്ടുള്ള അത്യപൂര്‍വമായ ഒരു രോഗമാണ് ബൈലാറ്റെറല്‍ മാക്രോസ്റ്റോമ്യ. ദക്ഷിണ ഓസ്ട്രേലിയയിലെ അഡലൈഡിലുള്ള ഫ്ളിന്‍റേഴ്സ് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോലും ജനന സമയത്ത് അയ്‌ലയെ കണ്ട് ഒന്നമ്പരന്നു.


ശസ്ത്രക്രിയയിലൂടെ ഇത് ശരിയാക്കാമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് കൃത്യമായ വിവരം കിട്ടിയിട്ടില്ലെന്ന് അയ്‌ലയുടെ മാതാപിതാക്കള്‍ പറയുന്നു.

കുട്ടിയുടെ ചിത്രങ്ങള്‍ മാതാപിതാക്കള്‍തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അയ്‌ലയെ ഒരുക്കുന്ന ഒരു വീഡിയോ 46 ദശലക്ഷം ആളുകളാണത് കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ കുട്ടിയുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തുവരുന്നുണ്ടെന്ന് മാതാവ് ക്രിസ്റ്റീന പറഞ്ഞു.