സൂക്ഷിക്കുക, ബബിത തോക്കെടുത്തു! ഈ വീട്ടമ്മ തോക്കെടുക്കാൻ ഒരു കാരണമുണ്ട്
Tuesday, November 10, 2020 4:06 PM IST
കൃഷിയിടങ്ങളിലിറങ്ങുന്ന പന്നികളെ വെടിവയ്ക്കുന്നതിനായി ലൈസൻസ് നേടുന്ന ആദ്യ വനിതയായി വയനാട് നത്തംകുനി പുറ്റാട് കാഞ്ഞിരത്തിങ്കൽ ബെന്നിയുടെ ഭാര്യ ബബിത.
ബബിതയുൾപ്പടെ നാല്പേർക്കാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽനിന്നും പന്നികളെ വെടിവയ്ക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചത്. 2005 മുതൽ ബെന്നിക്കും ഭാര്യ ബബിതയ്ക്കും ജോയിന്റ് ലൈസൻസ് നിലവിലുണ്ടായിരുന്നു. ശല്യക്കാരായ പന്നികളെ വെടിവച്ചുകൊല്ലുന്നതിന് സർക്കാർ അനുവാദം നൽകിയപ്പോൾതന്നെ ബെന്നി ലൈസൻസിനായി അപേക്ഷിക്കുകയായിരുന്നു. അപേക്ഷ പരിഗണിച്ച സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ബബിതയെ എംപാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.
തോക്കുകളോട് കന്പമുണ്ടായിരുന്ന ബെന്നി ഒരുപാട് അന്വേഷിച്ച് നടന്നതിന് ശേഷമാണ് എറണാകുളത്ത് നിന്നും രണ്ട് വിദേശ നിർമിത തോക്കുകൾ വാങ്ങിയത്. രണ്ടാംലോക മഹായുദ്ധത്തിൽ ഉപയോഗിച്ച വെബ്ലിംഗ് ആൻഡ് സ്കോട്ട് ബെർമിംഗ്ഹാം, ഇറ്റാലിയൻ നിർമിത റിനോ ഗാലക്സി തോക്കുമാണ് വാങ്ങിയത്.
കേരളത്തിൽ മറ്റൊരു വനിതക്കും തോക്ക് ലൈസൻസ് ലഭിച്ചതായി അറിവില്ല. വെടിവയ് ക്കാൻ ലൈസൻസ് നൽകാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുകളിലേക്ക് എത്തിയതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലായതെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത് പറഞ്ഞു.
കളക്ടറുടെ നേതൃത്വത്തിൽ യോഗ്യതകൾ പരിശോധിച്ചാണ് തോക്കിന് ലൈസൻസ് നൽകുന്നത്. അവിടെ നിന്നുമുള്ള പട്ടിക പരിശോധിച്ച് അപേക്ഷിക്കുന്നയാളുകൾക്കാണ് പന്നികളെ വെടിവയ്ക്കുന്നതിനുള്ള ലൈസൻസ് നൽകുന്നത്. മൂന്ന് മാസം മുന്പാണ് ബബിത ലൈസൻസിന് അപേക്ഷിച്ചത്.
ബബിതയ്ക്കുപുറമേ പൊഴുതന അച്ചൂരാനം ശാന്തിവിലാസിൽ എം. ദിനേശൻ, വേലിയന്പം കുറിച്ചിപ്പറ്റ സി.എൻ. വെങ്കിടദാസ്, കൊളഗപ്പാറ സ്വദേശി വിക്ടർ ബർനാർഡ് ഡേ എന്നിവർക്കാണ് പന്നികളെ വെടിവയ്ക്കുന്നതിന് ലൈസൻസ് ലഭിച്ചത്.
അജിത് മാത്യു