ഒരു നായയും കുട്ടിയും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥയാണിത്. ലിവര്‍പൂളിലുള്ള ടൈലര്‍ എന്ന അഞ്ചുവയസുകാരന്‍റെ ലോകം തന്നെ സ്റ്റിച്ച് എന്ന ഒരു ഫ്രെഞ്ച് ബുള്‍ഡോഗാണ്. അവരെപ്പോഴും ഒന്നിച്ചു തന്നെയാണ് കാണപ്പെടാറുള്ളതും.

ടൈലര്‍ ഓട്ടിസം രോഗ ബാധിതനായ ഒരു കുട്ടിയാണ്. അമ്മ കാരെന്‍ ഹിഗിന്‍സിനൊപ്പമാണ് അവന്‍ ജീവിക്കുന്നത്. ആളുകളുമായി ഇടപെടാന്‍ ബുദ്ധിമുട്ടുന്ന ടൈലറിന് സ്റ്റിച്ചിന്‍റെ വരവോടെ നല്ല മാറ്റം വന്നിരുന്നു.

എന്നാല്‍ വ്യാഴാഴ്ച രാത്രിയില്‍ ഒരു കള്ളന്‍ അവരുടെ വീട്ടിലെത്തി. 12 ആഴ്ച പ്രായമുള്ള സ്റ്റിച്ചിനെ ആ കള്ളന്‍ എടുത്തുകൊണ്ട് പോവുകയും ചെയ്തു. കള്ളനെ പിന്തുടര്‍ന്ന അമ്മ കാരെന്‍ ഹിഗിന്‍സ് പലരുടെയും സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.


ഒടുവില്‍ ഇംഗ്ലണ്ടിലെ മെഴ്സിസൈഡ് നഗരത്തിലെ പോലീസ് സഹായത്തിനായി എത്തി. 24 മണിക്കുറിനകം അവര്‍ കള്ളനെ പിടികൂടി. 31 കാരനായ കള്ളനില്‍ നിന്നും സ്റ്റിച്ചിനെ മോചിപ്പിച്ചവര്‍ ടൈലറിന് മടക്കി നല്‍കുകയും ചെയ്തു.

ഏതായാലും സ്റ്റിച്ചിനെ തിരികെ കിട്ടിയതോടെ ടൈലറിനും വലിയ ഉത്സാഹമായി. പോലീസിനോട് നന്ദി പറയുന്ന അമ്മ കാരെൻ ഇപ്പോള്‍ ടൈലറിനെയും സ്റ്റിച്ചിനെയും ഒന്നുകൂടി ശ്രദ്ധിക്കാറുണ്ട്. കാരണം കള്ളന്‍മാര്‍ക്കറിയില്ലല്ലൊ സ്റ്റിച്ച് ടൈലറിനെത്ര പ്രിയപ്പെട്ടതാണെന്ന്.