നെറ്റിപ്പട്ടം വേണോ? അർച്ചനയോട് പറഞ്ഞാൽ മതി; താരമായി പ്ലസ്ടു വിദ്യാർഥിനി
Monday, January 17, 2022 3:01 PM IST
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ചു വിവിധ തരത്തിലുള്ള ആകര്‍ഷണീയമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ്ധേയയായ പ്ലസ് ടു വിദ്യാര്‍ഥിനി അര്‍ച്ചന മനോഹരമായ നെറ്റിപ്പട്ടവും നിർമിച്ച് വിസ്മയമാകുന്നു.
കോവിഡ് ലോക്ഡൗൺ സമയത്താണ് അര്‍ച്ചന കമ്മല്‍ നിര്‍മാണ മേഖലയിലേക്കു തിരിഞ്ഞത്. ഇപ്പോള്‍ അര്‍ച്ചന കമ്മൽ മാത്രമല്ല, മനോഹരമായ നെറ്റിപ്പട്ടവും നിർമിച്ച് അതിലൂടെ വരുമാനം നേടുകയാണ്.
കായംകുളം രാമപുരം അര്‍ച്ചനയില്‍ ശശികുമാറിന്റെയും സന്താനവല്ലിയുടെയും മകളാണ് എസ്. അര്‍ച്ചന. കായംകുളം ഗവൺമെന്റ് ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്.
ആദ്യം കൂട്ടുകാര്‍ക്ക് സമ്മാനമായിട്ടാണ് കമ്മലുകള്‍ നിര്‍മിച്ചു തുടങ്ങിയത്. ആവശ്യക്കാര്‍ കൂടിയതോടെ ഓര്‍ഡര്‍ അനുസരിച്ച് കമ്മലുകള്‍ നിര്‍മിച്ചു നല്കാന് തുടങ്ങി. കമ്മൽ നിർമാണ സാമഗ്രികൾ വാങ്ങാൻ ഷോപ്പിലെത്തിയപ്പോൾ അവിടെ അലങ്കാര നെറ്റിപ്പട്ടം ശ്രദ്ധയിൽപ്പെട്ടു. പിന്നെ ഒരു കൈ നോക്കിയാലോ എന്ന ചിന്തയിൽ നേരെ യൂട്യൂബിൽ കയറി. അതിൽ നിന്നു നിർമാണ രീതി പഠിച്ച് മനസിലാക്കിയ അർച്ചന മനോഹരമായ നെറ്റിപ്പട്ടം സ്വന്തം കരവിരുതിൽ തീർത്തു. ഇപ്പോള്‍ അര്‍ച്ചനയ്ക്ക് നല്ലൊരുമാനമാര്ഗം കൂടിയാണ് ഇത്.
ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ചും ഇഷ്ടപ്പെട്ട ഡിസൈനുകളിലും ഡ്രസിന്റെ മാച്ചിംഗിലും കമ്മലുകള്‍ നിര്‍മിച്ചു നല്കുന്നു. ഫെവിക്രില്‍ മോള്‍ഡിറ്റ് ക്ലേയും ഫാബ്രിക് പെയിന്റും ഉപയോഗിച്ചാണ് കമ്മലുകള്‍ നിര്‍മിക്കുന്നത്.
സോഷ്യല്‍ മീഡിയയില്കൂടെയാണ് പലരും തങ്ങള്‍ക്കാവശ്യമായ ഡിസൈനുകളില്‍ കമ്മലുകളും നെറ്റിപ്പട്ടവും ഒക്കെ ഓര്‍ഡര്‍ ചെയ്യുന്നത്. കൂട്ടുകാർക്ക് സമ്മാനമായും ഇവ നൽകാറുണ്ടെന്ന് അർച്ചന പറഞ്ഞു. കമ്മല്‍, നെറ്റിപ്പട്ടം നിര്‍മാണത്തിനു പുറമെ വ്യത്യസ്തമായ പതിനഞ്ചോളം പ്ലാസ്റ്റിക് രഹിത കലാ സൃഷ്ടികളാണ് അര്‍ച്ചന നിര്‍മിച്ചിട്ടുള്ളത്.
100 ഓളം ബോട്ടില്‍ ആര്‍ട്ട് വര്‍ക്കുകള്‍, പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുള്ള നിര്‍മിതികള്‍, സ്ക്രാപ്പ് ബുക്ക്, എക്സ്പ്ലോഷന് ബോക്സ്, ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് പാവ നിര്‍മാണം, എംബ്രോയിഡറി വര്‍ക്കുകള്‍, സാരി ആര്‍ട്ട്, പേപ്പറുകൊണ്ടുള്ള പൂക്കള്‍ നിര്‍മാണം, വാള് ഹാംഗിംഗ്, ലീഫ് എക്സ്പ്രെഷന്‍ ആര്‍ട്ട്, മ്യുറല്‍ പെയിന്റിംഗ്, ഡ്രീം ക്യാച്ചര്‍ നിര്‍മാണം, ആഭരണ നിര്‍മാണം എന്നിവയിലും അര്‍ച്ചന എന്ന മിടുക്കി മികവ് പുലര്‍ത്തിയിട്ടുണ്ട്.
നൗഷാദ് മാങ്കാംകുഴി