"ആരുടെയെങ്കിലും കഞ്ചാവ് നഷ്ടപ്പെട്ടിട്ടുണ്ടോ'?; പൊട്ടിച്ചിരിപ്പിച്ച് ആസാം പോലീസ്
Friday, June 7, 2019 11:25 AM IST
ഒരു വസ്തു കളഞ്ഞുകിട്ടിയിട്ടുണ്ട് ഉടമകൾ ഈ വിലാസത്തിൽ ബന്ധപ്പെടുക എന്ന പത്രപരസ്യം കണ്ടിട്ടില്ലേ. ഏതാണ്ട് ഇതിനു സമാനമായ ഒരു പോസ്റ്റാണ് ആസാം പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പോസ്റ്റ് കണ്ടവർ ആദ്യമൊന്നു ഞെട്ടി പിന്നെ ചിരിയോടു ചിരി. കാരണം 590 കിലോഗ്രാം കഞ്ചാവാണ് പൊലീസുകാർ പിടിച്ചത്. ഈ കഞ്ചാവിന്റെ ഉടമയെ രസകരമായി ട്രോളുന്നതായിരുന്നു അസം പൊലീസിന്റെ പോസ്റ്റ്.
""ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും ചഗോളിയ ചെക്ക് പോയിന്റിനു സമീപം കഴിഞ്ഞ രാത്രി നഷ്ടമായിട്ടുണ്ടോ? പേടിക്കേണ്ട. ഞങ്ങളത് കണ്ടെത്തിയിട്ടുണ്ട്. ദയവായി ദുബ്രി പൊലീസുമായി ബന്ധപ്പെടൂ. അവർ നിങ്ങളെ സഹായിക്കും, തീർച്ച. അഭിനന്ദനങ്ങൾ ടീം ദുബ്രി’’- ആസാം പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.
കഞ്ചാവ് നിറച്ച പെട്ടികൾ അടുക്കിവച്ചിരിക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചു.കഞ്ചാവു കടത്തുകാരെ ട്രോളിയുള്ള പോലീസിന്റെ പോസ്റ്റ് വളരെപ്പെട്ടെന്നു തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഇതോടെ നിരവധി അഭിനന്ദനങ്ങൾ പൊലീസിനെ തേടിയെത്തുകയും ചെയ്തു. സംഭവം കിടുക്കിയെന്നാണ് എല്ലാവരും പറയുന്നത്.