പേര് പൊല്ലാപ്പായി; ടി.വി. അനുപമയ്ക്കു വച്ചത് അനുപമ പരമേശ്വരന് കിട്ടി
Wednesday, April 10, 2019 9:25 AM IST
തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമയ്ക്കെതിരേ നടത്തിയ സൈബർ ആക്രമണത്തിലെ കുത്തുമുഴുവൻ കിട്ടയത് നടി അനുപമ പരമേശ്വരന്. തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി തൃശൂർ കളക്ടർ ടി.വി. അനുപമ സുരേഷ് ഗോപിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ചാണ് കളക്ടറുടെ ഫെയ്സ്ബുക്കിൽ സുരേഷ്ഗോപീ ആരാധകരും പാർട്ടി പ്രവർത്തകരും പ്രതിഷേധ പരിഹാസ പൊങ്കാലയിട്ടത്.
എന്നാൽ, ഇതിനിടെ ആരോ അനുപമ എന്ന പേരുകണ്ട് നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്കിലെ ഫോട്ടോയ്ക്കു താഴെയും ഇത്തരത്തിൽ കമന്റിട്ടതോടെയാണ് കളക്ടർക്കൊപ്പം നടിയും സൈബർ ആക്രമണത്തിന് ഇരയായത്.

പ്രേമം എന്ന സിനിമയിൽ മേരിയെ അവതരിപ്പിച്ച് ശ്രദ്ധേയായ നടി അനുപമ പരമേശ്വരന്റെ പേജിൽ ഷെയർ ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ താഴെ വരുന്ന കമന്റുകളിൽ മുഴുവൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ശബരിമലയുമാണ്. അനുപമയുടെ ഫേസ്ബുക്ക് പേജിൽ കളക്ടറെ വിമർശിച്ചും ശരണം വിളിച്ചും പ്രതിഷേധം തീർക്കുകയാണ് ആളുകൾ.
അനുപമ പരമേശ്വരൻ കളക്ടർസ്ഥാനം രാജിവയ്ക്കണമെന്നാണ് ചിലരുടെ ആവശ്യം. ഹിന്ദു സമുദായത്തോടു മാപ്പ് പറയണമെന്നു നിർബന്ധം പിടിക്കുന്നവരുമുണ്ട്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അധിക്ഷേപ പരിഹാസ കമന്റുകൾകണ്ട് അന്തംവിട്ടിരിക്കുകയാണ് നടി അനുപമ പരമേശ്വരൻ. കമന്റുകൾക്കൊപ്പം ട്രോളുകളുമുണ്ട്.

ചിരിച്ചു ചിരിച്ച് വയ്യാതായി: അനുപമ പരമേശ്വരൻ
തിങ്കളാഴ്ച പതിവുപോലെ ഫേസ്ബുക്ക് നോക്കുമ്പോഴാണ് ശരണംവിളികൾ നിറഞ്ഞ ഒരു കമന്റ് കണ്ടത്. നോക്കിയപ്പോൾ അതിനു താഴെ നല്ല അസ്സല് ചീത്തവിളി. തൊട്ടുപിന്നാലെ കളക്ടർ സ്ഥാനം രാജിവച്ചോണം എന്ന ശാസന... അവിടന്നങ്ങോട്ട് മേളം തന്നെ. “പിന്നെയാണ് കാര്യം മനസിലായത്. എനിക്കെതിരേയല്ല, എന്റെയുംകൂടി കളക്ടറായ ടി.വി. അനുപമയ്ക്കെതിരേയുള്ള കമന്റുകളാണ് ആളുമാറി എന്റെ ഫേസ്ബുക്കിൽ ആളുകൾ പോസ്റ്റ് ചെയ്യുന്നതെന്ന്- തന്റെ ഫേസ്ബുക്കിൽ വന്നു നിറയുന്ന കമന്റുകൾ വായിച്ചും കാണിച്ചും നടി അനുപമ പരമേശ്വരൻ ദീപികയോട് പറഞ്ഞു.
തിങ്കളാഴ്ച മുഴുവൻ ഞാനും അമ്മയും അനുജനും കൂടി ഇതെല്ലാം വായിച്ച് ചിരിച്ചു ചിരിച്ച് വയ്യാതായി. എന്നെ കളക്ടറാക്കി കൊന്നു കൊലവിളിക്കുകയല്ലേ എല്ലാവരും കൂടി. എങ്ങിനെ ചിരിക്കാതിരിക്കും - അനുപമ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.
“ ഇന്നലെ രാവിലെ ഹൈദരാബാദിലേക്ക് പോകാനുള്ളതുകൊണ്ട് ഫേസ്ബുക്ക് തുറന്ന് വായിക്കാൻ പറ്റിയിട്ടില്ല. നിറഞ്ഞുകിടക്കുന്നുണ്ടാകും, എനിക്കുറപ്പാണ് ’’- സൂപ്പർഹിറ്റ് സിനിമയായ രാക്ഷസന്റെ തെലുങ്കുപതിപ്പിൽ അഭിനയിക്കാൻ പോകാനുള്ള ഒരുക്കങ്ങൾക്കിടെ അനുപമ പറഞ്ഞു.
താനിതിനെ തമാശയായിട്ടേ കാണുന്നുള്ളുവെന്നും ആളുകൾ തെറ്റിദ്ധരിച്ച് ഒരു കമന്റിട്ടതിനു താഴെ മറ്റുള്ളവരും കമന്റുകൾ എഴുതിയതിനെ വലിയ പ്രശ്നമായി കാണുന്നില്ലെന്നും പരാതിയൊന്നും കൊടുക്കുന്നില്ലെന്നും അനുപമ പരമേശ്വരൻ വ്യക്തമാക്കി. വീട്ടുകാർക്കും അനുപമയുടെ അതേ അഭിപ്രായമാണ്.
ഇത് പുതിയ സംഭവമല്ല. തൃശൂർ കളക്ടറായി ടി.വി. അനുപമ ചാർജെടുത്തപ്പോൾ തന്റെ ഫേസ്ബുക്കിൽ തന്നെ അഭിനന്ദിച്ച് ചിലർ പോസ്റ്റിട്ടിരുന്നുവെന്നും അനുപമ പരമേശ്വരൻ പറഞ്ഞു.