അവരവരുടെ അതിരുകള്‍ നിര്‍ണയിക്കുന്നത് സ്വന്തം ഇച്ഛാശക്തിയാണെന്ന് തെളിയിച്ചിരിക്കുകയാണ് അനൗഷെ ഹുസൈന്‍ എന്ന ലക്സന്‍ബര്‍ഗ് യുവതി. ലണ്ടനിലെ കാസിൽ ക്ലൈംബിംഗ് സെന്‍ററില്‍ 1229 അടി ഒമ്പത് ഇഞ്ച് ഉയരമാണ് ഒരൊറ്റ കൈയില്‍ അവര്‍ കീഴടക്കിയത്.

പര്‍വതത്തിന് സമാനമായി ഒരുക്കിയിട്ടുള്ള ഒരു ഭിത്തിയിലൂടെ ഒറ്റ മണിക്കൂറിലാണ് അവര്‍ ഈ ഉയരം കീഴടക്കിയത്. ഇതോടെ ഗിന്നസ് ലോകറിക്കാര്‍ഡ് അനൗഷെ ഹുസൈന്‍ സ്വന്തമാക്കുകയും ചെയ്തു.

ജന്മനാ വലതു കൈയുടെ മുട്ടിനു താഴേക്കില്ലാത്ത ആളാണ് അനൗഷെ. മാത്രമല്ല അര്‍ബുദവും അവരെ ബാധിച്ചിരുന്നു. സാധാരണയായി പലരും വിധിയെ പഴിച്ചിരിക്കുമ്പോള്‍ അനൗഷെ അതിന് തയ്യാറാകാതെ തന്‍റെ പരിശ്രമവുമായി മുന്നോട്ടുപോയി. ഒടുവില്‍ അസാധ്യമെന്ന് കരുതിയത് കീഴടക്കി; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബഹുമതി സ്വന്തമാക്കുകയും ചെയ്തു.


അനൗഷെ ഹുസൈന്‍റെ ഈ നേട്ടത്തെ പ്രകീര്‍ത്തിച്ച് നിരവധിപേര്‍ സമൂഹ മാധ്യമങ്ങളിലൂടെ മുന്നോട്ട് വന്നിട്ടുണ്ട്.