പകുതി താടിയെല്ല് ഇല്ലാതെയൊരു ചീങ്കണ്ണി
Wednesday, May 25, 2022 4:03 PM IST
ഫ്ളോറിഡയിലെ എവര്‍ഗ്ലേഡ്സിലെ ചതുപ്പ് പ്രദേശത്തെ വെള്ളത്തില്‍ ജീവിക്കുന്ന ഒമ്പത് അടി നീളമുള്ള ചീങ്കണ്ണിക്ക് അതിന്‍റെ മുകളിലെ താടിയെല്ലിന്‍റെ വലിയൊരു ഭാഗം നഷ്ടമായ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സ്റ്റേസി ലിനറ്റ എന്നയാള്‍ തന്‍റെ സമൂഹമാധ്യമത്തിലാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. ചീങ്കണ്ണിയുടെ താഴത്തെ താടിയെല്ലും പല്ലുകളും ജലത്തിന്‍റെ ഉപരിതലത്തിന് മുകളില്‍ പൊങ്ങി നില്‍ക്കുന്നത് ചിത്രത്തില്‍ കാണാന്‍ സാധിക്കും. എന്നാല്‍ അതിന്‍റെ താടിയെല്ലിന്‍റെ മുകള്‍ ഭാഗം മുഴുവനായും നഷ്ടമായിരിക്കുന്നു.
ഞാന്‍ ഈ ചീങ്കണ്ണിയെ വളരെ ദൂരെ നിന്നാണ് കണ്ടത്. കണ്ടപ്പോള്‍ തന്നെ അസാധാരണമായി തോന്നി.സ്റ്റേസി ലിനറ്റ് സമൂഹമാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു. ഞാന്‍ എന്‍റെ ക്യാമറയില്‍ അവനെ പകര്‍ത്തി. അവന്‍റെ മുകളിലെ താടിയെല്ലിന്‍റെ അറ്റം കാണാനില്ല. അവന്‍ വളരെ ദൂരയായതിനാല്‍ ഫോട്ടോയില്‍ അത്രക്ക് വ്യക്തമായി പതിഞ്ഞില്ല.
ഒന്നുകില്‍ ചീങ്കണ്ണി സഹ ചീങ്കണ്ണിയുമായോ അല്ലെങ്കില്‍ വേട്ടക്കാരനുമായോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നത്തില്‍ ഏര്‍പ്പെട്ടതാകാനും വഴിയുണ്ടെന്നാണ് വിശദീകരണം. പ്രത്യേകിച്ച് ഇണചേരല്‍ കാലത്ത് ചീങ്കണ്ണികള്‍ പലപ്പോഴും പരസ്പരം പോരടിക്കുമെന്ന് ന്യൂസ് വീക്ക് വിശദീകരിക്കുന്നു.
കൈകാലുകളും കണ്ണുകളും നഷ്ടപ്പെടുന്ന തരത്തില്‍ ചീങ്കണ്ണികള്‍ക്ക് പരസ്പരം ഗുരുതരമായി പരിക്കേല്‍പ്പിക്കാന്‍ കഴിയും. ചിലപ്പോള്‍ അത്തരത്തിലൊരു പോരാട്ടത്തിലാകാം ചീങ്കണ്ണിക്ക് താടിയെല്ല് നഷ്ടപ്പെട്ടമായത്.
ഫ്ളോറിഡായില്‍ വലിയ ഇഴജന്തുക്കളെ വേട്ടയാടുന്നത് നിയമവിധേയമായതിനാല്‍ അതിനെ വേട്ടയാടാന്‍ ശ്രമിച്ചതിനിടയില്‍ വെടിയേറ്റതാകാനുള്ള സാധ്യതയും തള്ളികളയുന്നില്ലെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയ ഉരഗങ്ങള്‍ക്ക് തങ്ങളുടെ കേടുപാടുകള്‍ സ്വയം സുഖപ്പെടുത്തുന്നതില്‍ പ്രത്യേക കഴിവുണ്ട്. കൂടാതെ ഉപാംഗങ്ങളെ വളര്‍ത്താന്‍ കഴിയുന്ന ചുരുക്കം ചില കര കശേരുക്കളില്‍ ഒന്നുകൂടിയാണ് ചീങ്കണ്ണി. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ചീങ്കണ്ണിക്ക് തന്‍റെ താടിയെല്ല് മുഴുവനായും തിരികെ വളര്‍ത്താന്‍ കഴിയാതെ വരും. എന്നാല്‍ ഇവയുടെ അത്തരം കഴിവ് രക്തസ്രാവത്തെത്തുടര്‍ന്ന് മരിക്കാതിരിക്കാന്‍ ഇവരെ സഹായിച്ചേക്കും.
ന്യൂസ് വീക്കിന്‍റെ അഭിപ്രായത്തില്‍ ഫ്ളോറിഡ ഒരു ദശലക്ഷത്തിലധികം ചീങ്കണ്ണികളുടെ ആവാസ കേന്ദ്രമാണ്. ഇവയ്ക്ക് ഏകദേശം 15 അടി വരെ വളരാനും 544 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം വയ്ക്കാനുമുള്ള കഴിവുണ്ട്.