അലാസ്കയിലെ ഭീമൻ പച്ചക്കറികൾ
Saturday, May 4, 2019 12:35 PM IST
അലാസ്കയിലെ പാൽമർ എന്ന നഗരത്തിൽ വർഷംതോറും ഒരു കാർഷിക പ്രദർശനം നടക്കാറുണ്ട്. ലോകത്ത് മറ്റെവിടെ നടക്കുന്ന കാർഷിക പ്രദർശനങ്ങളേക്കാൾ തികച്ചും കൗതുകകരമാണ് ഇവിടത്തെ പ്രദർശനം.
കാരണം ഇവിടെ പ്രദർശനത്തിനുവയ്ക്കുന്നത് അതി ഭീമൻമാരായ പച്ചക്കറികളാണ്. 63 കിലോ ഭാരമുള്ള കാബേജും അത്രതന്നെ ഭാരമുള്ള മത്തങ്ങയുമൊക്കെ അവയിൽ ചിലത് മാത്രം. പല പച്ചക്കറികളുടെയും വലുപ്പം കാരണം അവ ഏതാണെന്ന് തിരിച്ചറിയാൻപോലും പ്രദർശനം കാണാനെത്തുന്നവർക്ക് കഴിയാറില്ല. അലാസ്കയിലെ മടാനുസ്ക-സുസ്ടിന താഴ്വരകളിൽ വളരുന്നതാണ് ഈ പച്ചക്കറികൾ.
ഇവിടെ ലഭിക്കുന്ന സൂര്യപ്രകാശമാണ് ഈ അസാമാന്യ വളർച്ചയ്ക്ക് പിന്നിൽ. ഒരു വർഷം വെറു 105 വിളദിനങ്ങൾമാത്രമാണ് അലാസ്കയിൽ ലഭിക്കുക. നോർത്ത് പോളിനോട് അടുത്തുകിടക്കുന്നതിനാൽ വേനൽക്കാലത്ത് ദിവസവും 19 മണിക്കൂർവരെ ഇവിടെ സൂര്യപ്രകാശം ലഭിക്കും.
ഇങ്ങനെ അധികം ലഭിക്കുന്ന സൂര്യപ്രകാശമാണ് ഇങ്ങനെ വളർന്നുവലുതാകാൻ അലാസ്കയിലെ പച്ചക്കറികളെ സഹായിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലുപ്പമുള്ള പച്ചക്കറികൾ വിളയുന്നത് ഇവിടെയാണ്. ചെടികളിൽ ഫോട്ടോസിന്തസിസിന്റെ തോത് കൂടുതലായതിനാൽ വിളകൾക്ക് മധുരവും അധികമായിരിക്കും.