കാഴ്ചക്കാർക്ക് കൗതുകം; ആർഎസ്പിസിഎയിലെ സ്വീകർത്താവ് "കൊക്കോ'
Tuesday, May 10, 2022 7:01 PM IST
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ മംഗസംരക്ഷണ സംഘടനയായ ആർഎസ്പിസിഎ (റോയൽ സൊസൈറ്റി ഫോർ ദെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ്) യുടെ സോളന്റിലുള്ള ശാഖയിൽ എത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നത് വ്യത്യസ്തയായ ഒരാളാണ്. "കൊക്കോ' എന്ന മൂന്നുവയസുകാരി നായയാണ് ഈ വേറിട്ടയാൾ. ചികിത്സയ്ക്കായി ആർഎസ്പിസിഎയിൽ എത്തപ്പെട്ട അവൾ വളരെ പെട്ടെന്നുതന്നെ അവിടെയുള്ളവർക്കെല്ലാം പ്രിയപ്പെട്ടതായി മാറി.
ആർഎസ്പിസിഎയിൽ നായകളെ വാങ്ങാൻ വരുന്നവരെയും സന്ദർശകരെയും സ്വീകരിക്കുന്ന റിസപ്ഷനിസ്റ്റുകൾക്കൊപ്പം കൊക്കോ സദാ ഉണ്ടാകും. ആളുകൾ എത്തുന്പോൾ മാത്രമല്ല അവർ മടങ്ങുന്പോഴും അവൾ അവർക്കൊപ്പമുണ്ടാകും.
പൊതുവെ ഭയചകിതയായ ഒരു നായയാണ് കൊക്കോ. നിലവിൽ ചികിത്സ പൂർത്തിയാക്കിയ കൊക്കോയ്ക്കായി പുതിയൊരു ഉടമയെ തിരയുകയാണ് ആർഎസ്പിസിഎ. എളുപ്പത്തിൽ പേടിക്കുന്ന കൊക്കോയെ നായ വളർത്തൽ കേന്ദ്രത്തിലേക്കൊ ആടു വളർത്തലിനൊ വിട്ടുകൊടുക്കാൻ ആർഎസ്പിസിഎ ഇഷ്ടപ്പെടുന്നില്ല.
ശാന്തമായ അന്തരീക്ഷമുള്ള ഒരിടവും സൗമ്യനായ ഒരു യജമാനനുമാണ് കൊക്കോയ്ക്ക് അനിവാര്യമെന്ന് അവർ വിശ്വസിക്കുന്നു. അതിനാൽ തന്നെ അത്തരത്തിലൊരു യജമാനൻ എത്തുന്നതുവരെ സന്ദർശകരെ സ്വീകരിക്കാനായി ആർഎസ്പിസിഎയിൽ ഇനിയും കൊക്കോ ഉണ്ടാകും.