സ്നേഹസ്പർശമായ് അമ്മമാരുടെ നൃത്തം: "അബാൻഡൻഡ് കിഡ്സ്, ഇറ്റ്സ് ഫോർ യു’
Monday, May 11, 2020 2:40 PM IST
ലോക്ക്ഡൗണിൽ സ്നേഹവും കരുതലും നല്കി നമ്മളെ സ്നേഹിക്കുന്ന അമ്മമാരോടൊപ്പം മാതൃദിനം ആഘോഷിക്കാൻ എട്ട് അമ്മമാർ അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം Abandoned kids it’s for you യുട്യൂബിൽ ശ്രദ്ധേയമാകുന്നു.
ഓമനത്തിങ്കൾ കിടാവോ എന്നു തുടങ്ങുന്ന ഇരയിമ്മൻ തന്പിയുടെ പ്രസിദ്ധമായ താരാട്ടുപാട്ടിന്റെ ചുവടുപിടിച്ചാണ് അർച്ചന, മീര, അഞ്ജലി, ആരതി, ദീപ്തി, രേണു, ഐശ്വര്യ, വിഷ്ണുജ എന്നിവർ നൃത്ത-ദൃശ്യാവിഷ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ലോക്ക്ഡൗൺ കാലത്ത് വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി താമസിക്കുന്ന ഇവർ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് ഈ ആശയത്തിലേക്കെത്തിയത്.
ഈ പ്രമേയം അർച്ചന മുന്നോട്ടുവച്ചപ്പോൾ അതിനു ചേരുന്ന ഈണവുമായി ആരതി എത്തി. തുടർന്നു രേണു എഴുതിയ വരികളിലൂടെ നൃത്താവിഷ്കാരം ആരംഭിക്കുന്നു. മറ്റു സാങ്കേതിക മേഖലകൾ കൈകാര്യം ചെയ്യാൻ അഞ്ജലിയും മീരയും വിഷ്ണുജയും തയാറായതോടെ ഒരു ദൃശ്യരൂപത്തിലേക്ക് ആശയം വികസിച്ചു.
നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് അർച്ചനയാണ്. പ്രചാരണം ഏറ്റെടുത്തത് ദീപ്തിയും ഐശ്വര്യയുമാണ്. അമ്മയെക്കാണാൻ സാധിക്കാത്തവരും ഈ കൂട്ടായ്മയിൽ ഉണ്ട് എന്നതാണ് ‘സാഗ്നിക’ എന്നു പേരിട്ടിരിക്കുന്ന നൃത്ത കൂട്ടായ്മയുടെ പ്രത്യേകത. സാഗ്നിക ഗ്രൂപ്പിന്റെ ആദ്യ സംരംഭമായ "Abandoned kids it’s for you' വിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
ഗുരുക്കന്മാരായ ആർഎൽവി പ്രദീപ്കുമാർ, കലാമണ്ഡലം ശോഭ രാമചന്ദ്രൻ, പാരിസ് ലക്ഷ്മി, രാജേഷ് പാന്പാടി എന്നിവരുടെ ഉപദേശവും നിർദേശങ്ങളുമാണ് ഈ ഈ ദൃശ്യാവിഷ്കാരം വിജയകരമായി പൂർത്തിയാക്കാൻ തങ്ങളെ സഹായിച്ചതെന്നും അണിയറശില്പികൾ പറഞ്ഞു.