കാറപകടം തുണച്ചു; പിഞ്ച് കുഞ്ഞ് ഉൾപ്പടെ കാൽ നടയാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Friday, October 25, 2019 3:45 PM IST
വാഹനാപകടങ്ങൾ ദുരന്തമാണ് എപ്പോഴും സമ്മാനിക്കുക. എന്നാൽ അടുത്തിടെയുണ്ടായ അപകടം കണ്ട് ആശ്വസിക്കുകയാണ് ഏവരും. കാരണം ഈ അപകടത്തെ തുടർന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത് മൂന്ന് പേരാണ്. അരിസോണയിലെ ഫീനിക്സിലാണ് സംഭവം.
പിഞ്ചു കുഞ്ഞിനെ സ്ട്രോളറിലിരുത്തി ഉന്തിക്കൊണ്ട് യുവതിയും ഒരു കാൽ നടക്കാരനും റോഡ് മുറിച്ച് കടക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇവർ റോഡ് മുറിച്ച് കടക്കുന്നതിനിടെ സിഗ്നൽ തെറ്റിച്ച് ഒരു കാർ ഇവർക്ക് നേരെ പാഞ്ഞു വന്നു. ഇതേ സമയം മറ്റൊരു ദിശയിൽ നിന്ന് വേറൊരു കാറും ഇവിടേക്ക് പാഞ്ഞെത്തി.
സിഗ്നൽ തെറ്റിച്ച് എത്തിയ കാറിൽ രണ്ടാമതെത്തിയ കാർ പെട്ടന്ന് ഇടിച്ചു. അതുകൊണ്ട് റോഡ് മുറിച്ചു കടന്നവർ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.
ലഹരിയിലായിരുന്ന ഒരാളാണ് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിച്ചതെന്ന് പോലീസ് അറിയിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസാണ് പുറത്തുവിട്ടത്.