നീണ്ട കാലം ജോലി ചെയ്യുക എന്നത് സൗഭാഗ്യകരമായി ഒന്നാണ്. അതാഗ്രഹിക്കാത്തവര്‍ ചുരുക്കമാണ് താനും. എന്നാല്‍ അപൂര്‍വം ചിലര്‍ എത്ര വയസായാലും വിരമിക്കാന്‍ മനസ് കാട്ടാറില്ല. അത്തരത്തില്‍ ഒരാളാണ് അമേരിക്കയിലെ മസാച്യുസെറ്റ്സിലെ ബോസ്റ്റണ്‍ നഗരത്തിലുള്ള ബെറ്റി നാഷ് എന്ന 86 കാരി.

അമേരിക്കയിലെ വിവിധ വിമാന കമ്പനികളില്‍ ഫ്ലെെറ്റ് അറ്റന്‍ഡറായി 65 വര്‍ഷമാണവര്‍ ജോലി ചെയ്തത്. നിലവിലും ജോലിയില്‍ തുടരുന്ന ബെറ്റിയെ തേടി ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് എത്തിയിരിക്കുകയാണ്.

1957ല്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍സില്‍ ജീവനക്കാരിയായി തന്‍റെ ഔദ്യോഗിക ജീവിതം തുടങ്ങിയതാണ് ബെറ്റി. 65 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് ബെറ്റി ജോലി തുടരുന്നത്.

താന്‍ ഈ മേഖലയിലേക്ക് വരുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് വെറും 12 ഡോളര്‍ മാത്രമായിരുന്നു എന്ന് ബെറ്റി ഓര്‍ക്കുന്നു. അന്ന് വിമാനത്തിന്‍റെ സമയ ക്രമമൊക്കെ ചോക്ക് ബോര്‍ഡിലായിരുന്നു എഴുതിയിരുന്നത്. അതില്‍ നിന്നും കമ്പ്യൂട്ടറിലേക്ക് വരെയുള്ള മാറ്റം തനിക്ക് കാണാനായി. എന്നാല്‍ അന്നുമിന്നും മാറാത്തത് യാത്രക്കാരും അവരുടെ ആവശ്യങ്ങളുമാണെന്നാണ് ബെറ്റി അഭിപ്രായപ്പെടുന്നത്.


ബെറ്റി ഏറ്റവും കൂടുതല്‍ സഞ്ചരിച്ചിട്ടുള്ളത് ന്യൂയോര്‍ക്ക് - വാഷിംഗ്ടണ്‍ - ബോസ്റ്റണ്‍ റൂട്ടിലാണ്. അതിന് കാരണം ആ മാര്‍ഗമാണെങ്കില്‍ അവര്‍ക്ക് തന്‍റെ വീട്ടിലേക്ക് തിരികെ പോകാന്‍ കഴിയുമായിരുന്നു എന്നതാണ്. ബെറ്റിയുടെ അംഗ വൈകല്യമുള്ള മകന്‍ അവിടെ അവർക്കായി കാത്തിരിക്കുമായിരുന്നു.

നിലവില്‍ 86 വയസാണ് ബെറ്റിക്ക്. എന്നാല്‍ വിരമിക്കലിനെ കുറിച്ച് അവര്‍ ആലോചിക്കുന്നതേയില്ല. ആരോഗ്യമുള്ളിടത്തോളം കാലം തന്‍റെ കര്‍മ പഥത്തില്‍ തുടരാനാണ് ഈ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുടമയുടെ ഉറച്ച തീരുമാനം.