"ദൈവകരങ്ങള്‍' പതിഞ്ഞ 41 കോടിയുടെ ജാക്‌പോട്ട്! മാനവികതയുടെ പര്യായമായി യുഎസിലെ 77കാരന്‍
Friday, September 15, 2023 11:00 AM IST
വെബ് ഡെസ്ക്
ചില ഭാഗ്യാനുഭവങ്ങളില്‍ ദൈവത്തിന്‍റെ കൈയ്യൊപ്പും ഉണ്ടാകും. ഭാഗ്യം ലഭിക്കുന്നവര്‍ക്ക് മാത്രമല്ല ചുറ്റുമുള്ളവര്‍ക്കും അനുഗ്രഹമായി മാറുന്നതാകും അത്. അത്തരമൊരു വാര്‍ത്തയാണ് യുഎസില്‍ നിന്നും പുറത്ത് വരുന്നത്. മോണ്‍ട്രോസില്‍ താമസിക്കുന്ന ബഡ്.ടി എന്ന 77കാരനാണ് 41 കോടി രൂപയുടെ (5,0.67,041 യുഎസ് ഡോളര്‍) ജാക്ക്‌പോട്ട് അടിച്ചത്.

ഭാഗ്യത്തെക്കാളുപരി ആ മനുഷ്യന്‍റെ മനസിന്‍റെ വലിപ്പമാണ് ബഡിനെ ലോകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. തന്‍റെ ഭാര്യയ്ക്കു നിരവധി തവണ ശസ്ത്രക്രിയ നടത്തി പണത്തിന് ഞെരുക്കം അനുഭവിക്കുന്ന സമയത്താണ് ദൈവത്തിന്‍റെ കൃപ ലോട്ടറി രൂപത്തില്‍ ബഡിലേക്ക് എത്തിയതെന്ന് അദ്ദേഹം പറയുന്നു.

യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന ബഡ് കോളോറാഡോയിലേക്ക് യാത്ര നടത്തുക പതിവായിരുന്നു. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശീലമുള്ള ബഡ് മോണ്‍ട്രോസിലെ ഹാന്‍ജിന്‍ ട്രീ ട്രാവല്‍ പ്ലാസയില്‍ നിന്നാണ് സെപ്റ്റംബര്‍ ആദ്യവാരം ലോട്ടറിയെടുത്തത്.

ശേഷം തന്‍റെ വളര്‍ത്തുനായയായ ഓഗിയുമൊത്ത് യാത്ര പുറപ്പെട്ടു. ഭാര്യയ്ക്ക് സുഖമില്ലാത്തിനാല്‍ ഇത്തവണ ഒപ്പം കൂട്ടിയില്ല. തിരികെ വന്നപ്പോഴാണ് ഭാഗ്യദേവത തന്നെ കടാക്ഷിച്ച വിവരം അറിഞ്ഞത്. സാധാരണയായി ഇത്തരം ജാക്ക്‌പോട്ടുകളില്‍ വലിയ തുക നിശ്ചിത കാലയളവിനുള്ളില്‍ ലഭിക്കാറാണുള്ളത്.


ഭാര്യയുടെ ശസ്ത്രക്രിയയ്ക്ക് ബഡിന് കുറേ പണം ചെലഴവഴിക്കേണ്ടി വന്നു. കുറച്ച് കടവുമുണ്ട്. പണത്തിന് അത്യാവശ്യമുള്ളതിനാല്‍ 2,533,520 യുഎസ് ഡോളര്‍ രൊക്കം വാങ്ങാനുള്ള ഓപ്ഷന്‍ ബഡ് തിരഞ്ഞെടുത്തു. ഇത് ഏകദേശം 21 കോടി ഇന്ത്യന്‍ രൂപ വരും.

അനുഗ്രഹം മറ്റുള്ളവരിലേക്കും; കൗതുകമായി ആദ്യ പര്‍ച്ചേസ്

ഭാര്യയുടെ തുടര്‍ ചികിത്സയ്ക്കും വിശ്രമജീവിതത്തിലെ ആവശ്യങ്ങള്‍ക്കും തുകയിലെ ഒരു ഭാഗം വിനിയോഗിക്കുമെന്നും ബാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും ബഡ് അറിയിച്ചു.

നന്മ നിറഞ്ഞ ഈ ഭാഗ്യാനുഭവത്തിനൊപ്പം ഒരു കൗതുകകരമായ കാര്യം പങ്കുവെക്കാനും ബഡ് മറന്നില്ല. ജാക്ക്‌പോട്ട് അടിച്ച വിവരമറിഞ്ഞപ്പോള്‍ ബഡ് ആദ്യം പോയി തന്‍റെ പ്രിയ ഫലമായ തണ്ണിമത്തന്‍ വാങ്ങി.

ശേഷം ഭാര്യയയ്ക്കായി അവര്‍ക്കിഷ്ടപ്പെട്ട പൂക്കളും വാങ്ങിയാണ് വീട്ടിലെത്തിയത്. സമ്മാനം ലഭിച്ചപ്പോള്‍ ബഡ് എടുത്ത ചിത്രം സമൂഹ മാധ്യമങ്ങളിലടക്കം വന്നു. ഇവര്‍ വളരെ ലളിതമായ ജീവിതരീതിയാണ് പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ ഇവരുടെ ചിത്രങ്ങൾ വന്നിട്ടുണ്ട്. നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തിയത്. ദമ്പതികള്‍ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരാനും നെറ്റിസണ്‍സ് മറന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.