ബാറിൽ കയറി പാൽ വാങ്ങി കുടിച്ച മൂന്ന് വയസുകാരി ഇതാ...
Thursday, September 5, 2019 1:31 PM IST
വിശന്ന് വലഞ്ഞ കൊച്ചുകുട്ടി പാല് കുടിക്കുവാൻ കയറി ചെന്നത് ബാറിൽ. മില ആൻഡേഴ്സണ് എന്ന മൂന്ന് വയസുകാരിയാണ് ഏറെ രസകരമായ വാർത്തയിലൂടെ താരമാകുന്നത്. മാതാപിതാക്കളായ ബെൻ, സോഫി എന്നിവർക്കൊപ്പം അവധിയാഘോഷിക്കുവാൻ ക്രൊയേഷ്യയിൽ എത്തിയതായിരുന്നു മില.
പുറത്ത് കാഴ്ച്ചകാണാൻ ഇറങ്ങിയ ബെനും സോഫിയും മിലയ്ക്കുള്ള പാൽ എടുക്കുവാൻ മറന്നിരുന്നു. വിശപ്പ് തോന്നിയ മില പാല് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ കൈമലർത്തി.
മില മറ്റൊന്നും ചിന്തിക്കാതെ പൂളിന് അടുത്തുള്ള ബാറിൽ കയറി ഒരു കുപ്പി പാൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവിടെ പാൽ ഇല്ലെന്നായിരുന്നു മറുപടി. ഒരു ഗ്ലാസ് എങ്കിലും മതിയെന്നായി കുട്ടിയുടെ പിന്നത്തെ ആവശ്യം. തുടർന്ന് ബാർ അധികൃതർ മിലയ്ക്ക് പാൽ നൽകുകയായിരുന്നു.
ഇതിനെക്കുറിച്ച് മിലയുടെ പിതാവ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ ഉൾപ്പടെ പങ്കുവച്ചത്. മില ബാറിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. മിലയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.