എഡിഎക്സ് ഫ്ളോറൻസ്: ഇതാണ് ഭൂമിയിലെ നരകം!
Thursday, August 27, 2020 4:37 PM IST
ഐഎസ് ഭീകരരെക്കുറിച്ച് നമ്മളൊരുപാടു കേട്ടിട്ടുണ്ട്. അവരിൽപ്പെട്ട രണ്ടുപേർ ഇപ്പോൾ ഭയന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, അമേരിക്കയിലെ ഒരു ജയിലിൽ അടയ്ക്കപ്പെടുമോ എന്ന പേടി. അങ്ങനെ സംഭവിച്ചാൽ അത് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമാകുമെന്നാണ് അവർ കരുതുന്നത്.
ദിവസത്തിൽ 23 മണിക്കൂറും ജനലുകളില്ലാത്ത സെല്ലുകളിൽ ഏകാന്തമായി കഴിയേണ്ടിവരുന്ന തടവുകാർ. കിടക്കാൻ കോണ്ക്രീറ്റ് പാളികളിൽ വിരിപ്പ്, ജയിലിനു ചുറ്റും കത്തിവാറുകൾകൊണ്ടുള്ള വേലി, കാവൽ നായ്ക്കൾക്കൊപ്പം റോന്തു ചുറ്റുന്ന പാറാവുകാർ... കുറ്റവാളികൾക്ക് ഈ ജയിൽ ഒരു പേടിസ്വപ്നം ആയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
ലോകത്തെ കൊടുംകുറ്റവാളികളിലെ മുൻനിരക്കാരുടെ കിടപ്പ് ഈ ജയിലിലാണ്. അവരിൽ മയക്കുമരുന്നു രാജാവ് എൽ ചാപ്പോയുണ്ട്.., വിദ്വേഷ പ്രചാരകനായ അബു ഹംസയുണ്ട്.., ഷൂ ബോംബർ എന്നു കുപ്രസിദ്ധനായ റിച്ചാർഡ് റീഡുണ്ട്... ഈ നിര നീളും.
ഏറെ രസകരമായ ഒരുകാര്യമുണ്ട്- 1980കളുടെ അവസാനം ഈ ജയിൽ സ്ഥാപിച്ചതുമുതൽ ഇന്നുവരെ ഒരുത്തനും അവിടെനിന്നു രക്ഷപ്പെട്ടിട്ടില്ല! ജയിൽ എന്ന നിലയ്ക്കു മാത്രമല്ല, ലോകത്തെ ഏറ്റവും സുരക്ഷിതമായ കെട്ടിട സമുച്ചയങ്ങളിൽ ഒന്നുമാണ് എഡിഎക്സ് ഫ്ളോറൻസ്. അൽകാട്രാസ് ഓഫ് ദ റോക്കീസ് എന്നും ഈ ജയിലിനു പേരുണ്ട്. അഡ്മിനിസ്ട്രേറ്റിവ് മാക്സിമം എന്നതാണ് എഡിഎക്സിന്റെ പൂർണരൂപം.

ജോർജും റിംഗോയും
ഐഎസിലെ കുപ്രസിദ്ധരാണ് ബീറ്റിൽസ് എന്നറിയപ്പെട്ട സംഘത്തിലെ എൽ ഷഫീ എൽഷേയ്ഖും അലക്സാൻഡ കോട്ടേയും. ഇവർ യഥാക്രമം ജോർജ്, റിംഗോ എന്ന പേരുകളിലാണ് ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. 27 കൊലപാതകങ്ങൾക്കു പിന്നിൽ ഇവരുടെ കരങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൊല്ലപ്പെട്ടവരിൽ ഒരു അമേരിക്കൻ പത്രപ്രവർത്തകനുമുണ്ട്.
ബ്രിട്ടനിലാണ് ഇവർ ഇപ്പോൾ കഴിയുന്നത്. കരാർ പ്രകാരം ഏതു നിമിഷവും അമേരിക്കയിലേക്കു നാടുകടത്തപ്പെടാം. അമേരിക്കയിൽനിന്ന് ഇവർക്ക് മരണശിക്ഷ നൽകില്ല എന്ന ഉറപ്പു ലഭിച്ചിട്ടുണ്ട്. അങ്ങനെവന്നാൽ ജയിൽ തന്നെയാവും ഇരുവരെയും കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവർ സൂപ്പർമാക്സ് ജയിലിനെ ഭയപ്പെടുന്നതും. രണ്ടുപേരും ഒരേ സ്വരത്തിലാണ് എഡിഎക്സ് ഫ്ളോറൻസിനെക്കുറിച്ചുള്ള ഭീതി തുറന്നുപറയുന്നത്.
കഠിനം കാരാഗൃഹം
എഡിഎക്സ് ഫ്ളോറൻസിന്റെ ഏകദേശരൂപം നാം തുടക്കത്തിൽ കണ്ടു. സെല്ലുകളിലേക്ക് ഭക്ഷണം നൽകാൻ വാതിലുകളിൽ തുറക്കാവുന്ന ചെറിയ ദ്വാരങ്ങളുണ്ട്. ആഴ്ചയിൽ മൂന്നുതവണ മാത്രം കുളിക്കാനേ തടവുപുള്ളികൾക്ക് അനുമതിയുള്ളൂ. ഒരു ചെറിയ ടെലിവിഷൻ സെറ്റ് നൽകിയിട്ടുണ്ടെങ്കിലും അതിൽ എന്തു കാണണമെന്നും എപ്പോൾ കാണണമെന്നും അധികൃതരാണ് തീരുമാനിക്കുക.

പല സെല്ലുകളിലും ഒരു തരി വെളിച്ചംപോലും ഉണ്ടാവില്ല. കാഴ്ചയുണ്ടായിട്ടും അന്ധനെപ്പോലെ ജീവിക്കേണ്ടിവരുന്ന അവസ്ഥ! ഭൂമിയിലെ നരകം എന്നു വിശേഷിപ്പിക്കപ്പെടുന്നതിൽ ഒട്ടും അത്ഭുതമില്ലെന്നു ചുരുക്കം.
ദിവസം ഒരു മണിക്കൂർ നേരത്തേക്ക് സെല്ലിൽനിന്നു പുറത്തിറങ്ങാം. എന്നാൽ അത് മറ്റൊരു കൂട്ടിലേക്കാണ്. വൃത്താകൃതിയിലുള്ള ഒരറ. വട്ടത്തിൽ നടന്നാൽ കഷ്ടിച്ച് 31 ചുവടുകൾ വയ്ക്കാം. പുൾ-അപ് ബാറുകളുണ്ടാവും, അതാണ് റിക്രിയേഷൻ.
മിക്കവർക്കും ഈ കാരാഗൃഹവാസം കടുത്ത മാനസിക പ്രശ്നങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. പലരും പലമടങ്ങ് ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ് എന്നതിനാൽ ഭൂരിഭാഗംപേർക്കും ഇവിടെനിന്നു പുറത്തിറങ്ങി ഒരു ജീവിതമുണ്ടാവില്ലെന്നുറപ്പ്.
തയാറാക്കിയത്: വി.ആർ.