പ്രധാനമന്ത്രിയോട് സംസാരിക്കുവാൻ അവസരം ലഭിച്ചാൽ എന്ത് ചോദിക്കും?; പതിനെട്ടുകാരിയുടെ മറുപടി വൈറൽ
Wednesday, October 16, 2019 1:34 PM IST
മനുഷ്യ ജീവനേക്കാൾ പശുവിന് പ്രാധാന്യം നൽകുന്ന രാജ്യത്തിന്റെ അവസ്ഥ എത്രമാത്രം അപകടകരമാണെന്ന് തെളിയിക്കുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റേയും രാജ്യത്തെ പൗരന്മാരുടെയും വികസനത്തിന് ഊന്നൽ നൽകാതെ ഇത്തരം ആക്രമണങ്ങളുടെ പിന്നാലെ പോകുന്നത് രാജ്യത്തെ പിന്നിലേക്ക് മാത്രമേ കൊണ്ടുപോകു.
ഇപ്പോഴിത നാഗാലാൻഡിൽ വച്ചു നടന്ന മിസ് കൊഹിമ 2019 സൗന്ദര്യമത്സരത്തിനിടെ പ്രധാനമന്ത്രിയോട് സംസാരിക്കുവാൻ അവസരം ലഭിച്ചാൽ എന്ത് ചോദിക്കുമെന്ന വിധികർത്താക്കളുടെ ചോദ്യത്തിന് 18കാരി നൽകിയ മറുപടിയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. മിസ് കൊഹിമ മത്സരത്തിനിടെയാണ് സംഭവം നടന്നത്.
വിധികർത്താക്കളുടെ ചോദ്യത്തോട് വികുനോ സച്ചു പറഞ്ഞ മറുപടിയിങ്ങനെ. "പശുക്കളേക്കാളും കൂടുതൽ ശ്രദ്ധ സ്ത്രീകൾക്ക് നൽകണമെന്ന് ആവശ്യപ്പെടും'. സച്ചുവിന്റെ വാക്കുകൾ അമ്പരപ്പോടെ കേട്ടിരുന്ന സദസും വിധികർത്താക്കളും ഒരു നിമിഷം പകച്ചു പോയെങ്കിലും പിന്നീട് പൊട്ടിച്ചിരിക്കുകയായിരുന്നു.