സഭയെ പടുത്തുയർത്തിയ വളർത്തുപിതാവ്
പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ആ​രം​ഭ​ത്തി​ൽ, കേ​ര​ള​സു​റി​യാ​നി ക​ത്തോ​ലി​ക്ക​രു​ടെ ഏ​ക മ​ഹ​ത്വ​വും മേ​ൽ​വി​ലാ​സ​വും മാ​ർ​തോ​മാ​ശ്ലീ​ഹാ സ​മ്മാ​നി​ച്ച വി​ശ്വാ​സ​പൈ​തൃ​കം മാ​ത്ര​മാ​യി​രു​ന്നു. ഒ​രു അ​പ്പ​സ്തോ​ലി​ക സ​ഭ​യു​ടെ ഓ​ജ​സും തീ​ക്ഷ്ണ​ത​യും ന​ഷ്ട​പ്പെ​ട്ട് ആ​ത്മീ​യ പാ​പ്പ​ര​ത്തം അ​നു​ഭ​വി​ച്ച, എ​ല്ലാ മേ​ഖ​ല​ക​ളി​ലും പി​ന്ത​ള്ള​പ്പെ​ട്ട ഒ​രു സ​ഭാ​സ​മൂ​ഹ​മാ​യി​രു​ന്നു അ​വ​ർ. ജന്മസി​ദ്ധ​മാ​യ മ​ല​യാ​ളി​യു​ടെ വി​ഭാ​ഗീ​യ ചി​ന്താ​ഗ​തി​യും കൂ​ട്ടാ​യ്മ​രാ​ഹി​ത്യ​വും അ​തോ​ടൊ​പ്പം വി​ദേ​ശാ​ധി​പ​ത്യ​വും ഏ​റി​യ​കു​റ​വു​ക​ൾ​ക്കും വീ​ഴ്ച​ക​ൾ​ക്കും കാ​ര​ണ​മാ​യി. ഇ​പ്ര​കാ​രം ഇ​രു​ള​ട​ഞ്ഞ മ​ല​യാ​ള​ക്ക​ര​യ്ക്ക് ആ​ത്മീ​യ നേ​തൃ​ത്വം പ​ക​രാ​ൻ ദൈ​വം തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ര​ത​ത്തി​ന്‍റെ വീ​ര​പു​ത്ര​നാ​ണ് വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ്.

സ​ന്യാ​സ​ത്തി​ന്‍റെ ലേ​ബ​ലി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ർ​ഷ​ഭാ​ര​ത​ത്തി​ൽ ഒ​രു ക​ത്തോ​ലി​ക്ക സ​ന്യാ​സ​സ​ഭ​യി​ല്ല എ​ന്നു​ള്ള​ത് പ്രാ​ദേ​ശി​ക​സ​ഭ​യു​ടെ ആ​ത്മീ​യ അ​നാ​രോ​ഗ്യ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​യി​രു​ന്നു. ഫ്രാ​ൻ​സി​സ് പാ​പ്പാ പ​റ​യു​ന്നു, സ​ന്യ​സ്തരി​ല്ലാ​ത്ത ഒ​രു സ​ഭ​യെ​ക്കുറി​ച്ച് എ​നി​ക്ക് ചി​ന്തി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന്. വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പാ സ​മ​ർ​പ്പി​തജീ​വി​തം എ​ന്ന അ​പ്പസ്തോ​ലി​ക പ്ര​ബോ​ധ​ന​ത്തി​ൽ പ​റ​യു​ന്നു, സ​ന്യാ​സ​ത്തി​ന്‍റെ സ്ഥാ​നം സ​ഭ​യു​ടെ വ​ഴി​വ​ക്കി​ല​ല്ല, പി​ന്നെ​യോ ഹൃ​ദ​യ​ത്തി​ലാ​ണ് എ​ന്ന്. സ​ന്യാ​സം സ​ഭ​യ്ക്ക് ജീ​വ​ര​ക്തം പ​ക​രു​ന്ന ധ​മ​നി​ക​ളാ​ണ്.

സ​ന്യാ​സ​ത്തി​ന്‍റെ ശ്രേ​ഷ്ഠ​ഫ​ല​ങ്ങ​ൾ കേ​ര​ള​ക്ക​ര​യ്ക്ക് അ​ന്യ​മാ​യ സാ​ഹച​ര്യ​ത്തി​ലാ​ണ് സിഎംഐ സ​ഭാ​പി​താ​ക്കന്മാ​ർ സ​ന്യ​സി​ക്കാ​നാ​യി നാ​ടു​വി​ട്ടി​റ​ങ്ങാ​ൻ ചി​ന്തി​ക്കു​ന്ന​ത്. വൈ​ദി​ക​ർ​ക്കു​പോ​ലും ഒ​രു ത​പ​സു​ഭ​വ​ന​മി​ല്ല എ​ന്നു​ള്ള​ത് വ​ലി​യ പോ​രാ​യ്മ​യാ​യി​ട്ടാ​ണ് അ​വ​ർ ക​ണ്ട​ത്. ആ​ത്മ​ര​ക്ഷാ​ർ​ഥം വ​ന​വാ​സ​ത്തി​നു​പോ​കാ​ന​നു​വാ​ദം ചോ​ദി​ച്ച സിഎം​ഐ സ​ഭാ സ്ഥാ​പ​ക​രോ​ട് മൗ​റീ​ലി​യൂ​സ് സ്ത​ബ​ലി​നി മെ​ത്രാ​ൻ പറഞ്ഞു: “അ​ല്​പം വ​ല്ല​തും തി​രി​യു​ന്ന നി​ങ്ങ​ൾ ഒ​ന്നു​ര​ണ്ടു​പേ​രു​ള്ള​ത് മി​ണ്ട​ട​ക്ക​മാ​യ് വ​ല്ല​യി​ട​ത്തും ഒ​തു​ങ്ങി​പ്പാ​ർ​ത്താ​ൽ പി​ന്നെ ലോ​ക​രെ പ​ഠി​പ്പി​ക്കാ​ൻ ആ​ര്? അ​തു​കൊ​ണ്ട് ഒ​രു കൊ​വേ​ന്ത​വെ​പ്പി​ൻ”. അ​ങ്ങ​നെ​യാ​ണ് കൊ​വേ​ന്ത​‌പ്പ​ട്ട​ക്കാ​ർ കേ​ര​ള​ക്ക​ര​യി​ൽ ജന്മം​കൊ​ണ്ട​ത്. അ​റി​വി​ല്ലാ​ത്ത​വ​ർ​ക്ക് ക​ണ്ടു​പ​ഠി​ത്തം കൊ​ടു​പ്പാ​നും, മ​ന​സാ​ക​പെ​ട്ട​വ​രെ ചേ​ർ​ക്കാ​നും ചെ​ത​റ​പ്പെ​ട്ട​വ​രെ കൂ​ട്ടു​വാ​നും പ​ള്ളി​യു​ടെ തെ​ളി​വി​നും രാ​ജി​ത​ങ്ങ​ളു​ടെ​യും ലോ​ക​മാ​തൊ​ക്കെ​യു​ടെ​യും നി​ര​പ്പി​നും, ക​ണ്ണു​കാ​ട്ട​പ്പെ​ട്ട നന്മക​ളൊ​ക്കെ ചെ​യ്യു​വാ​നും 1829 വൃ​ശ്ചി​കം ഒ​ന്നാം തീ​യ​തി കൊ​ടു​ത്ത അ​നു​വാ​ദ പ​ത്രി​ക​യി​ൽ മൗ​റീ​ലി​യൂ​സ് മെ​ത്രാ​ൻ കു​റി​ച്ചു.

അ​പ്ര​കാ​രം സ​ഭ​യ്ക്കു​മാ​ത്ര​മ​ല്ല രാ​ഷ്ട്ര​ത്തി​നും ലോ​ക​ത്തി​നു​മു​ഴു​വ​നും കാ​ലോ​ചി​ത​മാ​യ ഏ​തു​നന്മയും ഏ​തു​കാ​ല​ത്തും ചെ​യ്യാ​നു​ള്ള ഒ​രു mandate ആ​ണ് സിഎംഐ സ​ന്യാ​സ​സ​ഭ​യ്ക്കു ല​ഭി​ച്ച​ത്. ദൈ​വ​തി​രു​മ​ന​സ് ന​ട​ക്കും ന​ട​ത്തും എ​ന്നു​റ​ച്ചു സ​ന്യാ​സ തീ​ർ​ത്ഥ​യാ​ത്ര സ​മാ​രം​ഭി​ച്ച ചാ​വ​റ​യ​ച്ച​ൻ തി​രു​സ​ഭ​യു​ടെ ന​വീ​ക​ര​ണ​ത്തി​നും നി​ർ​മാ​ണ​ത്തി​നും, വ​ള​ർ​ച്ച​യ്ക്കും ഉൗ​ന്ന​ൽ കൊ​ടു​ത്ത് ആ​ത്മ​ര​ക്ഷ​യ്ക്കും ആ​ത്മാ​ക്ക​ളു​ടെ ര​ക്ഷ​യ്ക്കും​വേ​ണ്ടി ഭാ​ര​ത​ത്തി​ലെ ഏ​ത​ദ്ദേശീയ സ​ന്യാ​സ​സ​ഭ വ​ള​ർ​ത്തി​യെ​ടു​ത്തു.​

കേ​ര​ള​സ​ഭ​യു​ടെ ര​ണ്ടാം ജന്മം ​സാ​ധ്യ​മാ​ക്കി​യ സു​റി​യാ​നി സ​ഭ​യു​ടെ വ​ള​ർ​ത്തു​പി​താ​വാ​യ ചാ​വ​റ​യ​ച്ച​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​പ്ര​മേ​യം sentire cum ecclesia, സ​ഭ​യോ​ടൊ​ത്തു ചി​ന്തി​ക്കു​ക എ​ന്നു​ള്ള​താ​യി​രു​ന്നു. സ​ഭ​യെ ര​ണ്ടാ​ന​മ്മ​യാ​യി​ക്ക​ണ്ടു മാ​റി​നി​ന്നു വി​മ​ർ​ശി​ച്ച​ല്ല, സ​ഭ​യു​ടെ അ​ഭി​മാ​ന​മു​ള്ള മ​ക​നാ​യി, സ​ഭ​യാ​കു​ന്ന അ​മ്മ​യ്ക്കു ക​രു​ത്തും മ​നോ​ഹാ​രി​ത​യും പ​ക​രു​ക​യാ​ണ് ആ ​വ​ള​ർ​ത്തു​പി​താ​വ് ചെ​യ്ത​ത്. സ​ഭ​യെ മാ​റ്റി​നി​ർ​ത്തി ചാ​വ​റ​യ​ച്ച​നെ​യോ, ചാ​വ​റ​യ​ച്ച​നെ മാ​റ്റി​നി​റു​ത്തി നാ​മി​ന്നു കാ​ണു​ന്ന കേ​ര​ള, ഭാ​ര​ത ക​ത്തോ​ലി​ക്കാ സ​ഭ​യെ​യോ ചി​ന്തി​ക്കാ​നാ​കി​ല്ല.

മാന്നാനത്തെ സെമിനാരി

ചാ​വ​റ​പ്പിതാ​വും സിഎം​ഐ സ​ന്യാ​സ സ​മൂ​ഹ​വും സ​ഭ​യു​ടെ ര​ക്ഷയ്​ക്കും വ​ള​ർ​ച്ച​യ്ക്കു​മാ​യി ഒ​ന്നാ​മ​താ​യി തീ​രു​മാ​നി​ച്ച​ത് ഉ​ത്ത​മ​രാ​യ വൈ​ദി​ക​രെ വാ​ർ​ത്തെ​ടു​ക്കാ​നാ​യി​രു​ന്നു. അ​റി​വി​ല്ലാ​ത്ത വൈ​ദി​ക​ൻ ത​ന്‍റെ മാ​ത്ര​മ​ല്ല ദൈ​വ​ജ​ന​ത്തി​ന്‍റെയും ആ​ത്മ​ര​ക്ഷ​യ്ക്കും ത​ട​സമാ​കും എ​ന്ന തി​രി​ച്ച​റി​വ് ചാ​വ​റ​യ​ച്ച​നു​ണ്ടാ​യി​രു​ന്നു. പ​രി​താ​പ​ക​ര​മാ​യ നി​ല​യി​ലാ​യി​രു​ന്നു അ​ക്കാ​ല​ത്തെ സെ​മി​നാ​രി പ​രി​ശീ​ല​നം. സെ​മി​നാ​രി​ക​ളി​ൽ​പോ​ലും വേ​ർ​തി​രി​വു​ണ്ടാ​യി​രു​ന്നു.

‘‘മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​ർ​ക്ക് എ​ങ്ങ​നെ പ്രാ​ർ​ത്ഥി​ക്കാം, എ​ങ്ങ​നെ കു​ർ​ബ്ബാ​ന ചൊ​ല്ലാം, എ​ങ്ങ​നെ കു​ന്പ​സാ​രി​പ്പി​ക്കാം, പാ​പ​മോ​ച​നം ന​ൽ​കാം എ​ന്ന അ​റി​വു​ക​ൾ ത​ന്നെ ധാ​രാ​ള​മാ​ണ്. കൂ​ടു​ത​ൽ അ​റി​വ് അ​വ​രെ സം​ബ​ന്ധിച്ചി​ട​ത്തോ​ളം പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മ​ല്ല. ന​മ്മ​ൾ അ​വ​രെ കാ​ര്യ​മാ​യി എ​ന്തെ​ങ്കി​ലും പ​ഠി​പ്പി​ച്ചാ​ൽ അ​ത​വ​രെ അ​ഹ​ങ്കാ​രി​ക​ളും ദു​ര​ഭി​മാ​നി​ക​ളു​മാ​ക്കും. അ​വ​ർ പി​ന്നെ ന​മ്മ​ളെ ബ​ഹു​മാ​നി​ക്കാ​താ​കും’’ ഇ​താ​യി​രു​ന്നു ചി​ല വി​ദേ​ശ അ​ധി​കാ​രി​ക​ളു​ടെ മ​ന​സി​ലി​രി​പ്പ്. ഇ​ത്ത​രം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചാ​വ​റ​യ​ച്ച​നും ആ​ദ്യ​പി​താ​ക്കന്മാ​രും മെ​ച്ച​പ്പെ​ട്ട വൈ​ദി​ക പ​രി​ശീ​ല​ന​ത്തി​നാ​യി മാ​ന്നാ​ന​ത്ത് സെ​മി​നാ​രി തു​ട​ങ്ങു​ന്ന​ത്.

ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പാ ഉൗ​ന്ന​ൽ കൊ​ടു​ത്ത മാ​നു​ഷി​ക പ​രി​ശീ​ല​നവും, ഫ്രാ​ൻ​സി​സ് പാ​പ്പാ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ വ​യ്ക്കു​ന്ന അ​ജ​പാ​ല​ന പ​രി​ശീ​ല​നവും, കാ​ലാ​കാ​ല​ങ്ങ​ളാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​ത്മീ​യ പ​രി​ശീ​ല​ന​വും ബൗ​ദ്ധി​ക പ​രി​ശീ​ല​ന​വും ചാ​വ​റ​യ​ച്ച​ന്‍റെ പ​രി​ശീ​ല​ന ക​ള​രി​യി​ൽ കാ​ണാം. അ​ടു​ക്കും ചി​ട്ട​യും സ​മ​യ​ക്ര​മ​ങ്ങ​ളും കു​ടും​ബ ച​ട്ട ശൈ​ലി​യി​ൽ ചാ​വ​റ സെമിനാ​രി​യി​ലും ഇ​ടം ക​ണ്ടെ​ത്തി. ഇ​ത്ത​രം ഒ​രു സ​മ​ഗ്ര പ​രി​ശീ​ല​ന പ​ദ്ധ​തി ഫ​ലം ക​ണ്ട​ത് റോ​ക്കോ​സ്, മേ​ലൂ​സ് ശീ​ശ്മ​ക​ളു​ടെ കാ​ല​ത്തു തി​രി​ച്ച​റി​ഞ്ഞു. ചാ​വ​റ​യ​ച്ച​ന്‍റെ ശി​ഷ്യ​ർ​ക്ക് ഇ​ട​വ​ക​യേ​യും സ​മൂ​ഹ​ത്തെ​യും സ്വാ​ധീനി​ക്കാ​ൻ മ​റ്റു വൈ​ദി​ക​രേ​ക്കാ​ളും ക​ഴി​ഞ്ഞി​രു​ന്നു.

നാ​ട്ടു​മെ​ത്രാന്മാ​ർ​ക്കു​വേ​ണ്ടി സു​ധീ​രം പോ​രാ​ടി​യ​വ​ർ അ​വ​രാ​യി​രു​ന്നു. സീറോ​മ​ല​ബാ​ർ സ​ഭ​യ്ക്കു സ്വ​ന്ത​മാ​യ ഒ​രു നേ​തൃ​ത്വ​മോ ആ​സ്ഥാ​ന​മോ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്തു സ​ഭ​യു​ടെ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് മാ​ന്നാ​നം ആ​ശ്ര​മം ആ​യി​രു​ന്നു. സ​ഭ​യു​ടെ മു​ന്ന​ണിപ്പോ​രാ​ളി​ക​ൾ ച​ാവ​റ ശി​ഷ്യന്മാ​രാ​യ സ​ന്യാ​സവൈ​ദി​ക​രും. വി​സ്തൃ​ത​മാ​യ കേ​ര​ള​സ​ഭ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ന്നാ​നം സെ​മി​നാ​രി പ​ര്യാ​പ്ത​മ​ല്ലെ​ന്നു ക​ണ്ട​തി​നാ​ൽ വ​രാ​പ്പു​ഴനി​ന്നു​ള്ള ക​ല്പ​ന​പ്ര​കാ​രം കൊ​വേ​ന്ത​ക​ളോ​ടു​ചേ​ർ​ന്ന് 1866 -ൽ വാ​ഴ​ക്കു​ള​ത്തും 1869-ൽ ​എ​ൽ​ത്തു​രു​ത്തി​ലും ഓ​രോ സെ​മി​നാ​രി സ്ഥാ​പി​ക്കു​ക​യു​ണ്ടാ​യി.

വൈ​ദി​ക വി​ദ്യാ​ർ​ഥിക​ളു​ടെ പ​രി​ശീ​ല​നത്തിൽ മാ​ത്ര​മ​ല്ല, വൈ​ദി​ക​രു​ടെ തു​ട​ർ​പ​രി​ശീ​ല​ന​ത്തി​ലും ചാ​വ​റ​യ​ച്ച​ൻ ശ്ര​ദ്ധി​ച്ചു. അ​തി​നാ​യി പു​രോ​ഹി​ത​ർ​ക്കാ​യി ധ്യാ​ന​വും; ഭ​ക്തി​യോ​ടെ ക്ര​മ​ത്തോ​ടെ ബ​ലി​യ​ർ​പ്പി​ക്കാ​ൻ ചാ​വ​റ​യ​ച്ച​ൻ എ​ഴു​തി ഉ​ണ്ടാ​ക്കി​യ തൂ​ക്കാ​സ (ആ​രാ​ധ​ന​ക്ര​മം)യും അ​തി​ന്‍റെ പ​രി​ശീ​ല​ന​വും വൈ​ദി​ക​ർ​ക്കാ​യു​ള്ള യാ​മ​പ്രാ​ർ​ഥന​ക​ളു​ടെ ക്രോ​ഡീ​ക​ര​ണ​വും അ​തി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ളും ചാ​വ​റ​പ്പിതാ​വി​ന്‍റെ സം​ഭാ​വ​ന​ക​ളാ​ണ്. അ​ങ്ങ​നെ വൈ​ദി​ക കൂ​ട്ടാ​യ്മ​യും സ​ഭ​യി​ലെ ഐ​ക​മ​ത്യ​വും ശ​ക്ത​മാ​ക്കാ​ൻ ചാ​വ​റ​യ​ച്ച​ൻ വി​കാ​രി ജ​ന​റാ​ളാ​യ​പ്പോ​ൾ പ​രി​ശ്ര​മി​ച്ചു.

വ​ച​നം ഭ​ക്ഷ​ണ​വും പാ​നീ​യ​വു​മാ​ക്കി​യ വി​ശു​ദ്ധ​ ചാ​വ​റ

ദൈ​വ​ജ​ന​ത്തി​ന്‍റെ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​നും പ​രി​പോ​ഷ​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും ആ​ത്മീ​യ ന​വോ​ത്ഥാ​ന​ത്തി​നും സ​മ​ർ​പ്പി​ത​മാ​യി​രു​ന്നു ചാ​വ​റ ജീ​വി​തം. വ​ച​നം ഭ​ക്ഷ​ണ​വും പാ​നീ​യ​വു​മാ​ക്കി​യ വി​ശു​ദ്ധ​ ചാ​വ​റ, ദൈ​വ​ജ​ന​ത്തെ ശ​ക്തീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ ഞാ​യ​റാ​ഴ്ച പ്ര​സം​ഗം, തി​രു​നാ​ൾ പ്ര​സം​ഗം, വാ​ർ​ഷി​ക ധ്യാ​നം, വ​ലി​യ ആ​ത്മീ​യ ഉ​ണ​ർ​വ് പ​ക​ർ​ന്നു. വി​ശു​ദ്ധകു​ർ​ബാ​ന​യോ​ട് അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ ഭ​ക്തി​യു​ണ്ടാ​യി​രു​ന്ന ചാ​വ​റ​യ​ച്ച​ൻ, അ​നു​ദി​ന ദി​വ്യ​ബ​ലി​യി​ൽ കു​ടും​ബ​ത്തി​ൽ ഒ​രാ​ളെ​ങ്കി​ലും പ​ങ്കെ​ടു​ക്കു​ന്ന ശീ​ലം (ചാ​വ​രു​ൾ), ദി​വ്യ​കാ​രു​ണ്യ വിസീ​ത്ത, ആ​രാ​ധ​ന, നാ​ൽ​പ​തു​മ​ണി ആ​രാ​ധ​ന എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

വി​ശു​ദ്ധ​രോ​ടു​ള്ള ഭ​ക്തി, തി​രു​ക്കുടും​ബ​ത്തോ​ടു​ള്ള ഭ​ക്തി, പ​രി​ശു​ദ്ധ അ​മ്മ​യോ​ടും വി​ശു​ദ്ധ യൗ​സേപ്പിതാ​വി​നോ​ടു​മു​ള്ള വ​ണ​ക്കം, കു​രി​ശി​ന്‍റെ വ​ഴി, വ​ണ​ക്ക​മാ​സം തു​ട​ങ്ങി​യ​വ മാ​തൃ​ഭാ​ഷ​യി​ൽ ആ​രാ​ധ​ന​ക്ര​മ​മോ, വി​ശു​ദ്ധ ഗ്ര​ന്ഥ​മോ ഒ​ന്നും ഇ​ല്ലാ​ത്ത കാ​ല​ത്തു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വി​ശ്വാ​സ​ത്തെ പി​ടി​ച്ചുനി​ർ​ത്തി​യ കാ​ര്യ​ങ്ങ​ളാ​ണ്. ​ഫ്രാ​ൻ​സി​സ് പാ​പ്പാ ഇ​ക്കാ​ല​ത്തും ഭ​ക്താ​ഭ്യാ​സ​ങ്ങ​ളെ ദൈ​വ​ജ​ന​ത്തി​ന്‍റെ ലി​റ്റ​ർ​ജി​യാ​യി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. കു​ടും​ബ​ത്തി​ലൂ​ടെ തി​രു​സ​ഭാ​ന​വീ​ക​ര​ണം സ്വ​പ്നം​ക​ണ്ട ചാ​വ​റപ്പിതാ​വി​ന്‍റെ വ​ലി​യ സം​ഭാ​വ​ന​യാ​ണ് കേ​ര​ള​ത്തി​ലെ കു​ടും​ബ പ്രാ​ർ​ഥന സം​സ്കാ​രം. ശ​രീ​ര​ത്തി​ന​ടു​ത്ത ആ​ഹാ​രം കൊ​ടു​ക്കുന്ന​കൂ​ടെ ആ​ത്മാ​വി​ന​ടു​ത്ത ആ​ഹാ​ര​വും കൊ​ടു​ക്ക​ണം. ചാ​വ​രു​ളി​ലെ ചാ​വ​റ നി​ർ​ദേശ​ങ്ങ​ൾ ഒ​രു ഉ​ത്ത​മ ക​ത്തോ​ലി​ക്കാ കു​ടും​ബ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള​താ​യി​രു​ന്നു.

ഇ​ട​യനി​ല്ലാ​ത്ത ആ​ടു​ക​ളെ​പ്പോ​ലെ പ​രി​ഭ്രാ​ന്ത​രാ​യ ഒ​രു സ​മൂ​ഹ​മാ​യി​രു​ന്നു സ്വ​ന്ത​മാ​യ വൈ​ദി​ക നേ​തൃ​ത്വ​മോ, മെ​ത്രാ​നോ, ഹ​യ​രാ​ർ​ക്കി​യോ ഇ​ല്ലാ​തി​രു​ന്ന സീ​റോ​മ​ല​ബാ​ർ​സ​ഭ. യൂ​റോ​പ്പി​ൽ​നി​ന്നും ബാ​ബേ​ലി​ൽ​നി​ന്നു​മു​ള്ള മെ​ത്രാന്മാ​ർ ഒ​രു അ​പ്പസ്തോ​ലി​ക​സ​ഭ​യു​ടെ വ​ള​ർ​ച്ചയ്​ക്കു​ള്ള പ​രി​ഹാ​ര​മാ​യി​രു​ന്നി​ല്ല.​ ഇ​ട​യ​ന് ആ​ടു​ക​ളു​ടെ മ​ണ​മു​ണ്ടാ​കാ​ൻ അ​വ​രു​ടെ ഭാ​ഷ​യും സം​സ്കാ​ര​വും അ​റി​യ​ണം. അ​തി​നാ​യി ആ​ടു​ക​ളു​ടെ മ​ണ​മു​ള്ള സ്വ​ജാ​തീ​യ മെ​ത്രാന്മാ​ർ​ക്കാ​യി ചാ​വ​റ​യ​ച്ച​ൻ റോ​മി​ലേ​ക്കെ​ഴു​തി.​ ഇ​വി​ട​ത്തെ പ്ര​ശ​്ന​പ​രി​ഹാ​ര​ത്തി​ന് ഏ​ക​വ​ഴി ഓ​രോ റീ​ത്തി​ലും പ്ര​ത്യേ​കം മെ​ത്രാന്മാ​രെ​ന്ന പ്രാ​യോ​ഗി​ക നി​ർ​ദേശ​മാ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ൻ കൊ​ടു​ത്ത​ത്.

പി​ന്നീ​ട് ചാ​വ​റ​യ​ച്ച​ന്‍റെ അ​നു​യാ​യി​ക​ൾ ഏ​ഴു വ്യാ​കു​ല​ങ്ങ​ളാ​യി വി​ല​കൊ​ടു​ത്തു കി​ട്ടി​യ​താ​ണ് ഇ​ന്ന​ത്തെ ആ​നു​കു​ല്യ​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ സ​ഭ. റോ​ക്കോ​സി​ന്‍റെ വ​ര​വോ​ടെ കേ​ര​ള​ത്തി​ലു​ണ്ടാ​ക്കി​യ വി​ശ്വാ​സ​പ്ര​തി​സ​ന്ധി​ക്കു ബാ​ച്ചി​നെ​ല്ലി മെ​ത്രാ​ൻ ക​ണ്ടെ​ത്തി​യ​ത് ചാ​വ​റ​പ്പിതാ​വി​നെ സു​റി​യാ​നി​ക്കാ​രു​ടെ വി​കാ​രി ജ​ന​റാ​ൾ ആ​ക്കു​ക എ​ന്നു​ള്ള​താ​യി​രു​ന്നു. ഭാ​ഗ്യസ്മ​ര​ണാ​ർ​ഹ​നാ​യ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മു​ൻ മേ​ജ​ർ ആർ​ച്ച​്ബി​ഷ​പ് മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ കൃ​ത​ജ്ഞ​ത​യോ​ടെ പ​റ​യു​മാ​യി​രു​ന്നു, സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഇ​ന്ന​ത്തെ വ​ള​ർ​ച്ച​യ്ക്ക് അ​ടി​സ്ഥാ​ന​മി​ട്ട​ത് സ​ഭ​യു​ടെ പ്ര​ഥ​മ പൊ​തു വി​കാ​രി ജ​ന​റാ​ളാ​യ ചാ​വ​റപ്പിതാ​വാ​ണെ​ന്ന്.

പ​ള്ളി​ക്കൊ​പ്പം പ​ള്ളി​ക്കൂ​ടം

ചാ​വ​റപ്പിതാ​വി​ന്‍റെ വി​കാ​രി ജ​ന​റാ​ളാ​യു​ള്ള നി​യ​മ​നം സ​ഭ​യു​ടെ വി​ശ്വാ​സ​സം​ര​ക്ഷ​ണ​ത്തി​നും സ​ർ​വ മേ​ഖ​ല​ക​ളി​ലു​മു​ള്ള വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നും കാ​ര​ണ​മാ​യി. പ​ള്ളി​ക്കൊ​പ്പം പ​ള്ളി​ക്കൂ​ടം കേ​ര​ള​ക്ക​ര​യു​ടെ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക വി​പ്ല​വ​ത്തി​ന് തി​രി​കൊ​ളു​ത്തി. സ്ത്രീശക്തീക​ര​ണ​വും ഉ​പ​വി​ശാ​ല​യും വ​ഴി ഏ​വ​രേ​യും ദൈ​വ​പി​താ​വി​ന്‍റെ മ​ക്ക​ളാ​യി കാ​ണു​ന്ന സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ്നേ​ഹ​വി​പ്ല​വ​മാ​യി​രു​ന്നു ചാ​വ​റ​യ​ച്ച​ൻ ന​യി​ച്ച​ത്.

പ്ര​തി​സ​ന്ധിഘ​ട്ട​ങ്ങ​ളി​ൽ പ​ത​റാ​തെ മു​ന്ന​ിൽ​നി​ന്നു ന​യി​ച്ച് കേ​ര​ള​ക്ക​ര​യു​ടെ ആ​ത്മീ​യ ന​വോ​ത്ഥാ​ന​ത്തി​നും സ​മ​ഗ്ര പ​രി​വ​ർ​ത്ത​ന​ത്തി​നും കൊ​ടി​പി​ടി​ച്ച ചാ​വ​റ​യ​ച്ച​നെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ​യും കേ​ര​ള​സ​ഭ​യു​ടെ​യും പി​താ​വെ​ന്നു​വി​ളി​ക്കു​ന്ന​തു തി​ക​ച്ചും ന്യാ​യ​വും യു​ക്ത​വു​മാ​ണ്. പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ലെ കേ​ര​ള​സ​ഭ​യു​ടെ ഉ​യ​ർ​ച്ച ചാ​വ​റ​യ​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​ന​ഫലമാ​ണെ​ന്ന് പ​ണ്ഡി​ത​നാ​യ പ്ലാ​സി​ഡ് പൊ​ടി​പാ​റ​യ​ച്ച​ൻ രേ​ഖ​പ്പെ​ടു​ത്തു​ന്നു. തി​രു​സ​ഭ​യെ സ്നേ​ഹി​ച്ചു സ​ഭ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും വ​ള​ർ​ച്ച​യ്ക്കും ഐ​ക്യ​ത്തി​നും വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച തി​രു​സ​ഭ​യു​ടെ വി​ശ്വ​സ്ത ശു​ശ്രൂഷി​യും വ​ഴി​കാ​ട്ടി​യു​മാ​ണ് ചാ​വ​റ​പ്പിതാ​വ്.

ഈ ​വ​ന്ദ്യപി​താ​വി​ന്‍റെ മ​ര​ണ​ത്തി​ന്‍റെ 150 തി​ക​യു​ന്ന ഈ ​ജൂ​ബി​ലി വ​ർ​ഷം ചാ​വ​റ​ക്കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ സ്വ​ന്ത​മാ​ക്കി ന​മ്മു​ടെ സ​ങ്കുചി​തലോ​കം​വി​ട്ടു സ​ഭ​യും രാ​ഷ്ട്ര​വും മ​നു​ഷ്യ​കു​ടും​ബ​വും എ​ന്ന വ​ലി​യ കൂ​ട്ടാ​യ്മ​യ്ക്കു​വേ​ണ്ടി ന​മു​ക്ക് സ​മ​ർ​പ്പി​ത​രാ​കാം.

റവ.ഡോ. പോൾ ആച്ചാണ്ടി സിഎംഐ പ്രിയോർ ജനറൽ