തിരക്കിനിടയിലും ബാന്ദ്ര ഭക്തിസാന്ദ്രം
അജിത് ജി. നായർ
Sunday, April 20, 2025 1:25 AM IST
ക്രിസ്തുമതം ഇന്ത്യയില്‍ അതിന്റെ ആത്മീയയാത്ര തുടങ്ങിയത് ദക്ഷിണേന്ത്യയിലൂടെയായതിനാല് ആദ്യകാല ക്രിസ്ത്യന്‍ പള്ളികളിൽ നല്ലൊരു പങ്കും രാജ്യത്തിന്റെ തെക്കു ഭാഗത്താണുയര്ന്നത്. എന്നാല്‍, കാലാന്തരത്തില്‍ രാജ്യമാകെ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. അതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികളും സ്ഥാപനങ്ങളും ഉയർന്നു.
ഇതില്‍ പലതിന്റെയും ചരിത്രം അസാധാരണ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ശ്രേണിയിലെ ഏറ്റവും പ്രമുഖമായ ക്രിസ്തീയ ദേവാലയങ്ങളിലൊന്നാണ് മുംബൈയിലെ ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന 'ദ ബസിലിക്ക ഓഫ് അവര്‍ ലേഡി' അഥവാ മൗണ്ട് മേരി ചര്‍ച്ച്.
അറബിക്കടലിന്റെ തീരത്തെ ഈ പള്ളിയിൽ 16-ാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട കന്യാമറിയത്തിന്റെ രൂപം ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
അറബികളുടെ ആക്രമണം
15-ാം നൂറ്റാണ്ടിന്റെ അവസാനമാണ് മൗണ്ട് മേരി പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. പോര്‍ച്ചുഗീസ് ജെസ്യൂട്ട് പാതിരിമാര്‍ കന്യാമറിയത്തിന്റെ നാമധേയത്തിൽ ഒരു ചെറിയ ചാപ്പല്‍ ഇവിടെ സ്ഥാപിക്കുകയായിരുന്നു. അറബിക്കടലിനഭിമുഖമായി ഒരു ചെറിയ കുന്നില്‍ സ്ഥാപിച്ച ചെളിമണ്ണ് കൊണ്ടുള്ള നിര്‍മിതി ചാപ്പലായി പരിണമിച്ചത് 1640ലാണ്. എന്നാല്‍, 1700കളില്‍ കടല്‍ക്കൊള്ളക്കാരായ അറബികളുടെ ആക്രമണത്തിനു പള്ളി ഇരയായി. കന്യാമറിയത്തിന്റെ രൂപത്തിന്റെ വലതു കരം ഛേദിച്ച അക്രമകാരികള്‍ പള്ളി തകര്‍ത്തു കളയുകയും ചെയ്തു.
പിന്നീട് തകര്‍ന്ന രൂപത്തിനു പകരം സമീപത്തുള്ള സെന്റ് ആന്‍ഡ്രൂസ് പള്ളിയുടെ ഒരു വശത്തെ അള്‍ത്താരയില്‍നിന്നു കൊണ്ടുവന്ന "അവര്‍ ലേഡി ഓഫ് നാവിഗേറ്റേഴ്സ്' എന്ന വിളിപ്പേരുള്ള കന്യാമറിയത്തിന്റെ രൂപം ഇവിടെ സ്ഥാപിക്കുകയായിരുന്നു.
പിന്നീട് 1761ല്‍, കന്യാമറിയത്തിന്റെ തകര്‍ന്ന രൂപം ശരിയാക്കുകയും പള്ളി പുനര്‍നിര്‍മിക്കുകയും ചെയ്തു. അതേസമയം, കന്യാമറിയത്തിന്റെ തകര്‍ന്ന കൈ അദ്ഭുതകരമാം വിധം തനിയെ പഴയപടിയായി പ്രതിമയോടു ചേരുകയായിരുന്നുവെന്നാണ് പ്രദേശത്തു നിലനില്‍ക്കുന്ന വിശ്വാസം. കന്യാമറിയത്തിന്റെ പ്രതിമയുടെ കൈ ഛേദിക്കപ്പെട്ട സ്ഥലത്ത് ഉണ്ണിയേശുവിന്റെ എടുത്തുമാറ്റാവുന്ന ഒരു രൂപം നാട്ടുകാര്‍ സ്ഥാപിക്കുകയും ചെയ്തു.
ചരിത്രത്തില്‍ ഇടംപിടിച്ച കന്യാമറിയത്തിന്റെ ആ രൂപമാണ് നിലവില്‍ പള്ളിക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇന്നു കാണുന്ന രീതിയില്‍ പള്ളി പണിതുയര്‍ത്തുന്നത് 1904ലാണ്. 1954ല്‍ മാർപാപ്പ പള്ളിക്ക് മൈനര്‍ ബസിലിക്ക എന്ന പദവി കല്പിച്ചു നല്കി.
പാരമ്പര്യത്തില്‍ മാത്രമല്ല വാസ്തുഭംഗിയിലും മൗണ്ട് മേരി ചര്‍ച്ച് ഒരു അദ്ഭുത നിര്‍മിതിയാണ്. സെമി ഗോഥിക് ശൈലിയിലാണ് നിര്‍മാണം. മനോഹരമായ അകത്തളവും തിളങ്ങുന്ന ജനാലകളുമെല്ലാം ഏവരുടെയും മനംകവരും. പള്ളിയുടെ ചുവരുകളില്‍ ഫൈബര്‍ ഗ്ലാസുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന ചുവര്‍ചിത്രങ്ങള്‍ പരിശുദ്ധ മാതാവിന്റെ ജീവിതം വരച്ചു കാട്ടുന്നു.
മൗണ്ട് മേരി ഫെയർ
ഉണ്ണിയേശുവിനെ കൈയിലേന്തിയിരിക്കുന്ന മാതാവിന്റെ ശില്പം ഏഴ് പടവുകള്‍ ഉയരമുള്ള അള്‍ത്താരയ്ക്കു മുകളിലായി സ്ഥിതി ചെയ്യുന്നു. അള്‍ത്താരയുടെ താഴെഭാഗത്തായി അന്ത്യത്താഴത്തിന്റെ മാര്‍ബിള്‍ രൂപവും കാണാം. മൗണ്ട് മേരി ഫെയര്‍ എന്നും ബാന്ദ്ര ഫെയര്‍ എന്നും അറിയപ്പെടുന്ന തിരുനാളാണ് ഇവിടുത്തെ പ്രധാന ആഘോഷം. എട്ടു നാള് നീളുന്ന ആഘോഷം കന്യാമറിയത്തിന്റെ ജനനത്തിരുനാളുമായി ബന്ധപ്പെട്ടതാണ്.
മൗണ്ട് മേരി ഫെയര്‍ ആരംഭിച്ചിട്ട് 300ല്‍പരം വര്‍ഷങ്ങളായി എന്നാണ് കരുതപ്പെടുന്നത്. ഫെയറില്‍ പങ്കെടുക്കാനായി ഓരോ വര്‍ഷവും ആയിരക്കണക്കിനു വിശ്വാസികളാണ് ഇവിടം സന്ദര്‍ശിക്കുന്നത്. സാധാരണയായി സെപ്റ്റംബര്‍ എട്ടിനാണ് ഫെയര്‍ ആരംഭിക്കുന്നത്. അന്നേ ദിവസം 'ഫീസ്റ്റ് ഓഫ് നേറ്റിവിറ്റി' എന്നൊരു വിരുന്നിനും പള്ളി ആതിഥ്യമരുളുന്നു.
ഫെയറിനു ശേഷം ഒമ്പതു ദിവസം നീളുന്ന നൊവേനയുണ്ട്. അങ്ങനെ 17 ദിവസം നീണ്ടു നില്‍ക്കുന്നതാണ് കന്യാമറിയത്തിന്റെ ജനന മഹോത്സവം. നാനാജാതി മതസ്ഥർ പ്രാർഥിക്കാനായി എത്തുന്ന ഇടംകൂടിയാണിത്. പ്രാർഥനയുമായി എത്തുന്നവരെ മാതാവ് കൈവിടില്ലെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.