എഐ മനുഷ്യന്റെ പണിതീർക്കും
പി.ടി. ബിനു
Saturday, April 12, 2025 9:03 PM IST
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യരാശിക്കു ഭീഷണിയാകുമെന്ന് ഗൂഗിൾ ഡീപ് മൈൻഡിന്റെ പുതിയ ഗവേഷണം പ്രവചിക്കുന്നു.
പുതിയ പഠനത്തിന്റെ പശ്ചാത്തലത്തിൽ ഡീപ് മൈൻഡ് സഹസ്ഥാപകനായ ഷെയ്ൻ ലെഗ് ആണ് ഇത്തരം നിഗമനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. വിവിധ മേഖലകളിൽ എജിഐ സൃഷ്ടിക്കാവുന്ന കടുത്ത ആഘാതം കണക്കിലെടുക്കുമ്പോൾ, അതു മനുഷ്യരാശിക്കുതന്നെ ഭീഷണിയായി മാറിയേക്കാമെന്നു പഠനം പറയുന്നു.
മനുഷ്യരാശിയെ നശിപ്പിക്കാവുന്ന അസ്തിത്വപരമായ അപകട സാധ്യതകളിലേക്കാണ് പഠനം വിരൽചൂണ്ടുന്നത്. ഷെയ്ൻ ലെഗ് സഹരചയിതാവായ പ്രബന്ധത്തിൽ, അതേസമയം, എജിഐ എങ്ങനെയാണ് മനുഷ്യരാശിയുടെ വംശനാശത്തിനു കാരണമാകുന്നതെന്നു വിശദീകരിച്ചിട്ടില്ല.
പകരം, എജിഐയുടെ ഭീഷണി കുറയ്ക്കാൻ ഗൂഗിളും മറ്റ് എഐ കമ്പനികളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലാണ് ഡീപ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് ഉൾപ്പെടുന്ന സംഘത്തിന്റെ പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അപകട സാധ്യതകൾ
എഐയുടെ അപകട സാധ്യതകളെ പഠനം നാലായി തിരിക്കുന്നു. ദുരുപയോഗം, തെറ്റായ ക്രമീകരണം, തെറ്റുകൾ, ഘടനാപരമായ അപകട സാധ്യതകൾ എന്നിങ്ങനെ. പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആളുകൾക്കു മറ്റുള്ളവരെ ദ്രോഹിക്കാൻ എഐ ഉപയോഗിക്കാൻ കഴിയുമെന്നു സംഘം പറയുന്നു.
മുന്നറിയിപ്പ്
മനുഷ്യനേക്കാൾ ബുദ്ധിമാനോ മിടുക്കനോ ആയ എജിഐ അടുത്ത അഞ്ച് അല്ലെങ്കിൽ പത്തു വർഷത്തിനുള്ളിൽ ഉയർന്നുവരാൻ തുടങ്ങുമെന്നു ഡെമിസ് ഹസാബിസ് പറഞ്ഞു.
എജിഐയുടെ വികസനത്തിനു മേൽനോട്ടം വഹിക്കാൻ യുണൈറ്റഡ് നേഷൻസ്(യുഎൻ)പോലുള്ള സംവിധാനത്തിന്റെ ആവശ്യമുണ്ട്. എജിഐക്കു വേണ്ടി, യൂറോപ്യൻ ഓർഗൈനേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (സിഇആർഎൻ) മാതൃകയിൽ ഒരു ഓർഗനൈഷേൻ വേണം.
എജിഐ വികസനം കഴിയുന്നത്ര സുരക്ഷിതമാക്കാൻ ലോകരാജ്യങ്ങളുടെ സഹകരണമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സുരക്ഷിതമല്ലാത്ത പ്രോജക്ടുകൾ നിരീക്ഷിക്കാനും ഇടപെടൽ നടത്താനും സംവിധാനം ഉണ്ടാകണം.
എഐയേക്കാൾ ഒരുപാട് ഉയരത്തിലാണ് എജിഐ. എഐ ടാസ്ക് നിർദിഷ്ടമാണ്. എന്നാൽ, മനുഷ്യബുദ്ധി പോലെ, വൈവിധ്യമാർന്ന ജോലികളിൽ പ്രയോഗിക്കാൻ കഴിയുന്ന ബുദ്ധിശക്തി കൈവരിക്കുകയാണ് എജിഐയുടെ ലക്ഷ്യം.
ഒരു മനുഷ്യനെപ്പോലെതന്നെ വൈവിധ്യമാർന്ന മേഖലകളെ മനസിലാക്കാനും പഠിക്കാനും പ്രയോഗിക്കാനും കഴിവുള്ള യന്ത്രസംവിധാനമായിരിക്കും എജിഐ. ഇതു ദുരുപയോഗത്തിനു വിധേയമായാൽ നാശം പ്രവചനാതീതമായിരിക്കും.