മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
Saturday, April 12, 2025 8:59 PM IST
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമാണെങ്കിലും ആ പാതയ്ക്കു സമീപമുള്ള കോട്ടത്താവളം ഇനിയും ഏറെപ്പേർ കണ്ടിട്ടില്ല. മനോഹരമായ വെള്ളച്ചാട്ടവും വ്യൂ പോയിന്റും മഞ്ഞണിഞ്ഞ കാലാവസ്ഥയുമെല്ലാം ചേർന്ന് അതിമനോഹരമായ സ്ഥലം. മലകൾ കോട്ട കെട്ടിയതുപോലെ. പേരു കിട്ടാൻ മറ്റൊരു ചരിത്രകാരണമുണ്ട്.
900 വർഷം മുമ്പ് ചോള രാജാവിനോടു യുദ്ധത്തിൽ പരാജയപ്പെട്ട് മധുരയിൽനിന്നു രക്ഷപ്പെട്ടുപോന്ന പൂഞ്ഞാർ രാജാവും പരിവാരങ്ങളും ഒളിവിൽ തങ്ങിയ സ്ഥലമാണിതെന്നു പറയുന്നു. രാജാവും പരിവാരങ്ങളും തമിഴ്നാട്ടിലേക്കു യാത്ര ചെയ്യുന്പോൾ വിശ്രമിച്ചിരുന്ന സ്ഥലമാണെന്ന കഥയുമുണ്ട്.
മലമടക്കിൽനിന്നു പതഞ്ഞൊഴുകുന്ന നീരുറവ ആരുടെയും മനംകവരും. മീനച്ചിലാറിന്റെ തുടക്കം ഇവിടെനിന്നാണ്. വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നാൽ ജില്ലയിലെ പല പ്രദേശങ്ങളും കാണാം. വാഗമൺ കുരിശുമലയിൽനിന്നു കാൽനടയായി ഇവിടേക്ക് എത്താം. ആ വഴിയിൽ ചെറുവെള്ളച്ചാട്ടങ്ങളുമുണ്ട്.
യാത്ര: പൂഞ്ഞാർ അടിവാരത്തുനിന്നു മൂന്നു കിലോമീറ്റര്‍ ജീപ്പില്‍ സഞ്ചരിച്ചും പിന്നീട് അര കിലോമീറ്റര്‍ നടന്നും വേണം വെള്ളച്ചാട്ടത്തിനു സമീപമെത്താൻ. കോട്ടയത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ ദൂരം. ഇനി വാഗമൺ യാത്രയിൽ ഇവിടവും കണ്ടുമടങ്ങാം.