ഡേയ്, അണ്ണനെ പാത്തിയാഡാ?!
ഹരിപ്രസാദ്
Saturday, April 5, 2025 8:56 PM IST
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം തമിഴ്നാട്!... യുട്യൂബിൽ വന്ന ഒരു കമന്റാണിത്. വാസ്തവം!! നിറയെ തമിഴ്നാട്ടുകാർ. എവിടെയെന്നല്ലേ? തമിഴ്നാട്ടിൽ (കേരളത്തിലും) വൈറലോടു വൈറലായ ഒരു തായ് പാട്ടിന്റെ വീഡിയോയുടെ കമന്റ് ബോക്സിൽ...
അണ്ണന പാത്തിയേ.., അപ്പാത്ത കേട്ടിയാ... ഒരു തായ് പാട്ടിന്റെ വരികൾ തമിഴ് ചെവികൊണ്ടു കേട്ടാൽ ഏതാണ്ട് ഇങ്ങനെയിരിക്കും. അതായത് എന്റെ ചേട്ടനെ കണ്ടോ, അച്ഛനോടു ചോദിച്ചോ എന്നു മലയാളത്തിൽ അർഥംപറയാം.
സംഭവം കൊള്ളാമല്ലോ! തമിഴും തായ് ഭാഷയും തമ്മിൽ ഇങ്ങനെയൊരു സാമ്യമുണ്ടോ! ഇല്ല എന്നതാണ് സത്യമെങ്കിലും പാട്ടിന്റെ കളികൾ ഒരു രസമല്ലേ. പറഞ്ഞുവന്നത് 2010ൽ ഇറങ്ങി, 2019ൽ വൈറലായ, 2024ൽ വീണ്ടും വൈറലായ, ഇപ്പോൾ കൊടും വൈറലായ തായ് പാട്ടിനെക്കുറിച്ചാണ്
ആനാന്റ പാഡ്ചയെ
ആപാട്റ്റി റ്റെ റ്റേ നാ
അപാട്റ്റിയാ അപാട്റ്റി റ്റെ റ്റേ കൂ
അപാട്റ്റിറ്റോ അപാട്റ്റി കുഡ് കുഡ് കുഡ് അപാട്ചയേ...
കാര്യം ഇതിൽ അണ്ണനും തന്പിയും അപ്പായുമൊന്നുമില്ല. പക്ഷേ, പാട്ടുകേട്ടാൽ തമിഴ് ടച്ച് പ്രമാദം. ഗായിക സിൽവി കുമലാസരിയെ തമിഴ്നാട്ടുകാർ ശെൽവി കമലേശ്വരി ആക്കിയെന്നുപോലും കഥയിറങ്ങിക്കഴിഞ്ഞു!
100 ശതമാനം വൈബ്!
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നുള്ള കുലുക്കി താക്കാത്ത മുതൽ ഡസൻ കണക്കിനു പാട്ടുകൾ നമ്മുടെ നാട്ടിൽ വൈറലായിട്ടുണ്ട്. കൊച്ചി കലൂരിൽ ‘കുലുക്കി താക്ക’ എന്നപേരിൽ ജ്യൂസ് കടവരെ ഹിറ്റായി. വരികൾക്കു പ്രത്യേകിച്ച് അർഥമുണ്ടോ എന്നൊന്നും നോട്ടമില്ല, വൈബുണ്ടാകണം. റീൽസിനും ഷോർട്സിനും സെറ്റാവണം.
അത്രയും മതി. കൊറിയയായാലും കൊട്ടാരക്കരയായാലും കുഴപ്പമില്ല. ഇതിപ്പോൾ അണ്ണന പാത്തിയ അപ്പാത്ത കേട്ടിയാ 100 ശതമാനം വൈബാണ്. പതിയെ പടരുന്ന ഈണം, ഗായികയുടെ സുന്ദരമായ ശബ്ദം, ലളിതമായ നൃത്തചലനങ്ങൾ... സംഗതി സൂപ്പർ മെഗാ ഹിറ്റ്!
പാട്ടിന്റെ സഞ്ചാരം
‘ആനാന്റ പാഡ്ചയെ ആപാട്റ്റി റ്റെ റ്റേ നാ’ എന്നു തുടങ്ങുന്ന ആദ്യത്തെ വരി പരന്പരാഗതമായ തായ് വായ്ത്താരിയാണ്. പ്രണയമന്ത്രങ്ങളിലെ പതിവു പല്ലവി എന്നുപറയാം. പ്രത്യേകിച്ച് അർഥമൊന്നുമില്ല. സംഗീതജ്ഞനായ നോയ് ചെർനീമാണ് ഹാസ്യാത്മകമായി ഒരു പാട്ടിൽ (ടോങ് ബാവോ ക്രാഹ്മോം) ആദ്യം ഉപയോഗിച്ചത്.
ബാക്കിയുള്ള വരികളും ഈണവും തയാറാക്കിയത് സാക് പക്നാം എന്നയാളാണ്. പാട്ടു കേറി കൊളുത്തി. അങ്ങനെ നോയ് സിനിമയിലും മുഖംകാണിച്ചു. 2010ൽ പുറത്തിറങ്ങിയ ലുവാങ് ഫി ടേങ് 3 (ദ ഹോളി മാൻ 3) എന്ന സിനിമയിൽ കാമിയോ റോളിലായിരുന്നു നോയ്.
ഒപ്പം ഈ പാട്ടും. അന്നും ആദ്യ കേൾവിയിൽ അണ്ണനെ പാത്തിയാ എന്നു ചോദിക്കുന്നതു പോലെയാണ് തോന്നുക. മൂന്നു ചിത്രങ്ങളുള്ള സീരീസാണ് ദ ഹോളി മാൻ. തായ്ലൻഡിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും സിനിമ പരക്കേ സ്വീകരിക്കപ്പെടുകയും ചെയ്തു. പാട്ട് യു ട്യൂബിലും ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും തത്സമയ ഹിറ്റ്.
2019 ആയപ്പോൾ കഥ വീണ്ടും മാറി. നികേൻ സാലിന്ദ്രി എന്ന ഇന്തോനേഷ്യൻ കൗമാരക്കാരി ഈ പാട്ടു തന്റെ സ്റ്റേജ് പ്രോഗ്രാമുകളിൽ പാടിത്തുടങ്ങി. ഇന്തോനേഷ്യയിലെ സ്റ്റേജ് പെർഫോമറാണ് നികേൻ. വിവിധ ഭാഷകളിലെ പാട്ടുകൾ പാടാൻ മിടുക്കി. നികേന്റെ പതിപ്പ് യു ട്യൂബിൽ ഹിറ്റാവുകയും ദശലക്ഷക്കണക്കിനു പ്രേക്ഷകരിലേക്കു പാട്ട് എത്തുകയും ചെയ്തു.
അയോ സയാങ്, കുലിക് ആകു ഡോങ് എന്ന പേരിലാണ് നികേൻ സാലിന്ദ്രിയുടെയും പിന്നീട് സിൽവി കുമലാസരിയുടെയും വീഡിയോകൾ യുട്യൂബിൽ ഉള്ളത്. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവയിലുള്ള സ്റ്റുഡിയോയിൽ ലൈവ് ആയി പെർഫോം ചെയ്തതാണ് സിൽവിയുടെ വീഡിയോ. ഇത് അതിവേഗം ഓണ്ലൈൻ സെൻസേഷനായി മാറി.
സിൽവിയുടെ ഡാൻസ് സ്റ്റെപ്പുകളും പ്രണയാർദ്രമായ ഭാവങ്ങളും പാട്ടിനു വേറൊരു ലെവൽ ചാം നൽകിയെന്നാണ് കാഴ്ചക്കാരുടെ പക്ഷം. അവരുടെ ബാൻഡ് അതിസുന്ദരമായ ആഘോഷ മൂഡ് സൃഷ്ടിക്കുന്നുണ്ട്. ഇതിനെല്ലാം ഒപ്പം തമിഴ് കമന്റുകളുടെ പെരുമഴയുമുണ്ട്. എല്ലാംകൊണ്ടും കൊണ്ടാട്ടം!
പ്രിയനേ നീ എവിടെ...
തുടക്കത്തിലെ വായ്ത്താരിക്കു തമിഴ്നാട്ടുകാർ കണ്ടുപിടിച്ചതുപോലുള്ള അർഥമൊന്നും ഇല്ലെങ്കിലും പാട്ടിലെ ബാക്കി വരികൾക്ക് അതുണ്ട്. പ്രിയപ്പെട്ടവനേ, നീ എവിടെയാണ്.
നമ്മൾ കണ്ടിട്ട് എത്രയോ നാളുകളായി. വിരഹത്തിന്റെ വേളയിൽ ഞാൻ ധൈര്യം സംഭരിക്കാൻ ശ്രമിക്കുകയാണ്. നിന്റെയടുത്തേക്കു ഞാൻ ഓടിവന്നോട്ടെ.. ഇവിടെ ഞാൻ ഏകാന്തതയുടെ തടവിലാണ്, എന്റെ ഹൃദയത്തിന് ഇനിയിങ്ങനെ തുടരാൻ വയ്യ...അടുത്ത തവണ റീലുണ്ടാക്കി പോസ്റ്റ് ചെയ്യുന്പോൾ ഇതൊക്കെയാണ് വരികളുടെ അർഥമെന്ന് ഓർത്താൽ നല്ലത്.