കണ്ടലിൽ കണ്ടത്...
സിജോ പൈനാടത്ത്
Saturday, April 5, 2025 8:53 PM IST
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ മറ്റുള്ളവര്‍ക്കു നല്കുന്നു മേഘങ്ങള്‍ സസ്യങ്ങളെ നനച്ചു വളര്‍ത്തുന്നു,ഇങ്ങനെ സ ജ്ജനങ്ങളുടെ പ്രവൃത്തിയെല്ലാം പരോപകാരത്തിനുള്ളതാണ്.”(നീതിസാരം)
വീട്ടു മുറ്റത്തുനിന്നു കൈ നിറയെ കണ്ടല്‍ ചെടികളുമായി എന്നും തീരങ്ങളിലേക്കു നീങ്ങുന്ന, അവിടെ തൈകള്‍ നട്ടുപിടിക്കുന്ന, പരിചരിക്കുന്ന.... സർവോപരി കണ്ടൽച്ചെടികളെ പ്രണയിക്കുന്ന ഒരു മനുഷ്യന്. ഇയാള്‍ക്കിതെന്തിന്റെ കേടാ... എന്നു ചോദിച്ചവരുണ്ടായിരുന്നു! മറുപടി ഒരു ചിരിയിലൊതുക്കി അയാള്‍ ഒരു ദശാബ്ദമായി ദിനചര്യ തുടരുന്നു.
തനിക്കു വേണ്ടിയല്ലാതെ ചെയ്യുന്നൊരു ശീലത്തിന്റെ നന്മയും അനിവാര്യതയും ഒരുനാൾ മറ്റുള്ളവർ മനസിലാക്കുമെന്ന ബോധ്യമായിരുന്നു അയാളുടെ നിറപുഞ്ചിരിയോടെയുള്ള പ്രയാണത്തിനു പ്രചോദനം.ഇതു മുരുകേശൻ.
ഇന്നു വൈപ്പിൻകാർ "കണ്ടൽ മനുഷ്യൻ’ എന്ന് ഇദ്ദേഹത്തെ അഭിമാനത്തോടെ വിളിക്കുന്നു. കൊച്ചിയിലുൾപ്പടെ കടലേറ്റങ്ങളിൽ തീരങ്ങൾക്കു കാവലാകുന്ന, ജൈവമതിലുകളാകുന്ന കണ്ടൽക്കാടുകൾക്കു മുരുകേശനെ നന്നായി അറിയാം; മുരുകേശന് കണ്ടൽക്കാടുകളെയും.
കാരണം അവിടത്തെ കണ്ടൽക്കാടുകളുടെ സമൃദ്ധിയിൽ ഈ പരിസ്ഥിതിസ്നേഹിയായ സാധാരണക്കാരന്റെ നല്ല മനസിന്റെ മുദ്രകളുണ്ട്.കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വൈപ്പിൻകരയിലും കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലും തീരങ്ങളോടു ചേർന്നു മുരുകേശൻ നട്ടത് അര ലക്ഷത്തിലധികം കണ്ടൽച്ചെടികൾ.
കണ്ടൽ ചെറിയ കാര്യമല്ല
കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന സമുദ്രനിരപ്പ്, കാലം തെറ്റിയെത്തുന്ന കടലാക്രമണങ്ങൾ.. അതിന്റെ കാരണങ്ങളും കാഠിന്യവുമെല്ലാം ആഴത്തിലറിയാൻ ശ്രമിച്ചിട്ടുള്ള വൈപ്പിനിലെ സാധാരണ മത്സ്യത്തൊഴിലാളിയാണ് മുരുകേശൻ. മാറുന്ന കാലാവസ്ഥകളിൽ നമ്മുടെ തീരങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം അധികാരികളുടെ മാത്രം കടമയല്ല, നമ്മുടെയുമാണെന്ന അടിസ്ഥാന ബോധ്യം ഇദ്ദേഹത്തിനുണ്ട്.
ഈ ബോധ്യത്തിൽനിന്നാണ് മുരുകേശൻ കണ്ടലിനെ സ്നേഹിക്കാനും വിത്തുപാകാനും നട്ടുമുളപ്പിക്കാനും പരിചരിക്കാനും ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും സമൃദ്ധമായ കണ്ടൽക്കാടുകളുടെ ഇടമായി വൈപ്പിൻകരയെ മാറ്റണമെന്ന സ്വപ്നമാണ് മുരുകേശന്റെ നിസ്വാർഥമായ ഈ പ്രയത്നത്തിന് ഊർജം പകരുന്നത്.
വനവത്കരണം
വൈപ്പിൻ മാലിപ്പുറത്താണു മുരുകേശന്റെ വീട്. കണ്ടലിന്റെ നേട്ടങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച ഇദ്ദേഹം, 2013ൽ വീടിനോടു ചേർന്ന് ഒരു കണ്ടൽ നഴ്സറി തുടങ്ങി. സാമൂഹ്യ വനവത്കരണപ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നഴ്സറിയുടെ തുടക്കം.
വൈപ്പിൻകരയിലുള്ളവരിൽ കണ്ടൽ നട്ടുപിടിപ്പിക്കുന്ന നല്ല ശീലം വളർത്തിയെടുക്കാൻ പ്രോത്സാഹനമാവുകയായിരുന്നു മുരുകേശന്റെ മനസിൽ. ഇന്നുവരെ വിറ്റ കണ്ടൽ ചെടികളേക്കാൾ സൗജന്യമായി നൽകിയവയാണ് അധികം.
മുളയിലൊരു കാട്
വിവിധ സ്ഥലങ്ങളിൽനിന്നു ശേഖരിക്കുന്ന കണ്ടൽ വിത്തുകൾ മുളന്തണ്ടിൽ പ്രത്യേകം സജ്ജമാക്കുന്ന പാത്രങ്ങളിലാണ് മുളപ്പിക്കുന്നത്. കായലിൽനിന്നും തോടുകളിൽനിന്നും ശേഖരിക്കുന്ന ചെളി മുളയിൽ നിറയ്ക്കും.
ഇതിൽ വിത്തു വളരും. ഒരു കാടൊരുക്കത്തിന്റെ വിത്തുപാകൽ...നിശ്ചിത ദിവസങ്ങൾക്കു ശേഷം വളർന്നു പാകമാകുന്ന കണ്ടൽച്ചെടി പുഴയുടെയും കായലിന്റെയും തീരങ്ങളിൽ മുരുകേശൻ തന്നെ നേരിട്ടുചെന്നു വച്ചുപിടിപ്പിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ പരിചരണവും അദ്ദേഹം മറക്കാറില്ല. ഇങ്ങനെ സ്വന്തമായി നട്ട ആയിരക്കണക്കിനു കണ്ടൽച്ചെടികൾ ഇന്നു വൈപ്പിൻകരയുടെ തീരത്തിനു പച്ചപ്പ് പകരുന്നു. മുരുകേശനിൽനിന്നു കണ്ടൽച്ചെടികൾ ശേഖരിച്ചു മറ്റു സ്ഥലങ്ങളിൽ കണ്ടൽക്കാടൊരുക്കങ്ങളിൽ പങ്കാളികളായവരും നിരവധി.
തീരം കാക്കാൻ
പുതുവൈപ്പിൻ, വളന്തക്കാട്, വല്ലാർപാടം, മുളവുകാട് എന്നിവിടങ്ങളിൽനിന്നാണു കണ്ടൽ വിത്തുകൾ ശേഖരിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളാണു കണ്ടൽ വിത്തുകൾ നട്ടുവളർത്താൻ ഉചിതമായ സമയമെന്നു മുരുകേശൻ.തീരശോഷണത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ മാർഗം കണ്ടൽക്കാടുകളാണെന്നു മുരുകേശൻ ഉറപ്പിച്ചു പറയുന്നു.
കണ്ടൽക്കാടുകൾ സമൃദ്ധമാകുന്നത് തീരത്തിനു മാത്രമല്ല, നാടിനാകെയും ജൈവകവചമാകും. വൈപ്പിൻകരയുടെ വിവിധ ഭാഗങ്ങളിൽ ജലാശയങ്ങളുടെ ഇരുവശത്തും തിങ്ങിനിറഞ്ഞു നിൽക്കുന്ന കണ്ടൽക്കാടുകൾ മനോഹരമായ കാഴ്ചാനുഭവമാണ്. അതിനിടയിലൂടെയുള്ള യാത്രയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നില്ല.
കണ്ടൽക്കാടുകളുടെ സമൃദ്ധിയും അവ പ്രകൃതിയ്ക്കും മനുഷ്യനും സമ്മാനിക്കുന്ന സുരക്ഷിതത്വവും അനുഭൂതികളും തന്നെയാണ് തന്റെ പ്രയത്നത്തിനുള്ള പ്രതിഫലമെന്നു മുരുകേശൻ.അദ്ദേഹം നടുന്ന ചെടികളിൽ നാളത്തെ കണ്ടൽക്കാടുണ്ട്.