ഏകദേശം 200 വർഷങ്ങൾക്കു മുമ്പ് സൂര്യനെ നീലനിറത്തിൽ കണ്ടതിന്റെ, നിഗൂഢരഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസസ് (പിഎൻഎഎസ്) ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണു ദീർഘകാലമായി ശാസ്ത്രജ്ഞരെ കുഴക്കിയ പ്രതിഭാസത്തിന്റെ രഹസ്യമുള്ളത്. സ്കോട്ട്ലൻഡിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു പഠനം നടത്തിയത്.
1831ൽ സംഭവിച്ച വൻ അഗ്നിപർവത സ്ഫോടനമാണ് സംഭവങ്ങളുടെ തുടക്കമത്രേ. സ്ഫോടന ശേഷം അന്തരീക്ഷത്തിലേക്കു വൻതോതിൽ സൾഫർ ഡയോക്സൈഡ് വമിച്ചു. ഇത് ആഗോളശൈത്യത്തിനു കാരണമായി. ആ വർഷം ഭൂമിയിൽ വിചിത്രമായ കാലാവസ്ഥാ സാഹചര്യങ്ങൾ ഉടലെടുത്തു. ഇതാണ് സൂര്യനെ നോക്കുന്പോൾ നീലനിറത്തിൽ കാണാൻ ഇടയാക്കിയതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
വില്ലൻ അഗ്നിപർവതം
ഇപ്പോൾ റഷ്യയും ജപ്പാനും തമ്മിലുള്ള തർക്കപ്രദേശമായ സിമുഷിർ എന്ന ദ്വീപിലെ സവാരിറ്റ്സ്കി അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകളുടെ സ്ഥിരീകരണത്തിനായി 1831ലെ സ്ഫോടനത്തിൽനിന്നുള്ള ഐസ് കോർ (ഒരു ഹിമാനിയിൽനിന്നോ ഐസ് ഷീറ്റിൽനിന്നോ തുളച്ചെടുത്ത ഐസ് സിലിണ്ടറാണ് ഐസ് കോർ.
അതിൽ കഴിഞ്ഞകാല കാലാവസ്ഥയെയും പരിസ്ഥിതിയെയും കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു) വിശകലനം ചെയ്തു. സ്ഫോടനം നടന്ന ദ്വീപ് വിദൂരത്തായതിനാൽ നേരിട്ടു നിരീക്ഷിച്ചതിന്റെ രേഖകൾ ഇല്ലെന്ന് അവർ കൂട്ടിച്ചേർത്തു.
ഐസ് കോറിൽനിന്നും അഗ്നിപർവതത്തിൽനിന്നുമുള്ള സാന്പിളുകൾ ലാബിൽ വിശകലനം ചെയ്തു. 1831ലെ വസന്തം-വേനൽക്കാലത്തുണ്ടായ സ്ഫോടനത്തിന്റെ കൃത്യമായ സമയം കണ്ടെത്താനും അത് ഉയർന്ന സ്ഫോടനമായിരുന്നുവെന്നു സ്ഥിരീകരിക്കാനും പരിശോധനകളിലൂടെ സാധിച്ചെന്ന് ഗവേഷകസംഘത്തിലെ വിൽ ഹച്ചിസൺ പറഞ്ഞു.
ഇന്നാണ് പൊട്ടിത്തെറിയെങ്കിൽ
ഇന്നാണ് ഈ പൊട്ടിത്തെറി സംഭവിക്കുന്നതെങ്കിൽ 1831ൽ ഉണ്ടായതിനേക്കാൾ പ്രത്യാഘാതം ഏൽക്കേണ്ടിവരുമോ എന്നു പറയാനാവില്ല. അതിൽനിന്നു വലിയ വ്യത്യാസങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന അടുത്ത വലിയ പൊട്ടിത്തെറി എപ്പോൾ, എവിടെ, എന്നു സംഭവിക്കുമെന്നു പ്രവചിക്കുന്നതു എത്ര ബുദ്ധിമുട്ടാണെന്ന് ഇതു തെളിയിക്കുന്നുവെന്നും ഹച്ചിൻസൺ പറഞ്ഞു.
ആഗോള ആഘാതം സൃഷ്ടിച്ച ഒരേയൊരു സ്ഫോടനമായിരുന്നില്ല 1831ൽ സംഭവിച്ചത്. 1815ൽ ഇന്തോനേഷ്യയിലെ തംബോറ അഗ്നിപർവതം പൊട്ടിത്തെറിച്ചതു വലിയ കാലാവസ്ഥാ പ്രത്യാഘാതങ്ങളാണു സൃഷ്ടിച്ചത്. ഈ നൂറ്റാണ്ടിൽ ജീവനു ഭീഷണിയാകുന്ന സമാനമായ അഗ്നിപർവത സ്ഫോടനം നടക്കാൻ ആറിലൊന്ന് സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.
പി.ടി. ബിനു