ഒരിക്കല്‍ സൂര്യദേവന് ആകാശത്തിലൂടെ രഥത്തില്‍ സഞ്ചരിക്കുമ്പോള്‍ സാരഥിയോടു ചോദിച്ചു. "എന്റെ തിളക്കത്തിനു തുല്യമായ പ്രഭയുള്ള എന്താണ് ഭൂമിയിലുള്ളത് ? "ജയ്സാല്‍മീര്‍ കോട്ട' എന്നായിരുന്നു സാരഥിയുടെ ഉത്തരം. പ്രചാരത്തിലുള്ള ഒരു നാടന്‍ പാട്ടിലേതാണ് ഈ വരികൾ.
രാജസ്ഥാനിലെ ത്രികൂട മലയില്‍ സ്ഥിതി ചെയ്യുന്ന ജയ്സാല്‍മീര്‍ കോട്ടയുടെ മനോഹാരിത മനസിലാക്കാൻ ഈ വരികൾ മതിയാകും. സ്വര്‍ണ നിറത്തിലുള്ള സാന്‍ഡ് സ്റ്റോണില്‍ പണികഴിപ്പിച്ച ഈ കോട്ടയ്ക്ക് "സോനാര്‍ ക്വില' അഥവാ സ്വര്‍ണക്കോട്ട എന്നും വിളിപ്പേരുണ്ട്.
ജയ്സാല്‍മീര്‍ നഗരത്തിന്റെ ഒത്ത മധ്യത്തിലാണ് ഈ വിസ്മയ നിർമിതി. നിരവധി കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കച്ചവട സ്ഥാപനങ്ങളും നിറഞ്ഞ ഒരു രാവണന് കോട്ട തന്നെയാണ് ജയ്സാല്‍മീര്‍ കോട്ട. ലോകത്തിലെതന്നെ സജീവമായ ചുരുക്കം പുരാതന കോട്ടകളില്‍ ഒന്നുകൂടിയാണിത്.
ശക്തിദുർഗം
ഭട്ടി രജപുത്ര പരമ്പരയില്‍പ്പെട്ട റാവല്‍ ജയ്സാല് എന്ന രാജാവ് എഡി 1156ല്‍ പണികഴിപ്പിച്ചതാണ് ഈ കോട്ടയെന്നു കരുതപ്പെടുന്നു. ജയ്സാല് രാജാവിന്റെ പേരിനൊപ്പം മേരു (ഹൈന്ദവ-ബൗദ്ധ പുരാണങ്ങളിലെ പര്‍വതം) എന്ന വാക്ക് കൂട്ടിച്ചേര്‍ത്തതോടെയാണ് പ്രദേശത്തിനു ജയ്സാല്‍മീര്‍ എന്ന പേര് ലഭിച്ചത്.
ഇവിടം അധിനിവേശക്കാരുടെ ആക്രമണത്തിന് ഇരയായതോടെയാണ് ത്രികൂട മല സുരക്ഷിത സ്ഥാനമെന്നു കണ്ട് ഇവിടെ കോട്ട നിര്‍മിക്കാന്‍ തീരുമാനിച്ചത്.ആദ്യം മണ്ണു കൊണ്ടുള്ള കോട്ടയായിരുന്നു പണികഴിപ്പിച്ചതെങ്കിലും പിന്നീട് മണല്‍ക്കല്ലു കൊണ്ടുള്ള അതിശക്തമായ ദുര്‍ഗം പണിതീര്‍ക്കുകയായിരുന്നു.
ഉപരോധത്തിൽ വലഞ്ഞു
വിഖ്യാതമായ പട്ടുപാതയുള്പ്പെടെയുള്ള വാണിജ്യപാതകള്‍ സമ്മേളിക്കുന്ന ഇടമായിരുന്നു ജയ്സാല്‍മീര്‍. വാണിജ്യപാതകളിലൂടെ കടന്നു പോകുന്നതിനു പിരിക്കുന്ന നികുതിയായിരുന്നു ഭട്ടി രാജാക്കന്മാരുടെ പ്രധാന വരുമാനം.
13-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ എട്ടൊമ്പത് കൊല്ലം ഡല്‍ഹി സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജി ഏര്‍പ്പെടുത്തിയ ഉപരോധം കോട്ടയ്ക്കു വലിയ അഭിമാനക്ഷതമുണ്ടാക്കി. ഖില്‍ജിയുടെ ഉപരോധം മുന്‍കൂട്ടി കണ്ട അന്നത്തെ രാജാവ് റാവല്‍ ജേത് സി ഏറെ ഭക്ഷ്യവസ്തുക്കള്‍ കോട്ടയില്‍ സൂക്ഷിച്ചെങ്കിലും വര്‍ഷങ്ങള്‍ നീണ്ട ഉപരോധം അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
ഭക്ഷണവും മരുന്നുമില്ലാതെ കോട്ടയിലെ നിവാസികള്‍ നരകിച്ചു. ഖില്ജിയോടു പരാജയപ്പെടുമെന്ന അവസ്ഥ വന്നതോടെ നിരവധി രജപുത്ര സ്ത്രീകള്‍ ജോഹറിനു (തീയില്‍ ചാടി ജീവനൊടുക്കുന്ന കൃത്യം) വിധേയരായി. ഇതേത്തുടര്‍ന്നു കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഭട്ടി രാജാക്കന്മാര് കോട്ട തിരികെപ്പിടിക്കുകയായിരുന്നു.
ഇന്ത്യൻ യൂണിയനിൽ
16-ാം നൂറ്റാണ്ടു വരെ ഭട്ടികളുടെ സമാധാന ഭരണമായിരുന്നു. എന്നാല്‍, ആ സമയത്തു ഡല്‍ഹിയില്‍ ഭരണത്തിലെത്തിയ മുഗളന്മാര് ജയ്സാല്‍മീര്‍ കോട്ടയില്‍ കണ്ണുവച്ചു. ഇത് 1570ല്‍ അന്നത്തെ ഡല്‍ഹി സുല്‍ത്താനായിരുന്ന അക്ബറും ജയ്സാല്‍മീര്‍ രാജാവായിരുന്ന റാവല്‍ ഹര് റായിയുമായി ഒരു ഉടമ്പടി ഒപ്പുവയ്ക്കുന്നതിലേക്കു നയിച്ചു. ഇതുപ്രകാരം ഹര് റായി തന്റെ മകളെ അക്ബറിനു വിവാഹം ചെയ്തുകൊടുത്തു. ഭട്ടിമാരും മുഗളന്മാരും സഹകരിച്ചു പ്രവർത്തിച്ച 17,18 നൂറ്റാണ്ടുകള്‍ പ്രദേശം കലാപരമായും വാസ്തുവിദ്യാപരമായും പുരോഗതിയിലേക്കു കുതിച്ചു.
മുഗള്‍ ഭരണം അവസാനിച്ചതോടെ ബ്രിട്ടീഷുകാര്‍ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഏറ്റവും ഒടുവിലായി ബ്രിട്ടീഷുകാരുമായി ഉടമ്പടി ഒപ്പിട്ട രജപുത്ര ഭരണകേന്ദ്രങ്ങളിലൊന്നായിരുന്നു ജയ്സാല്‍മീര്‍,1819ല്‍. ബ്രിട്ടീഷുകാര്‍ നിയന്ത്രണം പിടിച്ചതോടെ വാണിജ്യപാതകള്‍ തടസപ്പെട്ടു. ലോകശ്രദ്ധ നേടിയ വാണിജ്യകേന്ദ്രം വിസ്മൃതിയിലേക്കു മറഞ്ഞു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയും തുടര്‍ന്ന് രാജസ്ഥാന് സംസ്ഥാനത്തിലെ ഒരു ഭാഗമായി ജയ്സാല്‍മീര്‍ മാറുകയും ചെയ്തു.
വിസ്മയ കോട്ട
കോട്ട എന്നതിലുപരി ഒരു വാസ്തു വിസ്മയംകൂടിയാണിത്. ഇന്നു കാണുന്ന കോട്ടയുടെ പല പ്രധാന ഭാഗങ്ങളും നിര്‍മിക്കപ്പെട്ടത് മഹരവാള് മൂല്‍രാജ് രണ്ടാമന് (എഡി 1762-1820), മഹരവാള് ഗജ് സിംഗ്(എഡി 1829-1846) എന്നിവരുടെ കാലത്താണ്. കോട്ടയ്ക്ക് 250 അടി ഉയരമുണ്ട്. 460 മീറ്റര്‍ നീളവും 230 മീറ്റര്‍ വീതിയും കോട്ടയുടെ ബാഹുല്യം വ്യക്തമാക്കുന്നു. ശത്രുക്കള്‍ക്കെതിരേ ആയുധപ്രയോഗം അനായാസമാക്കുന്ന രീതിയിലാണ് നിര്‍മാണം.
ഗണേഷ് പോള്‍, അക്ഷയ പോള്‍, സുരാജ് പോള്‍, ഹവാ പോള്‍ എന്നിങ്ങനെ നാലു പടുകൂറ്റന്‍ കവാടങ്ങളും കോട്ടയ്ക്കുണ്ട്. ഇവ കടന്നാൽ വിശാലമായ നടുമുറ്റം. രംഗ് മഹല്‍, ഗജ് വിലാസ്, ബഡാ വിലാസ്, മോട്ടി മഹല്‍, സര്‍വോത്തം വിലാസ്, സെനാന മഹല്‍ എന്നിങ്ങനെ നിരവധി കൊട്ടാരങ്ങളാണ് നടുമുറ്റത്തിന്റെ വശങ്ങളിൽ. രാജ് മഹല്‍ എന്നറിയപ്പെടുന്ന രാജകീയ മന്ദിരവും രാജസ്ഥാനി ചുവര് ചിത്രങ്ങളുടെ അമൂല്യ പാരമ്പര്യം പേറുന്ന രംഗ് മഹലുമെല്ലാം ആരെയും ആകർഷിക്കും.
ഭട്ടി രാജാക്കന്മാര് സമ്പന്നരായ ജൈന വ്യാപാരികള്‍ക്ക് ഇവിടെ ആതിഥ്യം അരുളിയിരുന്നു. ഇവരില്‍ പലരും പതിറ്റാണ്ടുകളോളം കോട്ടയില്‍ താമസിച്ചു. അതിനാൽ നിരവധി ജൈന ക്ഷേത്രങ്ങളും കോട്ടയ്ക്കുള്ളില്‍ കാണാനാവും. ലക്ഷ്മിനാഥ് ക്ഷേത്രം ഇവിടത്തെ ഒരു പ്രധാന നിര്‍മിതിയാണ്. വേറെയും ക്ഷേത്രങ്ങള്‍ ഇവിടെ കാണാം.
ഗുട്ട് നാലി
ഗുട്ട്നാലി എന്നറിയപ്പെടുന്ന ഡ്രെയിനേജ് സംവിധാനമാണ് മറ്റൊരാകര്‍ഷണം. എത്ര വലിയ മഴ പെയ്താലും ക്ഷണ നേരത്തിനുള്ളില്‍ വെള്ളം മലഞ്ചെരുവിലൂടെ കോട്ടയ്ക്കു വെളിയില്‍ പോകുന്ന ഈ സംവിധാനം ഒരു എൻജിനിയറിംഗ് അദ്ഭുതം തന്നെയാണ്.വ്യാപാരികള്‍ക്കു താമസിക്കാനായി പണിത ധാരാളം ഹവേലികളുണ്ട്. ഇവയുടെ ബാൽക്കണികൾ മനോഹരങ്ങളാണ്. ഏകദേശം 5,000 ആളുകള്‍ ഇന്നും ഇവിടെ വസിക്കുന്നുണ്ട്. ചന്തകളും കടകളും സജീവമാണ്.
ദസറയാണ് കോട്ടയിലെ ഏറ്റവും വലിയ ആഘോഷം. ഇവിടെയുള്ള ഹവേലികളിലും കൊട്ടാരങ്ങളിലും പലതും മ്യൂസിയങ്ങളാണ്. വിഖ്യാത സംവിധായകന് സത്യജിത് റായിയുടെ സോനാര്‍ കെല്ല എന്ന നോവല്‍ ജയ്സാല്‍മീര്‍ കോട്ടയെ അടിസ്ഥാനമാക്കി രചിച്ചതാണ്. 2013ല്‍ യുനസ്കോയുടെ ലോക പൈതൃക കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയിലേക്ക് ഇന്നു ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു ധാരാളം സന്ദര്‍ശകർ എത്താറുണ്ട്.
അജിത് ജി. നായർ