ഒരു മാർപാപ്പ,ഒരുപിടി ലോകനേതാക്കൾ
മാത്യു ആന്റണി
Saturday, April 26, 2025 8:31 PM IST
വത്തിക്കാനിലെ മതാന്തരസംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാം നിലയിലേക്കു കടക്കുമ്പോൾ ഒരു വലിയ എണ്ണച്ചായ ചിത്രത്തിൽ ആരുടെയും കണ്ണുടക്കും. നന്നേ മെലിഞ്ഞ പോൾ ആറാമൻ മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിവിധ ലോകമതങ്ങളിലെ ആത്മീയ നേതാക്കളെ കരങ്ങൾ നീട്ടി സ്വാഗതം ചെയ്യുന്ന ഒരു സാങ്കല്പിക രംഗം.
ഫ്രഞ്ച് കലാകാരി ഡോളോറസ് പുത്തോഡ് (Dolores Puthod) 1978ൽ വരച്ച ചിത്രം. "ദൈവത്തിന്റെ അനുധാവകർ' എന്ന പേരിൽ അറിയപ്പെടുന്ന ഈ ചിത്രം കത്തോലിക്കാ സഭയുടെ സാർവത്രികതയുടെ പ്രകാശനമായി കരുതപ്പെടുന്നു. സത്യം അന്വേഷിക്കുന്ന എല്ലാ ആളുകൾക്കും പൊതുവായുള്ള സഹനത്തിന്റെ പ്രതീകമായ മിശിഹായുടെ കുരിശ് മാർപാപ്പയുടെ നിഴലിൽ ചിത്രീകരിച്ചിരിക്കുന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. "എക്ലേസിയം സുവാം' (1964) എന്ന ചാക്രിക ലേഖനത്തിലൂടെ ലോകമതങ്ങളുമായി സംഭാഷണത്തിന് ആഹ്വാനം ചെയ്ത പോൾ ആറാമൻ മാർപാപ്പയോടുള്ള ആദരസൂചകമായിട്ടാണ് ഡോളോറസ് പുത്തോഡ് ഈ ചിത്രം ഒരുക്കിയത്. തന്റെ അപ്പസ്തോലിക യാത്രകളിൽ മതാന്തരസംവാദത്തിനു പാപ്പാ മുൻകെയെടുത്തിരുന്നു.
ലോക നേതാക്കൾ
ടിബറ്റൻ ബുദ്ധിസത്തിന്റെ നേതാവായ ദലൈലാമ, ഹിന്ദുധർമത്തിന്റെ മഹാനായ വക്താവ് മഹാത്മാ ഗാന്ധി, ഇസ്ലാമിക മതനേതാവും ഭരണാധികാരിയുമായ ഫൈസൽ രാജാവ്, ലാവോസിലെ പരമോന്നത ബുദ്ധമതാചാര്യൻ ധർമയാന മഹാ തേരാ ഫ്ര ബുദ്ധജിനോരോത്, റഷ്യൻ ഓർത്തഡോക്സ് മെത്രാപ്പോലീത്താ നിക്കോദിം, അന്ത്യോക്യയിലെ മറോനീത്ത പാത്രീയാർക്കീസ് പീറ്റർ ഖൊറൈഷ്, അക്രൈസ്തവർക്കു വേണ്ടിയുള്ള വത്തിക്കാൻ സെക്രട്ടറിയേറ്റിന്റെ പ്രസിഡന്റായിരുന്ന കർദിനാൾ സെർജിയോ പിഗെനഡോളി, കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് മെലിറ്റോൺ, തായ്ലൻഡിലെ ബുദ്ധമതാചാര്യൻ സോംഡെറ്റ് ഫ്രാ വണ്ണാരത്ത്, ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് അത്തനാഗോറസ്, കാന്റർബറി ആർച്ച്ബിഷപ്പും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രൈമറ്റുമായിരുന്ന മൈക്കൽ റാംസെ എന്നിവരെ പോൾ ആറാമൻ മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ സ്വീകരിക്കുന്നതാണ് ഈ സാങ്കല്പിക ചിത്രീകരണം.
ഇവരിൽ മഹാത്മാഗാന്ധി, ഫൈസൽ രാജാവ്, നിക്കോദിം മെത്രാപ്പോലീത്ത എന്നിവർ പോൾ ആറാമൻ മാർപാപ്പയുമായി കണ്ടുമുട്ടിയിട്ടില്ല. ഫൈസൽ രാജാവ് ഒഴികെ എല്ലാവരും വത്തിക്കാൻ സന്ദർശിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി 1931 ഡിസംബർ 13നു വത്തിക്കാൻ സന്ദർശിച്ചിരുന്നെങ്കിലും മാർപാപ്പയുമായി കണ്ടുമുട്ടിയില്ല.
രണ്ടാം വത്തിക്കാൻ കൗൺസിൽ "അക്രൈസ്തവ മതങ്ങൾ' എന്ന പ്രമാണരേഖയിലൂടെ ലോക മതങ്ങളുമായുള്ള സംവാദവും സഹവർത്തിത്വവും പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക മതനേതാക്കൾ ഒരിമിച്ചു വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കു സാഹചര്യമൊരുങ്ങിയിരുന്നില്ല. അക്കാലത്താണ് പുത്തോഡിന്റെ ഭാവനയിൽ ഇത്തരമൊരു ചിത്രം രൂപപ്പെടുന്നത്. 1986 ഒക്ടോബർ 27ന് ആ ഭാവന യാഥാർഥ്യമായി.
മതാന്തര പ്രസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ലോക മതങ്ങളുടെ പ്രതിനിധികളെ ഇറ്റലിയിലെ സെന്റ് ഫ്രാൻസിസിന്റെ നാടായ അസീസിയിൽ ഒരുമിച്ചുകൂട്ടി ലോകസമാധാനത്തിനു വേണ്ടി പ്രാർഥിച്ചു. ഈ പാത പിന്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ അക്രൈസ്തവ മതങ്ങൾ എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അമ്പതാം വാർഷികത്തിൽ 2015 ഒക്ടോബർ 28നു വത്തിക്കാൻ ചത്വരത്തിൽ ലോക മതനേതാക്കളെ വിളിച്ചുചേർത്തിരുന്നു.