അരപ്പള്ളിയുടെ അഴക്
അജിത് ജി. നായർ
Saturday, April 12, 2025 8:52 PM IST
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹയാണ് ഈ പുരാതന പള്ളികൾ സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.
നിരണം, നിലയ്ക്കല്‍, കൊട്ടക്കാവ്, കൊടുങ്ങല്ലൂര്‍, പാലയൂര്‍, കൊക്കമംഗലം, കൊല്ലം, തിരുവിതാംകോട് എന്നിവിടങ്ങളിലായാണ് പള്ളികൾ സ്ഥാപിച്ചത്. ഇതിൽ തിരുവിതാംകോട് സ്ഥാപിക്കപ്പെട്ട പള്ളി അരപ്പള്ളി എന്നാണ് അറിയപ്പെടുന്നത്.
അതിനാൽ ഇവയെ പൊതുവായി ഏഴരപ്പള്ളികൾ എന്നു വിളിക്കുന്നു. അരപ്പള്ളി ഇന്നു തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കു സമീപമുള്ള തിരുവിതാംകോട് എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നാണ് ഔദ്യോഗിക നാമമെങ്കിലും അരപ്പള്ളി എന്ന പേരിലാണ് വിഖ്യാതമായത്. ചേരരാജാവ് ഉദിയന്‍ ചേരലാതന് കല്പ്പിച്ചു നല്കിയ അമലഗിരി എന്നൊരു പേരും പള്ളിക്കുണ്ട്.
എഡി 63ല്‍ പണികഴിപ്പിക്കപ്പെട്ട ഈ പള്ളി ദക്ഷിണേന്ത്യയില്‍ പര്യടനം നടത്തിയ വേളയില്‍ വിശുദ്ധ തോമശ്ലീഹ സ്വന്തമായി പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.
ക്രിസ്തുവിന്റെ ഒരു അപ്പസ്തോലനാല്‍ പണി കഴിപ്പിക്കപ്പെട്ട ലോകത്തെ ഏറ്റവും പുരാതനമായ പള്ളിയായാണ് തിരുവിതാംകോടിലെ അരപ്പള്ളിയെ കണക്കാക്കുന്നത്.
എല്ലാ ദിവസവും ആരാധന നടക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ പള്ളികളിലൊന്ന് എന്ന വിശേഷണവും അരപ്പള്ളിക്കു സ്വന്തം. പള്ളിയുടെ മൂന്നു പ്രധാന ഭാഗങ്ങള്‍ പണികഴിപ്പിച്ചത് 17-ാം നൂറ്റാണ്ടിലാണ്. പ്രവേശന ഹാൾ ഇരുപതാം നൂറ്റാണ്ടിലാണ് നിർമിച്ചത്.
ദ്രാവിഡ വാസ്തു ശൈലി
ദ്രാവിഡ വാസ്തുശൈലിയിലാണ് പള്ളി നിര്‍മാണത്തില്‍ അവലംബിച്ചിരിക്കുന്നത്. ക്രൈസ്തവതയുടെയും പ്രാദേശിക സംസ്കാരത്തിന്റെയും സ്വാധീനം കാണാം. പ്രൗഢമായ നിര്‍മാണ ശൈലി ആദിമ ക്രിസ്തീയ ആരാധനാക്രമങ്ങളുടെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആധാരശിലയായി നിലകൊള്ളുന്നു.
കടുപ്പമേറിയ ഗ്രാനൈറ്റ് പാളികളാലുള്ള നിര്‍മാണമാണ് കാലത്തെ അതിജീവിക്കാന്‍ പള്ളിയെ പ്രാപ്തമാക്കിയത്. ദക്ഷിണേന്ത്യന്‍ ക്ഷേത്രവാസ്തുവിദ്യയെ അനുസ്മരിപ്പിക്കുന്ന സാങ്കേതികതയാണ് മറ്റൊരു പ്രത്യേകത.ആത്മീയ പ്രഭാവം തുളുമ്പുന്ന ചെറിയ അള്‍ത്താര വിശ്വാസികൾക്കു പ്രത്യേക അനുഭൂതി പകരുന്നു.
പ്രാദേശിക പ്രാധാന്യമുള്ള ചില പുരാതന ശിലാലിഖിതങ്ങളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇവിടത്തെ ദക്ഷിണേന്ത്യന്‍ എണ്ണവിളക്കുകള്‍ തദ്ദേശീയതയുമായുള്ള ക്രൈസ്തവതയുടെ കൂടിച്ചേരലിന്റെ നേര്‍ക്കാഴ്ചയാവുന്നു. ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികളും ചരിത്രസ്നേഹികളും ഇവിടേക്കെത്തുന്നുണ്ട്.
പുരാതന സംസ്കാരത്തിനും സമകാലികമായ വിശ്വാസരീതികള്ക്കുമിടയിലുള്ള പാലമായാണ് ഇന്ന് അരപ്പള്ളി വര്‍ത്തിക്കുന്നത്. കേവലം ഒരു പഴയ പള്ളി എന്നതിലുപരി ആത്മീയ പാരമ്പര്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പ്രതീകം കൂടിയാണീ പള്ളി. ഇന്ത്യാ ചരിത്രത്തിൽ ക്രൈസ്തവ പാരമ്പര്യത്തിന്റെ സ്പന്ദനം.