ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
അജിത് ജി. നായർ
Saturday, April 5, 2025 8:40 PM IST
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസായ ഡ്രാക്കുള പ്രഭു മറ്റ് പ്രേതങ്ങള്‍ക്കായി നടത്തുന്ന ഹോട്ടലാണിത്. ഹോട്ടലില്‍ നിറയെ പ്രേതങ്ങളായിരിക്കുമെന്നു പിന്നെ പറയേണ്ടതില്ലല്ലോ. അതു സിനിമയാണെങ്കില്‍ പ്രേതബാധയുടെ പേരിൽ കുപ്രസിദ്ധമായ ഹോട്ടലുകള്‍ ലോകത്തിൽ പലേടത്തുമുണ്ട്. ഇന്ത്യയിലെ മുസൂറിയിലുള്ള "ദ സവോയ് ഹോട്ടല്‍' ആ പേരുദോഷം പേറുന്നതാണ്.
ഹിമാലയത്തിന്റെ മനോഹരമായ പശ്ചാത്തലവും കൊളോണിയല്‍ കാലഘട്ടത്തിന്റെ പാരന്പര്യവും പേറുന്നതാണെങ്കിലും ദുരൂഹകഥകളുടെ പേരിലാണ് ഹോട്ടൽ വാർത്തകളിൽ ഇടം പിടിച്ചത്.
സവോയ് ഹോട്ടലിലെ പ്രേതങ്ങളുടെ കഥ വിഖ്യാത കുറ്റാന്വേഷണ നോവലിസ്റ്റ് അഗതാ ക്രിസ്റ്റിയെപ്പോലും സ്വാധീനിച്ചിട്ടുണ്ടെന്നു പറയുന്പോൾ കഥയുടെ ആഴം മനസിലാകും.
കൊളോണിയൽ നിർമിതി
1902ലാണ് സാവോയ് ഹോട്ടലിന്റെ ചരിത്രം തുടങ്ങുന്നത്. മുസൂറിയിലെ ആദ്യകാല ലക്ഷ്വറി ഹോട്ടലുകളിലൊന്നായിരുന്നു ഇത്. ഇംഗ്ലീഷ് ഗോഥിക് ശൈലിയിൽ നിർമിച്ചിരിക്കുന്ന ഹോട്ടല്‍ ഇംഗ്ലണ്ടിന്റെ ഗ്രാന്‍ഡ് വിക്ടോറിയന്‍ കാല ഹോട്ടലുകളുടെ മാതൃകയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയായി അധികം താമസിക്കാതെ സമ്പന്നരുടെ ഒരു പ്രിയപ്പെട്ട ഇടമായി. ഇന്ത്യന്‍ സമതലങ്ങളിലെ വേനല്‍ ചൂടില്‍നിന്നു രക്ഷതേടി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അക്കാലത്തു കൂട്ടത്തോടെ ഇവിടെയെത്തുന്നതു പതിവായിരുന്നു.
എന്നാല്‍, ഒരു ദശാബ്ദത്തിനു ശേഷം, കൃത്യമായി പറഞ്ഞാല്‍ 1911ല്‍ ദുരൂഹവും ഭീതിജനകവുമായ ചില സംഭവങ്ങള്‍ ഇവിടെ അരങ്ങേറി. അതോടെ ആഡംബര ഹോട്ടലിന്റെ തിളക്കം ദുരൂഹതയുടെ ഇരുളിനു വഴിമാറി. ഏറ്റവും ഭീതിപ്പെടുത്തുന്ന സംഭവം ഹോട്ടലിൽ താമസിച്ചിരുന്ന സ്പിരച്വലിസ്റ്റ് (പ്രേതങ്ങളുമായി സംസാരിക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെടുന്നയാള്‍) ആയ ലേഡി ഗാര്‍നെറ്റ് ഓം എന്ന സ്ത്രീയുടെ ദുരൂഹമരണമായിരുന്നു. പിന്നീട് കഥകളുടെ പ്രവാഹമായിരുന്നു.
വിചിത്ര ശബ്ദങ്ങൾ, ചില ഭാഗങ്ങളിൽ വല്ലാത്ത തണുപ്പ്, നിഴൽ രൂപങ്ങൾ, കാലടിശബ്ദം, സ്വയം ചലിക്കുന്ന വസ്തുക്കൾ, മിന്നുന്ന ലൈറ്റുകൾ ഇങ്ങനെ പലതും പലരും അവകാശപ്പെട്ടു. ഉറങ്ങുമ്പോള്‍ ആരോ തങ്ങളെ നോക്കുന്നതായി തോന്നാറുണ്ടെന്ന് അതിഥികളും പറഞ്ഞുതുടങ്ങി.
അഗത ക്രിസ്റ്റിയും
സാവോയ് ഹോട്ടലില്‍ 1920കളിലും 30കളിലും പലതവണ താമസിച്ചിട്ടുള്ള അഗത ക്രിസ്റ്റിക്കും പലവിധ വിചിത്രാനുഭവങ്ങള്‍ ഉണ്ടായതായി അവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അവരുടെ ആദ്യ നോവലായ 'ദ മിസ്റ്റീരിയസ് അഫയര്‍ അറ്റ് സ്റ്റൈല്‍സ്(1920)' രചിക്കുന്നത് തന്നെ ലേഡി ഗാര്‍നെറ്റ് ഓമിന്റെ മരണത്തെ ആസ്പദമാക്കിയാണെന്നു പറയപ്പെടുന്നു. ഇതു കൂടാതെ അവരുടെ വേറെയും പല നോവലുകളിലും സവോയ് ഹോട്ടലിന്റെ സ്വാധീനം കാണം.ബ്രിട്ടീഷുകാർ രാജ്യം വിട്ടതോടെ ഹോട്ടലിന്റെ പ്രതാപം മങ്ങി. കുറെക്കാലം ഉപേക്ഷിക്കപ്പെട്ടു കിടന്നു.
പിന്നീട് ഒരു ലക്ഷ്വറി ഹോട്ടലായി റീബ്രാന്‍ഡ് ചെയ്യപ്പെട്ട സാവോയ് ഹോട്ടല്‍ ഇന്ന് ഐടിസി ഹോട്ടല്‍സിന്റെ "വെല്‍ക്കം ഹെറിറ്റേജ്' ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി. ഇന്നു വളരെ തിരക്കേറിയ ഒരു ആഡംബര ഹോട്ടലാണിത്. കൊളോണിയൽ- ആധുനിക ആഡംബര മുഖമുളള ഹോട്ടലിലേക്കു വിചിത്രാനുഭവങ്ങളുടെ കഥകൾ കേട്ടാണ് ഇന്നു പലരും ത്രില്ലടിച്ചു വരുന്നത്.