പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
Saturday, February 15, 2025 8:41 PM IST
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെത്താം. വെള്ളായനി മലയിൽനിന്ന് ഉദ്ഭവിക്കുന്ന അരുവി കാട്ടിലൂടെ ഒഴുകി 25 അടി താഴ്ചയിലേക്കു പതിക്കുന്നതാണ് കാഴ്ച.
പല തട്ടുകളായിട്ടാണ് വെള്ളം പതിക്കുന്നത്. എങ്കിലും മൂന്നു തട്ടുകളാണ് പ്രധാനം. അതേസമയം, വെള്ളം കൂടുന്ന മഴക്കാലത്ത് അകലെനിന്ന് നോക്കിയാൽ തട്ടുകൾ മറഞ്ഞ് ഒറ്റ വെള്ളച്ചാട്ടമായി തോന്നും. വെള്ളച്ചാട്ടത്തിന് ഉയരം തോന്നാനും ഇത് ഇടയാക്കുന്നു.
പേരിലെ കൗതുകം
ഒരിക്കൽ ഒരു ബ്രാഹ്മണസ്ത്രീ (പട്ടത്തി) വിറകെടുക്കാനായി കാട്ടിലേക്കു പോയിവരവേ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചെന്നും അങ്ങനെയാണ് പട്ടത്തിപ്പാറ പേരു വന്നതെന്നും പറയപ്പെടുന്നു.
നല്ല സമയം
കാലവർഷം മുതൽ ഒഴുക്ക് സമൃദ്ധമാകുന്ന വെള്ളച്ചാട്ടം ജനുവരി വരെ സജീവമാണ്. ഏതാനും വർഷം മുന്പ് പട്ടത്തിപ്പാറയിൽ പാണഞ്ചേരി പഞ്ചായത്ത് കൃഷി ആവശ്യത്തിനായി ഒരു തടയണ നിർമിച്ചു.
വഴി
തൃശൂരിൽനിന്നു പാലക്കാട് ദേശീയ പാതയിലൂടെ മുന്നോട്ടുപോവുക. മണ്ണുത്തി, മുടിക്കോട് ജംഗ്ഷനുകൾക്കു ശേഷം ചെന്പ്രൂത്ര അന്പലത്തിനു സമീപത്തുകൂടിയുള്ള പാതയിലൂടെ വെള്ളച്ചാട്ടത്തിലേക്ക് എത്താം.
പി.ടി. ബിനു