44-ാം വയസിൽ സ്തനാർബുദം. ശസ്ത്രക്രിയയും കീമോതെറപ്പിയും വഴി രോഗത്തെ അതിജയിക്കുന്നു. ഒൻപതു വർഷം രോഗമില്ലാതെ കഴിഞ്ഞു. പിന്നീട് ഓവേറിയൻ കാൻസർ ബാധിക്കുന്നു. വീണ്ടും ശസ്ത്രക്രിയ, കീമോതെറപ്പി.
മരുന്നുകൾ മാറി മാറി പരീക്ഷിച്ചു. പക്ഷേ, ചികിത്സകൾ വിഫലം. വേദനയും ദുരിതവും നിറഞ്ഞ നാളുകൾക്കാെടുവിൽ 2020-ൽ 59-ാം വയസിൽ മരണം. പാലാ അൽഫോൻസാ കോളജ് രസതന്ത്ര വിഭാഗം മേധാവിയായിരുന്ന ഡോ. ലൂസി മാത്യു പാറക്കുളങ്ങരയുടെ ജീവിതസായാഹ്നം.
ഇരുണ്ട രാത്രികൾ
പന്ത്രണ്ടു സഹോദരങ്ങൾ. രണ്ടു മക്കൾ. ഭർത്താവ്. കോളജ് അധ്യാപക ജോലി. ഇങ്ങനെ ജീവിതനൗക സ്വച്ഛന്ദം ഒഴുകുമ്പോഴാണ് അർബുദം ഡോ. ലൂസിയെ ആക്രമിക്കുന്നത്. ഭാര്യയുടെയും അമ്മയുടെയും ചുമതലകൾ നിറവേറ്റാൻ വയ്യാത്ത അവസ്ഥ. ചികിത്സയ്ക്കു ദുർവഹമായ ചെലവ്. രോഗത്തിന്റെ വേദനയും ദുരിതവും പുറമേ.
"ആത്മാവിന്റെ ഇരുണ്ട രാത്രി' എന്നു ദാർശനികരും മിസ്റ്റിക്കുകളും വിശേഷിപ്പിക്കുന്ന അവസ്ഥയിലേക്കു ഡോ. ലൂസി എത്തി. കുരിശിന്റെ വിശുദ്ധ യോഹന്നാൻ (1542 -1591) എഴുതിയ കവിതയാണ് 'ആത്മാവിന്റെ ഇരുണ്ട രാത്രി'. ആത്മാവിന്റെ വേദനാജനകമായ ശുദ്ധീകരണവും ദൈവവുമായുള്ള മൗതിക (മിസ്റ്റിക്) ഐക്യവും അതിൽ വിവരിക്കുന്നു. വിശ്വാസപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ അവസ്ഥയാണത്.
സർവനന്മകളുടെയും ഉറവിടമായ ദൈവം എന്തുകൊണ്ട് ഈ രോഗം വരാൻ അനുവദിച്ചു, എന്തുകൊണ്ടു ഞാൻ സഹിക്കേണ്ടി വരുന്നു എന്നീ ചിരപുരാതനമായ ചോദ്യങ്ങൾ ഡോ. ലൂസിയുടെ മനസിലും ഉയർന്നു.
ദുരിതമല്ല അനുഗ്രഹം...
ഒരവസരത്തിൽ കാൻസർ അതിജീവിത ആയിരുന്നു അവർ. മാധ്യമപ്രവർത്തകനായ ഭർത്താവ് ജോയി തോമസിന്റെ പ്രേരണയിൽ അക്കാലത്തു സ്തനാർബുദത്തെപ്പറ്റി ഒരു പുസ്തകവും അവർ എഴുതി. പിന്നീടു മകളുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞ അവസ്ഥയിൽ വേറൊരു കാൻസർ ആക്രമിച്ചപ്പോൾ അനുഭവിച്ച വേദന ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഡോ. ലൂസിയെ നിർബന്ധിതയാക്കി.
ആ ഉത്തരങ്ങളിലൂടെ ജീവിതാന്ത്യത്തെ പോസിറ്റീവായി സമീപിച്ച ലൂസിയുടെ അനുഭവക്കുറിപ്പുകളാണ് മലയാളത്തിലുള്ള ഈ പുസ്തകം. മീനച്ചിലാറിന്റെ തീരത്തു ജനിച്ചു വളർന്നു ക്രിസ്തീയ വിശ്വാസത്തിൽ ജീവിച്ച വിദ്യാസമ്പന്നയായ സ്ത്രീയാണവർ. ഈശ്വരവിശ്വാസത്തെയും മതാനുഷ്ഠാനങ്ങളെയും തള്ളിപ്പറയുന്ന സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്കിടയിലും ആ വിശ്വാസം ഉയർത്തിപ്പിടിക്കുകയാണു ഡോ. ലൂസി.
ദൈവമില്ലെന്നു ശാസ്ത്രം തെളിയിച്ചെന്നു കരുതുന്ന മിത്രങ്ങൾക്കുള്ള ശാസ്ത്രീയ മറുപടി ഈ കുറിപ്പുകളിലുണ്ട്. ഭൗതികശാസ്ത്രവും ജീവശാസ്ത്രവും ഇതുവരെ കണ്ടെത്തിയ കാര്യങ്ങളിൽനിന്നുകൊണ്ടു സർവേശ്വരനിലേക്കു ഡോ. ലൂസി വഴിതുറന്നു.
രോഗപീഡകളും ദുരിതങ്ങളും ജീവിതത്തെ ദുസ്സഹമാക്കുമ്പോഴും വിശ്വാസദീപം കെടാതെ, ആത്മവിശ്വാസം ഉലയാതെ നിലനിർത്താൻ കരുത്തു പകരുന്നതാണ് ഈ കുറിപ്പുകൾ. അതു മാത്രമല്ല. പരസ്പരം എന്റെയാൾ എന്നു 30 വർഷം വിളിച്ച ഒരു ദാമ്പത്യത്തിലെ അവാച്യമായ സ്നേഹബന്ധത്തിന്റെ, കണ്ണുകളെ നനയ്ക്കുന്ന കഥ കൂടിയാണ് ഈ പുസ്തകം. കാൻസർ രോഗത്തെ അനുഗ്രഹമാക്കി മാറ്റിയ ഒരു വ്യത്യസ്ത ജീവിതകഥ.
റ്റി.സി. മാത്യു
പേജ്: 316 വില: ₹ 450
ടെൽ മീഡിയ, കോട്ടയം
ഫോൺ: 8590041731