മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴും ലഭിച്ചിട്ടുള്ളത് അവര്‍ അവശേഷിപ്പിച്ച കലാവൈഭവങ്ങളില്നിന്നാണ്. ആദിമ മനുഷ്യരുടെ സ്വഭാവ സവിശേഷത, സംസ്കാരം എന്നിവയിലേക്കു വെളിച്ചം വീശുന്നവയില്‍ പ്രധാനപ്പെട്ടവയാണ് ഗുഹാചിത്രങ്ങള്‍. ഈ ഗണത്തില്‍ ലോകത്തിലെതന്നെ അതിപ്രശസ്തമായ പ്രദേശമാണ് മധ്യപ്രദേശിലെ ഭിംബേട്ക ഗുഹകള്‍.
ശിലാചിത്രങ്ങൾ
ആദിമ മനുഷ്യരുടെ വാസസ്ഥലമായിരുന്ന 750 ഗുഹകളാണ് ഇവിടെയുള്ളത്. ഇതില്‍ നൂറിലധികം ഗുഹകളില്നിന്നു ശിലാചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആഘോഷങ്ങളുടെയുമെല്ലാം ചിത്രങ്ങൾ. പച്ച, ചുവപ്പ്, വെള്ള, തവിട്ട്, കറുപ്പ് നിറങ്ങളില്‍ ചാലിച്ചവയാണ് ഇവയില്‍ ഏറെയും.
മനുഷ്യര്‍ വേട്ടയാടി ജീവിച്ചിരുന്ന പാലിയോലിത്തിക്, മീസോലിത്തിക് കാലഘട്ടങ്ങളിലേതാണ് ഈ ചിത്രങ്ങളില്‍ അധികവും. അക്കാലത്തു നിരവധി മൃഗങ്ങളെ ആളുകള്‍ ഇണക്കി വളര്‍ത്തിയിരുന്നതായി ചിത്രങ്ങളില്‍നിന്നു വ്യക്തമാണ്. നാടോടിജീവിതം മൂലം ഏതെങ്കിലും പ്രദേശം കേന്ദ്രീകരിച്ച് ഒരു പ്രത്യേക സംസ്കാരം വളർത്തിയെടുക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല.
മനുഷ്യർ, മൃഗങ്ങൾ
മനുഷ്യവാസമൊട്ടുമില്ലാത്തതും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നതുമായ ഗുഹകളിലാണ് ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. വാസസ്ഥലം അലങ്കരിക്കുക എന്നതിലുപരി കലയോടുള്ള ആഭിമുഖ്യം വെളിവാക്കുന്നതാണിതെന്നു വ്യാഖ്യാനിക്കപ്പെടുന്നു.
ഒരു ചിത്രത്തിന്റെ പുറത്തു വീണ്ടും വീണ്ടും ചിത്രങ്ങള്‍ വരച്ചതിനാല്‍ പല കാലങ്ങളെക്കുറിച്ചുള്ള അറിവുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പുരാവസ്തു ഗവേഷകര്‍ക്കു സാധിച്ചു. മൂന്നു പ്രധാന കാലഘട്ടങ്ങളിൽ ഒൻപതു വ്യത്യസ്ത ഘട്ടങ്ങളിലായാണ് ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടിട്ടുള്ളത്. 40,000 ബിസിയിലാണ് ചിത്രങ്ങള്‍ വരയ്ക്കാന്‍ ആരംഭിച്ചതെന്നു ചില ചരിത്രകാരന്മാര് പറയുന്നു. മീസോലിത്തിക്, ചരിത്ര കാലഘട്ടങ്ങളിലെ ഗുഹാചിത്രങ്ങള്‍ തമ്മില്‍ കാതലായ വ്യത്യാസങ്ങള്‍ ഉണ്ടെന്നു തെളിവുകള്‍ സഹിതം ഗവേഷകര്‍ സമര്‍ഥിക്കുന്നു. അപ്പര്‍ പാലിയോലിത്തിക് കാലഘട്ടത്തിലെയും ലേറ്റര്‍ മെഡിവല്‍ കാലഘട്ടത്തിലെയും പെയിന്റിംഗുകളാവട്ടെ ഇവയില്‍നിന്ന് ഏറെ വിഭിന്നവും.
ആദ്യകാല ഭിംബേട്ക ചിത്രങ്ങളില്‍ കൂടുതലും ഗൗര്‍ (പ്രദേശത്തു കണ്ടുവരുന്ന കാളയുടെ വംശത്തില്‍പ്പെട്ട മൃഗം), പുള്ളിമാനുകള്‍, കുരങ്ങുകള്‍, കാട്ടുപന്നികള്‍ തുടങ്ങിയവയുടെയും അവയെ വേട്ടയാടുന്ന അമ്പും വില്ലും കൈയിലേന്തിയ മനുഷ്യരുടേതുമായിരുന്നു. അതോടൊപ്പം ആചാരാനുഷ്ഠാനങ്ങള്‍, കുഴിയില്‍നിന്ന് എലികളെ പിടിക്കുന്ന സ്ത്രീകള്‍, പഴങ്ങളും തേനും ശേഖരിക്കുന്ന സ്ത്രീ-പുരുഷന്മാര് തുടങ്ങിയവയും ചിത്രരചനയ്ക്കുള്ള വിഷയങ്ങളായി.
750 ഗുഹകൾ
1888ല്‍ ഡബ്ല്യു. കിന്‍കെയ്ഡ് എന്ന ബ്രിട്ടീഷുകാരനാണ് മണ്മറഞ്ഞു കിടന്ന ഈ മഹാവിസ്മയത്തെ പുറംലോകത്തെത്തിക്കുന്നത്. പ്രദേശത്തെ ആദിവാസികളില്‍നിന്നാണ് അദ്ദേഹത്തിനു ഭിംബേട്ക ഗുഹകളെപ്പറ്റി അറിവു ലഭിക്കുന്നത്. പ്രദേശത്ത് എത്തിയ ആദ്യ പുരാവസ്തു ഗവേഷകനായ വി.എസ്. വാകാന്കര് ഭിംബേട്കയിലെ ഗുഹകള്‍ക്കു സ്പെയിനിലെയും ഫ്രാന്‍സിലെയും ഗുഹകളുമായി സാമ്യമുണ്ടെന്നു കണ്ടെത്തുകയായിരുന്നു. 1957ല്‍ ഇവിടെ നിരവധി ഗുഹകള്‍ കണ്ടെത്തിയെങ്കിലും 1970ഒാടെയാണ് ഭിംബേട്കയിലെ 750 ഗുഹകളും പൂര്‍ണമായും അനാവൃതമാകുന്നത്.
1,890 ഹെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം 1990 മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. 2003ല്‍ ഭിംബേട്കയ്ക്ക് യുനെസ്കോയുടെ ലോകപൈതൃക പദവിയും ലഭിച്ചു.
അജിത് ജി. നായർ