വിവാദച്ചുവടിൽ ന്യൂജെൻ നൃത്തം!
Sunday, December 10, 2023 12:27 AM IST
വേഗത്തിന്റെ ന്യൂജെൻ തരംഗം ഇപ്പോൾ നൃത്തവേദിയിൽ വിവാദച്ചുവട് വയ്ക്കുന്നു. കാലത്തിനൊത്തു വേഗം കൂട്ടണമെന്ന് ഒരു വിഭാഗം. വേഗമല്ല നൃത്തമെന്നു മറുവിഭാഗം. സ്പീഡിനെച്ചൊല്ലി നൃത്തവേദിയിൽ വിവാദം മുറുകുന്പോൾ നൃത്തഗവേഷകയും പ്രശസ്ത നർത്തകിയുമായ ഡോ. നീന പ്രസാദ് സംസാരിക്കുന്നു.
നൃത്തവേദികളിൽ വീണ്ടും വിവാദങ്ങൾ ചുവടുവയ്ക്കുമോ? സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്തു നടക്കാനിരിക്കെ അതിന്റെ സൂചനകൾ പുറത്തുവന്നുകഴിഞ്ഞു. ഇപ്പോൾ നടന്നുവരുന്ന സംസ്ഥാന ജില്ലാതല കലോത്സവങ്ങളിൽ ഉയർന്ന വാദപ്രതിവാദങ്ങൾ ഇതിന്റെ സൂചനയാണ് നൽകുന്നത്.
ഈ വിവാദത്തിൽ കാണികൾക്കോ സാധാരണക്കാർക്കോ പ്രത്യേകിച്ചു റോൾ ഒന്നുമില്ലെന്നതാണ് വാസ്തവം. നൃത്തരംഗത്തെ വിദഗ്ധരും ആചാര്യന്മാരുമൊക്കെ തീരുമാനമെടുക്കേണ്ട വിഷയമാണ് വിവാദമായി കത്തിപ്പടരുന്നത്. തർക്കം മുറുകുന്പോൾ നൃത്തരംഗത്തുതന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരുടെ ചേരികൾ രൂപപ്പെടുകയും ചെയ്യുന്നു.
ശാസ്ത്രീയ നൃത്തചുവടുകളിൽ പരന്പരാഗതമായി പിന്തുടർന്നുപോരുന്ന ചലനവേഗവും താളക്രമവും ലംഘിക്കപ്പെടുന്നെന്നും ന്യൂജെൻ പ്രവണതകൾ മോഹിനിയാട്ടത്തിന്റെയും ഭാരതനാട്യത്തിന്റെയും നിലവാരം ചോർത്തുന്നുവെന്നു മാണ് ഉയരുന്ന ആരോപണം.
ഈ വർഷത്തെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും നൃത്തഗവേഷകയും പ്രശസ്ത നർത്തകിയുമായ ഡോ.നീന പ്രസാദ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിക്കുന്നു.
കാലത്തിനനുസരിച്ചു നൃത്തരൂപങ്ങളിൽ മാറ്റങ്ങൾ ആവശ്യമോ? അതെങ്ങനെയാവണം?
സംസ്ഥാനത്തിന്റെ സാംസ്കാരിക സമ്പന്നതയുടെ തിളക്കം കൂട്ടുന്നതിൽ സ്കൂൾ കലോത്സവങ്ങളുടെ പങ്ക് നിസ്തുലമാണ്. അതിനാൽ നൃത്തനൃത്യങ്ങളുടെ വിധവും വിധാനവും കലാലയ ഘട്ടം മുതൽ കാക്കേണ്ടതുണ്ട്. കുഞ്ഞുന്നാൾ തൊട്ടേ ഞാൻ നൃത്തവീഥിയിലുണ്ട്. പല ഗുരുക്കന്മാരിൽനിന്നും നൃത്തം അഭ്യസിച്ചു. എല്ലാവരിൽനിന്നും എല്ലാ നൃത്തശാഖകളും അടുത്തറിയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, നൃത്തത്തിന്റെ ആന്തരിക ശൈലികളെക്കുറിച്ചു ഭിന്നമായ കാഴ്ചപ്പാടുകളാണ് ഓരോരുത്തർക്കും ഉണ്ടായിരുന്നത്.
കേരളത്തിന്റെ തനതു കലയായ മോഹിനിയാട്ടത്തിലെ വിവിധയിനം ആന്ദോളികകളെ അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ ഒന്നര ദശകമായി ഞാൻ ഗവേഷണവും നൃത്തത്തിന്റെ പുനഃസംവിധാനവും ചെയ്തുകൊണ്ടിരിക്കുന്നു. നൃത്തരൂപങ്ങളുടെ കാതലായ ലക്ഷണങ്ങൾക്കു കോട്ടം തട്ടാത്ത രീതിയിലായിരിക്കണം പരിഷ്കാരങ്ങൾ. കാലത്തിനനുസരിച്ച മാറ്റങ്ങൾ കൊണ്ടുവരേണ്ടതു കലാരൂപങ്ങളുടെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആയിരിക്കണം.
മൂന്നു ഘടകങ്ങൾ
നാട്യശാസ്ത്ര വിധിപ്രകാരമാണ് ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളെല്ലാം അവതരിപ്പിക്കപ്പെടുന്നത്. ഭാവരസങ്ങൾക്കു പ്രാധാന്യമുള്ള ലാസ്യവും താളചലനങ്ങൾക്ക് ആധിപത്യമുളള താണ്ഡവവുമാണ് നമ്മുടെ നൃത്തങ്ങളുടെ രണ്ടു പൊതുസ്വഭാവങ്ങൾ. അതേസമയം, നൃത്തവും നൃത്യവും നാട്യവുമാണ് ഒരു ക്ലാസിക്കൽ നൃത്തരൂപത്തിന്റെ മൂന്നു ഘടകങ്ങൾ. ചലനവും ചലനവേഗവും അവതരണത്തിന്റെ സാങ്കേതികതയുമാണ് നൃത്തംകൊണ്ട് ഉദ്ദേശിക്കുന്നത്.
അതിനാൽ പ്രേക്ഷകരെ ആകർഷിക്കുന്നതു നൃത്തമെന്ന ഘടകമാണ്. നർത്തകന്റെയോ നർത്തകിയുടെയോ പ്രകടനമാണു നൃത്യം. നിശബ്ദതയ്ക്കും ചലനങ്ങൾക്കും അർഥങ്ങളുണ്ടാകണം. കഥയുടെ ആഖ്യാനമായ നൃത്യം പ്രേക്ഷകരെ വിനോദിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടത്, അവരെ ബൗദ്ധികമായി വ്യാപൃതരാക്കുകയും വേണം.
സമഗ്രമായ പ്രതിപാദനമാണ് മൂന്നാമത്തെ ഘടകമായ നാട്യം. ഈ ഘട്ടത്തിൽ ഒരു കലാകാരനോ കലാകാരിക്കോ പല കഥാപാത്രങ്ങളായി അഭിനയിക്കേണ്ടിവരും. നടനകലയുടെ മാതൃകാ ഘട്ടമാണിത്. ഓരോ ഘട്ടവും സാക്ഷാത്കരിക്കേണ്ടത് അതതു വേഗത്തിലുമാണ്.
അങ്ങനെ മാറണോ മോഹിനിയാട്ടം?
ലാസ്യമാണ് മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ദ്രുതഗതിയിൽ പ്രകടിപ്പിക്കാൻ കഴിയുന്നൊരു മനോഭാവമല്ല ലാസ്യം. എല്ലാ കാര്യങ്ങൾക്കും വേഗം കൂടിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്തു ശീഘ്രഗതിയിലുള്ള ചുവടുകളും അംഗചലനങ്ങളുമുള്ള ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും സ്വീകാര്യതയേറുന്നത് സ്വാഭാവികമാണ്. പക്ഷേ, വിളംബ-മധ്യ കാലങ്ങളിൽ അനായാസേനയുള്ള ശാരീരിക പ്രയോഗങ്ങളാൽ അനേകം ഭാവബിംബങ്ങൾ വാർത്തെടുക്കാനുള്ള ശേഷി ലാസ്യ-ലാവണ്യ സമ്പന്നമായ മോഹിനിയാട്ടത്തിനുണ്ട്.
ഈ നൃത്തത്തിന്റെ മന്ദഗതിയിലുള്ള ചുവടുകൾ പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നുവെങ്കിൽ, മോഹിനിയാട്ടം ഇന്നും ജനപ്രിയമായി നിലനിൽക്കുന്നതെങ്ങനെ? ലാസ്യവും അതിനാലുള്ള വിളംബവും ഹൃദ്യമായിത്തോന്നുന്ന പ്രേക്ഷകരുമുണ്ടല്ലോ! ഏത് ആവിഷ്കാരവും അതുകൊണ്ട് ഉദ്ദേശിക്കുന്ന ആസ്വാദ്യത ഉറപ്പുവരുത്തുന്നത്ര മികവ് പുലർത്തണമെന്നു മാത്രം. നിലവാരമുള്ള അവതരണങ്ങൾക്കു കാണികളെ ലഭിക്കുമെന്നതു തീർച്ചയാണ്.
കാലോചിത മാറ്റം അനിവാര്യമല്ലേ?
ഗവേഷണങ്ങളും പഠനങ്ങളും ഏറ്റവുമധികം നടന്നുകൊണ്ടിരിക്കുന്ന മേഖലയാണ് നൃത്താവതരണങ്ങൾ. അവതരണ-ആസ്വാദന ക്ഷമതകളിൽ കാലോചിതമായ മാറ്റങ്ങൾ വിദഗ്ധമായി സന്നിവേശിപ്പിക്കുമ്പോഴാണ് കാലത്തിന്റെ പരീക്ഷണങ്ങളെ നേരിടാനുള്ള ശേഷി കലാരൂപങ്ങൾക്കു ലഭിക്കുന്നത്. തനിമ ചോർന്നു പോകാതെയുള്ള നവീകരണങ്ങൾ കലയെ കൂടുതൽ ശ്രേഷ്ഠമാക്കും. പക്ഷേ, മാറ്റങ്ങൾ സൃഷ്ടിപരതയുള്ളതായിരിക്കണം.
ഇത്ര സ്പീഡ് വേണ്ടതുണ്ടോ?
നൃത്തം ഉൾപ്പെടെയുള്ള എല്ലാ ശാസ്ത്രീയ കലകളും ശാസ്ത്രീയ സൗന്ദര്യത്തിൽ ബന്ധിതമാണ്. നൃത്തത്തിന്റെ സൗന്ദര്യം നർത്തകിയുടെ ഉടൽ ആവാഹിക്കണം. ആ സൗന്ദര്യം നഷ്ടമാകുമ്പോൾ നൃത്തം കേവലമൊരു അഭ്യാസപ്രകടനമായി തരം താഴും. എന്നാൽ, കുറച്ചു കാലമായി കേരളത്തിലെ വേദികളിൽ കണ്ടുവരുന്നൊരു പ്രവണതയാണ് വേഗമേറിയ നൃത്തച്ചുവടുകൾ. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ഫാസ്റ്റ് ട്രെൻഡ് (Fast trend) ഉള്ളതായി കാണാൻ സാധിച്ചിട്ടില്ല. നർത്തകിയുടെ ശരീരം ഇളകിയാടുന്നതിനൊരു താളമുണ്ട്, ഒരു സംഗീതമുണ്ട്! ആ സംഗീതാത്മകത ആവശ്യത്തിലേറെ വേഗം വർധിക്കുന്പോൾ നഷ്ടമാകും.
നൃത്തഭാഷയിൽ പറഞ്ഞാൽ വിളംബവും അതിവിളംബിത കാലവും ദ്രുതചലനവും അതിദ്രുത കാലവുമെല്ലാം ഉൾക്കൊള്ളുന്നതാണ് നൃത്തഉടലിന്റെ താളം. അനാവശ്യമായ വേഗത്തിൽ കുട്ടികൾ നൃത്തച്ചുവടുകൾ വയ്ക്കുന്നതു കാണുമ്പോൾ വിഷമം തോന്നാറുണ്ട്. ഗൗരവമായി നൃത്തത്തെ വിലയിരുത്താനറിയുന്ന ആസ്വാദകർക്കു മുന്നിൽ ഇത്തരം അപക്വമായ പരിഷ്കാരങ്ങൾ പരിഹാസ്യമായിത്തീരും. സ്പീഡ് കൂട്ടുമ്പോൾ നഷ്ടമാകുന്നത് നൃത്തഉടലിന്റെ മോഹനഗീതമാണ്.
സംഗീതരസമില്ലാത്ത നടനം കണേണ്ടിവരുന്നതൊരു ശിക്ഷയാണ്. ശരാശരി പ്രേക്ഷകനു പോലും ഇത്തരം വികലമായ അവതരണങ്ങൾ അധികനേരം കണ്ടിരിക്കാനാവില്ല. പരിഷ്കാരമെന്നാൽ വേഗംകൂട്ടലല്ലെന്ന് എല്ലാവരും തിരിച്ചറിയണം. സോഷ്യൽ മീഡിയയും ഇടയ്ക്കിടെ അവയിൽ പ്രത്യക്ഷപ്പെടാറുള്ള ഷോർട്ട് ടൈം റീലുകളും മറ്റുമാകാം ഈ 'സ്പീഡി ട്രെൻഡി'നെ പ്രോത്സാഹിപ്പിക്കുന്നത്.
വിജയ് സിയെച്ച്