ജീവൻ കളഞ്ഞും മഹാദേശാടനം!
Sunday, December 3, 2023 1:46 AM IST
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നടത്തുന്ന ദേശാടനത്തെയാണ് ഗ്രേറ്റ് മൈഗ്രേഷൻ എന്നു വിളിക്കുന്നത്. ഒരു സംഘം മൃഗങ്ങൾ എന്നു പറയുന്പോൾ പത്തോ നൂറോ എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്. ഏതാണ്ട് 25 ലക്ഷത്തിലധികം വിൽഡ്ബീസ്റ്റുകളും സീബ്രകളും മാനുകളും ചേർന്നു നടത്തുന്ന മഹായാത്രയാണ് ഗ്രേറ്റ് മൈഗ്രേഷൻ.
അതിജീവനത്തിനായി മനുഷ്യൻ പലായനങ്ങളും കുടിയേറ്റങ്ങളും ദേശാടനങ്ങളും നടത്തിയിട്ടുള്ളതിന്റെ കഥകൾ നമുക്കു ചരിത്രത്തിലെന്പാടും കാണാം. ബഹിരാകാശത്തേക്കു കുടിയേറുന്നതിന്റെ സാധ്യതകളെക്കുറിച്ചു മനുഷ്യൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇതെഴുതുന്പോഴും പലായനങ്ങളും ദേശാടനങ്ങളും കുടിയേറ്റങ്ങളും പലരൂപത്തിലും ഭാവത്തിലും ലോകമെന്പാടും സംഭവിച്ചുകൊണ്ടിരിക്കുന്നു.
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയും തൊഴിൽ തേടിയും സന്പത്ത് ലക്ഷ്യമിട്ടുമുള്ള കുടിയേറ്റങ്ങളും പലായനങ്ങളും സർവസാധാരണമാണ്. ആളുകൾ യൂറോപ്പിലേക്കും മറ്റും കുടിയേറുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിലും ഇപ്പോൾ സജീവമാണല്ലോ.
യുദ്ധങ്ങളെത്തുടർന്നു പല നാടുകളിൽനിന്നും ലക്ഷക്കണക്കിന് ആളുകൾ മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്യുന്ന വാർത്തകൾ ദിനംപ്രതി നാം പത്രമാധ്യമങ്ങളിൽ വായിക്കുന്നു. ഇത്തരം പലായനങ്ങൾക്കിടയിൽ ലക്ഷ്യം കാണാതെ മരിച്ചുവീഴുന്നവരുടെ കദനകഥകളും ഇടയ്ക്കിടെ കേൾക്കാറുണ്ട്. പട്ടിണിയും പ്രകൃതിക്ഷോഭവും യുദ്ധവുമൊക്കെയാണ് ഇങ്ങനെ പലായനം ചെയ്യുന്നവരെ അവരുടെ വഴികളിൽ പലപ്പോഴും കാത്തിരിക്കുന്നത്. ഇപ്പറഞ്ഞതൊക്കെ മനുഷ്യന്റെ കാര്യം.
മഹാപ്രയാണം
എന്നാൽ, അതിജീവനത്തിനായി ഒരു വർഷം മുഴുവൻ ദേശാടനം നടത്തിക്കൊണ്ടിരിക്കുന്ന മറ്റു ചിലർ ഈ ലോകത്തുണ്ട്. പക്ഷികളും മൃഗങ്ങളുമാണവർ. ദേശാടന പക്ഷികളും മറ്റും ഇങ്ങനെ സഞ്ചാരം നടത്തുന്നവരാണ്. എന്നാൽ, അതിജീവനത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ദേശാടനമായി കരുതപ്പെടുന്നത് ടാൻസാനിയയിലെ ‘ഗ്രേറ്റ് മൈഗ്രേഷൻ' ആണ്. ശരിക്കും നമ്മെ വിസ്മയിപ്പിക്കുന്ന അതിജീവനത്തിന്റെ മഹാപ്രയാണം.
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നടത്തുന്ന ദേശാടനത്തെയാണ് ഗ്രേറ്റ് മൈഗ്രേഷൻ എന്നു വിളിക്കുന്നത്. ഒരു സംഘം മൃഗങ്ങൾ എന്നു പറയുന്പോൾ പത്തോ നൂറോ എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്. ഏതാണ്ട് 25 ലക്ഷത്തിലധികം വിൽഡ്ബീസ്റ്റുകളും സീബ്രകളും മാനുകളും ചേർന്നു നടത്തുന്ന മഹായാത്രയാണ് ഗ്രേറ്റ് മൈഗ്രേഷൻ.
ഇതൊന്നു കാണേണ്ട കാഴ്ച തന്നെ. 1,800 കിലോമീറ്റർ ദൂരമാണ് ഈ പ്രയാണത്തിൽ ഈ സംഘം താണ്ടുന്നത്. ഒാരോ വർഷവും ആയിരക്കണക്കിനു സഞ്ചാരികളാണ് ഈ വിസ്മയ കാഴ്ച കാണാനും കാമറയിൽ പകർത്താനും എത്തുന്നത്. അങ്ങനെയാണ് ഞങ്ങളും കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയായിൽ എത്തിയത്.
ടാൻസാനിയയിൽ
നാലു ദിവസത്തെ ടൂറിനായി സുഹൃത്തായ മനോജുമൊത്താണ് എത്തിയിരിക്കുന്നത്. ആരെയും വിസ്മയിപ്പിക്കുന്ന വന്യമായ ഭൂപ്രകൃതിയിലൂടെ, പക്ഷിമൃഗാദികളെ തൊട്ടടുത്തുകണ്ട് സഞ്ചാരം. ആദിമ മനുഷ്യരുടെ പിന്മുറക്കാരോടൊപ്പം ചെലവഴിച്ചും കാഴ്ചകൾ കണ്ടും നീങ്ങിയപ്പോൾ ദിവസങ്ങൾ അതിവേഗമാണ് കടന്നുപോയത്. ഈ സന്ദർശനത്തിലെ ഞങ്ങളുടെ ഏറ്റവും വിലപ്പെട്ട കാഴ്ചയായിരുന്നു ഗ്രേറ്റ് മൈഗ്രേഷൻ.
ദോഹയില്‍നിന്ന് കിളിമഞ്ചാരൊ എയര്‍പോര്‍ട്ടില്‍ എത്തിയ ഞങ്ങളെ ടൂര്‍ കമ്പനി പ്രതിനിധി സാമുവേല്‍ എയര്‍പോര്‍ട്ടില്‍നിന്നു സ്വീകരിച്ചു ഹോട്ടലിലേക്കു കൊണ്ടുപോയി. ടാൻസാനിയയിലെ ഗോരംഗരൊയിലുള്ള ഓൾഡ്യാനി റിസോർട്ടിലായിരുന്നു ഞങ്ങളുടെ താമസം. ഇവിടെ എത്തിയതിന്റെ രണ്ടാം ദിവസമാണ് സെറൻഗേറ്റി നാഷണൽ പാർക്കിലേക്കു ഞങ്ങൾ പോയത്.
സാമുവൽ രാവിലെതന്നെ ഞങ്ങളെയുംകൂട്ടി യാത്ര ആരംഭിച്ചു. ഏതാണ്ട് 15,000 സ്ക്വയർ കിലോമീറ്റർ ആണ് സെറൻഗേറ്റിയുടെ വിസ്തൃതി. 1951ൽ നാഷണൽ പാർക്കായി പ്രഖ്യാപിച്ച ഇവിടം ഇപ്പോൾ യുനെസ്കോ ലോകപൈതൃക പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അതീവ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടുന്നു.
അഗ്നിപർവതം പൊട്ടിയ മണ്ണ്
സെറൻഗേറ്റിയുടെ ഭൂരിഭാഗവും തുറസായ പുൽമേടുകൾ നിറഞ്ഞ സമതലഭൂമിയാണ്. കടൽ പോലെ പരന്നു കിടക്കുന്ന പുൽമേടുകൾക്കിടയിൽ അങ്ങിങ്ങായി ചില പാറക്കൂട്ടങ്ങൾ കാണാം. വൻ മരങ്ങൾ ഇവിടെ വളരുന്നില്ല. ഏതാണ്ട് നാലു ലക്ഷം വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു അഗ്നിപർവത സ്ഫോടത്തിന്റെ അനന്തരഫലമായി രൂപപ്പെട്ട ഭൂപ്രദേശമാണ് ഇവിടം.
ഗോരംഗരൊ (Ngorongoro) എന്ന ഭീമൻ അഗ്നിപർവതം പൊട്ടിത്തെറിച്ചു പുറത്തേക്കൊഴുകിയ ലാവയും മറ്റു ധാതുക്കളും മണ്ണിനടിയിൽ ഇപ്പോഴും നിലനിൽക്കുന്നതിനാൽ മരങ്ങളുടെ വേരുകൾ ആഴത്തിലേക്കു വളരില്ല. അതുകൊണ്ടാണ് വലിയ മരങ്ങൾ വളരാത്തത്.
ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ഇക്കോസിസ്റ്റങ്ങളിൽ ഒന്നാണ് സെറൻഗേറ്റി നാഷണൽ പാർക്ക്. 20 ലക്ഷം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന മനുഷ്യവർഗത്തിന്റേതെന്നു കരുതുന്ന ഫോസിലുകൾ കണ്ടത്തിയ സ്ഥലം കൂടിയാണ് ഇവിടം. സമുദ്രനിരപ്പിൽനിന്നു വളരെ ഉയരത്തിൽ നിൽക്കുന്നതിനാൽ ഒരു തരം വരണ്ട കാലാവസ്ഥയാണ് പൊതുവേയെങ്കിലും നന്നായി മഴയും ലഭിക്കുന്നുണ്ട്.
തുറസായ പുൽമേടുകൾ ആയതിനാൽ മറ്റു കാടുകളിൽനിന്നു വ്യത്യസ്തമായി വന്യജീവികളെയും അവയുടെ ജീവിതരീതികളും വേട്ടയാടലും എല്ലാം വളരെ അടുത്തുനിന്നു വീക്ഷിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ധാരാളം വിനോദസഞ്ചാരികൾ ലോകമെമ്പാടുനിന്നു സഫാരിക്കായി ഇവിടേയ്ക്ക് എത്തുന്നുണ്ടെന്നു സാമുവൽ ഞങ്ങൾക്കു യാത്രാമധ്യേ പറഞ്ഞുതന്നു.
ആഹാരം തേടി
ഭൂമിയിലെ ഏറ്റവും വലിയ ദേശാടനമായ ഗ്രേറ്റ് മൈഗ്രേഷന്റെ അവസാന ദിനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കൻ ആഫ്രിക്കയുടെ വിശാലമായ ഈ പ്രദേശത്തെ വില്ഡ്ബീസ്റ്റുകളുടെയും സീബ്രകളുടെയും വിവിധയിനം മാനുകളുടെയും തീറ്റ തേടിയുള്ള ദേശാടനം ഋതുഭേദങ്ങള്‍ക്കനുസരിച്ചുള്ള ഒരു തുടര്‍ക്കഥയാണ്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ് എല്ലാ വർഷവും ഇതു സംഭവിക്കുന്നത്.
ഇരുപത്തിയഞ്ചു ലക്ഷത്തോളം വിൽഡ്ബീസ്റ്റുകളും ആയിരക്കണക്കിനു സീബ്രകളും വിവിധയിനം മാൻ വർഗങ്ങളും ഉൾപ്പെടുന്ന വലിയൊരു ആവാസ വ്യവസ്ഥ നിലനിൽക്കുന്ന ഇവിടെ ഏതാണ്ട് എല്ലാ വർഷവും ജൂൺ, ജൂലൈ മാസങ്ങളിൽ കടുത്ത വരൾച്ചയാണ്.
പുല്ലിനും വെള്ളത്തിനും ക്ഷാമം അനുഭവപ്പെടുന്ന സമയത്ത് സെറൻഗേറ്റിയിൽനിന്ന് ആഹാരം തേടി കെനിയയിലെ മസായിമാര നാഷണൽ റിസർവിലേക്ക് ഇവ കൂട്ടത്തോടെ പലായനം നടത്തുന്നതാണ് ഈ പ്രക്രിയ.
പ്രസവവും യാത്രയിൽ
തീറ്റ തേടിയുള്ള ഈ യാത്രയില്‍ ആണ് ഇവയുടെ ഇണചേരലും പ്രസവവും എല്ലാം നടക്കുന്നത്. എന്നാൽ, ഈ യാത്ര അത്ര സുഖകരവും സുഗമവുമൊന്നുമല്ല എന്നതാണ് യാഥാർഥ്യം. ഈ കൂട്ടപ്പലായന പാതയിൽ അപകടങ്ങളുടെയും ഭീഷണികളുടെയും ഒരു പരന്പര തന്നെ ഇവരെ കാത്തിരിക്കുന്നുണ്ട്. മറ്റു വന്യജീവികളുടെ ആക്രമണമാണ് അതില്‍ പ്രധാനം.
മറ്റൊന്ന്, സെറൻഗേറ്റിയെയും മസായിമാരയയും തമ്മിൽ വേർതിരിക്കുന്ന മാര നദിയും (Mara River) ഗ്രൂമട്ടി നദിയും (Grumatti Riverൃ) മുറിച്ചു കടക്കുക എന്നതാണ്. ഏറ്റവും അപകടകാരികളായ ഭീമൻ മുതലകൾ വസിക്കുന്ന ഈ രണ്ടു നദികളും മുറിച്ചു കടക്കുക എന്നത് ഒരു ജീവന്മരണ പോരാട്ടമാണ്. കരുത്തുള്ളവർ അതിജീവിക്കും, അല്ലാത്തവ ഇല്ലാതാവും എന്ന പ്രകൃതിനിയമം വളരെ വ്യക്തമായി നടപ്പാക്കപ്പെടുന്നു.
ഒരു യാത്ര കഴിയുന്പോൾ നിരവധി പുതിയ അതിഥികൾ സംഘത്തിലേക്കു വരും. എന്നാൽ, മുതലയ്ക്കും സിംഹത്തിനും മറ്റു മൃഗങ്ങൾക്കുമൊക്കെ ഇരയായി ഏറെപ്പേർ വിടവാങ്ങുകയും ചെയ്യും. ഈ യാത്രയിൽ വർഷംതോറും രണ്ടരലക്ഷം വിൽഡ് ബീസ്റ്റുകളും മുപ്പതിനായിരം സീബ്രകളും ചാകുന്നതായിട്ടാണ് കണക്ക്. എന്നാൽ, അപകടം പതിയിരിക്കുന്നുണ്ടെന്നു കരുതി ഈ യാത്ര മുടക്കാൻ ഇവയ്ക്കു കഴിയില്ല.
പരസ്പര സഹായം
വിൽഡ്ബീസ്റ്റും സീബ്രകളും മാനുകളുമടങ്ങുന്ന സംഘം ഒന്നു ചേർന്നു യാത്ര നടത്തുന്നതിനു പിന്നിലും ചില കാരണങ്ങളുണ്ട്. വെള്ളത്തിന്റെ സാന്നിധ്യം പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്ന ജീവിയാണ് വിൽഡ്ബീസ്റ്റ്. അതേസമയം, സീബ്രകൾക്കു മാംസഭുക്കുകളായ ഹിംസ്ര ജന്തുക്കളുടെ സാന്നിധ്യം പെട്ടെന്ന് മനസിലാക്കാൻ കഴിയും. അതിനാൽ പരസ്പര പൂരകങ്ങളായിട്ടാണ് ഈ യാത്ര. ഓരോ ദിവസവും ആയിരക്കണക്കിനു മൃഗങ്ങൾ നദി മുറിച്ചുകടന്നു മറുകരയില്‍ എത്തിയാല്‍ കാത്തുനില്‍ക്കുന്നത് ഇളം പുല്‍മേടുകള്‍ ആണ്.
അതുവരെയുള്ള എല്ലാ കഷ്ടപ്പാടുകളും ഈ പുൽമേടുകൾ കാണുന്പോൾ ഇവ മറക്കും.ആവോളം പുല്ലു ഭക്ഷിച്ചുകൊണ്ട് അവ പ്രയാണം തുടരും. കെനിയയിലെ മസായിമാരാ പ്രദേശത്തെത്തുന്ന അവ സെറൻഗേറ്റിയിലേക്കുള്ള പ്രയാണം അപ്പോഴേക്കും മറ്റൊരു വഴിയിലൂടെ ആരംഭിച്ചിരിക്കും, ഏകദേശം വൃത്താകൃതിയിലുള്ള ഒരു യാത്രാപഥം. അത് ഇങ്ങനെ എല്ലാ വർഷവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
വാക്കുകൾക്ക് അതീതമായ ഒരു അനുഭവമാണ് ഗ്രേറ്റ് മൈഗ്രേഷന്‍, ആ കാഴ്ചകൾ അനുഭവിച്ചുതന്നെ അറിയണം. ഈ മഹാപ്രയാണം ഭുമുഖത്തെ അദ്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് വർഷങ്ങളായി മുടങ്ങാതെ നടക്കുന്ന ഈ അത്ഭുത പ്രകൃതിപ്രതിഭാസം ഒരിക്കൽകണ്ടാൽ മനസിൽനിന്നു മായില്ല. ആ മഹാപ്രയാണം അടുത്തു കണ്ട സന്തോഷത്തിലായിരുന്നു ഞങ്ങളുടെ മടക്കം.
വിൽഡ്ബീസ്റ്റ്
ഒറ്റ നോട്ടത്തിൽ പശുവിനെയോ കാളയെയോ മറ്റോ ഒാർമിപ്പിക്കുന്നതാണെങ്കിലും രൂപത്തിൽ വളരെയേറെ പ്രത്യേകതകളുള്ള ഒരു ആഫ്രിക്കൻ മൃഗമാണ് വിൽഡ്ബീസ്റ്റ് (Wildebeest). വന്യമൃഗം എന്നർഥം വരുന്ന ഡച്ച് വാക്കാണിത്. വളഞ്ഞ കൊമ്പുകളുള്ള വലിയ പെട്ടി പോലെയുള്ള തലയാണ് ഇവയ്ക്കുള്ളത്.
അവയുടെ ശരീരത്തിന്റെ മുൻഭാഗം വലുപ്പമുള്ളതും പിൻഭാഗം മെലിഞ്ഞ കാലുകളുള്ളതുമാണ്. രോമാവൃതമായ മേനിയും കൂർത്ത താടിയും ഇതിന്റെ പ്രത്യകതയാണ്. കിഴക്കൻ, തെക്കൻ ആഫ്രിക്ക ആഫ്രിക്കയിലാണ് കൂടുതലായി കാണുന്നത്. 80 കിലോമീറ്റർ വരെയാണ് ഇവയുടെ വേഗം. 270 കിലോഗ്രാം വരെ ഭാരംവയ്ക്കും. 20 വർഷമാണ് ശരാശരി ആയുസ്.
സിബി മാത്യു, കൊട്ടാരക്കര