ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
Sunday, November 26, 2023 12:58 AM IST
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹത്തിന്റെ കൈമാറ്റവും ആംഗ്യഭാഷയിലൂടെയുള്ള ആശയവിനിമയവും മാത്രം. എന്നാലും കണ്ണൂര്‍ ഫോർട്ട് റോഡിലെ കടയിലേക്ക് വരുന്ന ആളുകള്‍ക്ക് ഒരു കുറവുമില്ല. ആദ്യം കാണുന്നവര്‍ക്ക് കൗതുകമാണ് ഇവിടം.
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹത്തിന്റെ കൈമാറ്റവും ആംഗ്യഭാഷയിലൂടെയുള്ള ആശയവിനിമയവും മാത്രം. എന്നാലും കണ്ണൂര്‍ ഫോർട്ട് റോഡിലെ കടയിലേക്ക് വരുന്ന ആളുകള്‍ക്ക് ഒരു കുറവുമില്ല. ആദ്യം കാണുന്നവര്‍ക്ക് കൗതുകമാണ് ഇവിടം.
കാരണം ഈ കടയിലുള്ള അഞ്ചു പേർക്ക് സംസാരിക്കാനും കേള്‍ക്കാനും സാധിക്കില്ല. അതും ഒരു ടെകസ്റ്റൈൽ ഷോപ്പിൽ. എന്നാല്‍, ഇവിടുത്തെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുന്നത് ഇവര്‍ തന്നെയാണ്. കക്കാട് സ്വദേശി എം.വി. ഹാരിസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. എന്തുകൊണ്ടാണ് ഇവരെ പോലുള്ളവര്‍ ഇവിടെ ജോലി ചെയ്യുന്നത് എന്ന അറിയണമെങ്കില്‍ 35 വര്‍ഷം പിറകോട്ട് പോകണം. ഹാരിസിന്റെ ഭാര്യ ഇ. സജിത ഒരു എംബ്രോയ്ഡറി യൂണിറ്റ് ആരംഭിക്കുന്നു.
അന്നു സഹായിയായി കൂടെ നിര്‍ത്തിയതാണ് നാറാത്ത് സ്വദേശിയായ ബിന്ദുവിനെ. ഒരു ദിവസം ബിന്ദു തന്റെ അനിയൻമാരെക്കുറിച്ചു സജിതയോടു സംസാരിച്ചു. രണ്ടു പേർക്കും സംസാരശേഷിയും കേൾവിശക്തിയും ഇല്ലെന്നും ഇവിടെ എന്തെങ്കിലും ഒരു ജോലി നൽകുമോയെന്നും ചോദിച്ചു.
സജിത തന്റെ ഭർത്താവായ ഹാരിസിനോടു ബിന്ദുവിന്റെ ആവശ്യം അറിയിച്ചു. ഇതേത്തുടർന്ന് എംബ്രോയ്ഡറി യൂണിറ്റിലേക്ക് ഒരു ദിവസം ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു. അങ്ങനെയാണ് നാറാത്ത് സ്വദേശികളായ എം.വിമോഷും എം.വിനീഷും ഹാരിസിനൊപ്പം കൂടിയത്. പലരും വളരെ പ്രയാസപ്പെട്ടു പഠിച്ചെടുക്കുന്ന എംബ്രോയ്ഡറി വെറും ഒരു മാസംകൊണ്ട് കരസ്ഥമാക്കി. തുടർന്ന് രണ്ടു വർഷത്തിനു ശേഷം ഹാരിസിന്റെ ഭാര്യ ഇ. സജിതയുടെ നേതൃത്വത്തിൽ തെക്കിബസാറിൽ "ഷീ ദി ചുരിദാർ പീപ്പിൾ ''തുടങ്ങുന്പോൾ ചുരിദാർ ഡിസൈനിംഗ് മുതൽ സ്ഥാപനത്തിലെ എല്ലാ ജോലികളും ഇരുവരും വളരെ മനോഹരമായി ചെയ്തു.
അന്നു സംസാര ശേഷിയില്ലാത്ത രണ്ടു പേരെ ഇവർക്കു കൂട്ടായി ജോലിക്കെടുത്തിരുന്നു ഹാരിസ്. വിനീഷ് പിന്നീട് സ്വന്തമായി തൊഴിൽ ചെയ്യാൻ തുടങ്ങിയെങ്കിലും 1993 മുതൽ വിമോഷ് ഹാരിസിന് തണലായും താങ്ങായും കൂടെയുണ്ട്. തന്റെ കണ്ണൊന്നു ചലിച്ചാൽ അതിന്റെ അർഥം മനസിലാക്കി അതു തനിക്ക് വിമോഷ് ചെയ്തുതരുമെന്നു ഹാരിസ് പറയുന്നു.
വിമോഷിൽ തുടക്കം
വിമോഷ് വന്നതിന് ശേഷം ഹാരിസിന്റെ വിവിധ സ്ഥാപനങ്ങളിലായി ബധിരരും മൂകരുമായിട്ടുള്ള നിരവധി ആൾക്കാർ ജോലിക്കായി എത്തിയിട്ടുണ്ട്. കണ്ണൂർ ഫോർട്ട് റോഡിലുള്ള ഷീ കളക്ഷൻസ് എന്ന സ്ഥാപനത്തിൽ നിലവിൽ ഇത്തരത്തിൽ അഞ്ചു പേരാണ് ജോലി ചെയ്യുന്നത്. ആറ്റടപ്പയിലെ കെ.ലബീബ്, കുടുക്കിമൊട്ടയിലെ വി.എസ്. രാധിക, ചാലാട്ടുള്ള എ.സുജാത, പുതിയതെരുവിലെ ലിനിഷ ഇവരാണ് ഈ കടയിലെ എല്ലാം.
ആര് കടയിലേക്ക് വന്നാലും നിറഞ്ഞ പുഞ്ചിരിയോടെ ഇവർ വരവേൽക്കും. ആംഗ്യ ഭാഷയിൽ ആവശ്യങ്ങൾ ചോദിച്ചറിയും. ഓപ്പൺ ഡിസ്പ്ലേയാണ് കടയിൽ. വരുന്നവരുടെ അഭിരുചികൾ എളുപ്പത്തിൽ മനസിലാക്കും. ഉപഭോക്താക്കളുടെ ചുണ്ടനക്കം കണ്ടാൽ മതി ഇവർക്ക് കാര്യം മനസിലാകാൻ. അരുടെ ഇഷ്ടത്തിനനുസരിച്ച് സാധനങ്ങൾ എടുത്ത് നൽകും. ആംഗ്യ ഭാഷയിൽ ഇഷ്ടമായോ എന്നു തിരക്കും.
സ്ഥിരം ഉപഭോക്തക്കാളായവർ ഇവരിൽ ആരെ കണ്ടില്ലെങ്കിലും അന്വേഷിക്കാറുണ്ടെന്നും അവരിൽ പലരും ഇവരുടെ ഭാഷകൾ പഠിച്ചുകഴിഞ്ഞെന്നും കടയിലെ മറ്റ് സെയിൽസ്മാൻമാർ പറയുന്നു.
വിരലാൽ നിറങ്ങൾ
ഉപഭോക്താക്കൾക്കു നിറങ്ങൾ വിവരിച്ചു നൽകാൻ ഇവർ പ്രത്യേക രീതി ഏർപ്പെടുത്തിയിട്ടുണ്ട്. നെറ്റിയിൽ ചൂണ്ടുവിരൽകൊണ്ട് ഇടത്തുനിന്നു വലത്തേക്കു വരച്ചാൽ കറുപ്പ് നിറം എന്നാണ് അർഥം. ചൂണ്ടുവിരൽകൊണ്ട് ചുണ്ടിൽ തൊട്ടാൽ ചുവപ്പും ചൂണ്ടുവിരലും തള്ളവിരലും നിശ്ചിത അകലത്തിൽ പിടിച്ചാൽ പച്ചയും നാലു വിരലുകൾ നീട്ടിയും തള്ളവിരൽ അകത്തേക്കു പിടിച്ചാൽ നീല എന്നിങ്ങനെ വിരൽകൊണ്ട് എല്ലാ നിറങ്ങളും കാണിക്കും.
വസ്ത്രങ്ങളുടെ മെറ്റീരിയലുകളും വിരലുകൾകൊണ്ട് ഇവർ ഉപഭോക്താക്കൾക്കു പറഞ്ഞു നൽകും. ഇവിടെയുള്ള എല്ലാവരും നന്നായി ചിത്രം വരയ്ക്കും. ഡ്രസുകളുടെ ഡിസൈനിംഗ് ഒക്കെ ഇവർ വളരെ മനോഹരമായി ചെയ്യുമെന്ന് ഹാരിസ് പറയുന്നു. ഹാരിസിന്റെ മകനായ ഷിജിൻ ഹാരിസാണ് ഇപ്പോൾ ഷീ കളക്ഷൻസ് നോക്കി നടത്തുന്നത്.
" വീട്ടിൽ കുറെ കാലം വെറുതെ ഇരുന്നു, സംസാരിക്കാനും കേൾക്കാനും കഴിയാത്തതുകൊണ്ട് ആരും ജോലി തന്നില്ല, ജോലി അന്വേഷിച്ച് ഇറങ്ങിയപ്പോൾ പലരും കളിയാക്കി, എന്നാൽ, ആരോടും തനിക്കൊരു പരിഭവമില്ല, സ്നേഹം മാത്രം, വീട്ടുകാർ കൂടെ തന്നെ നിന്നു, ഇപ്പോൾ ഒത്തിരി സന്തോഷം ഉണ്ട്. കസ്റ്റമേഴ്സിനൊക്കെ വളരെ സ്നേഹമാണ് നമ്മളോട്, നമ്മളുടെ കുറവുകളെ കണക്കിലെടുക്കാതെ അവർ കൂടെ തന്നെ നിൽക്കുന്നുണ്ട്.'' സുജാത ആംഗ്യത്തിൽ പറഞ്ഞത് കടയിലെ മറ്റ് സെയിൽസ്മാൻമാർ വിശദീകരിച്ചു.
അനുമോൾ ജോയ്