ആൻഡമാനിലെ അദ്ഭുതങ്ങൾ
Sunday, November 5, 2023 4:41 AM IST
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങൾ, കണ്ടൽ കാടുകൾ, ചുണ്ണാമ്പു ഗുഹകൾ, മഡ് വോൾക്കാനോകൾ, പവിഴപ്പുറ്റ് തുടങ്ങി ആൻഡമാനിലെ ഓരോ തുണ്ടു ഭൂമിയിലും അദ്ഭുത കാഴ്ചകളാണ്.
ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മധ്യേ ചിതറിക്കിടക്കുന്ന 571 കരപ്രദേശങ്ങളാണ് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾ. ബർമയിലെ നെഗ്രായിസ് മുനമ്പിനെയും ഇന്തോനേഷ്യയിലെ അച്ചിൻ ഹെഡിനെയും ബന്ധിപ്പിച്ചിരുന്നതും കാലാന്തരത്തിൽ തകർന്നടിഞ്ഞതുമായ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങൾ, കണ്ടൽ കാടുകൾ, ചുണ്ണാമ്പു ഗുഹകൾ, മഡ് വോൾക്കാനോകൾ, പവിഴപ്പുറ്റുകൾ തുടങ്ങി ആൻഡമാനിലെ ഒാരോ തുണ്ടു ഭൂമിയിലും അദ്ഭുത കാഴ്ചകളാണ്.
അഞ്ച് ദ്വീപുകളുടെ ശൃംഖലയാണ് പോർട്ട് ബ്ലയർ ഉൾപ്പെടുന്ന ഗ്രേറ്റ് ആൻഡമാൻ ദ്വീപ്. പുറംലോക ബന്ധങ്ങളില്ലാതെ അനന്തം അജ്ഞാതമായി കിടന്നിരുന്ന ദ്വീപ് സമൂഹങ്ങളിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ആധിപത്യം ഉറപ്പിക്കുന്നതോടെയാണ് പുതിയൊരു ചരിത്രമുണ്ടാകുന്നത്. പോർട്ബ്ലയറിൽ അവർ ഇന്ത്യയിൽനിന്നുള്ള സ്വാതന്ത്ര്യസമര സേനാനികൾക്കായി സെല്ലുലാർ ജയിൽ എന്ന തടങ്കൽപാളയമൊരുക്കി.
ബംഗാൾ ഉൾക്കടലിനു മുകളിലൂടെ പോർട്ബ്ലയർ വിമാനത്താവളത്തിലേക്കു വിമാനം പറന്നിറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണുകൾ താഴ്വാരത്തക്കായിരുന്നു. ചെങ്കോട്ടകൾ പോലെ ചില നിർമിതികൾ തെളിഞ്ഞുവരുന്നു. ഇതാണ് കാലാപാനി! ആകാശക്കാഴ്ചകളായി കുപ്രസിദ്ധമായ ആ തടവറകൾ. കണ്ണുനീരിന്റെ ഉപ്പുറഞ്ഞ ഭൂവിഭാഗങ്ങളിൽ അധികാരത്തിന്റെ ഹുങ്കിൽ മാനവികതയ്ക്കു മേൽ പണിതുയർത്തിയ ചെങ്കോട്ടകൾ.
ഇരുണ്ട തടവറകൾ
ആൻഡമാനിലെ കാഴ്ചകളിലേക്കു കണ്ണും മനസും കുതിച്ചുകഴിഞ്ഞു. സെല്ലുലാർ ജയിലിന്റെ കവാടം കടന്നതും എങ്ങുനിന്നോ സഹനത്തിന്റെ മൂക കീർത്തനങ്ങൾ കാതുകളിൽ വന്നലയ്ക്കുന്നതു പോലെ. മൂന്നു നിലകളിലായി രക്ഷയുടെ സർവ പഴുതുകളും അടച്ച് സങ്കീർണമായ ഘടനയിൽ തീർത്ത തടവറകൾ. 1896നും 1906 നും മധ്യേ അടിമ സമാനമായ പ്രയത്നത്തിലൂടെ ബർമയിൽനിന്നെത്തിച്ച ചുടുകട്ടകൾകൊണ്ടു പണിതുയർത്തിയ കെട്ടുകൾ. ഏഴ് നിരകളിൽ പല ദിശകളിലേക്കു നീണ്ട കേന്ദ്രീകൃത നിർമാണം. ഒരു വശം കടൽ. ചുറ്റുപാടും കാവൽ ഗോപുരങ്ങൾ. നീണ്ടുനീണ്ട വരാന്തയിലൂടെ മുന്നോട്ട് നടക്കുമ്പോൾ അടിച്ചമർത്തലുകളുടെ ഇരുട്ടുമുറികൾ ഒന്നൊന്നായി കടന്നുവരുന്നു. അവയ്ക്കു പറയാനുള്ളതു ചോര മണക്കുന്ന കഥകൾ.
തൂക്കുമുറികൾ
ഇരുമ്പു വാതിലുകൾക്കിടയിലൂടെ നൂഴ്ന്നിറങ്ങുന്ന ഇത്തിരി വെളിച്ചത്തിൽ ഒരു ക്ലാവ് പിടിച്ച പിച്ചളപ്പാത്രം കാണാം. ജയിലറകളുടെ മൂന്ന് എടുപ്പുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ചമ്മട്ടിയടിക്കുള്ള ചട്ടക്കൂടുകൾ, കൊടുംഭീകരതയുടെ കൊലവിളികൾ ഉയർന്ന തൂക്കുമുറികൾ... ദേശാഭിമാനത്തിന്റെ വാഹകരായി ശിരസുയർത്തി കടന്നുപോയ പോരാളികളുടെ ചിത്രങ്ങളും പേരുകളും ഭിത്തികളിലെങ്ങും ആലേഖനം ചെയ്തിട്ടുണ്ട്.
രാത്രി മുഴുവൻ മഴ പെയ്തുകൊണ്ടിരുന്നു. നേരം വെളുത്തിട്ടും മഴ ചിണുങ്ങിച്ചിണുങ്ങി നിന്നു. മഴ നനഞ്ഞ അങ്ങാടിയിലൂടെ വണ്ടിയോടിച്ചാണ് പോർട്ട് ബ്ലയർ തുറമുഖത്ത് എത്തിയത്. 200 പേർക്കിരിക്കാവുന്ന സീലിങ്ക് കപ്പൽ കാത്തുനിൽക്കുന്നു. യാത്രക്കാർ ഉറക്കെ വാർത്തമാനങ്ങൾ പറഞ്ഞ് കാഴ്ചകൾ ആസ്വദിക്കുന്നു. ചിലർ ഭക്ഷണ പാനീയങ്ങൾ രുചിക്കുന്നു. ഹാവ് ലോക്ക് ദ്വീപിലേക്കാണ് സീലിങ്ക് കപ്പൽ പായുന്നത്. തിരമാലകൾ തല്ലിയലയ്ക്കുന്ന നിബിഢ വനങ്ങളുടെ ഗരിമ, ഭയാനകമായ കാളിമയിലാണ്ട കന്യാവനങ്ങൾ, പച്ചത്തുരുത്തുകൾ, ജനവാസമുള്ളവയും ഇല്ലാത്തവയും, കടലും മലയും മുട്ടിയുരുമ്മുന്ന പ്രകൃതിയുടെ അമ്പരപ്പിക്കുന്ന വൈവിധ്യങ്ങൾ മുന്നിൽ.
പറക്കും മീനുകൾ
നീലജലാശയങ്ങളിൽ മിന്നി മറയുന്ന പറക്കും മീനുകളും ഡോൾഫിനുകളും. ഹാവ് ലോക്ക് ഡോക്കിൽ കപ്പൽ എത്തിയപ്പോഴും മഴ മാറിയിട്ടില്ല. ആദ്യ യാത്ര കാലാ പത്തർ ബീച്ചിലേക്ക്. കടലിനോടു സമാന്തരമായി വെട്ടിയുണ്ടാക്കിയനിരപ്പാർന്ന പാതയിലൂടെ യാത്ര. ഒരു വശം ആർത്തലയ്ക്കുന്ന സാഗരം, മറുവശം ആകാശം മുട്ടുന്ന ഇരുണ്ട മഴക്കാടുകൾ.
കാലാ പത്തർ എന്നു വച്ചാൽ കറുത്ത പാറകൾ എന്നർഥം. പഞ്ചാര മണലിൽ കറുത്ത പവിഴപ്പുറ്റുകളുടെ ഇഴുകിച്ചേരൽ. മോഹൻലാൽ നായകനായ കാലാപാനി സിനിമയുടെ കുറെ ഭാഗങ്ങൾ ഇവിടെയായിരുന്നു ചിത്രീകരിച്ചത്. സുഹൃത്ത് കമറുദീൻ മേടിച്ച പൊരിച്ച മീൻ രുചിച്ചുകൊണ്ടായിരുന്നു രാധാ ബീച്ചിലേക്കുള്ള യാത്ര.
ആൻഡമാൻ ദ്വീപിലെ ഗ്രാമങ്ങളും ജീവിതങ്ങളും മുന്നിൽ തെളിഞ്ഞു. വനങ്ങളോടു ചേർന്നു കൃഷിയിടങ്ങളും ഭവനങ്ങളും. ഇടതിങ്ങിയ കമുകിൻ തോട്ടങ്ങളും വാഴത്തോട്ടങ്ങളും. പുറംരാജ്യങ്ങളിൽനിന്നു പലവിധ കാരണങ്ങളാൽ വർഷങ്ങൾക്കു മുൻപ് ദ്വീപുകളിലേക്കു ചേക്കേറിയ ഒരു ജനസമൂഹം. സമ്മിശ്രമായ സാംസ്കാരിക പശ്ചാത്തലം. തദ്ദേശീയ ഗോത്രങ്ങളുടെ സാന്നിധ്യം ചില ദ്വീപുകളിൽ മാത്രമേയുള്ളൂ. രാധ ബീച്ച് തിരമാലകൾ കുറഞ്ഞ സുന്ദരമായ തീരമാണ്. കൊടും വനങ്ങൾക്കിടയിലെ കൊച്ചു കടൽത്തീരം. അലമുറയിടുന്ന തിരമാലകൾക്കിടയിൽ നീന്തിത്തുടിക്കുന്ന സന്ദർശകർ.
നീൽ ദ്വീപ്
കടുത്ത മഴ മുന്നറിയിപ്പുകൾക്കിടയിലാണ് നീൽ ദ്വീപിലേക്കുള്ള കടൽയാത്ര. കറുത്തിരുണ്ട ആകാശം കുറച്ചു നേരം ആശങ്കയുയർത്തിയെങ്കിലും മാനം പെട്ടെന്നു തെളിഞ്ഞു. ഏഴ് കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ചെറിയൊരു ദ്വീപാണ് നീൽ എന്ന ഷാഹീൻ ദ്വീപ്. വലയം ചെയ്യുന്ന പഞ്ചാര മണൽത്തീരങ്ങളും പവിഴപ്പുറ്റുകളും നീലിനെ മനോഹരിയാക്കുന്നു. നീൽ ഡോക്കിൽ വിനോദസഞ്ചാരികളെ സ്വീകരിക്കാൻ കാത്തു നിൽക്കുന്ന നാട്ടുകാരുടെ വലിയൊരു സംഘം. ചുറ്റിലും അടിത്തട്ട് തെളിഞ്ഞ ഇളം നീല ജലാശയങ്ങൾ, കണ്ടൽക്കാടുകൾ, കടൽപ്പാലം.
ഭാരത്പുർ ബീച്ചിലേക്കായിരുന്നു ആദ്യ യാത്ര. പുറത്തിറങ്ങി കുറച്ചു നടന്നപ്പോഴേക്കും മഴ പെരുമ്പറയിട്ടെത്തി. കാലാവസ്ഥ പ്രതികൂലമായതിനാൽ സന്ദർശകരുടെ എണ്ണം കുറവാണ്. വഴിയോരങ്ങളിൽ ചിപ്പികളും മാലകളും ഇളനീരും ബനിയനുകളും വിൽക്കുന്ന വീട്ടമ്മമാരുടെ മുഖങ്ങളിൽ ചെറിയൊരു മ്ലാനതയുണ്ട്.
ദ്വീപിലെ പ്രധാന വരുമാന മാർഗം ടൂറിസമാണ്. അവരുടെ പ്രതീക്ഷയ്ക്കു മേലാണ് കറുത്ത ആകാശം നിഴൽ വിരിച്ചിരിക്കുന്നത്. ഓളങ്ങൾ തീരെയില്ലാതെ വൃത്താകൃതിയിലുള്ള സുന്ദര തീരമാണ് ഭാരത്പുർ ബീച്ച്. കൊച്ചു കുഞ്ഞിനു പോലും നീന്തിത്തുടിക്കാം. അരയ്ക്കൊപ്പം വെള്ളത്തിൽ കിലോമീറ്ററുകളോളം മുന്നോട്ടു നടക്കാം. തണുപ്പും ചൂടും കലർന്ന കടൽവെള്ളം. കൂടെ വന്ന നാസറും ശ്യാംകുമാറും താജുദീനും ഒരു ചുവന്ന പന്തുമായി കടലിലേക്കോടിയിറങ്ങി.
ഇറങ്ങിപ്പോയ കടൽ
ഉച്ചയ്ക്കുശേഷം ലക്ഷ്മൺപുർ ബീച്ചിൽ എത്തുമ്പോൾ കടൽ ഏറെ ദൂരം ഉൾവലിഞ്ഞു കഴിഞ്ഞിരുന്നു. വേലിയിറക്ക സമയങ്ങളിൽ ഒരു മണിക്കൂർകൊണ്ട് കടൽ കിലോമീറ്ററുകൾ വരെ ഉൾവലിഞ്ഞ് അടിത്തട്ട് കാണുന്ന പ്രതിഭാസം ആൻഡമാനിൽ മാത്രമുള്ളതാണ്. മുന്നിൽ വെള്ളമിറങ്ങി വെളിപ്പെട്ട വിസ്തൃതമായ പവിഴപ്പുറ്റുകളുടെ പറുദീസ.
ആൻഡമാനിലെ പവിഴപ്പുറ്റുകൾക്കിടയിലെ കൗതുകങ്ങൾ കാണണമെങ്കിൽ ഒന്നുകിൽ സ്കൂബ ഡൈവിംഗ് ചെയ്ത് കടലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങണം. അല്ലെങ്കിൽ വേലിയിറക്ക സമയത്തു ലക്ഷ്മൺപുർ ബീച്ചിലേക്ക് എത്തണം. വെള്ളമിറങ്ങിയ കണ്ടൽ പോടുകളിലും ചാലുകളിലും അകപ്പെട്ട നക്ഷത്രമത്സ്യങ്ങളും നീരാളികളും വർണമത്സ്യങ്ങളും കടൽവെള്ളരിയും ഞണ്ടുകളും ആരെയും വിസ്മയിപ്പിക്കും.
ആർത്തലയ്ക്കുന്ന കടലിനരികിലൂടെ കുറച്ചു നടന്നതും പൊടുന്നനെ ഒരു പ്രകൃതി വിസ്മയം മുന്നിൽ തെളിഞ്ഞു. ഇന്ത്യയിലെ ഏക സ്വാഭാവിക കോറൽ പാലം. പഡോഗ് മരങ്ങൾ തിങ്ങിയ ഒരു ഉയർന്ന മേടിനെ ബന്ധിപ്പിച്ചു പാലം കണക്കെ രൂപപ്പെട്ട വലിയൊരു പവിഴപ്പാറ. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും കാഴ്ചയുടെ അദ്ഭുതമായി അതങ്ങനെ നിലനിൽക്കുന്നു. മടക്കയാത്രയ്ക്കു സമയമായി. കമാർട്ടയെന്നൊരു കപ്പലിലാണ് തിരികെ യാത്ര. യാത്രക്കാർ 53 പേർ മാത്രം. കൃത്യം ആറിനുതന്നെ ഞങ്ങൾ അനുഭവങ്ങളുടെ വലിയ ഭാണ്ഡക്കെട്ടുകളുമായി പോർട്ട് ബ്ലയർ തുറമുഖത്തു തിരികെയെത്തി.
കേരള പേരുകൾ
പോർട്ട്ബ്ലയറിൽനിന്നു 112 കിലോമീറ്റർ അകലെയുള്ള ബാരാടാങ്ങ് ദ്വീപിലെ ചുണ്ണാമ്പു ഗുഹകൾ ശാസ്ത്രകുതുകികളുടെ പ്രിയപ്പെട്ട ഇടമാണ്. ബാരാടാങ്ങിലെ ചുണ്ണാമ്പ് ഗുഹകൾ തേടിയായിരുന്നു പോർട്ട് ബ്ലയറിൽനിന്നുള്ള യാത്ര.
നഗരപ്രാന്തങ്ങളിൽനിന്നു പുറത്തു കടന്നതും തിരൂരിൽ എത്തി. സംശയിക്കേണ്ട, നമ്മുടെ മലപ്പുറം തിരൂർതന്നെ. പണ്ടുപണ്ട് ആൻഡമാൻ ദ്വീപിലെത്തിയ തിരൂരുകാർ വിജനമായ ദ്വീപിൽ കൂട്ടമായി ജീവിതം തുടങ്ങിയപ്പോൾ സ്ഥലത്തിനു തങ്ങളുടെ ജന്മനാടിന്റെ പേരുതന്നെ നൽകുകയായിരുന്നു.
മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, മണ്ണാർക്കാട്, നിലമ്പൂർ, വണ്ടൂർ, കാലിക്കറ്റ് തുടങ്ങി ഒട്ടേറെ കേരള പേരുകളിൽ സ്ഥലങ്ങളുണ്ട് ആൻഡമാനിൽ. മലബാർ ജുമാ മസ്ജിദ് എന്നു മലയാളത്തിൽ ബോർഡ് വച്ച നാലു നിലയുള്ള ഒരു മോസ്ക് പോർട്ട് ബ്ലയർ പട്ടണത്തിൽത്തന്നെ കണ്ടു.
ജാരവ മേഖല
കദനകഥകൾ വിളിച്ചോതി നിരത്തിനോടു ചേർന്നു സ്ഥാപിച്ച പഴയ സെമിത്തേരികൾ ഇടയ്ക്കിടെ കണ്ടു. വസൂരിയും മലമ്പനിയും കോളറയും താണ്ഡവനൃത്തം ചവിട്ടിയ കാലങ്ങളുണ്ടായിരുന്നു ആൻഡമാനിൽ. ജിർകടാങ്ങിലെത്തി. ഇനിയങ്ങോട്ട് വംശനാശം നേരിടുന്ന ജാരവ ആദിവാസി വിഭാഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയാണ്.
ആകെ 400ൽ താഴെ ജാരവ ആദിവാസികൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് കണക്ക്. ഈ മേഖലയിൽ പരിശോധന കർശനം. പെർമിറ്റ് എടുക്കണം. പോലീസ് എസ്കോർട്ട് ഉണ്ടാകും. ഫോട്ടോ എടുക്കാനോ വാഹനം വഴിയിൽ നിർത്താനോ പാടില്ല.
ജാരവ മേഖലയിലൂടെയായി യാത്ര. ചുറ്റിലും ഇരുട്ടുപിടിച്ച വനങ്ങൾ മാത്രം. ചൂരലും ചൂയിയും പഡാക്കും പനയും ഈറ്റയും ഗർജനും തുടങ്ങി വ്യത്യസ്തങ്ങളായ സസ്യജാലങ്ങളുടെ നിറവ്. തിമിർത്തു പെയ്യുന്ന മഴ. മലയിറങ്ങി വന്ന ഒരു വളവിൽ റോഡിലേക്കു നോക്കി നിൽക്കുന്ന ഒരു ജാരവ ആദിവാസി കുടുംബത്തെ കണ്ടു.
കൊച്ചു കുട്ടികളടക്കം വനത്തിൽ മഴ നനഞ്ഞങ്ങനെ നിൽക്കുന്നു. ഭക്ഷണം തേടി വലിയൊരു മരത്തിലെ വള്ളിപടർപ്പുകളിലേക്കു കയറാനുള്ള പുറപ്പാടാണ്. ആദിവാസികൾക്കു സർക്കാർ പണിതു കൊടുത്തിട്ടുള്ള കൊച്ചു ഭവനങ്ങൾ വഴിയരികിൽ കാണാം. ചിലേടത്തു ഗോത്ര വിഭാഗക്കാർക്കുള്ള ഭക്ഷണം തയാറാക്കി പനയോലകൾ കൊണ്ട് മൂടിവച്ചിരിക്കുന്നു. ആവശ്യമുള്ളപ്പോൾ എടുത്തുകൊണ്ടുപോകാൻ പാകത്തിൽ.
നിലമ്പൂരിലെ കാഴ്ച
മിഡിൽസ്ട്രെയിറ്റിൽനിന്നാണ് വലിയ ജങ്കാറിൽ ബാരാടാങ്ങ് ദ്വീപിലേക്കു കടക്കേണ്ടത്. ജങ്കാറിൽ മനുഷ്യർക്കൊപ്പം രംഗാട്ടിലേക്കും ഡിഗ്ലീപുരിലേക്കും മായാബന്ധറിലേക്കും പോകുന്ന ബസുകളും ലോറികളുമുണ്ട്. തടാകത്തിന്റെ ഇരുവശത്തും പല നിറങ്ങളിൽ കണ്ടൽ കാടുകൾ. പുഴയ്ക്കപ്പുറം ബാരാടാങ്ങ് ദ്വീപിലെ നിലമ്പൂർ.
പേരു കണ്ടപ്പോൾ മനസിൽ ഒരു കുളിർമ. 1922ൽ ടിഎസ്എസ് മഹാരാജ എന്ന കപ്പലിലാണ് ഏറനാടിലെ ശൂരന്മാരായ സമരസേനാനികളെ സെല്ലുലാർ ജയിലിലേക്കു കൊണ്ടുവന്നത്. തടവറക്കാലം കഴിഞ്ഞപ്പോൾ അവരിൽ പലരും കുടുംബസമേതം ആൻഡമാൻ ദ്വീപുകളിൽ പലേടത്തായി താമസം തുടങ്ങി.
വളരുന്ന ചുണ്ണാന്പ് പാറകൾ
നിലമ്പൂരിൽനിന്നു സ്പീഡ് ബോട്ടിൽ 12 കിലോമീറ്റർ കണ്ടൽ കാടുകളിലൂടെ സഞ്ചരിച്ചാൽ ചുണ്ണാമ്പ് ഗുഹകളിലെത്തും. കടവിലിറങ്ങി വനത്തിലൂടെ രണ്ടു കിലോമീറ്റർ നടന്നാൽ ചുണ്ണാമ്പ് ഗുഹകളായി. ചെളിപ്പാതയിലൂടെ നടത്തം ദുഷ്കരം. എങ്കിലും കൊടുംവനം രസിപ്പിക്കും. പലരും തെന്നി വീഴുന്നുണ്ടായിരുന്നു. വലിയൊരു ഗുഹാമുഖം കണ്ടു തുടങ്ങി. മഴവെള്ളം കിനിഞ്ഞിറങ്ങി മണ്ണിലെ ലവണങ്ങളെ അലിയിപ്പിച്ചാണ് ചുണ്ണാമ്പ് പാറകളുണ്ടാകുന്നത്.
വളർന്നുകൊണ്ടിരിക്കുന്ന ചുണ്ണാമ്പ് പാറകൾ രണ്ടു തരമുണ്ട്. നിലത്തുനിന്നു മുകളിലേക്കു വളരുന്നവയും സ്സീലിംഗിൽനിന്ന് ഇറ്റിറ്റു വീഴുന്ന ജലകണികകൾക്കൊപ്പം കോണാകൃതിയിൽ താഴേക്കു വളരുന്നവയും. മുകൾ തട്ടിൽനിന്നു തോന്നിയ ദിശയിൽ കുറ്റിച്ചെടികളെ പോലെ വളർന്നു പടരുന്ന മറ്റൊരു വിഭാഗത്തെയും കാണാം.
ആദ്യത്തെ നാല്പത് മീറ്റർ ദൂരം സൂര്യപ്രകാശം ഏല്ക്കുന്നതിനാൽ ചുണ്ണാമ്പു പാറകൾക്കു കറുപ്പ് നിറമാണ്. ബാക്കിയുള്ള അറുപതു മീറ്റർ വെളുത്ത പാറകൾ. ആനയുടെയും പുലിയുടെയും മറ്റും പലവിധ രൂപങ്ങളിലുള്ളവ. ചിലേടങ്ങളിൽ മേൽത്തട്ട് തകർന്നുണ്ടായ ദ്വാരത്തിലൂടെ മലമുകളിലെ വൃക്ഷലതാദികളുടെ പച്ചപ്പ്.
സാബു മഞ്ഞളി