കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
Sunday, October 29, 2023 1:01 AM IST
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാർത്തോമാ പൈതൃകമുള്ള വിവിധ സഭാവിശ്വാസികളും നേതൃത്വവും അത്യധികം ആഗ്രഹിച്ചിരുന്നതിന്റെ ഫലമാണ് 1984ൽ കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ നിലയ്ക്കലിൽ സെന്റ് തോമസ് പള്ളിയും എക്യുമെനിക്കൽ ട്രസ്റ്റും സ്ഥാപിതമായത്.
നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയും എക്യുമെനിക്കൽ ട്രസ്റ്റും റൂബി ജൂബിലിയിലേക്ക്. ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹയുടെ പാദസ്പർശനത്താൽ അനുഗൃഹീതമായ നിലയ്ക്കലിന് ഇതു ധന്യവേള. വിവിധ ദേശങ്ങളിൽ സുവിശേഷം അറിയിച്ച ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ മാർ തോമാശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളിലൊന്നാണ് നിലയ്ക്കൽ അഥവാ ചായൽ.
നിലയ്ക്കൽ പ്രദേശം
പത്തനംതിട്ട ജില്ലയിലെ ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ചിൽപ്പെടുന്ന നിലയ്ക്കൽ പ്രദേശം അക്കാലത്ത് വികസിതമായൊരു വാണിജ്യനഗരവും വിപണനകേന്ദ്രവുമായിരുന്നു. പലവ്യഞ്ജനങ്ങളും സുഗന്ധദ്രവ്യങ്ങളും മറ്റ് ഉത്പന്നങ്ങളും നിലയ്ക്കലിൽനിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടി, കാവേരി പട്ടണം, കേരളത്തിലെ പുരാതന തുറമുഖങ്ങളായ കൊല്ലം, പുറക്കാട്, നിരണം, കടപ്ര തുടങ്ങിയ കേന്ദ്രങ്ങളിലെത്തിച്ചു വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. വേന്പനാട്ട് കായലിൽനിന്നു പന്പാനദി അതിരിടുന്ന നിലയ്ക്കലേക്ക് ജലപാതയുണ്ടായിരുന്നുവെന്നാണ് ചരിത്രം.
പലായനത്തിന്റെ കഥ
പതിന്നാലാം നൂറ്റാണ്ടു വരെ സജീവ ജനവാസമേഖലയും വാണിജ്യകേന്ദ്രവുമായിരുന്ന നിലയ്ക്കലിൽ കൊള്ളസംഘങ്ങളുടെ ആക്രമണങ്ങളും പകർച്ചവ്യാധികളുമുണ്ടായതോടെ ഇവിടെ അധിവസിച്ചിരുന്ന ക്രൈസ്തവർ മധ്യകേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയും അവിടങ്ങളിൽ ദേവാലയങ്ങൾ പണിത് ക്രൈസ്തവസമൂഹങ്ങളായി വളരുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി, അരുവിത്തുറ, കടന്പനാട്, ചെങ്ങന്നൂർ, കോഴഞ്ചേരി, തുന്പമണ്, പൂഞ്ഞാർ, പുതുപ്പള്ളി, വടശേരിക്കര, എരുമേലി, റാന്നി തുടങ്ങിയ പ്രദേശങ്ങളിലേക്കായിരുന്നു നിലയ്ക്കലിൽനിന്നുള്ള അക്കാലത്തെ പലായനം. നിലയ്ക്കൽ വനമേഖലയിൽ ഇക്കാലത്തും പുരാതന നിർമിതികളുടെയും കല്ലറകളുടെയും ശേഷിപ്പുകൾ അവശേഷിക്കുന്നുണ്ട്. ഈ പാരന്പര്യത്തെ സ്ഥിരീകരിക്കാൻ ഈ പ്രദേശത്തു പഠനങ്ങളും പുരാവസ്തുവകുപ്പിന്റെ ഗവേഷണങ്ങളും നടത്തേണ്ടിയിരിക്കുന്നു. വിവിധ ആദിവാസി വിഭാഗങ്ങൾ ഇക്കാലത്തും ഈ വനാന്തരങ്ങളിൽ പാർക്കുന്നുണ്ട്.
എക്യുമെനിക്കൽ പള്ളി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാർത്തോമാ പൈതൃകമുള്ള വിവിധ സഭാവിശ്വാസികളും നേതൃത്വവും അത്യധികം ആഗ്രഹിച്ചിരുന്നതിന്റെ ഫലമാണ് 1984ൽ കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ നിലയ്ക്കലിൽ സെന്റ് തോമസ് പള്ളിയും എക്യുമെനിക്കൽ ട്രസ്റ്റും സ്ഥാപിതമായത്.
വിവിധ എപ്പിസ്കോപ്പൽ സഭാവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള ആരാധനാലയമാണ് നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി. ആങ്ങമൂഴിക്കും പന്പയ്ക്കും തുലാപ്പള്ളിക്കും സമീപമുള്ള ഈ ആരാധനാലയത്തെ ലോകത്തിലെതന്നെ ഏക എക്യുമെനിക്കൽ പള്ളി എന്നു വിശേഷിപ്പിക്കാം. പന്പയാറിന്റെ ജലസമൃദ്ധിയും പന്പയുടെ കാനനഭംഗിയും പ്രത്യേകമായൊരു ആത്മീയ ചൈതന്യം പകർന്നുനൽകുന്നു.
എല്ലാവരും ഒന്നാകാൻ
1983 മേയ് 19ന് നിലയ്ക്കലിൽ മാർ തോമാശ്ലീഹയുടെ നാമത്തിൽ പള്ളി പണിയാൻ സംസ്ഥാന സർക്കാർ അനുവദിച്ചു. പന്പ വനമേഖലയിലെ ആങ്ങാമൂഴിയിൽ സെപ്റ്റംബർ 23ന് അഞ്ച് എക്കർ 45 സെന്റ് സ്ഥലം അനുയോജ്യമായ സ്ഥലം നിശ്ചയിക്കുകയും ചെയ്തു.
കേരളത്തിലെ കത്തോലിക്കാ സഭ (സീറോ മലബാർ സഭ, ലത്തീൻ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, ക്നാനായ കോട്ടയം അതിരൂപത), മലങ്കര ഓർത്തഡോക്സ്, മലങ്കര യാക്കോബായ, ക്നാനായ യാക്കോബായ, മാർത്തോമ, സിഎസ്ഐ എന്നീ ഒൻപതു സഭകളുടെ കൂട്ടായ്മയിൽ സ്ഥാപിതമായ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റും എക്യുമെനിക്കൽ പള്ളിയും ആഗോളസഭാ എക്യുമെനിസത്തിന് എക്കാലത്തും മാതൃകയാണ്. 1984ൽ നിർമിതമായ പള്ളി 2020ൽ നവീകരിച്ചു. എല്ലാവരും ഒന്നായിത്തീരണം (യോഹ 17:21) എന്നതാണ് ഈ സഭാ സഹോദര്യ കൂട്ടായ്മയുടെ ലക്ഷ്യം.
നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി പദവികൾ രണ്ടു വർഷം ചുമതലയിൽ വിവിധ സഭകളിലെ ബിഷപ്പുമാർ മാറിമാറി നിർവഹിക്കുന്നു. നിലവിൽ പ്രസിഡന്റായി ഡോ. തെയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയും വൈസ് പ്രസിഡന്റായി ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസും സെക്രട്ടറിയായി റവ.ഡോ. സാബു കോശി ചെറിയാനും ചുമതല വഹിക്കുന്നു. ഏബ്രഹാം ഇട്ടിച്ചെറിയയാണ് ട്രഷറർ. ഫാ.ബാബു മൈക്കിൾ ഒഐസിയാണ് അഡ്മിനിസ്ട്രേറ്റർ.
ഉദാരമതികളുടെ സഹായത്തോടെ ഒൻപതു സഭകൾ ചേർന്നു നിർമിച്ചതാണ് നിലയ്ക്കൽ സെന്റ് തോമസ് പള്ളി. വിവിധ സഭാംഗങ്ങളുടെ പൊതു തീർഥാടനകേന്ദ്രവുമാണ് പന്പയുടെ ഹരിതാവരണത്തിനുള്ളിൽ നിർമിതമായ ഈ പള്ളി. ക്രിസ്തുവിശ്വാസം പകർന്നുതന്ന പൂർവപിതാവിനെയും സഭാപാരന്പര്യത്തെയും അനുസ്മരിപ്പിക്കും വിധമാണ് ഇവിടത്തെ നിർമിതികൾ. മാർതോമ്മാ കൽക്കുരിശും മറ്റ് നിർമിതികളും ഭാരത സഭാ പാരന്പര്യത്തിനു മകുടം ചാർത്തുന്നു. ജൂലൈ മൂന്നിന് മാർത്തോമാശ്ലീഹയുടെ ദുക്റാന തിരുനാൾ ദിവസം ഒട്ടേറെ തീർഥാടകർ ഇവിടെ സന്ദർശനം നടത്തിവരുന്നു.
പള്ളിയോടു ചേന്നു കോണ്ഫറൻസുകൾക്കും ധ്യാനത്തിനും ക്യാന്പുകൾക്കും അനുയോജ്യമായ ഡയലോഗ് സെന്ററും ഹാളുകളും മുറികളും ഡോർമറ്ററികളും മെസ് ഹാളും ഉൾപ്പെടെ ഇരുന്നൂറു പേർക്കു താമസ സൗകര്യവുമുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് ക്വാറന്റൈൻ സെന്ററായും ഈ മന്ദിരങ്ങൾ വിട്ടുകൊടുത്തിരുന്നു. ഇന്നു രണ്ടിനു നിലയ്ക്കൽ പള്ളിയിൽ നടക്കുന്ന റൂബി ജൂബിലി ഉദ്ഘാടനത്തിലും പ്രാർഥനാ സമ്മേളനത്തിലും മതമേലധ്യക്ഷന്മാരും അല്മായ പ്രമുഖരും വിശ്വാസികളും ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുക്കും.
റെജി ജോസഫ്