കരളിന്റെ കരൾ
Sunday, October 15, 2023 12:59 AM IST
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവൾ മിലി. ഏതാനും വർഷം കഴിഞ്ഞപ്പോൾ മിലിക്കും കരൾദാനം നടത്തേണ്ടി വന്നു. അതും പിതാവിന്. അങ്ങനെ കരൾദാനം ചെയ്ത അപൂർവ ദന്പതികളായ റോയിയും മിലിയും അതുകൊണ്ടും നിർത്തിയില്ല...
ഇഷ്ടം കൂടുന്പോൾ കരളേയെന്നും കരളിന്റെ കരളേയെന്നുമൊക്കെ വിളിക്കുന്നവരെയും പാടുന്നവരെയുമൊക്കെ കഥയിലും സിനിമയിലുമൊക്കെ കണ്ടിട്ടുണ്ടാകും. എന്നാൽ, അക്ഷരാർഥത്തിൽത്തന്നെ കരളിന്റെ കരളേയെന്നു മക്കളെ വിളിക്കാൻ സാധിക്കുന്ന രണ്ടു പേർ ഇവിടുണ്ട്. ചന്പക്കുളത്തുനിന്നു നിലന്പൂരിൽ എത്തി താമസിക്കുന്ന ടോം സി. കവലയ്ക്കനും പാലക്കാട് കാഞ്ഞിരപ്പുഴ ടോണി തോമസും.
രണ്ടു പേരെയും മരണത്തിന്റെ വക്കിൽനിന്നു ജീവിതത്തിലേക്കു തിരികെ നടത്തിയത് മക്കളാണ്. മക്കൾ കരളിന്റെ കരളായപ്പോൾ തൊട്ടടുത്തുവന്ന് ഒന്നു പേടിപ്പിച്ചുനോക്കിയ മരണം തല താഴ്ത്തി മടങ്ങി. ഒരു സിനിമാക്കഥപോലെ ഉദ്വേഗനിമിഷങ്ങളും ട്വിസ്റ്റുകളുമൊക്കെയുള്ള ഈ ജീവിതകഥ പ്രചോദനത്തിന്റെ നിറമുള്ള കൂട്ടാണ്.
അപ്രതീക്ഷിത നടുക്കം
കുട്ടനാട്ടിലെ ചന്പക്കുളത്തുനിന്നു മലപ്പുറത്തെ നിലന്പൂരിൽ താമസമാക്കിയ ടോം സി. കവലയ്ക്കൻ ചില ശാരീരിക അസ്വസ്ഥതകൾ മൂലം 2009ൽ ആശുപത്രിയിലെത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ഡോക്ടർമാർ പറഞ്ഞത്. ഗുരുതരമായ കരൾരോഗം ബാധിച്ചിരിക്കുന്നു. നോക്കിനിൽക്കെ എന്ന മട്ടിൽ ആരോഗ്യസ്ഥിതി വഷളാവുകയാണ്.
ഇനി മരുന്നുകൊണ്ടു കാര്യമില്ല, കരൾ മാറ്റിവയ്ക്കുക മാത്രമാണ് പോംവഴിയെന്നു ഡോക്ടർമാർ നിർദേശിച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അന്നു കേരളത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാൽ ടോമിനെ കുടുംബം ഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിനായി കരൾ പകുത്തുനൽകാൻ ഭാര്യ കുഞ്ഞുമോൾ തയാറെടുത്തു.
പരിശോധനകൾ ദ്രുതഗതിയിൽ മുന്നോട്ട്. എന്നാൽ, അവസാന നിമിഷം കുഞ്ഞുമോളുടെ കരൾ ടോമിനു പിടിപ്പിക്കാനാവില്ല എന്ന മെഡിക്കൽ റിപ്പോർട്ട് വന്നു. ഇതോടെ എല്ലാ മുഖങ്ങളിലും ഒരു നിമിഷം നിരാശ പടർന്നു.
പതറാതെ ഒരാൾ
എന്നാൽ, ഇതു കേട്ടിട്ടും ആശങ്ക തോന്നാത്ത ഒരാൾ അടുത്തുണ്ടായിരുന്നു. ബംഗളൂരുവിൽ എംബിഎ പഠനം നടത്തിക്കൊണ്ടിരുന്ന മകൻ റോയി. ഞാനുണ്ടല്ലോ അരികിൽ... പിന്നെ എന്തിനാണ് സങ്കടമെന്ന് ആ മുഖം എല്ലാവരോടും വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ, ടോമിനു പോലും അതു വേണോയെന്ന ചിന്തയായിരുന്നു.
കാരണം, വെറും 21 വയസുള്ള പയ്യനാണ്. നാട്ടിലാണെങ്കിൽ അവയവദാനത്തെക്കുറിച്ച് അത്രയൊന്നും അവബോധം ആളുകൾക്ക് ഇല്ലതാനും. കരൾ മുറിച്ചുകൊടുത്ത പയ്യനാണെന്നു പറഞ്ഞാൽ പിന്നെ അവന്റെ ഭാവി എന്താകുമെന്ന ആശങ്കയാണ് കുടുംബത്തെ അലട്ടിയത്. എന്നാൽ, റോയിക്ക് അത്തരം ആശങ്കകൾ ഒന്നുമില്ലായിരുന്നു.
ജീവിതത്തിന്റെ എല്ലാ നേട്ടങ്ങൾക്കുമപ്പുറം തന്റെ പിതാവിന്റെ ജീവനാണ് വലുതെന്ന് അവൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. റോയിച്ചന്റെ കരൾ ടോമിന്റെകൂടെ കരളായി മാറി. രണ്ടുപേരും സുഖമായി സാധാരണ ജീവിതത്തിലേക്കു മടങ്ങി.
എല്ലാമറിഞ്ഞൊരു പെൺകുട്ടി
ഏതാനും വർഷം കഴിഞ്ഞപ്പോൾ റോയിക്കു വിവാഹാലോചനകൾ തുടങ്ങി. താൻ കരൾ ദാനം ചെയ്ത ആളാണെന്നത് അടക്കമുള്ള കാര്യങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ ജീവിതത്തിലേക്കു വരുന്ന പെൺകുട്ടിയെ മതിയെന്നു റോയി തീരുമാനിച്ചിരുന്നു. അങ്ങനെ 2015ൽ പാലക്കാട്ടുകാരി മിലിയുടെ വിവാഹാലോചനയെത്തി.
റോയിയുടെ കുടുംബം എല്ലാ കാര്യങ്ങളും അവരെ അറിയിച്ചു. വിവാഹവുമായി മുന്നോട്ടു പോകാനായിരുന്നു മിലിയുടെയും മാതാപിതാക്കളായ ടോണി തോമസ്- ജാൻസി എന്നിവരുടെയും തീരുമാനം. പിതാവിനു കരൾ ദാനം ചെയ്ത മകന്റെ നന്മ തന്റെ മകളുടെ ജീവിതത്തിനും സന്തോഷം പകരുമെന്ന് ടോണി തോമസിന് ഉറപ്പായിരുന്നു.
കരൾ മുറിച്ചുനൽകിയയാളെ വിവാഹം കഴിക്കുന്നത് ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമാകുമെന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും ടോണിയുടെ മൂന്നു പെൺമക്കളിൽ രണ്ടാമത്തവൾ മിലി മിന്നു ചാർത്താനായി റോയിക്കു മുന്നിൽ തല കുനിച്ചു. എന്നാൽ, ജീവിതത്തിന്റെ ട്വിസ്റ്റുകൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
തനിയാവർത്തനം
സന്തോഷകരമായി ജീവിതം മുന്നോട്ടുനീങ്ങുന്നതിനിടയിൽ 2021ൽ മിലിയുടെ പിതാവ് ടോണി തോമസിന് ചില ആരോഗ്യപ്രശ്നങ്ങൾ. ആദ്യം കാര്യമാക്കിയില്ലെങ്കിലും അസ്വസ്ഥതകൾ വർധിച്ചതോടെ കൂടുതൽ പരിശോധനകൾ. രണ്ടു കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തി ഡോക്ടർമാർ ഒരു കാര്യം വെളിപ്പെടുത്തി. ടോണി തോമസിന് കരളിൽ അർബുദം ബാധിച്ചിരിക്കുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കാതെ ഇനി മുന്നോട്ടുപോകാനാവില്ല. താൻ ജീവിതത്തിൽ നേരിട്ട അതേ പ്രതിസന്ധിയുടെ നിമിഷങ്ങൾ തന്റെ ഭാര്യയുടെ ജീവിതത്തിലും ആവർത്തിക്കുന്നതു കണ്ട് റോയിയും അന്പരപ്പിലായി.
എന്തിനു പേടിക്കണം?
പിതാവിനു കരൾ മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ പറഞ്ഞ അതേ നിമിഷം മിലി അതു തീരുമാനിച്ചുകഴിഞ്ഞിരുന്നു. കുട്ടികളുടെ കാര്യമൊക്കെ പറഞ്ഞു പലരും നിരുത്സാഹപ്പെടുത്താൻ നോക്കിയെങ്കിലും കരൾ ദാനം ചെയ്ത ഒരാൾ കട്ടയ്ക്കു കൂടെയുള്ളപ്പോൾ പിന്നെ എന്തിനു പേടിക്കണം? നാലും ഒന്നും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയായ മിലി 2021ൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പിതാവ് ടോണി തോമസിനു കരൾ പകുത്തുനൽകി.
അങ്ങനെ ഇരുവരും പിതാവിനു കരൾ പകുത്തു നൽകിയ അപൂർവ ദന്പതികളായി. മകൾ തിരികെ നൽകിയ ജീവിതവുമായി ഇപ്പോൾ 62-ാം വയസിൽ ടോണി എല്ലാക്കാര്യങ്ങളിലും സജീവമായിരിക്കുന്നു. ഈ കരൾകഥ ഇവിടെയും അവസാനിക്കുന്നില്ല.
കായികമേളയിലെ കരളുറപ്പ്
റോയി(36)യുടെയും മിലി(33)യുടെയും കരൾദാനത്തിന്റെ സ്നേഹഗാഥ പിന്നീട് അവരുടെ സൗഭാഗ്യത്തിന്റെ വിജയഗാഥയായി കാലം കാത്തുവച്ചു. അവയവദാതാക്കളുടെ കൂട്ടായ്മയിലും പരിപാടികളിലും സജീവമായ ഈ ദന്പതികൾ ഈ വർഷം ഒാസ്ട്രേലിയയിലെ പെർത്തിൽ പുതിയ ചരിത്രമെഴുതി. പെർത്തിൽ ഈ വർഷം ലോകത്തിന്റെ ശ്രദ്ധ നേടിയ ഒരു കായിക മാമാങ്കം അരങ്ങേറി.
അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കും അവയവദാതാക്കൾക്കുമായി നടന്ന ലോകത്തിലെ ഏറ്റവും വലിയ കായികമേള. 64 രാജ്യങ്ങളിൽനിന്ന് 1200ൽ ഏറെ പേരാണ് മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയത്. റോയിയും മിലിയും ഇതിൽ പങ്കെടുക്കാനെത്തി എന്നു മാത്രമല്ല, 100 മീറ്റർ ഒാട്ടം, ലോംഗ് ജംപ്, അഞ്ചു കിലോമീറ്റർ ഒാട്ടം, അഞ്ചു കിലോമീറ്റർ റേസ് വാക്ക് എന്നിവയിൽ മെഡലുകളുമായാണ് ഈ ദന്പതികൾ മടങ്ങിയത്.
35 വയസിൽ താഴെയുള്ള അവയവദാതാക്കളായ ദന്പതികൾ എന്ന നിലയിൽ പ്രത്യേക പരിഗണനയാണ് ഈ കായികമാമാങ്കത്തിൽ ഇവർക്കു ലഭിച്ചത്. രമ്യ, റോണി എന്നിവരാണ് റോയിയുടെ സഹോദരങ്ങൾ. ലിന്റു, നയനു എന്നിവർ മിലിയുടെ സഹോദരങ്ങളാണ്. അഞ്ചു വയസുകാരൻ ഏദനും മൂന്നു വയസുകാരൻ ഒാസ്റ്റിനുമാണ് ദന്പതികളുടെ മക്കൾ.
അദ്ഭുതപ്പെടുത്തിയ കഥ
പല രാജ്യങ്ങളും മറ്റു രാജ്യങ്ങളിലേക്കു പോലും അവയവങ്ങൾ ദാനം ചെയ്യുന്നുണ്ട്. അമേരിക്കയിൽനിന്നു പെർത്തിലെ കായികമേളയിൽ എത്തിയ ഒരാളുടെ കഥ തങ്ങളെയും അദ്ഭുതപ്പെടുത്തിയെന്ന് ഇവർ പറയുന്നു. ഈ താരം ആദ്യം ഒരാൾക്കു കിഡ്നി ദാനം ചെയ്തു. ഏതാനും വർഷം കഴിഞ്ഞപ്പോൾ തന്റെ കരളിന്റെ ഒരു ഭാഗവും പകുത്തുനൽകി. ആർക്കുവേണ്ടിയാണ് അവയവങ്ങൾ നല്കിയതെന്നുപോലും ഇന്നും അദ്ദേഹത്തിന് അറിയില്ല.
നമ്മുടെ നാട്ടിൽ ചിന്തിക്കാനാവാത്ത കാര്യങ്ങളാണ് ഇതൊക്കെ. കണക്കുകളിൽ അവയവദാതാക്കളിൽ ഏറെയും സ്ത്രീകളാണ്. 2009ൽ റോയി കരൾദാനം നടത്തുന്പോൾ മെഡിക്കൽ പരിശോധനകളേക്കാൾ നിയമപരമായ നൂലാമാലകളായിരുന്നു ഏറെയും. മകൻ തന്നെയാണോ ദാനം നടത്തുന്നതെന്നുറപ്പിക്കാൻ ഡിഎൻഎ ടെസ്റ്റിനു വരെ അന്നു വിധേയനാകേണ്ടിവന്നെന്നു റോയി പറയുന്നു.
കച്ചവടവും കള്ളനാണയങ്ങളും എല്ലായിടത്തുമെന്നതുപോലെ ഈ രംഗത്ത് ഉണ്ടായേക്കാം. എന്നാൽ, അതിന്റെ പേരിൽ അവയവങ്ങൾ ലഭിക്കാതെ ആളുകൾ പാതിവഴിയിൽ ജീവൻ നഷ്ടമായി കടന്നുപോകേണ്ടിവരുന്നത് വലിയ ദുരന്തംതന്നെയാണ്.
ഫാ. ഡേവിസ് ചിറമ്മലിനെപ്പോലുള്ളവർ ഈ രംഗത്തു വലിയ അവബോധം സൃഷ്ടിക്കാൻ സജീവമായുണ്ട്. മാധ്യമങ്ങളും വലിയ പ്രചാരണം അവയവദാനത്തിനു നൽകുന്നു. അനാവശ്യ വിവാദങ്ങളും നൂലാമാലകളുമൊഴിവാക്കി അവയവദാനത്തിനു മികച്ച സാഹചര്യമൊരുക്കാനുള്ള കടമ സർക്കാരിനും സമൂഹത്തിനുമുണ്ട്.
കിഡ്നിയും കരളും നൽകിയയാൾ!
അവയവദാനത്തിന്റെ പ്രാധാന്യവും അതു പകരുന്ന നന്മയുടെ സന്ദേശവുമൊക്കെ കുറേക്കാലമായി നമ്മുടെ നാട്ടിൽ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഇനിയും വേണ്ടത്ര ആളുകൾ അതിലേക്ക് സന്നദ്ധരായി എത്തിയിട്ടില്ല.
അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരാവാൻ ദാതാക്കളെ കാത്ത് നിരവധി പേർ മൃതസഞ്ജീവനി അടക്കമുള്ള സർക്കാർ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നുണ്ടെങ്കിലും സമീപകാലത്ത് അവയവദാനം സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ വീണ്ടും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പേടി, തെറ്റിദ്ധാരണ, അവബോധത്തിന്റെ കുറവ്, മതപരമായ കാരണങ്ങൾ ഇവയൊക്കെ ആളുകളെ അവയവദാനത്തിൽനിന്ന് അകറ്റിനിർത്തുന്നുണ്ട്.
അതേസമയം, ഒാസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ അവയവദാനം സംബന്ധിച്ച അവബോധം വളരെ ശക്തമാണെന്ന് ഇപ്പോൾ നിലന്പൂരിൽ താമസിക്കുന്ന ദന്പതികൾ പറയുന്നു.
ആന്റണി ആറിൽചിറ