ആ നീലക്കരയുള്ള സാരി!
Saturday, October 7, 2023 10:21 PM IST
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് നടി ജാക്വിലിൻ ഫ്രിക്ഷി കോര്നാസ് മുംബൈയുടെ തെരുവുകളിലൂടെ കടന്നുപോകുന്പോൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇത് ഇങ്ങനെയൊരു അദ്ഭുതമായി വളരുമെന്ന്. ബോളിവുഡ് സ്റ്റുഡിയോയിലേക്കുള്ള ആ യാത്രയ്ക്കിടയിൽ കുറെ തെരുവു കുട്ടികൾ അവളുടെ കാറിൽ തട്ടി എന്തെങ്കിലും തരണമെന്നു യാചിച്ച ആ നിമിഷം അവളുടെ ജീവിതത്തിന്റെ വഴിത്തിരിവായി മാറുകയായിരുന്നു.
ആ തെരുവു കുട്ടികളുടെ ദൈന്യത അവളെ വല്ലാതെ ഉലച്ചു. താൻ കാണാൻ ചെന്ന സ്റ്റുഡിയോയുടെ മുന്നിലുണ്ടായിരുന്ന മദർ തെരേസയുടെ ചിത്രം കൂടി കണ്ടതോടെ അവൾ ചിലതെല്ലാം മനസിൽ ഉറപ്പിക്കുകയായിരുന്നു. അതു വളർന്നു ജീവകാരുണ്യപ്രവർത്തനങ്ങളും അതുവഴി മദർ തെരേസയുടെ സ്നേഹവും കരുണയും അനാവരണം ചെയ്യുന്ന ആഗോള സിനിമയിലുമെത്തി. അതാണ് ഇപ്പോൾ തരംഗമായി മാറുന്ന മദർ തെരേസ ആൻഡ് മി.
അമേരിക്കയിൽ മികച്ച പ്രതികരണം
വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള ചലച്ചിത്രം "മദര്‍ തെരേസ ആന്‍ഡ് മീ'' അമേരിക്കയിൽ ചർച്ചയായതിനു പിന്നാലെ ലോകമെങ്ങും തരംഗമാകാനൊരുങ്ങുന്നു. കഴിഞ്ഞ അഞ്ചിന് അമേരിക്കയിലെ എണ്ണൂറോളം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിനു വന്‍ സ്വീകാര്യതയും പ്രേക്ഷകപ്രശംസയുമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ വരുംദിവസങ്ങളില്‍ കൂടുതല്‍ ലോകഭാഷകളിലേക്കു മൊഴിമാറ്റം നടത്തപ്പെടും. ഇന്ത്യയില്‍ ഈ മാസം 14ന് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
കവിതയുടെ ജീവിതം
മദര്‍ തെരേസയുടെ ജീവിതം പകർന്ന സ്നേഹത്തിന്റെയും ദയയുടെയും കഥയാണ് രണ്ടു മണിക്കൂറും 21 മിനിറ്റും നീണ്ടുനില്‍ക്കുന്ന സിനിമ. ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജ കവിത എന്ന യുവതിയുടെ ആത്മസംഘര്‍ഷം നിറഞ്ഞ ജീവിതത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്.
ഒടുവില്‍ അവള് വീട്ടുജോലിക്കാരി വഴി കോല്‍ക്കത്തയിലെ പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച വിശുദ്ധ മദര്‍ തെരേസയുടെ ജീവിതത്തെക്കുറിച്ച് അറിയുന്നതും അത് അവളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജീവന്റെ വില
ലണ്ടനിലായിരിക്കേ ആണ്‍സുഹൃത്തില്‍നിന്ന് അവിഹിത ഗര്‍ഭം ധരിച്ച കവിത ഗർഭഛിദ്രം നടത്തണമെന്ന ചിന്തയോടെ മാതൃരാജ്യമായ ഇന്ത്യയിലെത്തി. അവസാനം കോല്‍ക്കത്തയില്‍ മദര്‍ തെരേസയുടെ ജീവിതത്തില്‍ ആകൃഷ്ടയായി ഉദരത്തിലെ ജീവനെ നഷ്പ്പെടുത്താതെ ജീവന്റെ മഹത്വം അവൾ തിരിച്ചറിയുന്നു.
സ്വിസ് നടി ജാക്വിലിന് ഫ്രിക്ഷി കോര്നാസിന്റെ നിരന്തര ശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലംകൂടിയാണ് ഈ ചിത്രം. സ്വിസ്- ഇന്ത്യന്‍ ചലച്ചിത്രപ്രവര്ത്തകന് കമാല്‍ മുസാലെയാണു ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
മദര്‍ തെരേസയായി ജാക്വിലിന് ഫ്രിക്ഷി കൊര്നാസും കവിതയായി ബ്രിട്ടീഷ് നടി ബനിത സന്ധുവും വേഷമിടുന്നു. ഹീര്‍ കൗര്‍, ദീപ്തി നവാല്‍, വിക്രം കൊച്ചാര്‍, ഷൗബു കപൂര്‍, കെസിയ ബുറോസ്, കെവിന് മെയ്ന്‍സ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
തിയറി കാഗിനോട്ടാണു ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഴിഞ്ഞ മാസം അഞ്ചിന് (അഗതികള്‍ക്കുവേണ്ടി ജീവിച്ച മദര്‍ തെരേസയുടെ സ്മരണയ്ക്കായി ചരമദിനമായ സെപ്റ്റംബര്‍ അഞ്ച് യുഎന്‍ ലോക അഗതിദിനമായി ആചരിക്കുന്ന ദിവസം) ചിത്രത്തിന്റെ പ്രീമിയര്‍ റിലീസിംഗ് ന്യൂയോര്‍ക്കില്‍ നടന്നപ്പോള്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ജാക്വിലിൻ ഉലയുന്നു
ചിത്രത്തില്‍ മദര്‍ തെരേസയായി അഭിനയിക്കുന്ന സ്വിസ് നടി ജാക്വിലിന് ഫ്രിക്ഷി കോര്നാസിന്റെ മുംബൈ യാത്രയാണ് ഈ സിനിമയുടെ പിറവിക്കു കാരണമായത്.
14 വര്‍ഷം മുമ്പ് ആയിരുന്നു ആ യാത്ര. മുംബൈയിലെ ബോളിവുഡ് സ്റ്റുഡിയോ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജാക്വിലിനും ഭര്‍ത്താവ് റിച്ചാര്‍ഡും. കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോൾ ഒരു സംഘം തെരുവു കുട്ടികള്‍ കാറിനടുത്തെത്തി ചില്ലില്‍ തട്ടി സഹായം യാചിച്ചു.
ജീവിതത്തില്‍ ആദ്യമായിട്ടാണു ജാക്വിലിന് തെരുവു കുട്ടികളെ കാണുന്നത്. ഇത് അവരുടെ മനസിനെ വല്ലാതെ അലട്ടി. ഒന്നുകില്‍ കുട്ടികള്‍ക്കായി എന്തെങ്കിലും സഹായം ചെയ്യുക അല്ലെങ്കില്‍ അവരെ അവഗണിക്കുക എന്നതാണു തന്റെ മുന്നിലുള്ള വഴികളെന്ന് അവർ തിരിച്ചറിഞ്ഞു. എന്തെങ്കിലും ചെയ്യുക അതായിരുന്നു ജാക്വിലിന്റെ തീരുമാനം.
ഫൗണ്ടേഷനു തുടക്കം
ബോളിവുഡ് സ്റ്റുഡിയോയുടെ പ്രവേശന കവാടത്തില്‍ മദര്‍ തെരേസയുടെ ഒരു പെയന്റിംഗ് തൂങ്ങിക്കിടക്കുന്നതു ജാക്വിലിന്റെ ശ്രദ്ധയില്‍പ്പെട്ടു. മദര്‍ തെരേസയെക്കുറിച്ച് ഒരു സിനിമയെടുക്കണമെന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നു സ്റ്റുഡിയോയിലെ നിര്‍മാതാവിനോടു ചോദിച്ചെങ്കിലും മൗനമായിരുന്നു മറുപടി.
ഇതോടെ മദര്‍ തെരേസയെക്കുറിച്ചും കോല്‍ക്കത്തയിലെ തെരുവുകളില്‍ അവര്‍ ചെയ്ത പുണ്യപ്രവൃത്തികളെക്കുറിച്ചും സിനിമ ചെയ്യണമെന്ന ചിന്ത ശക്തമായി. ഇതിനായി ഒരു നിക്ഷേപകനെ ബോളിവുഡില്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ജാക്വിലിനും ഭര്‍ത്താവ് റിച്ചാര്‍ഡും ചേര്‍ന്നു സെരിയ ഫൗണ്ടേഷന് (ഉര്‍ദു ഭാഷയില്‍ സെരിയ എന്ന വാക്കിനര്‍ഥം ഉറവിടം) എന്ന പേരില്‍ ജീവകാരുണ്യസംഘടനയ്ക്കു രൂപം നല്കി.
പാവപ്പെട്ടവര്‍ക്കും നിര്‍ധനരോഗികള്‍ക്കും അഗതികള്‍ക്കും മരണാസന്നര്‍ക്കും ആശ്വാസമേകുക, വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യപരിചരണത്തിലൂടെയും നല്ലൊരു യുവതലമുറയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു ഫൗണ്ടേഷനു തുടക്കമിട്ടത്.
ജാക്വിലിന്റെ ഒരുക്കം
ഫൗണ്ടേഷനു കീഴില്‍ മദര്‍ തെരേസയെക്കുറിച്ചുള്ള സിനിമയെടുക്കാൻ തീരുമാനിച്ചു. ഇതിനായി സ്വിസ്-ഇന്ത്യന്‍ ചലച്ചിത്രപ്രവര്ത്തകന് കമാല്‍ മുസാലെയെ സമീപിച്ചു. മദര്‍ തെരേസയെ ഏറെ ബഹുമാനിച്ചിരുന്ന അദ്ദേഹം ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഏറ്റെടുത്തു.
കോവിഡ് കാലത്തു കോല്ക്കത്തയിലാണു സിനിമ ചിത്രീകരിച്ചത്. സംഭാവനകളിലൂടെയാണു ചിത്രത്തിനുള്ള തുക കണ്ടെത്തിയത്. സിനിമയില്‍ മദര്‍ തെരേസയുടെ വേഷത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി ജാക്വിലിന് ഏറെ നാള് കോല്‍ക്കത്തയിലെ മദര്‍ തെരേസ സ്ഥാപിച്ച ശിശുഭവനിലും മദര്‍ തെരേസയുടെ നോര്‍ത്ത് മാസിഡോണിയയിലെ സ്കൊപ്ജെയിലുള്ള ബന്ധുക്കള്‍ക്കൊപ്പവും താമസിച്ചു.
തന്റെ ദുഃഖദുരിതങ്ങളെക്കുറിച്ചും ചിലപ്പോഴൊക്കെ നേരിട്ടിട്ടുള്ള ആത്മസംഘർഷത്തെക്കുറിച്ചുമൊക്കെ മദര്‍ തെരേസ എഴുതിയ കത്തുകളെല്ലാം വായിച്ചു. മദര്‍ തെരേസയുടെ ജീവിതം അടുത്തറിഞ്ഞ്, അവര്‍ നല്കിയ സുകൃതവഴിയിലൂടെ ജീവിതം നയിക്കാന്‍ ലോകത്തുള്ള നിരവധിപേരെ ഈ സിനിമ പ്രചോദിപ്പിക്കുമെന്നതിൽ തനിക്കു സംശയമില്ലെന്ന് ജാക്വിലിന് പറയുന്നു.
സിനിമയ്ക്കെതിരേ വിമർശനവും
സിനിമ ശ്രദ്ധേയമാണെങ്കിലും അതിൽ ഏതാനും ഗൗരവതരമായ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. മദർ തെരേസയുടെ നാമകരണനടപടികൾക്കു വേണ്ടിയുള്ള പോസ്റ്റുലേറ്ററായിരുന്ന റവ.ഡോ.ബ്രയൻ കോവോജയ്ചുക് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
പാവങ്ങൾക്കും രോഗികൾക്കുംവേണ്ടി ശുശ്രൂഷ ചെയ്യുന്പോഴും മദർ തെരേസയെ വിശ്വാസസംശയം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായി സിനിമയിൽ ചിത്രീകരിച്ചതിനെതിരേയാണ് റവ.ഡോ.ബ്രയന്റെ വിമർശനം.
വിശുദ്ധ മദർ തെരേസയുടെ ജീവിതം സമഗ്രമായി പരിശോധിച്ചാലും അവരുടെ എഴുത്തുകൾ വായിച്ചാലും ഒരിക്കലും വിശ്വാസം നഷ്ടപ്പെടാത്ത വ്യക്തിയായിരുന്നു അവരെന്നു ബോധ്യമാകും. ദൈവവുമായുള്ള അഭേദ്യമായ ഐക്യം വിശുദ്ധയുടെ വ്യക്തിപരമായ കത്തുകൾ വിളിച്ചോതുന്നുവെന്നും ഫാ.ബ്രയൻ ചൂണ്ടിക്കാട്ടി.
എന്റെ മനസും ഹൃദയവും ദൈവത്തോടു താദാത്മ്യപ്പെട്ടതാണെന്ന് മദർ തെരേസ നിരന്തരം പറയുമായിരുന്നു. -അദ്ദേഹം പറഞ്ഞു. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച സന്യാസസഭാംഗമാണ് കാനഡക്കാരനായ ഫാ.ബ്രയാൻ.
ടി.എ.ജി.<\b>