ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്കാ ദേവാലയം. മിലാൻ കത്തീഡ്രലാണ് ഇന്നു നമ്മൾ ചുറ്റിനടന്നു കാണാൻ പോകുന്നത്.
നിർമാണം പൂർത്തിയാക്കാനെടുത്തത് ഏകദേശം ആറ് നൂറ്റാണ്ടുകൾ! ആയിരക്കണക്കിനു വെണ്ണക്കല്‍ ശില്പങ്ങൾ, വിസ്മയിപ്പിക്കുന്ന കൊത്തുപണികൾ, കണ്ണെടുക്കാൻ തോന്നാത്ത ഗോപുരങ്ങൾ... നമ്മൾ ഇപ്പോൾ നിൽക്കുന്നത് വാസ്തുവിദ്യയുടെ അദ്ഭുതപ്പെടുത്തുന്ന ഒരു മഹാനിർമിതിക്കു മുന്നിൽ.
ഫാഷന്‍ തലസ്ഥാനമായ ഇറ്റലിയിലെ മിലാന് നഗരത്തിന്റെ സമ്പന്നമായ മഹത്വത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകം. ഈ വിസ്മയമാണ് മിലാന് കത്തീഡ്രൽ എന്നറിയപ്പെടുന്ന "ഇൽ ദുവോമോ ദി മിലാനോ’. ദുവോമോ എന്നാൽ കത്തീഡ്രൽ. മിലാനിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന നഗരത്തിന്റെ ഹൃദയം. ഈ മാർബിൾ വനം ഒരിക്കൽ കണ്ടാൽ മനസിൽ ഒട്ടിപ്പിടിച്ചുപോകുന്ന ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ്.
ലോകത്തിൽ അഞ്ചാമത്
നിരവധി റിക്കാർഡുകൾ ചേർത്തുപിടിച്ചാണ് മിലാൻ കത്തീഡ്രൽ ഇങ്ങനെ തല ഉയർത്തി നിൽക്കുന്നത്. ഇറ്റലിയിലെ ഏറ്റവും വലിയ കത്തീഡ്രൽ പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്കാ ദേവാലയം. മിലാൻ കത്തീഡ്രലാണ് ഇന്നു നമ്മൾ ചുറ്റിനടന്നു കാണാൻ പോകുന്നത്.
ആറു നൂറ്റാണ്ടുകൾ
ഞാന്‍ താമസിച്ചിരുന്ന മിലാനിലെ ഹോട്ടലില്‍നിന്നു നടക്കാവുന്ന ദൂരമേയുള്ളൂ, തിരക്കേറിയ നഗരത്തിലൂടെ കാഴ്ചകള്‍ കണ്ടു ഞാൻ അവിടേക്കു നടന്നു. കത്തീഡ്രൽ ചത്വരത്തിൽ എത്തി, വന്‍ ജനാവലി ദേവാലയാങ്കണത്തിലുണ്ട്. തെരുവുകലാകാരന്മാർ, മജീഷ്യൻമാർ, ചിത്രകാരന്മാർ എന്നിങ്ങനെയുള്ളവരെ സഞ്ചാരികൾ പൊതിയുന്നു.
ആ ജനക്കൂട്ടത്തിനപ്പുറം അതാ മനംകുളിർപ്പിക്കുന്ന വെണ്ണക്കല്‍ വിസ്മയം ദുവോമോ പള്ളി. പള്ളിയുടെ ടെറസില്‍ കയറാനും മറ്റും പ്രത്യേകം ടിക്കറ്റ് എടുക്കണം. നീണ്ട ക്യൂ, ടിക്കറ്റ് കിട്ടാൻ ഒരു മണിക്കൂറോളം ക്യുവില്‍ നിൽക്കേണ്ടിവന്നു. ടിക്കറ്റുമായി പള്ളിക്കുള്ളിലേക്കു നടന്നു.
1386ൽ മിലാന് ആർച്ച്ബിഷപ്പായിരുന്ന അന്റോണിയോ ദ സലൂസോ അന്നത്തെ മിലാൻ ഭരണാധികാരിയായിരുന്ന ജാൻ ഗലാസോ വിസ്കോന്തി പ്രഭുവിന്റെ സഹായത്തോടെ നിർമാണം ആരംഭിച്ച ദേവാലയം പൂർത്തീകരിച്ചത് 1965ൽ. അര സഹസ്രാബ്ദത്തോളം നീണ്ടുനിന്ന സങ്കീർണമായ നിർമാണ ചരിത്രം!
ഒരേ സമയം 40,000 പേർ
ലോകത്തിലെ ഏറ്റവും വലിയ ഗോഥിക് ശൈലിയിലുള്ള കത്തീഡ്രലുകളിൽ ഒന്നാണിത്. ഉൾവശം 11,700 ചതുരശ്ര മീറ്ററാണ്, ഇവിടെ 40,000 ആളുകൾക്ക് ഒരേ സമയം ഇരിക്കാന്‍ കഴിയും. യൂറോപ്പിലെമ്പാടുമുള്ള ആർക്കിടെക്റ്റുകൾ പദ്ധതിയുടെ നിർമാണത്തില്‍ പല കാലഘട്ടങ്ങളിലായി പങ്കെടുത്തു. ആറു തലമുറകൾതന്നെ ഈ പള്ളിക്കുവേണ്ടി അധ്വാനിച്ചു.
ഓരോ നൂറ്റാണ്ടിലും അതിന്റെ നിർമാണം ക്രമേണ സംഭവിച്ചു. വാസ്തവത്തിൽ, 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നെപ്പോളിയനാണ് പള്ളിയുടെ മുൻവശം പൂർത്തിയാക്കുകയും നിർമാണത്തിന്റെ അവസാന ഘട്ടം ആരംഭിക്കുകയും ചെയ്തത്.
52 ഭീമൻ തൂണുകൾ
പ്രാർഥനാനിർഭരമായ അന്തരീക്ഷമാണ് പള്ളിക്കുള്ളിൽ. ഒരു ഭാഗത്തായി ഇറ്റാലിയന്‍ ഭാഷയില്‍ ആരാധന നടക്കുന്നു. അനവധി സന്ദര്‍ശകര്‍ കാഴ്ചകള്‍ കണ്ട് അദ്ഭുതംകൂറി നടക്കുന്നു. ഒരു കൊട്ടാരത്തിലാണോ അതോ ആര്‍ട്ട് മ്യൂസിയത്തിലാണോ നിൽക്കുന്നതെന്നു തോന്നും.
വലിയ മാർബിൾ പാളികൾകൊണ്ട് നിർമിച്ച വിശാലമായ ഘടന. പള്ളിക്കുള്ളില്‍ ഒരു വര്‍ഷത്തെ 52 ആഴ്ചകളെ പ്രതിനിധീകരിക്കാനെന്നതുപോലെ 52 ഭീമന് തൂണുകളുണ്ട്. അവയാണ് ഈ കൂറ്റന്‍ നിര്‍മിതിയെ താങ്ങുന്നത്. വിവിധ നിറത്തിലുള്ള ഡിസൈനിൽ മാര്‍ബിള്‍ പാകിയ തറ. വിശ്വാസികള്‍ നേര്‍ച്ചയായി മെഴുകുതിരികള്‍ വാങ്ങി കത്തിച്ചു പ്രാര്‍ഥിക്കുന്നു.
‘കല’ക്കൻ കാഴ്ചകൾ
കത്തീഡ്രലിന്റെ ഉൾവശം ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെയും മധ്യകാലഘട്ടത്തിന്റെയും സമ്പന്നമായ കലാപാരമ്പര്യം വിളംബരം ചെയ്യുന്നു. കത്തീഡ്രലിനോടു ചേർത്തുവച്ചിരിക്കുന്ന ഒാരോ മൺതരിയിലും കലയുണ്ടെന്നു തോന്നിപ്പോകും. കത്തീഡ്രലിലെ ചിത്രാങ്കിത ചില്ലു ജനാലകൾ ഒരു കാഴ്ച തന്നെയാണ്. ഒപ്പം അതുല്യമായ വാസ്തുവിദ്യകളും അലങ്കാരങ്ങളും നിറഞ്ഞുനിൽക്കുന്നു.
വിശ്വവിഖ്യാത ഇറ്റാലിയൻ കലാകാരനായ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ കരസ്പര്‍ശമേറ്റ എണ്ണമറ്റ കലാസൃഷ്ടികളുണ്ടിവിടെ; ഇറ്റാലിയന്‍ ശില്പകലാ വൈദഗ്ധ്യം വിളിച്ചോതുന്നവ. പ്രവാചകന്മാർ, മാലാഖമാർ, വിശുദ്ധർ, രക്തസാക്ഷികൾ എന്നിവരൊക്കെ ശില്പങ്ങളായും ചിത്രങ്ങളായും നമ്മെ വരവേൽക്കുന്നു. മുഖഭാവങ്ങളും വസ്ത്രങ്ങളുടെ വിശദാംശങ്ങളും പോലും എത്രയോ സൂക്ഷ്മതയോടെയാണ് നിർമിച്ചിരിക്കുന്നത്. വാക്കുകളിൽ വിവരിക്കാനാവാത്ത കാഴ്ച.
മൂന്ന് ആണികളിൽ ഒന്ന്
ബർത്തലോമിയോ അപ്പോസ്തന്റെ ശില്പമാണ് കത്തീഡ്രലിലെ ഒരു പ്രധാന കാഴ്ച. വിശുദ്ധ ചാൾസ് ബോറോമിയോയുടെ തിരുശേഷിപ്പുകൾ, വിശുദ്ധ അംബ്രോസ് വിശുദ്ധ അഗസ്റ്റിനു ജ്ഞാനസ്നാനം നൽകിയ നാലാം നൂറ്റാണ്ടിലെ ഒരു അഷ്ടഭുജ സ്നാനക്കുളം എന്നിവ ഇവിടെ ഇപ്പോഴുമുണ്ട്. പള്ളിയിൽ വിവിധ ഇടങ്ങളിലായി വിശുദ്ധരുടെ തിരുശേഷിപ്പുകൾ കാണാം. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും രംഗങ്ങളുടെ ചിത്രീകരണം നിരവധി. ഓരോന്നും ഒന്നിനൊന്നു മിഴിവുറ്റതും തികവാര്‍ന്നതും.
അള്‍ത്താരയുടെ മുകളിലെ താഴികക്കുടത്തിൽ ചുവന്ന വെളിച്ചത്താൽ അടയാള പ്പെടുത്തിയ ഒരു പേടകം കാണാം. ദുവോമോയിൽ സൂക്ഷിച്ചിരിക്കുന്ന ഏറ്റവും വിലമതിക്കാനാകാത്ത തിരുശേഷിപ്പുകളിൽ ഒന്നാണിത്. ഈശോമിശിഹായെ ക്രൂശിക്കാന്‍ ഉപയോഗിച്ചു എന്നു വിശ്വസിക്കുന്ന മൂന്ന് ആണികളില്‍ ഒന്ന്! വർഷത്തിൽ ഒരിക്കൽ മാത്രമേ ഇതു പൊതുജനങ്ങൾക്കു കാണാനായി തുറക്കൂ.
ഭീമൻ ഓർഗൻ
പള്ളിയുടെ അള്‍ത്താരയുടെ ഇടതുഭാഗത്തായി ക്വയറിന്റെ ഇരിപ്പിടങ്ങൾ കാണാം. അതിനടുത്തായി ലോകത്തിലെതന്നെ ഏറ്റവും വലിയ സംഗീത ഓര്‍ഗൻ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. പ്രധാന ബലിപീഠത്തിനടുത്തു സ്ഥിതിചെയ്യുന്ന ഈ ഓര്‍ഗനില്‍ 15,800 ലോഹ പൈപ്പുകളുണ്ട്.
ഒരു ഇൻസ്ട്രുമെന്റൽ മാസ്റ്റർപീസ്, ചില പൈപ്പുകൾ ഒൻപതു മീറ്ററിലധികം ഉയരം ഉള്ളവയാണ്. പള്ളിക്കുള്ളിലെ കാഴ്ചകള്‍ക്കു ശേഷം കുറച്ചുസമയം അവിടെ പ്രാർഥനയോടെ ഇരുന്നു. ആരായാലും ഇവിടെ വന്നാൽ ഒരു നിമിഷം പ്രാർഥിക്കാതെ മടങ്ങാൻ തോന്നില്ല. ടെറസിലേക്ക് കയറുകയാണ് ഇനി അടുത്ത ലക്ഷ്യം.
ലിഫ്റ്റ് ഉണ്ടെങ്കിലും കാൽനടയായി ഇരുനൂറിൽപരം പടികൾ കയറി പള്ളിയുടെ ടെറസിലെത്തി. നല്ല തിരക്കുണ്ട് അവിടെയും. മിലാന്റെ ഏറ്റവും മനോഹരമായ വിശാല ദൃശ്യം അവിടെനിന്നു കാണാം. തെളിഞ്ഞ ദിവസങ്ങളിൽ ആൽപ്സിന്റെ മഞ്ഞുമൂടിയ കൊടുമുടികളും അവിടെ നിന്നാല്‍ കാണാം.
മേൽക്കൂരയിലെ ശില്പങ്ങൾ ഓരോന്നും അടുത്തുനിന്നു കാണുന്നതു കൗതുകകരമാണ്. മറ്റു കുറച്ചു ആധുനിക ശൈലിയിലുള്ള ചിത്രീകരണവും അവിടെ കാണാന്‍ സാധിച്ചു. നല്ല വെയിലുണ്ടെങ്കിലും ശില്പങ്ങളുടെ സൗന്ദര്യത്തിൽ മതിമറന്നപ്പോൾ സമയം പോയതറിഞ്ഞില്ല.
3,400 ശില്പങ്ങൾ
1774ൽ ഗ്യുസെപ്പെ പെരെഗോ നിര്‍മിച്ച കന്യാമറിയത്തിന്റെ സ്വർണനിറമുള്ള രൂപമായ മഡോണ പള്ളിയുടെ ഏറ്റവും ഉയര്‍ന്ന ഗോപുരത്തില്‍ നിന്നാൽ വ്യക്തമായി കാണാം. വർഷങ്ങളായി ഇതു മിലാന്റെ പ്രതീകമാണ്. മിലാന്റെ രക്ഷാധികാരികൂടിയാണ് പ്രദേശവാസികൾ സ്നേഹപൂർവം "ലാ മദോണീന' എന്നു വിളിക്കുന്ന വിശുദ്ധ മാതാവ്.
ലോകത്ത് ഏറ്റവും അധികം ശില്പങ്ങളും പെയിന്റിംഗുകളും ഉള്ള ദേവാലയമായ മിലാൻ ദുവോമോയിൽ 3,400 പൂര്‍ണ പ്രതിമകളും ആയിരക്കണക്കിനു മറ്റ് രൂപങ്ങളുമുണ്ട്.
തീർച്ചയായും, ഏറ്റവും മനോഹരമായ കാഴ്ചയാണ് ആകാശത്തേക്കുയർന്നു നിൽക്കുന്ന 135 സ്തൂപങ്ങള്‍. ഓരോന്നിലും വ്യത്യസ്ത ശില്പങ്ങളും അലങ്കാരങ്ങളുമുണ്ട്. ഇറ്റാലിയന്‍ ധവള മാര്‍ബിള്‍ കൊണ്ടാണ് പ്രധാനമായും പള്ളിയുടെ നിർമാണം. ഒരു വാസ്തുവിദ്യാ വിദ്യാർഥിയാണെങ്കിൽ, ഇതു നിങ്ങൾക്കു സ്വർഗം തന്നെയാണ്!
മഹത്തായ പള്ളിയോടു വിടപറയാന്‍ സമയമായി, പടികളിറങ്ങി താഴെ എത്തി. ചത്വരത്തിനോടു ചേർന്നുതന്നെയുള്ള ദുവോമോ മ്യൂസിയത്തിലേക്കാണ് പിന്നീടു പോയത്. പള്ളി പണിത വിവിധ കാലഘട്ടങ്ങളുടെ വിശദമായ ചരിത്രം അവിടെനിന്നു മനസിലാക്കാം.
പള്ളിയോടു ചേർന്നുതന്നെയാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഷോപ്പിംഗ് മാളുകളിൽ ഒന്നായ "ഗല്ലേറിയ വിത്തോറിയോ എമാനുവേലെ II'. 1865-1877 കാലഘട്ടത്തിൽ നിർമിച്ച ഗ്ലാസ് കമാനങ്ങളോടുകൂടിയ നാലു നിലകളുള്ള ഒരു മനോഹര കെട്ടിടം. മിലാനിലെ ഏറ്റവും തിരക്കുള്ളതും ഏറ്റവും ചെലവേറിയതുമായ ഷോപ്പിംഗ് മാളുകളിൽ ഒന്നാണിത്. കുറെ സമയം അവിടെയും ചെലവഴിച്ച ശേഷം രാത്രിയോടെ ഹോട്ടലിലേക്കു മടങ്ങി.
നിലാവുദിക്കുന്ന കത്തീഡ്രൽ
മിലാനിൽ ഇതിനു ശേഷം നാലുതവണ പോയപ്പോഴും ഈ പള്ളിയുടെ സൗന്ദര്യം ആസ്വദിക്കാതെ തിരികെപ്പോരാൻ കഴിഞ്ഞിരുന്നില്ല. ചന്ദ്രപ്രകാശത്തിൽ മിലാൻ കത്തീഡ്രലിനേക്കാൾ നിഗൂഢവും ആകർഷകവുമായ ഒന്നും സങ്കല്പിക്കാൻ കഴിയില്ലെന്നു കവികൾ വാഴ്ത്തിയത് സത്യമാണ്.
1386ൽ നിര്‍മാണം ആരംഭിച്ച ഈ ദേവാലയത്തിന്റെ പണികൾ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല എന്നു തോന്നും നമുക്ക്. ഒരിക്കലും തീരാത്ത ഒരു പ്രക്രിയ പോലെ അത് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കെട്ടിടം വൃത്തിയാക്കാനുള്ള പദ്ധതിയും അതിന്റെ മാർബിൾ തിളക്കം നിലനിർത്താനുള്ള പതിവ് പുനഃസ്ഥാപനവും വൃത്തിയാക്കലും തുടർച്ചയായി നടക്കുന്നതിനാലാണിത്.
ആധുനിക നിർമാണ സാങ്കേതികവിദ്യകൾ ഒന്നും നിലവിൽ ഇല്ലായിരുന്ന ഒരു കാലത്തു തുടങ്ങിയ ഈ ദേവാലയ നിർമാണം ലോകത്തെ എങ്ങനെ വിസ്മയിപ്പിക്കാതിരിക്കും? ദുവോമോ കത്തീഡ്രൽ ഒരു കലാപരമായ സ്മാരകം എന്നതിനപ്പുറം ദശലക്ഷക്കണക്കിനു തീർഥാടകർക്കു ക്രൈസ്തവികതയുടെ ആഴം തൊട്ടറിയാൻ സഹായിക്കുന്ന പ്രാർഥനാനുഭവം കൂടിയാണ്.
സിബി മാത്യു, കൊട്ടാരക്കര