തെങ്ങോലക്കാലം
Sunday, September 3, 2023 12:50 AM IST
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴയ്ക്കു മുന്നേ വീട് മേയണം എന്നു പറയുന്നത് ഏവരുടെയും കരുതലായിരുന്നു. വീടു മുഴുവൻ മേയാനുള്ള ഓലയില്ലെങ്കിൽ നനയാൻ ഇടമുള്ള ഭാഗമെങ്കിലും ഓലക്കീറുകൾ ചേർത്തുകോർത്ത് മഴഭീതി ഒഴിവാക്കുന്നവരായിരുന്നു പാവപ്പെട്ടവർ.
കേരം തിങ്ങി വളർന്ന പഴയകാലത്ത് ഓലകൊണ്ടു ജീവിതം മെടഞ്ഞിരുന്നവരായിരുന്നു ഏറെപ്പേരും. വേനലിലും മഞ്ഞിലും മഴയിലും എല്ലാത്തരം നിർമിതികളുടെയും മേൽകവചം തെങ്ങോലയായിരുന്നു. വീടു മാത്രമല്ല തൊഴുത്തും വിറകുപുരയുമൊക്കെ ഓലമേഞ്ഞതായിരുന്നു. ചായപ്പീടിക, സിനിമാകൊട്ടക, റേഷൻകട തുടങ്ങി സർക്കാർ ഓഫീസുകൾവരെ ഓലമേഞ്ഞ നിർമിതികളായിരുന്നു.
ഓലയില്ലാതെ ജീവിക്കാനാകാത്തവരായിരുന്നു കേരളീയർ. അടുക്കളയിൽ ഓലക്കുട്ടകൾ. പറന്പിൽ തെങ്ങോല വേലികൾ. കോഴിക്കൂടുവരെ തെങ്ങോല കെട്ടിയുണ്ടാക്കിയത്. ഉണങ്ങിയ തെങ്ങോല കോതിക്കെട്ടി അടുപ്പു കത്തിച്ചിരുന്ന കാലം.
നാടു പുരോഗമിച്ചതോടെ ഓല ഒന്നിനും കൊള്ളാത്തതായി, ആർക്കും വേണ്ടാതായി. മണ്ണിനു വളമായി മാറുകയല്ലാതെ ചൂലുണ്ടാക്കാൻപോലും പുതിയ തലമുറയ്ക്ക് തെങ്ങോല വേണ്ട. അപൂർവമായി അലങ്കാരത്തിനും പരസ്യം എഴുത്തിനുമൊക്കെ പച്ച ഓലകൾ ഇക്കാലത്ത് കാണാനുണ്ടെന്നു മാത്രം.
നാലുവശങ്ങളും മേൽക്കൂരയും ഓല മേഞ്ഞ വീടുകളേ ഉണ്ടായിരുന്നു കഴിഞ്ഞ തലമുറയിൽ. ഓടും ഇഷ്ടികയും കോണ്ക്രീറ്റും ആസ്ബറ്റോസുമൊക്കെ വ്യാപകമായതോടെ ഓല പഴമയുടെ അടയാളമായി. മുൻപൊക്കെ നാട്ടുചന്തകളിൽ മെടഞ്ഞ ഓല വിൽക്കുന്ന കടകളുണ്ടായിരുന്നു. ഗ്രാമങ്ങളിൽ ഓലക്കച്ചവടക്കാരുമുണ്ടായിരുന്നു.
വെള്ളമോ നിഴലോ കടത്താത്ത ഇഴയടുപ്പത്തിൽ ഓരോ ഓലക്കാലും എങ്ങനെയാണ് ചേർത്തും കോർത്തും മെടഞ്ഞെടുക്കുന്നതെന്നോ അതിന്റെ ഉപയോഗങ്ങൾ എന്തൊക്കെയായിരുന്നെന്നോ പുതിയ തലമുറക്കാർക്ക് അറിവില്ല. ചെറിയ വീടുകൾ മുതൽ വലിയ എട്ടുകെട്ടുകൾക്കുവരെ പ്രൗഢിയും ഗാംഭീര്യവും നല്കിയിരുന്നത് വിതാനിക്കുന്ന മേച്ചിൽ ഓലകളായിരുന്നു.
മേൽക്കൂരയിൽ കോടിക്കഴുക്കോലിന്റെ നീളമനുസരിച്ച് പട്ടികകളിൽ മെടഞ്ഞ ഓലകൾ നിരത്തി അവ തീയിൽ വാട്ടിയെടുത്ത പച്ച ഓലക്കാലുകൊണ്ട് കെട്ടിചേർത്താൽ അതൊരാണ്ടിലേക്കുള്ള കവചമാണ്. മേൽക്കൂര മാത്രമല്ല വീടുകളുടെ വശങ്ങളിലെ മറച്ചാർത്ത് മെടഞ്ഞ ഓലകളായിരുന്നു. മുളയും കവുങ്ങും കീറിയെടുത്ത് മെടഞ്ഞ ഓലകൾ അടുക്കിക്കെട്ടി ബലപ്പെടുത്തുന്ന ഭിത്തിമറ.
പുരകെട്ട് ഏവരുടെയും ആവശ്യവും ആഘോഷവുമായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും അത് ഉത്സവദിവസമായി മാറും. ഒന്നും രണ്ടും ദിവസം നീളും പുരകെട്ട്. പുഴുക്കും പായസവുമൊക്കെ തയാറാക്കിയും പങ്കുവച്ചും അവിസ്മരണീയമാക്കുന്ന ദിവസം. ബലമായും ഭംഗിയായും ഓലമേയാൻ പുരകെട്ട് തൊഴിലാക്കിയ വിദഗ്ധരുണ്ടായിരുന്നു. പുരയുടെ നീളവും വീതിയും അനുസരിച്ച് അനുയോജ്യമായ ഓലകൾ തെരഞ്ഞുകൊടുക്കാനും വേണമായിരുന്നു വൈദഗ്ധ്യം.
വീടുമേച്ചിൽ
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴയ്ക്കു മുന്നേ വീട് മേയണം എന്നു പറയുന്നത് ഏവരുടെയും കരുതലായിരുന്നു. വീട് മുഴുവൻ മേയാനുള്ള ഓലയില്ലെങ്കിൽ നനയാൻ ഇടമുള്ള ഭാഗമെങ്കിലും ഓലക്കീറുകൾ ചേർത്തുകോർത്ത് മഴഭീതി ഒഴിവാക്കുന്നവരായിരുന്നു പാവപ്പെട്ടവർ.
എന്തൊരു സുഖമായിരുന്നു ഓലമേഞ്ഞ വീടിനുള്ളിലെ ജീവിതം. വേനൽക്കാലത്തു കുളിർമ. മഴക്കാലത്ത് നേരിയ ചൂട്. ശീതകാലത്ത് തണുപ്പ് അരിച്ചുകയറുകയുമില്ല. ഉറപ്പിനും ഉറക്കത്തിനും ഓലപ്പുര എന്നൊരു ചൊല്ലുതന്നെയുണ്ടായിരുന്നു. ഇക്കാലത്തെ എയർകണ്ടീഷനേക്കാൾ കുളിർമ പകരുന്ന അനുഭൂതിയായിരുന്നു അത്.
നാളികേരവും നെല്ലുമായിരുന്നല്ലോ പഴമയുടെ കാലത്ത് വീടുകളിലെ പ്രധാന വരുമാനം. എന്നാൽ ചിലർക്കെങ്കിലും തെങ്ങോല രണ്ടാമത്തെ വരുമാനമായിരുന്നു. കേടില്ലാത്ത തെങ്ങും കേടില്ലാത്ത ഓലയും ഒരുപോലെ നേട്ടമായിരുന്നു. നാളികേരം വെട്ടിയിടുന്നതിനൊപ്പം മൂപ്പെത്തിയ നാലഞ്ച് ഓലകളും വീഴ്ത്തും. മടലും തുഞ്ചാണിയും കോതിമാറ്റി ശേഷിക്കുന്ന ഓല നടുവേ കീറി കെട്ടുകളാക്കി മൂന്നുനാലു ദിവസം വെള്ളത്തിൽ ആഴ്ത്തിയിട്ട് കുതിർക്കും.
തിരികെയെടുത്ത് ഒന്നുരണ്ടു ദിവസം തോർന്നശേഷം ഓരോ ഓലക്കാലും തലങ്ങും വിലങ്ങും വിടർത്തി മടക്കിയൊതുക്കി കോർത്തെടുക്കുന്ന മെടയൽ ഏറെപ്പേരുടെ ഉപജീവനമായിരുന്നു. മേയുന്നതിനും ചുവരു കെട്ടുന്നതിനും വേലിയുണ്ടാക്കുന്നതിനുമൊക്കെ പ്രത്യേകം വലുപ്പത്തിൽ ഓലകൾ മെടഞ്ഞെടുക്കും.
തെങ്ങിൻതോപ്പുകൾക്ക് അതിരിലെ തോടുകളിലും കുളങ്ങളിലും പുഴകളിലും കുതിർത്തശേഷം തണൽപറ്റി നിരയായിരുന്ന് സ്ത്രീകൾ ഓല മെടഞ്ഞിരുന്നത് സ്ഥിരം കാഴ്ചയായിരുന്നു. കൈവേഗം അനുസരിച്ചായിരുന്നു തൊഴിലാളികൾക്ക് വേതനം. എത്ര ഓല മെടയുന്നുവോ അതനുസരിച്ചാകും കൂലി. ദിവസം അൻപത് ഓലകൾവരെ മെടയാൻ കൈവേഗവുമുള്ളവരുണ്ടായിരുന്നു. കുത്തിയിരുന്ന് പകലന്തിയോളം ഏകാഗ്രതയോടെ ചെയ്യേണ്ടിയിരുന്ന ക്ലേശകരമായ ജോലിയായിരുന്നു മെടച്ചിൽ.
കുനിഞ്ഞിരുന്ന് കഠിനവേല ചെയ്തിരുന്ന ഇവരിൽ പലർക്കും വാർധക്യത്തിൽ കൂനു ബാധിച്ചിരുന്നു.മറ്റു ജോലികളില്ലാതെ വരുന്പോൾ ഇടവേളയായി മെടച്ചിൽ ജോലിക്കു പോയിരുന്നവരുണ്ട്. അധികവേതനമെന്നോണം രാവിലെയും രാത്രിയിലും ഓല മെടഞ്ഞിരുന്നവരുമുണ്ട്. സ്ത്രീകളുടെ കുത്തകയായിരുന്നു ഓലമെടയലെങ്കിലും അപൂർവം ഇടങ്ങളിൽ പുരുഷൻമാരും ഈ തൊഴിൽ ചെയ്തിരുന്നു.
തെങ്ങിൻതോപ്പിന്റെ ഉടമ ഓലവെട്ടി തൊഴിലാളികളെ വരുത്തി മെടഞ്ഞ് വിൽക്കുന്നതായിരുന്നു അക്കാലത്ത് പതിവ്. എന്നാൽ തെങ്ങോല വിലയ്ക്കു വാങ്ങി മെടഞ്ഞുവിറ്റിരുന്ന തൊഴിലാളികളുമുണ്ട്. വല്ലം, കുട്ട, കൂട, വട്ടി തുടങ്ങിയ തെങ്ങോല ഉത്പന്നങ്ങൾ നെയ്തെടുക്കാൻ പ്രാഗത്ഭ്യമുള്ളവർ സ്ത്രീകളായിരുന്നു. ഓണക്കാലത്ത് പൂക്കൂടകൾ നിർമിച്ചിരുന്നത് തളിരോലകൾകൊണ്ടായിരുന്നു.
പുരകൾ മേയുന്നത് ഏറെയും വേനൽക്കാലത്ത് ആയിരുന്നതിനാൽ കാലവർഷം കഴിയുന്പോൾ മെടച്ചിൽ ആരംഭിക്കും. മെടഞ്ഞ ഓലകൾ രണ്ടുമൂന്നു ദിവസം വെയിലിൽ ഉണക്കിയാണ് അടുക്കി സൂക്ഷിക്കുക. നന്നായി സൂക്ഷിച്ചാൽ ഓല രണ്ടും മൂന്നും വർഷംവരെ കേടുകൂടാതെ ഇരിക്കും.
പണം ആവശ്യമുള്ളപ്പോഴും ആവശ്യക്കാർ വരുന്പോഴും വിൽപനയ്ക്കുള്ള കരുതലായിരുന്നു മെടഞ്ഞ ഓല. മെടഞ്ഞ ഓല സൂക്ഷിക്കാൻമാത്രം ഓലപ്പുരകളുള്ള സന്പന്നരുമുണ്ടായിരുന്നു. ഇടനാട്ടിൽനിന്നും തീരപ്രദേശത്തുനിന്നും മെടഞ്ഞ ഓലകൾ വള്ളങ്ങളിലും വണ്ടികളിലും വിവിധ നാടുകളിൽ വിൽപനയ്ക്ക് എത്തിച്ചിരുന്ന കാലമുണ്ട്. ചന്തകൾക്കു പുറമേ പെരുന്നാൾ, ഉത്സവ സ്ഥലങ്ങളിലും ഓലവിൽപന സജീവമായിരുന്നു.
ഓലപ്പന്തൽ
വീടും ചുവരും മാത്രമല്ല പന്തലുകൾ മേഞ്ഞിരുന്നതും ഓലയിലാണ്. ഇക്കാലത്ത് പന്തലുകളുടെ മുകളിൽ അലൂമിനിയം ഷീറ്റുകളാണ് വിതാനിക്കുന്നത്. പന്തൽ നിർമാതാക്കളുടെ ശേഖരത്തിൽ ആയിരക്കണക്കിന് ഓലകളുണ്ടാകും. പന്തലുകാർ എത്തുന്നതുതന്നെ ഓലക്കെട്ട് തലയിൽ ചുമന്നാണ്. പന്തൽ അഴിക്കുന്പോൾ ഓലകൾ അടുക്കിക്കെട്ടിയാണ് അവരുടെ മടക്കം.
ആദ്യകാലങ്ങളിൽ മാരാമണ് കണ്വൻഷനിലും വലിയ സമ്മേളനങ്ങളിലും കലോത്സവങ്ങളിലുമൊക്കെ പതിനായിരക്കണക്കിന് ഓലകൾമേഞ്ഞ പന്തലുകൾ നിർമിച്ചിരുന്നു. തീപിടിത്തം ഒഴിവാക്കാൻ തൊഴിലാളികൾ സദാ വെള്ളവുമായി കാവൽ നിൽക്കുന്നതും പതിവായിരുന്നു.
കായൽ രാജാവ് ജോസഫ് മുരിക്കൻ നെൽകൃഷി നടത്താൻ നിലങ്ങൾ കുത്തി ഉയർത്തിയപ്പോൾ പുറംബണ്ടുകൾ ബലപ്പെടുത്താൻ തെങ്ങിൻ കുറ്റികളോടൊപ്പം ചേർത്ത് നിരത്തിയത് പനന്പും മെടഞ്ഞ ഓലകളുമായിരുന്നു എന്നറിയുന്പോഴാണ് തെങ്ങോല കരുതൽ മാത്രമല്ല കരുത്തും നൽകുമെന്ന് തിരിച്ചറിയുക. കുട്ടനാട്ടിൽ റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ കുത്തിയെടുത്തപ്പോൾ പല ദേശങ്ങളിൽനിന്ന് നൂറുകണക്കിന് വള്ളങ്ങളിലാണ് മെടഞ്ഞ ഓലയും പനന്പും എത്തിച്ചത്.
പൂക്കൂട മുതൽ ഇറച്ചിക്കൂടവരെ തെങ്ങോലയിൽ ഭംഗിയായി മെനഞ്ഞെടുക്കാം. ഓണക്കാലത്ത് പൂക്കുട്ട മെടഞ്ഞുവിറ്റാണ് തീരമേഖലയിലെ സ്ത്രീകൾ ഓണം ഘോഷിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വ്യാപകമാകുന്നതിനുമുൻപ് ഇറച്ചിയും മീനും മറ്റു സാധനങ്ങളും വാങ്ങിക്കൊണ്ടുവരാൻ ഓലക്കൂട കൈയിൽ കരുതിയിരുന്നു.
ചതുരാകൃതിയിൽ നിർമിക്കുന്ന കുട്ടയും അതിനൊരു കൈപിടിവള്ളിയുമുണ്ടാകും. എല്ലാ വീടുകളിലും കടകന്പോളത്തിൽ പോയി വരാൻ നാലഞ്ച് കൂടകൾ കരുതലായുണ്ടാകും. നനയാതെ വച്ചാൽ ഒരാണ്ടിലേറെ ഇത് ഉപയോഗിക്കാനാകും. ഉണക്കമീൻ സൂക്ഷിക്കുന്നതും ഇത്തരം കൂടകളിൽതന്നെ.
കോഴികളെ വളർത്താനും മുട്ട സൂക്ഷിക്കാനും അടവയ്ക്കാനുമൊക്കെ ഓലക്കൂടകൾ ഉപയോഗിച്ചിരുന്നു. മോട്ടോർ വാഹനങ്ങൾ സാധാരണമാകുന്നതിനുമുൻപ് കാളവണ്ടികളുടെ കാലമായിരുന്നല്ലോ. നാട്ടിലും നഗരങ്ങളുമൊക്കെ മണികിലുക്കി പായുന്ന കാളവണ്ടികൾ. കാളവണ്ടികളുടെ മുകളിലെ തട്ടി എന്ന വളച്ചുകെട്ടിനും മെടഞ്ഞ ഓലകളായിരുന്നു ഉപയോഗിച്ചിരുന്നത്.
മഴയെയും വെയിലിനെയും പ്രതിരോധിക്കാനും സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യാനും തെങ്ങോലയ്ക്ക് കഴിയും. ഇന്നത്തെ തലമുറക്ക് കൈമോശം വന്നുപോയ പ്രകൃതിയുടെ വരദാനമായിരുന്നു പോയ കാലത്തെ ഓലസംസ്കൃതി. ഇനിയൊരിക്കലും തിരികെ വരാത്ത അകലത്തിലേക്ക് തെങ്ങോല അകന്നുപോയിരിക്കുന്നു. ഓല വെട്ടാനും മെടയാനും മേയാനും വാങ്ങാനും ആളില്ലെന്നതും മറ്റൊരു കാര്യം.
ആന്റണി ആറിൽചിറ
ചന്പക്കുളം