ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക്കന്‍ വിതരണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്സിനെ ബാര്‍ബി എന്ന സിനിമയ്ക്കായി ആദ്യം പിച്ച് ചെയ്തപ്പോള്‍ പറഞ്ഞത് ഇതായിരുന്നു... സിനിമ ആരംഭിക്കുന്നതിനു മുമ്പ് ആയിരം കോടി ഡോളര്‍ ബോക്സ് ഓഫീസില്‍ വീഴുന്നത് സ്വപ്നം കാണാന്‍ മാര്‍ഗോട്ട് റോബിക്കു സാധിച്ചെങ്കില്‍ അതു സഫലമായി.
ആയിരം കോടി ഡോളര്‍ ക്ലബ്ബില്‍ എത്തുന്ന ആദ്യ വനിതാ സംവിധായികയായി ബാര്‍ബി ഒരുക്കിയ ഗ്രെറ്റ ഗെര്‍വിഗ് മാറിയെന്നതും ചരിത്രം. ഹോളിവുഡ് ചരിത്രത്തില്‍ ആയിരം കോടി ഡോളര്‍ ക്ലബ്ബില്‍ എത്തുന്ന 54-ാമത് ചിത്രമാണ് ബാര്‍ബി. ടൈറ്റാനിക്ക്, നാല് ജുറാസിക് പാര്‍ക്കുകള്‍, അഞ്ച് സ്റ്റാര്‍ വാര്‍സ് സിനിമകള്‍, നാല് ലൈവ് ആക്ഷന്‍ ഡിസ്നി റീമേക്കുകള്‍, 2012ലെ ജയിംസ് ബോണ്ട് ചിത്രം സ്കൈ ഫാള്‍ തുടങ്ങിയവയാണ് ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടംനേടിയ മുന്‍കാല ചിത്രങ്ങള്‍. ഈ ക്ലബ്ബിലെ 54 സിനിമകളില്‍ 15 എണ്ണവും സൂപ്പര്‍ ഹീറോസ് ചിത്രങ്ങളായിരുന്നു എന്നതും വാസ്തവം.
ബില്യണ്‍ ഡോളര്‍ ബാര്‍ബി
ബാര്‍ബി ഡോള്‍ കളിക്കൂട്ടുകാരിയായി വീടുകളില്‍ ഇല്ലാത്ത കുട്ടികള്‍ വിരളമായിരിക്കും. വിവിധ ആടയാഭരണങ്ങളാല്‍ അണിയിച്ചൊരുക്കിയ ബാര്‍ബി ഡോളിനെ സൃഷ്ടിച്ചത് അമേരിക്കന്‍ കമ്പനിയായ മാറ്റെല്‍ ആണ്. ബാര്‍ബിക്ക് രൂപം നല്‍കിയത് റൂത്ത് ഹണ്ട്ലര്‍ അമേരിക്കന്‍ ബിസിനസുകാരിയും. മാറ്റെലിന്റെ സഹസ്ഥാപകയാണ് റൂത്ത് ഹണ്ട്ലര്‍. ബാര്‍ബി എന്ന സിനിമയുടെ ആധാരവും റൂത്ത് ഹണ്ട്ലര്‍ കോടികളുടെ വിറ്റുവരവുണ്ടാക്കിയ ഈ പാവയാണ്.
ഭാവനയുടെ അതിര്‍വരമ്പുകള്‍ കടന്നുള്ള ചിത്രമാണ് ബാര്‍ബി. ഒപ്പം ചില സ്ത്രീപക്ഷ വാദങ്ങളും മുന്നോട്ടുവയ്ക്കുന്നു. ബാര്‍ബി ഡോളിനെ വാണിജ്യാടിസ്ഥാനത്തിലുണ്ടാക്കുന്ന മാറ്റെല്‍ കമ്പനിയില്‍ ബാര്‍ബി എത്തുന്നതുള്‍പ്പെടെയുള്ള രസകരമായ ഫാന്റസിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമയുടെ ഒരുഘട്ടത്തില്‍ തന്റെ സ്വത്വം തേടി അലയുന്ന ബാര്‍ബി, റൂത്ത് ഹണ്ട്ലറിന്റെ ആത്മാവുമായി സംസാരിക്കുന്നു എന്നതാണ് ഏറ്റവും രസകരമായ ഭാവന. എന്തുകൊണ്ടും ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം നേടേണ്ട ചിത്രംതന്നെയാണ് ബാര്‍ബി. അമേരിക്കയില്‍ വാര്‍ണര്‍ ബ്രോസിന് ഏറ്റവും വിറ്റുവരവുണ്ടാക്കിയ ചിത്രം എന്ന റിക്കാര്‍ഡും ബാര്‍ബി കുറിച്ചുകഴിഞ്ഞു. ജൂലൈ 21നായിരുന്നു അമേരിക്കന്‍ വെള്ളിത്തിരകളില്‍ തരംഗം സൃഷ്ടിച്ച് ബാര്‍ബി റിലീസ് ചെയ്തത്.
ബാര്‍ബിയായി വേഷമിട്ടിരിക്കുന്നത് നിര്‍മാതാവായ മാര്‍ഗോട്ട് റോബിയാണെന്നതാണ് മറ്റൊരു കാര്യം. ബാര്‍ബി എന്ന ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍പോലും കേന്ദ്രകഥാപാത്രത്തെ സ്വീകരിക്കാന്‍ മാര്‍ഗോട്ട് റോബി ചിന്തിച്ചിരുന്നില്ല. എന്നാല്‍, സംവിധായിക ഗ്രെറ്റ ഗെര്‍വിഗാണ് തന്റെ ബാര്‍ബിയായി മാര്ഗോട്ടാണ് ഏറ്റവും ഉചിതമെന്ന തീരുമാനം കൈക്കൊണ്ടതെന്നതാണ് അണിയറയിലെ രഹസ്യം. 128-145 കോടി ഡോളര്‍ മുടക്കി നിര്‍മിച്ച ബാര്‍ബി 1200 കോടിയും കടന്ന് മുന്നേറുകയാണ്.
ബാര്‍ബന്‍ഹൈമര്‍
ബാര്ബിക്കൊപ്പം ജൂലൈ 21ന് റിലീസ് ചെയ്ത മറ്റൊരു ഹോളിവുഡ് ചിത്രമാണ് ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ എന്ന ചരിത്രാസ്പദ സിനിമ. ആധുനിക ഹോളിവുഡിന്റെ ക്ലാസ് സംവിധായകനായാണ് ക്രിസ്റ്റഫര്‍ നോളന് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ നോളന്‍സ് ഫിലിംസ് മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ സ്ഥിരമായി ഇടംപിടിക്കാറുണ്ട്. വാര്‍ണര്‍ ബ്രോസിന്റെ അമേരിക്കയിലെ റിക്കാര്‍ഡ് കളക്ഷന്‍ കുറിച്ച ചിത്രമായിരുന്നു 2008ല്‍ ഇറങ്ങിയ നോളന്റെ ദ ഡാര്‍ക്ക് നൈറ്റ്. ആ റിക്കാര്‍ഡാണ് ഇപ്പോള്‍ ബാര്‍ബി തിരുത്തിയത്.
ഓപ്പണ്‍ഹൈമറും ബാര്ബിയുമായിരുന്നു തിയറ്ററില്‍ മത്സരിച്ചത്. അതോടെ ബാര്‍ബന്‍ഹൈമര്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ സജീവമായി. രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം കുറിച്ച ആണവായുധ ഉപയോഗത്തിലേക്ക് അമേരിക്കയെ നയിച്ച സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനായ ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതം അടിസ്ഥാനമാക്കി നോളന് എഴുതി, സംവിധാനം ചെയ്ത ചിത്രമാണ് ഓപ്പണ്‍ഹൈമര്‍.
പീക്കി ബ്ലൈന്‍ഡേഴ്സ് എന്ന വെബ് സീരീസിലൂടെ ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറിന്റെ വേഷം അവിസ്മരണീയമാക്കിയത്. എമിലി ബ്ലണ്ട്, റോബര്‍ട്ട് ഡൗണി ജൂണിയര്‍ തുടങ്ങിയ ഒരുപറ്റം താരങ്ങളും ചിത്രത്തിലുണ്ട്. പതിവുപോലെ നോളനും ഭാര്യ എമ്മ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 700 കോടി ഡോളര്‍ കളക്ഷനിലേക്ക് അടുക്കുകയാണ് 100 കോടി ഡോളര്‍ മുടക്കി നിര്‍മിച്ച ഓപ്പണ്‍ഹൈമര്‍ എന്നതും ശ്രദ്ധേയം.
മനസിലായോ സാറേ
ഹോളിവുഡില്‍ ബാര്‍ബിയും ഓപ്പണ്ഹൈമറുമാണ് പോരാടുന്നതെങ്കില്‍ ഇന്ത്യയില്‍ കോടികള്‍ വാരുന്നത് രണ്ട് ചിത്രങ്ങളാണ്- ജെയിലറും ഗാഡര്‍ 2ഉം. ബോളിവുഡ് നടന് സണ്ണി ഡിയോളാണ് ഗാഡര്‍ 2ന്റെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരു സിനിമകളും 300 കോടി ക്ലബ് കടന്ന് മുന്നേറുകയാണ്.
മനസിലായോ സാറേ... എന്ന ഡയലോഗ് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലേക്ക് എത്തുന്നത് ഒരേയൊരു ചിത്രം, രജനീകാന്ത് പകര്‍ന്നാടിയ ജെയിലര്‍. സിനിമ കണ്ടവര്‍ക്കും കാണാത്തവര്‍ക്കും ഇടയില്‍ വിനായകന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഈ സംഭാഷണശകലം ട്രെന്‍ഡിംഗിലാണ്. അപ്പോള്‍, ഒടിടി കാലത്തിലും തിയറ്ററില്‍ ആളുകയറുമെന്ന് മനസിലായില്ലേ സാറേ...
അനീഷ് ആലക്കോട്