പകരാം സന്തോഷം, പാട്ടിലൂടെ...
Sunday, August 13, 2023 2:13 AM IST
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ലേ ചെയ്യപ്പെടുക.. വാക്കുകൾക്കപ്പുറമുള്ള ആഹ്ലാദവും അതിശയവും വന്നുമൂടുകയാണ് യുവ പിന്നണിഗായിക കൂടിയായ അനുശ്രീയെ. തൃശൂർ പേരാമംഗലം സ്വദേശിയും ബിടെക് ബിരുദധാരിയുമായ ഗായിക അനുശ്രീ സംസാരിക്കുന്നു...
സൂപ്പർഹിറ്റായ കണ്ണാളനേ എന്ന പാട്ടിന്റെ കവർ പതിപ്പ് നാലുവർഷം മുന്‍പ് റെക്കോർഡ് ചെയ്യുന്പോൾ അനുശ്രീ എന്ന ഗായികയ്ക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ- തന്റെ ശബ്ദത്തിൽ ഒരു പാട്ട് എ.ആർ. റഹ്മാനെ കേൾപ്പിക്കണം. അക്കാലത്താണ് റഹ്മാന്റെ മ്യൂസിക് അക്കാദമിയായ കെഎം മ്യൂസിക് കണ്‍സർവേറ്ററിയിൽ അനുശ്രീ നാലുവർഷത്തെ വെസ്റ്റേണ്‍ ക്ലാസിക്കൽ സംഗീത പഠനം പൂർത്തിയാക്കിയത്.
നാലു വർഷങ്ങൾക്കിപ്പുറം ആ കവർ സോംഗ് അനുശ്രീയെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിരിക്കുന്നു. അതിനു കാരണമായതോ, പ്രിയ ഗായികയായ കെ.എസ്. ചിത്ര! ആ കഥ അനുശ്രീ പറയട്ടെ:
""രണ്ടു തവണ ചിത്രച്ചേച്ചിയെ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. രണ്ടുതവണയും ഒരുമിച്ചു ഫോട്ടോയെടുത്തു. കണ്ണാളനേ എന്ന പാട്ടിന്റെ കവർ പതിപ്പു പശ്ചാത്തലമാക്കി ഈ രണ്ടു ഫോട്ടോകളും ചേർത്ത് ഒരു വീഡിയോ ഉണ്ടാക്കിയിരുന്നു. ചിത്രച്ചേച്ചിയുടെ അറുപതാം പിറന്നാളിന് ആശംസകളർപ്പിക്കാൻ അതൊരു റീൽ ആക്കി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു.
ഇരുപതുലക്ഷം വ്യൂസ് കടക്കുമെന്നൊന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ മൂന്നു ദിവസംകൊണ്ടുതന്നെ ഒരു മില്യണ്‍ കടന്നിരുന്നു. വലിയ ഈശ്വരാനുഗ്രമായി കരുതുകയാണ് ഇതിനെ. റഹ്മാൻ സാർ ഈണമിട്ട, ചിത്ര പാടിയ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്നാണ് കണ്ണാളനേ''...
പാട്ടാണ് എല്ലാം...
തൃശൂർ പേരാമംഗലത്ത് പി.കെ. അയ്യപ്പൻ- പി. നിർമലാ ദേവി ദന്പതികളുടെ മകളായി ജനിച്ച അനുശ്രീ അഞ്ചാം വയസിലാണ് പാട്ടുമായി ആദ്യം സ്റ്റേജിൽ കയറുന്നത്. എം.ജി. രാധാകൃഷ്ണൻ ഈണമിട്ട് പ്രശസ്തമായ ഓടക്കുഴൽവിളി എന്ന ഗാനം. മാതാപിതാക്കളുടെ പൂർണ പിന്തുണയും പ്രോത്സാഹനവും അനുശ്രീക്കു പാട്ടിന്റെ വഴിനടക്കാൻ സഹായകമായി.
""പാട്ടാണ് എനിക്കെല്ലാം. ഹൃദയത്തിന് സന്തോഷവും ഉൗർജവും പകരുന്നതാണത്''- അനുശ്രീ പറയുന്നു. വെസ്റ്റേണ്‍ ക്ലാസിക്കലിൽ ലണ്ടൻ ട്രിനിറ്റി കോളജിൽനിന്ന് എട്ടാം ഗ്രേഡ് പൂർത്തിയാക്കിയ അനുശ്രീ ഇപ്പോഴും സംഗീത പഠനം തുടരുന്നു. പ്രശസ്തയായ ഡോ. നിത്യശ്രീ മഹാദേവനാണ് കർണാടക സംഗീതത്തിലെ ഗുരു. റഷ്യൻ സംഗീതജ്ഞയായ നതാലിയ ബെഞ്ചമിനാണ് വെസ്റ്റേണ്‍ ക്ലാസിക്കൽ അധ്യാപിക. ഡിപ്ലോമയ്ക്കുവേണ്ടിയാണ് പഠനം. തൃശൂർ ആകാശവാണി ബി ഗ്രേഡ് ആർട്ടിസ്റ്റുമാണ് അനുശ്രീ.
സിനിമ, ആൽബം
മൂന്നു മലയാളവും രണ്ടു തമിഴും അടക്കം സിനിമകളിൽ ഇതിനകം അനുശ്രീയുടെ പാട്ടുകൾ വന്നു. ഓക്കേ കണ്മണിയുടെ മലയാളം പതിപ്പിലെ പാട്ടിൽ എ.ആർ. റഹ്മാനുവേണ്ടി കോറസ് പാടാനായതും വലിയ സന്തോഷം പകരുന്നു. പാടും പാതിരി ഫാ. പോൾ പൂവത്തിങ്കലിന്റെ സംഗീതത്തിലുള്ള ക്രിസ്ത്യൻ ഭക്തിഗാനമാണ് ആൽബങ്ങളിലെ ആദ്യ സോളോ.
വിദ്യാധരൻ മാസ്റ്ററുടെ ഈണത്തിൽ അദ്ദേഹത്തിനൊപ്പം പാടാനായതും ഭാഗ്യമായി കരുതുന്നു. അതൊരു സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചെങ്കിലും റിലീസ് ആയില്ല. സംഗീതജ്ഞൻ കേശവൻ നന്പൂതിരിയുടെ ഈണത്തിൽ പാടിയ ഭക്തിഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഓരോ പാട്ടുകളും ഓരോ പാഠങ്ങളും സ്വയം വളരാനുള്ള അവസരങ്ങളുമായി അനുശ്രീ കരുതുന്നു.
റോമിലെ സാൽവത്തോറിയൻ സിസ്റ്റേഴ്സിന്റെ ഒരു ഇന്റർനാഷണൽ പ്രോജക്ടിലും അനുശ്രീയുടെ ശബ്ദമുണ്ട്. ഇംഗ്ലീഷിൽ പാടിയ ആദ്യത്തെ പാട്ട് അതായിരുന്നു. ഹൃദയത്തോടു ചേർന്നുനിൽക്കുന്ന ഗാനമായിരുന്നു അതും.
തുടർന്ന് ഒരു ഗ്ലോബൽ വർച്വൽ ക്വയറിലും അനുശ്രീ പാടി. 65 രാജ്യങ്ങളിൽനിന്നുള്ള സംഗീതജ്ഞർ പങ്കെടുത്തതാണ് ദ മ്യൂസിക്കൽ സോളിഡാരിറ്റി പ്രോജക്ട് എന്ന ആ പരിപാടി.
മാന്ത്രികശബ്ദം!
ശബ്ദംകൊണ്ട് മായാജാലം കാട്ടുന്ന ഗായികയായാണ് അനുശ്രീ ചിത്രയെ കാണുന്നത്. ""എല്ലാവരെയുംപോലെ ചിത്രച്ചേച്ചിയാണ് എന്റെ ഇഷ്ടഗായിക. നേരിട്ടു കാണാൻ സാധിച്ച രണ്ടു സന്ദർഭങ്ങളും മധുരതരവും ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കുന്നതുമാണ്.
ചിത്രച്ചേച്ചിയോടും അവരുടെ സംഗീതത്തോടുമുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാനാണ് ആ വീഡിയോ ചെയ്തത്. അങ്ങനെ ആ പാട്ട് അവർക്കുവേണ്ടി സമർപ്പിച്ചു. 2.1 മില്യണ്‍ വ്യൂസ് കടന്ന ആ റീൽ നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. പ്രോത്സാഹനവുമായി ഒരുപാടു കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും''.
ഇതൊക്കെയാണെങ്കിലും സംഗീതത്തിലെ തന്റെ എക്കാലത്തെയും വലിയ ആരാധനാപാത്രം ഗാനഗന്ധർവൻ യേശുദാസ് തന്നെയാണെന്ന് അനുശ്രീ പറയുന്നു. ഈ പ്രായത്തിലും സംഗീതത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അദ്വിതീയമായ സമർപ്പണത്തിനു മുന്നിൽ കൈകൂപ്പുന്നു.
ജീവിതകാലം മുഴുവൻ പാട്ടുപഠിക്കുകയും പാടുകയും ചെയ്യണമെന്നാണ് അനുശ്രീയുടെ ആഗ്രഹം. പരമാവധി പൂർണതയോടെ പാടണം.
പാട്ടിലൂടെ എല്ലായിടത്തും സന്തോഷം പടർത്താൻ വിശ്രമമില്ലാതെ ഞാൻ പാടും- അനുശ്രീ പറയുന്നു.
ഹരിപ്രസാദ്