ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
Sunday, August 6, 2023 1:45 AM IST
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചിച്ചിരിക്കുകയാണ് ഡെൻമാർക്ക് സ്വദേശിയായ ആൻഡേഴ്സൺ.
"ലക്ഷ്യപ്രാപ്തിക്കു വേണ്ടത് ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ്. വിഘ്നങ്ങൾ കടന്നുവരാം. എന്നാൽ അവയൊന്നും വിജയത്തിലേക്കുള്ള വഴിയിൽ മാർഗതടസമാകില്ലെന്ന ഉറച്ച തീരുമാനമാണു വേണ്ടത്. നല്ല ജോലിയുപേക്ഷിച്ച്, പ്രിയപ്പെട്ടവരിൽനിന്നകന്ന്, ലോകയാത്രയ്ക്കായി ഞാൻ തീരുമാനമെടുത്തപ്പോൾ കുടുംബാംഗങ്ങൾ നഖശിഖാന്തം എതിർത്തു. അരുതെന്ന് കേണപേക്ഷിച്ചു. എന്നാൽ അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല. അവരുടെ കണ്ണീർക്കണങ്ങൾ കണ്ടാണു ഞാൻ യാത്ര തിരിച്ചത്. എന്നാൽ, എന്റെ യാത്രയുടെ സദുദ്ദേശ്യം തിരിച്ചറിഞ്ഞ അവർ പിന്നീട് എന്നെ പ്രോത്സാഹിപ്പിച്ചു. ഒടുവിൽ ദുഃഖാശ്രുക്കളാൽ യാത്രയാക്കിയ അവർ സന്തോഷാശ്രുക്കളാൽ എന്നെ സ്വീകരിച്ചു. ' -പത്തുവർഷം നീണ്ട ലോകയാത്ര പൂർത്തിയാക്കി കഴിഞ്ഞ മാസം 26ന് ഡെന്മാർക്കിന്റെ കിഴക്കൻ തീരപ്രദേശത്തെ ആർഥസ് തുറമുഖത്ത് ഇറങ്ങിയപ്പോൾ തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകരോട് തോർ പെഡേഴ്സൻ പറഞ്ഞു.
വേറിട്ടൊരു സാഹസിക യാത്ര പൂർത്തിയാക്കിയിരിക്കുകയാണ് ഡെന്മാർക്കിലെ കെർട്ടെമിൻഡെ സ്വദേശിയായ ടോർബ്ജോൻ സി. പെഡേഴ്സൻ എന്ന ടോർബ് പെഡേഴ്സൻ. വിമാനയാത്ര പൂർണമായും ഒഴിവാക്കി, സ്വന്തമായി വാഹനമുപയോഗിക്കാതെ, ചരക്കുകപ്പലുകളിലും ബോട്ടുകളിലും ബസുകളിലും റിക്ഷകളിലുമായി ലോകത്തെ അനുഭവിച്ച് ഒരു സുദീർഘയാത്ര.
യാത്രയിലൂടെ ലഭിക്കുന്ന വരുമാനം ഡെന്മാർക്ക് റെഡ്ക്രോസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയെന്ന സദുദ്ദേശ്യം ഈ 44 കാരന്റെ മഹായാത്രയുടെ ശോഭ വർധിപ്പിക്കുന്നു. 3,576 ദിവസത്തെ യാത്രയിൽ 379 ചരക്കുകപ്പലുകളിൽ മാറിമാറി കയറി. 158 ട്രെയിനുകൾ, 351 ബസുകൾ, 219 ടാക്സികൾ, 33 ബോട്ടുകൾ, 43 റിക്ഷകൾ എന്നിവയും യാത്രയ്ക്കായി ഉപയോഗിച്ചു.
ഡെന്മാർക്കിലെ രാജകൊട്ടാരങ്ങളിൽ സുരക്ഷാഗാർഡായി ജോലി ചെയ്തിട്ടുള്ള പെഡേഴ്സൻ ആറു മാസത്തോളം യുഎൻ സമാധാനസേനയുടെ ഭാഗമായും പ്രവർത്തിച്ചു. തുടർന്ന് കപ്പൽ ഗതാഗത മേഖലയിൽ ജോലി ചെയ്യുന്നതിനിടെയാണു സാഹസിക യാത്രാമോഹം ഉള്ളിലുദിക്കുന്നത്.
യാത്രയുടെ തുടക്കം
"വൺസ് അപ്പോൺ എ സാഗ' എന്ന പേരിലായിരുന്നു പെഡേഴ്സന്റെ സാഹസികയാത്ര. ഇതിനായി ഇതേ പേരിൽ വെബ്സൈറ്റ് തുറന്ന് യാത്രാവിവരങ്ങൾ പങ്കുവച്ചു. 2013 ഒക്ടോബർ പത്തിനു രാവിലെ 10.10ന് ദക്ഷിണ ഡെന്മാർക്കിലെ ഡിബോൾ മൊല്ലെയിൽനിന്നാണു യാത്ര പുറപ്പെട്ടത്.
ഇവിടെനിന്ന് ട്രെയിനിൽ ജർമനിയിലേക്കായിരുന്നു ആദ്യയാത്ര. യുഎൻ അംഗീകരിച്ച 195 രാജ്യങ്ങളും ഭാഗികമായി അംഗീകരിച്ചതുമുൾപ്പെടെ 203 രാജ്യങ്ങളാണ് ഇദ്ദേഹം സന്ദർശിച്ചത്. കഴിഞ്ഞ മേയ് 24നാണ് തന്റെ ലക്ഷ്യത്തിലെ അവസാനത്തേതും 203-ാമത്തെ രാജ്യവുമായ മാലദ്വീപ് സന്ദർശിച്ചത്.
തുടർന്ന് അവിടെനിന്ന് ജന്മനാട്ടിലേക്ക് മറ്റൊരു സ്വപ്നസാക്ഷാത്കാരമായ കപ്പൽയാത്രയും പൂർത്തീകരിച്ച് വീട്ടിലെത്തി. മാലദ്വീപിൽനിന്ന് ശ്രീലങ്ക വഴി 33 ദിവസത്തെ കപ്പൽയാത്രയ്ക്കുശേഷമാണ് ജന്മനാട്ടിലെത്തിയത്. എംവി മിലാൻ മെർസ്ക് എന്ന ചരക്കുകപ്പലിലായിരുന്നു ഈ യാത്ര. ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകേ, ചെങ്കടൽ കടന്ന്, സൂയസ് കനാലിലൂടെ മെഡിറ്ററേനിയനിലെത്തി, അവിടെനിന്ന് ഇംഗ്ലീഷ് ചാനൽ കടന്ന് ജർമനി വഴി ഡെന്മാർക്കിലെത്തി.
ഉത്തരകൊറിയ സന്ദർശനത്തെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിക്കുകയും തടസം നിൽക്കുകയും ചെയ്തെങ്കിലും വലിയ കാലതാമസമില്ലാതെ പെഡേഴ്സന് അവിടെയെത്താനായി. ചൈനയിൽനിന്നു ട്രെയിൻമാർഗമായിരുന്നു ഉത്തരകൊറിയയിലെത്തിയത്. അവിടത്തെ ജനങ്ങൾ സാധുക്കളാണെന്നും അവരുടെ സ്നേഹവും വാൽസല്യവും താൻ അനുഭവിച്ചറിഞ്ഞെന്നും പെഡേഴ്സൻ പറയുന്നു.
ഭേദിച്ചത് ഗ്രഹാം ഹ്യൂഗ്സിന്റെ റിക്കാർഡ്
ഇംഗ്ലണ്ടിലെ ലിവർപൂൾ സ്വദേശിയായ ഗ്രഹാം ഹ്യൂഗ്സാണ് വ്യോമഗതാഗതത്തെ ആശ്രയിക്കാതെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് ഗിന്നസ് വേൾഡ് റിക്കാർഡ്സിൽ ഇടം നേടിയ ആദ്യ വ്യക്തി. "ദ ഒഡീസി എക്സ്പെഡീഷൻ' എന്ന പേരിലായിരുന്നു യാത്ര. ഇതേ പേരിൽ പ്രത്യേക വെബ്സൈറ്റ് തുറന്ന് ഓരോ രാജ്യത്തെയും അനുഭവങ്ങൾ കോർത്തിണക്കി വീഡിയോയും അദ്ദേഹം പങ്കുവച്ചു.
യുഎൻ അംഗീകരിച്ച 193 രാജ്യങ്ങളും ഭാഗികമായി അംഗീകരിച്ച രാജ്യങ്ങളുമുൾപ്പെടെ 201 രാജ്യങ്ങളാണ് നാലു വർഷം നീണ്ട യാത്രയിൽ ഇദ്ദേഹം സന്ദർശിച്ചത്. 2009 ജനുവരി ഒന്നിന് ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വെയിൽ ആരംഭിച്ച് 1426 ദിവസം നീണ്ട യാത്ര സൗത്ത് സുഡാനിൽ അവസാനിച്ചു. എന്നാൽ യാത്രയ്ക്കിടയിൽ രണ്ടു തവണ അദ്ദേഹം വീട്ടിലെത്തിയിരുന്നു. ഇതോടെ തുടർച്ചയായി യാത്ര ചെയ്ത് എല്ലാ രാജ്യങ്ങളും സന്ദർശിച്ച ചരിത്രനേട്ടം പെഡേഴ്സനു വന്നുചേർന്നിരിക്കുകയാണ്.
കോവിഡിൽ കുടുങ്ങി രണ്ടു വർഷം
കോവിഡ് മഹാമാരി പെഡേഴ്സന്റെ യാത്രയെയും ബാധിച്ചു. 2020 തുടക്കത്തിൽ കോവിഡിനെത്തുടർന്ന് രണ്ടു വർഷത്തോളമാണ് ഹോങ്കോംഗിൽ കുടുങ്ങിയത്. ഒന്പത് രാജ്യങ്ങൾ മാത്രം സന്ദർശിക്കാൻ ശേഷിച്ചിരിക്കെയായിരുന്നു ഇത്. വെറുതെയിരുന്നു ശീലമില്ലാത്ത തനിക്ക് കോവിഡ് കാലത്ത് വെറുതെയിരുന്നു സമയം ചെലവഴിച്ചത് ഇനിയും വിശ്വസിക്കാനാകുന്നില്ലെന്ന് പെഡേഴ്സൻ പറയുന്നു.
ശേഷിക്കുന്ന രാജ്യങ്ങളിലെ സന്ദർശനം ഒഴിവാക്കിയാലോ എന്ന ആലോചനവരെ പലകുറിയുണ്ടായി. വീട്ടുകാരിൽനിന്നും സമ്മർദമുണ്ടായി. എങ്കിലും ലക്ഷ്യപ്രാപ്തിക്കായി കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവിൽ 2022 ജനുവരി അഞ്ചിന് ഹോങ്കോംഗ് വിടാൻ അനുമതി ലഭിച്ചതോടെ യാത്ര തുടർന്നു.
തടസങ്ങളേറെ
കോവിഡിനു പുറമേ മറ്റു പല വൈതരണികളും പിന്നിട്ടാണു പെഡേഴ്സൻ ലക്ഷ്യം നേടിയത്. റോഡ് യാത്രയ്ക്കിടെ സിറിയ, ഇറാൻ, നൗറു, അങ്കോള എന്നിവിടങ്ങളിൽ വിസയ്ക്കായി നാളുകൾ കാത്തിരിക്കേണണ്ടി വന്നു. ഘാനയിലായിരിക്കെ മലേറിയ പിടിപെട്ടു കിടപ്പിലായി. ഐസ്ലാൻഡിൽനിന്നു കാനഡയിലേക്ക് ചരക്കുകപ്പലിൽ പോകവെ കൊടുങ്കാറ്റിൽപ്പെട്ടു മരണത്തെ മുഖാമുഖം കണ്ടു.
കപ്പൽ കേടായി മെഡിറ്ററേനിയൻ കടലിൽ ദിവസങ്ങളോളം കുടുങ്ങിക്കിടന്നു. സിറിയ, എറിത്രിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളിൽ സംഘർഷങ്ങളെത്തുടർന്ന് അതിർത്തികൾ അടച്ചതും തടസമായി. കപ്പലുകൾ അപകടത്തിൽപ്പെട്ടതുമൂലവും ഉദ്യോഗസ്ഥതലത്തിലെ കെടുകാര്യസ്ഥത കാരണവും യാത്രാതടസങ്ങളുണ്ടായി. കോവിഡ് കാലമായതിനാൽ പലയിടത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും പ്രശ്നമായി.
ഡോക്യുമെന്ററിയും പുസ്തകവും
തന്റെ സുദീർഘമായ ലോകപര്യടനത്തെ ആസ്പദമാക്കി ഡോക്യുമെന്റി പുറത്തിറക്കാനും പുസ്തകം പ്രസിദ്ധീകരിക്കാനും പെഡേഴ്സൻ തീരുമാനിച്ചിട്ടുണ്ട്. കനേഡിയൻ ചലച്ചിത്രസംവിധായകൻ മൈക്ക് ഡഗ്ലസുമായി ചേർന്നാണു "ദ ഇംപോസിബിൾ ജേർണി' എന്ന പേരിൽ ഡോക്യുമെന്ററി പുറത്തിറക്കുക.
ടി.എ. ജോർജ്