കണ്ണുനിറയ്ക്കുന്ന നന്ദി...
Sunday, July 23, 2023 1:24 AM IST
ചില പാട്ടുകൾ കേൾക്കുന്പോൾ കണ്ണുനിറയുന്നത് സ്വാഭാവികമാണ്. ആ പാട്ടുമായി ബന്ധപ്പെട്ട് നമുക്കുള്ള ഓർമകൾ, പാട്ടിന്റെ വരികൾ, ഈണം... പല കാരണങ്ങൾ സങ്കടത്തിനു വഴിതെളിക്കാം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കണ്ണുകൾ മുന്പൊരു വേദിയിൽ ഒരു പാട്ടുകേട്ട് നിറഞ്ഞിട്ടുണ്ട്. ആ പാട്ടുകേൾക്കാനിടയായ സാഹചര്യമാണോ, പാടിയവരാണോ, വരികളാണോ, അതോ ഇതെല്ലാം ചേർന്നാണോ ആ കണ്ണുകളെ ഈറനാക്കിയതെന്നറിയില്ല.. ആ പാട്ടിനെക്കുറിച്ച്...
കളിചിരിയും കലപിലയുമായി നടക്കേണ്ട കുരുന്നുകൾ. സ്വരങ്ങളും ശബ്ദങ്ങളും കേട്ടും ഒച്ചവച്ചും വളരേണ്ട അവരിൽ ചിലർക്ക് കേൾവിശക്തി ഇല്ലെങ്കിലോ... ശബ്ദങ്ങൾ കേട്ടില്ലെങ്കിൽ സ്വഭാവികമായും സംസാരശേഷിയും ഉണ്ടാകില്ല. എന്തൊരു ലോകമാവും അവരുടേത്!.. മാതാപിതാക്കളുടേതും...
ഓർമകളുടെ മഹാസാഗരം ബാക്കിയാക്കി മടങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആ കുട്ടികൾക്കായി ഒരുവലിയ കാര്യം ചെയ്തിരുന്നു. കുരുന്നുകൾക്ക് കേൾവിശക്തിയും സംസാരശേഷിയും നേടിക്കൊടുക്കാനുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ ചികിത്സയ്ക്ക് പ്രത്യേക പദ്ധതി. ഇതിലൂടെ നൂറുകണക്കിനു കുട്ടികൾക്ക് കേൾവിശക്തി ലഭിച്ചു. അവർ പാട്ടുപാടിത്തുടങ്ങി. ഒരു വേദിയിൽ ആ കുട്ടികളിൽ ചിലർ ഒരു പ്രാർഥനാഗീതം പാടി. കേട്ടുനിന്നവർക്കൊപ്പം ആ ഭരണാധികാരിയുടെയും കണ്ണുകൾ ഈറനണിഞ്ഞു. തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ... എന്ന പാട്ടായിരുന്നു അത്.
ഹൃദയംതൊട്ട പാട്ട്
എത്രലക്ഷം ഹൃദയങ്ങളെയാണ് ഈ പാട്ട് തലോടിയിട്ടുള്ളതെന്നു കണക്കില്ല. ഈയൊരു പാട്ടിന്റെ ബലത്തിൽ ആൽബത്തിന്റെ പത്തുലക്ഷം കാസറ്റുകളാണ് വിറ്റഴിഞ്ഞത്. മലയാളത്തിൽ ഇങ്ങനെയൊരു ചരിത്രം മറ്റൊന്നില്ല. 1992ലാണ് തിരുനാമകീർത്തനം എന്ന ഈ ആൽബം പുറത്തിറങ്ങിയത്. ഫാ. മൈക്കിൾ പനച്ചിക്കൽ എന്ന പ്രതിഭയുടെ വരികൾ, സണ്ണി സ്റ്റീഫൻ ആത്മാർപ്പണം നടത്തിയ ഈണം. ചുരുങ്ങിയ കാലംകൊണ്ട് വിസ്മയം പകർന്നു മടങ്ങിയ രാധിക തിലകിന്റെ ആലാപനം.
ചാലക്കുടി മുരിങ്ങൂരിലെ ഡിവൈൻ ധ്യാനകേന്ദ്രം വഴിയാണ് ഈ ആൽബവും ഗാനവും ഭക്തരുടെ ജീവിതങ്ങളിലേക്ക് ഒഴുകിയത്. അവിടെ ധ്യാനത്തിനെത്തുന്നവരെല്ലാം മടങ്ങിയത് തിരുനാമകീർത്തനത്തിന്റെ കോപ്പികളുമായാണ്. അവിടെനിന്നു മറ്റു ധ്യാനകേന്ദ്രങ്ങളിലേക്കും ഈ പാട്ട് പകർന്നൊഴുകി.
മലയാളികൾ ഉള്ളിടങ്ങളിൽനിന്നെല്ലാം ഈ കാസറ്റ് ആവശ്യപ്പെട്ടുകൊണ്ട് തനിക്ക് ഫോണ്കോളുകളുടെ പ്രവാഹമായിരുന്നെന്ന് ആൽബത്തിന്റെ സ്രഷ്ടാവ് ഫാ. മൈക്കിൾ പനച്ചിക്കൽ ഒരിക്കൽ പറഞ്ഞു. ആവശ്യക്കാർക്കെല്ലാം കാസറ്റ് കൊടുത്തുതീർക്കാൻ കഴിയാതെവന്നപ്പോൾ ആൽബത്തിന്റെ അവകാശം മറ്റൊരു നിർമാതാവിനു കൊടുക്കുകയായിരുന്നു. അങ്ങനെയങ്ങനെ പത്തുലക്ഷം കോപ്പികൾ എന്ന ചരിത്രത്തിലേക്ക് ആൽബം എത്തി.
തിരുനാമകീർത്തനത്തിന്റെ വിജയത്തിനു പിന്നാലെ കീർത്തനം എന്ന പേരു ചേർത്ത ഒട്ടേറെ ഭക്തിഗാന ആൽബങ്ങൾ അക്കാലത്ത് ഇറങ്ങിയിട്ടുണ്ട്.
ദൈവിക സ്വരം
രാധിക തിലകിന്റെ ആദ്യത്തെ ക്രിസ്ത്യൻ ഭക്തിഗാനമായിരുന്നു തിരുനാമകീർത്തനം. വരികളിലെ ദൈവികതയ്ക്കു ചേരുന്ന സ്വരം എവിടെ കണ്ടെത്തുമെന്നു വിഷമിച്ചിരിക്കുന്പോഴാണ് തനിക്കു വർഷങ്ങൾക്കുമുന്പ് ഒരു യൂണിവേഴ്സിറ്റി കലോത്സവത്തിൽ കേട്ട ശബ്ദം മനസിൽ തെളിഞ്ഞതെന്ന് സംഗീത സംവിധായകൻ സണ്ണി സ്റ്റീഫൻ ഓർമിച്ചിട്ടുണ്ട്. അതു രാധികയുടെ ശബ്ദമായിരുന്നു. അതുതന്നെയാണ് തനിക്കു വേണ്ടിയിരുന്നതെന്ന് സണ്ണി സ്റ്റീഫൻ.
കൊച്ചി തോപ്പുംപടിയിലെ സാന്റാ സിസിലിയ എന്ന സ്റ്റുഡിയോയിലാണ് ഗാനം റെക്കോർഡ് ചെയ്തത്. ഓർക്കസ്ട്രയുടെ റെക്കോർഡിംഗ് തലേന്നുതന്നെ പൂർത്തിയാക്കിയിരുന്നു. മറ്റൊരാളെക്കൊണ്ടു പാടിച്ച ട്രാക്ക് പക്ഷേ, രാധികയെ കേൾപ്പിക്കേണ്ടെന്നു തീരുമാനിച്ചു സംഗീത സംവിധായകൻ. അത് അവരുടെ ആലാപനത്തെ സ്വാധീനിക്കേണ്ടെന്ന് അദ്ദേഹത്തിനു തോന്നി. രാധിക കുറഞ്ഞ സമയംകൊണ്ട് ട്യൂണ് പഠിച്ചു. ഓരോ ശ്വാസത്തിലും പ്രാർഥനയുള്ള പാട്ട് മൂന്നു മണിക്കൂർ കൊണ്ട് റെക്കോർഡിംഗ് പൂർത്തിയായി. അങ്ങനെ ആ ഗാനം ലോകംകേട്ടു.
മികച്ച ഗായികയ്ക്കുള്ള കെസിബിസിയുടെ പ്രഥമ അവാർഡ് ഈ ഗാനത്തിലൂടെ രാധികയെ തേടിയെത്തി. ഗാനരചനയ്ക്കും സംഗീത സംവിധായകനുമുള്ള പുരസ്കാരങ്ങൾ യഥാക്രമം പനച്ചിക്കലച്ചനും സണ്ണി സ്റ്റീഫനും. ഗായകൻ ബിജു നാരായണന്റെ ആദ്യ ക്രിസ്ത്യൻ ഭക്തിഗാനവും ഈ ആൽബത്തിലായിരുന്നു. ഏഴു ഭാഷകളിലേക്കാണ് തിരുനാമകീർത്തനം മൊഴിമാറ്റം ചെയ്യപ്പെട്ടു.
വരികൾ വന്ന വഴി
ഫാ. മൈക്കിൾ പനച്ചിക്കലിന്റെ ഓർമയിൽ ഒരു ധ്യാനവേദിയുണ്ട്. ഒരുവേള അദ്ദേഹം വിശ്വാസികളോടു പറഞ്ഞു- എല്ലാവരും കൈകളുയർത്തി ദൈവത്തെ സ്തുതിക്കുവിൻ... ഒരുപാടു കൈകൾ മുകളിലേക്കുയർന്നു. അവയിൽ രണ്ടു കൈകൾ അച്ചന്റെ മനസിനെ അപൂർവായൊരു കരുത്തോടെ പിടിച്ചുനിർത്തി- അവ മുട്ടിനു കീഴെ മുറിഞ്ഞുപോയവയായിരുന്നു!
മുഴുവനോടെയുണ്ടായിട്ടും ദൈവത്തിനുവേണ്ടി ഉയരാത്ത കൈകളുണ്ട്. സംസാരശേഷിയുണ്ടായിട്ടും ദൈവനാമം ഉരുവിടാത്ത നാവുകളുണ്ട്.. സ്തുതിഗീതമാലപിക്കാത്ത ചുണ്ടുകളുമുണ്ട്. ഇതിനൊന്നിനും ഉതകുന്നില്ലെങ്കിൽ എന്തിനാണീ കൈകളും നാവും ചുണ്ടുകളും? ആ നിമിഷം തന്റെ മനസിൽ ഈ വരികൾ എഴുതപ്പെട്ടുവെന്ന് പനച്ചിക്കലച്ചൻ ഓർമിക്കുന്നു:
തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ...
മനസിൽ സന്തോഷവും നന്ദിയും നിറയുന്പോൾ, അതു കാണുന്പോൾ.., കേൾക്കുന്പോൾ.. കണ്ണുനിറയുന്നതിൽ എന്താണത്ഭുതം! അങ്ങനെ നിറയാനല്ലെങ്കിൽ എന്തിനാണ് കണ്ണുകളും കണ്ണീരും!
ഹരിപ്രസാദ്