ചിത്രയ്ക്ക് 60ന്റെ യൗവ്വനം
Sunday, July 23, 2023 1:14 AM IST
എങ്കിലും രജനീ പറയൂ... എന്ന ആദ്യഗാനം പാടിയപ്പോഴുള്ള അതേ മുഖഭാവമാണ് 2023 ലും ചിത്രയ്ക്ക്. ഇളയരാജ, എ.ആർ.റഹ്മാൻ തുടങ്ങിയ സംഗീത ഇതിഹാസങ്ങൾക്കൊപ്പം ചക്രവാളങ്ങൾ കീഴടക്കിയെങ്കിലും ഇന്നും ചിത്ര പറയും ഞാനിപ്പോഴും നെഞ്ചിടിപ്പോടെയാണ് വേദികളിൽ പാടുന്നതെന്ന്.
ആയിരമായിരം ഗാനങ്ങൾ ആലപിച്ച വാനന്പാടി കെ.എസ്. ചിത്രയ്ക്ക് അന്നും ഇന്നും താര പരിവേഷങ്ങളില്ല. ഗാനറെക്കോർഡിംഗ് അനുഭവങ്ങളെയും വിവിധ വേദികളിൽ നടത്തിയ ആലാപനത്തെയുംകുറിച്ചു ചിത്ര പറയുന്നതു പാട്ടിലെ തുടക്കക്കാരിയുടെ മുഖഭാവത്തോടെയാണ്. ദൈവം കനിഞ്ഞുനൽകിയ മാധുരിയും സംഗീതജ്ഞാനവും എല്ലാംകൂടി ചിത്രയെ മെലഡി റാണിയാക്കി.
ഇന്ത്യയുടെ സുവർണ്ണനാദമെന്നാണു ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടന്ന ഗാനപരിപാടിയിൽ ചിത്രയെ പ്രമുഖർ വിശേഷിപ്പിച്ചത്. എങ്കിലും രജനീ പറയൂ.... എന്ന ആദ്യഗാനം പാടിയപ്പോഴുള്ള അതേ മുഖഭാവമാണ് 2023 ലും ചിത്രയ്ക്ക്. ഇളയരാജ, എ.ആർ.റഹ്മാൻ തുടങ്ങിയ സംഗീത ഇതിഹാസങ്ങൾക്കൊപ്പം ചക്രവാളങ്ങൾ കീഴടക്കിയെങ്കിലും ഇന്നും ചിത്ര പറയും ഞാനിപ്പോഴും നെഞ്ചിടിപ്പോടെയാണ് വേദികളിൽ പാടുന്നതെന്ന്.
നാലു പതിറ്റാണ്ടായി ഗാനലോകത്ത് നിറഞ്ഞുനിൽക്കുന്ന ചിത്ര മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി കൂടാതെ വിദേശ ഭാഷകളിലും പാടിയിട്ടുണ്ട്. പദ്മഭൂഷണ് ഉൾപ്പെടെ ആദരവിനും ആറു ദേശീയ അവാർഡുകൾക്കും അർഹയായി.
ശബ്ദത്തിന്റെ സാധ്യതകൾ അറിയാനും മനോഹരമാക്കാനും ഇക്കാലത്തേതു പോലുള്ള സാങ്കേതിക സംവിധാനങ്ങളോ, ശബ്ദം മികച്ചതാക്കാനുള്ള പരിശീലനങ്ങളോ ഇല്ലാതിരുന്ന കാലത്ത് പാടിത്തുടങ്ങിയ ഗായികയാണ് ചിത്ര. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ പഠിക്കുന്ന കാലത്താണ് സിനിമയിൽ പാടി തുടങ്ങിയത്.
ആദ്യമാദ്യം ഒരേ ഭാവത്തിൽ പാടിയിരുന്ന ഈ നാദത്തിൽ പതുക്കെപ്പതുക്കെ സ്നേഹവും അതിതീവ്രപ്രണയവും വാത്സല്യവും കുസൃതിയും പരിഭവവുമെല്ലാം നിറഞ്ഞു കവിയുന്നതും ആസ്വാദകർ കണ്ടു. എന്തിനേറെ സ്ഥടികത്തിൽ സിൽക്ക് സ്മിതയുടെ ഭാവസൗന്ദര്യം കടമെടുത്ത് ‘ഏഴിമല പൂഞ്ചോല, മാമലയ്ക്ക് മണിമാല...’ എന്നിങ്ങനെ പാടുന്നതും കണ്ടു. അടുത്തകാലത്ത് സ്ഫടികം സിനിമ ഭദ്രൻ വീണ്ടും സൃഷ്ടിച്ചപ്പോൾ അതേ ഗാനം വീണ്ടും റെക്കോർഡ് ചെയ്യുകയുണ്ടായി.
പാറ, കരിന്പാറ, തേൻചോല എന്നൊക്കെ ചിത്ര പാടുന്നത് സ്മിതയായി അക്ഷരാർത്ഥത്തിൽ മാറിത്തന്നെയാണ്. ആട് തോമായ്ക്കു മയിലെണ്ണ പുരട്ടുന്ന കൽതൊഴിലാളി പെണ്ണിന്റെ തീക്ഷ്ണത എങ്ങനെയാണ് ഈ ഗായിക സ്വന്തമാക്കിയതെന്ന് അത്ഭുതം തോന്നും.
1996 ൽ ഗാനം റെക്കോർഡ് ചെയ്ത ശേഷമാണു സിനിമയുടെ സീൻ ചിത്രീകരിച്ചത്. ഭാവനയിൽ സിൽക്ക് സ്മിതയുടെ ഭാവം കണ്ടാവും ചിത്ര പാടിയത്. ഇവിടെയാണ് കഥാപാത്രവുമായി സിങ്ക് ചെയ്യാനുള്ള സിദ്ധി വെളിവാക്കുന്നത്. സ്ഫടികത്തിലെ തന്നെ ‘പരുമലച്ചെരുവിലെ പടിപ്പുര വീട്ടിൽ.’ പാടിയിരിക്കുന്നത് ഏറ്റവും സൗമ്യതയുള്ള ചിത്ര തന്നെയാണോ എന്നു സംശയിക്കുന്നവർ ഇന്നുമുണ്ട്.
‘മാലേയം മാറോടലിഞ്ഞു...’ എന്ന ഗാനത്തിന്റെ കഥ കേൾക്കാം.
തച്ചോളി വർഗീസ് ചേകവരോട് തോന്നുന്ന നായികയുടെ വികാരം ചിത്രയെക്കൊണ്ടു പാടിപ്പിക്കാൻ താൻ അനുഭവിച്ച ബുദ്ധിമുട്ട് വളരെയായിരുന്നുവെന്ന് ശരത് പറയാറുണ്ട്. മാലേയം ഭഗവാന്റെ കഴുത്തിലെ മാലയെന്നു കരുതി പ്രാർഥന തുടങ്ങിയ ചിത്രയോട് ഇറോട്ടിക്ക് സോംഗിനെക്കുറിച്ച് പറയാനാവാതെ വിഷമിച്ചുവത്രേ ശരത്. ഒടുവിൽ ഞാൻ പാടി തരുന്നതുപോലെ പാടിയാൽ മതിയെന്നുപറഞ്ഞ് പാടിപ്പിക്കുകയായിരുന്നു.
പാട്ടിൽ, ഇമോഷൻസ് കൊണ്ടുവരാൻ എസ്.പി.ബാലസുബ്രഹ്മണ്യം തന്നെ സഹായിച്ചിട്ടുണ്ടെന്ന് ചിത്ര പറയാറുണ്ട്. തമിഴിൽ ആദ്യഗാനം ഇവർ പാടിയത് ഇളയരാജയുടെ സംഗീതത്തിലാണ്. നാൻ ഒരുസിന്ദ്, സികളത്ത് ചിന്നക്കുയിലെ..... ഇന്തമാൻ ഉന്താൻ സോന്തമാൻ തുടങ്ങിയ ഹിറ്റുകൾ ഇളയരാജ സമ്മാനിച്ചതാണ്. കണ്ണാളനെ.... അഞ്ജലി തുടങ്ങി ഈ വർഷം റിലീസായ പൊന്നിയൻ സെൽവൻ 2 ലെ വിരലിടയർ ഗാനം പാട് ഉൾപ്പെടെ എ.ആർ. റഹ്മാന്റെ നിരവധി ഹിറ്റ് ഗാനങ്ങളും പാടിയിട്ടുണ്ട്.
റെക്കോർഡിംഗിനായി റഹ്്മാൻ ഫോണിൽ വിളിക്കുന്ന പല സന്ദർഭങ്ങളിലും തനിക്കു ജലദോഷമുണ്ടായിരുന്നുവെന്നു ചിത്ര പറയാറുണ്ട്. സാധാരണ സംഗീത സംവിധായകർ ജലദോഷമെന്നു കേട്ടാൽ റെക്കോർഡിംഗ് നീട്ടിവയ്ക്കും. എന്നാൽ വ്യത്യസ്ത ശബ്ദത്തിൽ ചിത്രയുടെ ഗാനം റെക്കോർഡ് ചെയ്യാനാഗ്രഹിച്ച റഹ്്മാൻ ജലദോഷം സാരമില്ല, ഉടൻ വരാനാണ് നിർദേശിച്ചത്.
ജി. അരവിന്ദന്റെ കുമ്മാട്ടിയിലെ മാനത്തെ മച്ചോളം തലെയെടുത്ത്.... എന്ന കുട്ടിസംഘത്തിന്റെ ഗാനം മഞ്ജു, ആശ, ഉഷ എന്നീ ഗായകർക്കൊപ്പം പാടിക്കൊണ്ടാണ് ചിത്രയുടെ സിനിമാ രംഗപ്രവേശം. ആദ്യ സോളോ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിൽ ഞാൻ ഏകനാണ് ചിത്രത്തിലെ രജനി പറയൂ..... എന്ന ഗാനവും.
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ആ ചിത്രത്തിൽ കോറസ് പാടാനാണ് മറ്റു ഗായികമാർക്കൊപ്പം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തുന്നത്. സ്വാതിതിരുനാൾ സംഗീത കോളജിലെ ഒരു വിദ്യാർഥിനി പാടിയ ഗാനം റെക്കോർഡ് ചെയ്തു. എന്നാൽ ഒരിക്കൽക്കൂടി ആ ഗാനം എടുക്കാമെന്നു തീരുമാനിച്ചു.
ഉച്ച കഴിഞ്ഞ് ഫൈനൽ റെക്കോർഡിംഗ് നിശ്ചയിച്ചുവെങ്കിലും ഗാനം പാടിയ വിദ്യാർഥിനി വന്നില്ല. അടുത്ത ദിവസവും വരാതെയിരുന്നപ്പോൾ കോറസ് പാടിയവരിൽ നന്നായി പാടിയ ചിത്രയെ പി. ചന്ദ്രകുമാർ തെരഞ്ഞെടുക്കുകയായിരുന്നു. വളരെ യാദൃച്ഛികമായ തുടക്കം. പിന്നീടങ്ങോട്ട് മലയാളസിനിമ കണ്ടത് ചിത്രയുടെ സുവർണകാലം.
എന്റെ മാമാട്ടിക്കുട്ടിയമ്മയിലെ ആളൊരുങ്ങി അരങ്ങൊരുങ്ങിയിൽ ഒരു ഇമ്മ്വച്ചർ ശബ്ദമായിരുന്നു ചിത്രയ്ക്ക്. കുട്ടിശബ്ദം മാത്രമല്ല എണ്പതുകളുടെ തുടക്കത്തിൽ പാടിയ പ്രണയഗാനങ്ങളിൽ വൈകാരികത വളരെ കുറവായിരുന്നു എന്നു പറയാം. 1984 ൽ പുറത്തിറങ്ങിയ അടുത്തടുത്ത് എന്ന സിനിമയിലെ ഇല്ലിക്കാടും ചെല്ലക്കാറ്റും....എത്തിയപ്പോൾ മനോഹര ഭാവങ്ങളുടെ ലാഞ്ചന തുങ്ങി.
1985 ൽ ഒരു നോക്കു കാണാൻ എന്ന ചിത്രത്തിനുവേണ്ടി പാടിയ ചിന്നുകുട്ടി ഉറങ്ങീലെ.... അതേ വർഷം തന്നെ പത്താമുദയത്തിനുവേണ്ടി പാടിയ, മംഗളം പാടുന്നു, കഥ ഇതുവരെയ്ക്കു വേണ്ടിയുള്ള മഴവില്ലിൻ മലർതേടി, ഇന്നും മായാതെ നിൽക്കുന്ന ആയിരം കണ്ണുമായി പോലുള്ള ഗാനങ്ങളിൽ രാഗഭാവം മാറി ത്തുടങ്ങി. പിന്നീടങ്ങോട്ടുള്ള വർഷങ്ങളുടെയും പാട്ടുകളുടെയും കണക്കെടുക്കുക എളുപ്പമല്ല.
ചിത്രയുടെ ശബ്ദത്തിനു കൈവന്ന മാനോഹാരിതയും വൈകാരികതയും സാധ്യതയും അളന്നെടുക്കുന്നതു ബുദ്ധിമുട്ടാണ്. ‘മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി....’, ‘രാജഹംസമേ....’, ‘ഒന്നുരിയാടാൻ കൊതിയായി കാണാൻ കൊതിയായി....’, ‘കളരിവിളക്കുതെളിഞ്ഞതാണോ’, അങ്ങനെ നീളുന്ന രണ്ടായിരത്തിലധികം പാട്ടുകൾ. ‘ആരോ വിരൽ മീട്ടി മനസിൽ മണ്വീണയും....’ എന്ന ഗാനത്തിൽ ‘വിരഹാർദ്രമായ സന്ധ്യേ...’ എന്നു പാടുന്പോൾ വല്ലാത്തൊരു വിരഹമാണ് ആസ്വാദകന്റെ നെഞ്ചിൽ പിടയുന്നത്.
‘താരാപഥം ചേതോഹരം.....’ എന്ന ഗാനത്തിൽ ആകട്ടെ ‘പ്രേമാമൃതം പെയ്യുന്നിതാ.....’ എന്നതിൽ ശരിക്കും പ്രേമാമൃതം തന്നെ. ‘ഓളങ്ങളെ ഓടങ്ങളെ വെള്ളിമണി തുള്ളുന്ന ചന്തങ്ങളെ’ എന്ന ഗാനം ചിത്ര പാടുന്നതു കേട്ടിട്ടില്ലേ? സമ്മർ ഇൻ ബത്ലഹേമിലെ കുറുന്പുകാരിയായ മഞ്ജു വാര്യരായി പരകായ പ്രവേശനം നടത്തിത്തന്നെയാണ് ‘ചൂളമടിച്ച് കറങ്ങി നടക്കും ചോല കുയിലിനു കല്ല്യാണം’ എന്ന ഗാനം പാടിയത്.
ദേവകന്യക സൂര്യ തന്പുരു മീട്ടുന്നു,
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊൻവെയിൽ
മഞ്ഞ് കോടി ഉടുക്കുന്നു...’
തുടങ്ങി മഞ്ഞൾപ്രസാദം പോലുള്ള സെമി ക്ലാസിക്കൽ ഗാനങ്ങളും പാടിയിട്ടുണ്ട്. ചിത്രയുടെ ‘ഉണ്ണീ വാവാവോ..’ കേട്ടിട്ടാണ് പൊന്നുണ്ണികൾ പലരും ഇന്നും ഉറങ്ങുന്നതെന്നും സത്യം. ഇരയിമ്മൻ തന്പിയുടെ ‘ഓമന തിങ്കൾ കിടാവോ...’ പാടിയിട്ടുണ്ട് ചിത്ര. ശൃംഗാരം തുളുന്പുന്ന ഇരയിമ്മൻ തന്പിയുടെ തന്നെ ‘പ്രാണനാഥനനെനിക്കു നൽകിയ’ ഗാനവും ചിത്ര തന്നെ പാടി.
ഇക്കൊല്ലം മാർച്ചിൽ റിലീസായ ‘ജവാനും മുല്ലപ്പൂവും’ ചിത്രത്തിലെ ‘മുറ്റത്തെ മുല്ലതൈ’ എന്ന ഗാനത്തിൽ ഇതുവരെ കേൾക്കാത്ത ഒരു ചിത്രാനാദമാണ്. സിനിമയിൽ യുവ അധ്യാപികയായി സീനിൽ വരുന്ന ശിവദ നായരുടെ അതേ ശബ്ദം.
എന്താണു സ്വരസൗന്ദര്യത്തിനു പിന്നിലെന്ന് ഒരു ചാനൽ അവതാരകൻ ചോദിച്ചപ്പോൾ ചിത്ര പുഞ്ചിരിയോടെ മടിച്ചുമടിച്ച് പറയുന്ന മറുപടിയുണ്ട്. ‘ഒരു പരിചയവും അനുഭവവും ഇല്ലാതെവന്ന ഗായികയാണു ഞാൻ. ഇതിഹാസ ഗായകർക്കൊപ്പവും സംഗീത സംവിധായകർക്കൊപ്പവും പിന്നീട് എനിക്കു പാടാൻ സാധിച്ചു. എന്റെ ആലാപനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ ഈ സ്വാധീനമാണ് കാരണം’. ഇതാണ് കെ.എസ്.ചിത്ര. എപ്പോഴും ചിരിക്കുന്ന വാനന്പാടി.
1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻനായരുടെ പുത്രിയായി തിരുവനന്തപുരത്താണ് ചിത്രയുടെ ജനനം. അമ്മ ശാന്താകുമാരി. ഗായിക കെ.എസ്. ബീന, ഗിറ്റാർ വിദഗ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ. എൻജിനിയറായ വിജയശങ്കറാണ് ഭർത്താവ്.
എസ്. മഞ്ജുളാദേവി