കള തന്ന പുര... കളപ്പുര
Sunday, July 16, 2023 5:41 AM IST
ടൊവിനോ തോമസ് നായകനായ കള എന്ന സിനിമ പ്രമോദിന്റെ കരിയറിൽ വലിയ വഴിത്തിരിവായി. പുതിയ വീടുവച്ച പ്രമോദിന്റെ വീട്ടുപേരും ആ സിനിമയുടെ പേരിനോടു ചേർന്നുനിൽക്കുന്നു, കളപ്പുര. കള എന്ന സിനിമയാണ് എനിക്കൊരു ജീവിതം തന്നത്. അതുകൊണ്ടുതന്നെ കള തന്ന പുരയാണ് എന്റെ വീടായ കളപ്പുര- പ്രമോദ് പറയുന്നു
അഭിമുഖം നടത്തിയയാളെ പോലും കരയിച്ച ഒരു നടന്റെ അഭിനയപാടവം. ഏതാനും നാൾ മുന്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു പ്രമോദ് വെളിയനാട് എന്ന നാടകനടന്റെ അഭിമുഖം. ആ നാടകത്തിന്റെ അവസാനം വേദിയിൽനിന്നിറങ്ങി സദസിലേക്കു നടന്നകലുന്ന പ്രമോദ് വന്നുകയറിയത് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കായിരുന്നു. ടൊവിനോ തോമസ് നായകനായ കള എന്ന സിനിമ പ്രമോദിന്റെ കരിയറിൽ വഴിത്തിരിവായി. പ്രമോദ് പുതിയ വീടുവച്ചപ്പോൾ നൽകിയ വീട്ടുപേരും കളപ്പുര എന്നാണ്.
ആ വൈറൽ അഭിമുഖം
തേര് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എറണാകുളത്ത് പ്രസ് മീറ്റ് നടക്കുകയായിരുന്നു. പ്രമുഖരുടെയെല്ലാം അഭിമുഖങ്ങൾ പത്രക്കാരും ചാനലുകാരും എടുത്തു. വൈകുന്നേരം ആറു മണിയായപ്പോഴാണ് എന്നെ വിളിക്കുന്നത്. അപ്പോൾ ഞാനും സംവിധായകൻ സീനുവും മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. അതു കഴിഞ്ഞപ്പോൾ വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനൽ പ്രതിനിധികൾ പ്രത്യേക അഭിമുഖം വേണമെന്നു പറഞ്ഞു.
ആ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒടുവിൽ അഭിനയിച്ച നളിനാക്ഷന്റെ വിശേഷങ്ങൾ എന്ന നാടകത്തിലെ വൈറലായ രംഗം അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. പ്രതീക്ഷിച്ചതിലും അപ്പുറം മൈലേജ് അഭിമുഖത്തിനു ലഭിച്ചു.
നളിനാക്ഷന്റെ വിശേഷങ്ങൾ
നളിനാക്ഷന്റെ വിശേഷങ്ങൾ എന്ന നാടകത്തിന്റെ തുടക്കത്തിൽതന്നെ ഞാൻ ചെയ്യുന്ന കഥാപാത്രം മരിച്ചു പോവുകയാണ്. 101 വയസുള്ള നളിനാക്ഷന്റെ ആത്മാവ് എഴുന്നേറ്റ് കഥ പറയുന്നതുപോലെയാണ് നാടകം മുന്നോട്ടുനീങ്ങുന്നത്. അവസാനം എന്റെ ശവശരീരം അടക്കം ചെയ്യുന്ന രംഗമാണ്. കഥയെല്ലാം അവസാനിച്ചു, ഞാൻ ആറടി മണ്ണിലേക്കു മടങ്ങുകയാണെന്നു പറഞ്ഞു പ്രേക്ഷകരുടെ ഇടയിലേക്ക് എന്റെ ആത്മാവ് വെളുത്ത കുട പിടിച്ച് ഇറങ്ങി പോകുന്നതോടെയാണ് നാടകം അവസാനിക്കുന്നത്.
2019 മാർച്ച് 11നാണ് ഒടുവിൽ ആ നാടകം കളിച്ചത്. പിന്നീടു കോവിഡ് ലോക്ഡൗണായി വേദികൾക്കെല്ലാം ലോക്ക് വീണു. നാടകവേദിയിൽ നിന്ന് പുറത്തേക്കു പോകുന്ന സീനിൽ അവസാനിപ്പിച്ച ഞാൻ പിന്നീട് കള എന്ന സിനിമയിൽ ടൊവിനോയുടെ വീട്ടിലേക്ക് ഗേറ്റ് തുറന്നു കടന്നുവരുന്ന രംഗമാണ് അഭിനയിച്ചത്.
സിനിമയിലേക്ക്
പാച്ചുവും കോവാലനുമാണ് ആദ്യ സിനിമ. ഫ്രാൻസിസ് ടി. മാവേലിക്കരയുടെ രചന. പിന്നീടും ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. സംവിധായകൻ ജോസ് തോമസാണ് എനിക്കു സിനിമയിൽ നല്ലൊരു എൻട്രി തന്നത്. മുൻപേ പറക്കുന്ന പക്ഷികൾ എന്ന നാടകം കോട്ടയം ദർശനയുടെ നാടക മത്സരത്തിൽ അവതരിപ്പിച്ചിരുന്നു. നാടകം കഴിഞ്ഞയുടൻ ജോസ് തോമസ് സ്വർണക്കടുവ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുകയായിരുന്നു. കള പതിനൊന്നാമത്തെ സിനിമയാണ്. തുടർന്ന് ആർക്കറിയാം, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങൾ.
നാടകാനുഭവം
സ്കൂളിലും കലോത്സവങ്ങളിലും ചെറിയ നാടകങ്ങളെഴുതി കൂട്ടുകാരെക്കൂട്ടി അഭിനയിക്കുമായിരുന്നു. ഒരു നടനാവുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. പ്രീഡിഗ്രിയോടെ പഠനം അവസാനിപ്പിച്ച കാലത്ത് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരു നാടകം എഴുതണം എന്നൊരു തോന്നലുണ്ടായി. എന്റെ അച്ഛൻ മേസ്തിരിപ്പണിക്കാരനായിരുന്നു.
നാടക കലാകാരൻ ചങ്ങനാശേരി നടരാജന്റെ വീടുപണിക്ക് അച്ഛനും പോയിരുന്നു. എന്റെ നാടക താൽപര്യത്തെക്കുറിച്ച് നടരാജനോട് അച്ഛൻ പറഞ്ഞതനുസരിച്ച് ഒരു ദിവസം അദ്ദേഹത്തെ കാണാൻ പോയി. ആ വേളയിൽ അവിടെ കാണാനിടയായ ചില കണ്ണീർക്കാഴ്ചകളെ ആസ്പദമാക്കി ഞാൻ നാടകം എഴുതി.
ആലപ്പി തിയറ്റേഴ്സിനു നാടകം വേണമെന്നറിഞ്ഞ് അച്ഛന്റെ സുഹൃത്തായ മോഹനനൊപ്പം പോയപ്പോൾ അവിടെ സെറ്റ് വർക്ക് ചെയ്യുന്ന അഭയഘോഷ് എന്നയാളെ പരിചയപ്പെട്ടു. അദ്ദേഹം വഴി അഭയൻ കലവൂരിനെയും പരിചയപ്പെടാനിടയായി. അടുത്ത വർഷം ട്രൂപ്പിൽ അവസരം തരാമെന്ന് ഉറപ്പുലഭിച്ചു. കൊച്ചിൻ നയനയുടെ ഒരമ്മ പെറ്റ മക്കളിലൂടെ ആദ്യമായി പ്രഫഷണൽ നാടകരംഗത്തു വന്നു. പ്രദീപ് റോയി സംവിധാനം ചെയ്ത് അലോഷ്യസ് നയന നിർമിച്ച നാടകമായിരുന്നു അത്.
പിന്നീട് 26 വർഷം നാടകവേദിയിലുണ്ടായിരുന്നു. ചങ്ങനാശേരി അണിയറ, പാലാ കമ്യൂണിക്കേഷൻസ്, കാഞ്ഞിരപ്പള്ളി അമല, അന്പലപ്പുഴ അക്ഷരജ്വാല, ചിറയിൻകീഴ് അനുഗ്രഹ, ചേർത്തല ജൂബിലി, ഓച്ചിറ സരിഗ, തിരുവനന്തപുരം അനന്തപുരി തുടങ്ങി നാടകസമിതികളിൽ പ്രവർത്തിച്ചു. 2007ലും 2009ലും മികച്ച ഹാസ്യനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. പിന്നീട് നായകനായി അഭിനയമാരംഭിച്ചു.
സിനിമയിൽ നായകൻ
42 സിനിമകളിൽ അഭിനയിച്ചതിൽ മൂന്നു സിനിമകളിൽ നായകനായിരുന്നു. ചാക്കാല, പിരതി, ജെറി എന്നീ സിനിമകളിലാണ് മുഖ്യവേഷത്തിലെത്തിയത്. ഇപ്പോൾ ടൊവിനോ നായകനായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
കുടുംബവിശേഷം
ആലപ്പുഴ വെളിയനാടാണ് താമസം. അച്ഛൻ പരേതനായ പ്രകാശ്. അമ്മ വിജയമ്മ. ഭാര്യ പ്രജിത. മകൻ: പ്രവി കാർത്തിക്.
പ്രദീപ് ഗോപി