ഗാനരചന: എം.ടി. വാസുദേവൻ നായർ
ഇങ്ങനെ കേൾക്കുന്പോൾ വലിയ കൗതുകം വിടരും. സത്യമാണ്- നോവലും കഥയും തിരക്കഥയും മാത്രമല്ല, എംടിയുടെ പേനത്തുന്പിൽനിന്ന് സിനിമാപ്പാട്ടുകളും ഒഴുകിയെത്തിയിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ "വളർത്തുമൃഗങ്ങൾ'എന്ന സിനിമയ്ക്കുവേണ്ടിയാണ് അദ്ദേഹം നാലു പാട്ടുകൾ എഴുതിയത്...
കവി യൂസഫലി കേച്ചേരിക്കു പിടിപെട്ട കടുത്ത പനിയാണ് എംടിയെ ഗാനരചയിതാവാക്കിയത്. അതെങ്ങനെ എന്നു സംശയിക്കാം. എന്നാൽ സംഭവിച്ചത് അതാണ്. ആ കഥ ഇങ്ങനെ:
ഹരിഹരന്റെ വളർത്തുമൃഗങ്ങൾ എന്ന സിനിമയ്ക്കുവേണ്ടി പാട്ടുകൾ ഒരുക്കുന്ന കാലം. യൂസഫലി കേച്ചേരിയുടെ വരികൾക്ക് എം.ബി. ശ്രീനിവാസൻ ഈണമൊരുക്കുന്നു. ഈ പാട്ടുകൾ ചെയ്തുതീർത്തിട്ട് എം.ബി.എസിന് വളരെ അത്യാവശ്യമായി ദക്ഷിണാഫ്രിക്കയിലേക്കു പോകുകയും വേണം. സംഗീതത്തിന്റെ പകർപ്പവകാശത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടത് അദ്ദേഹമായിരുന്നു.
ആ നേരത്താണ് യൂസഫലി കേച്ചേരിക്കു കടുത്ത പനി പിടിപെടുന്നത്. ഒരുതരത്തിലും പാട്ടെഴുതാൻ പറ്റാത്ത സ്ഥിതി. ചിത്രത്തിനു കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതുന്ന എം.ടി. വാസുദേവൻ നായരോട് പാട്ടെഴുതാൻ നിർബന്ധിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രിയസുഹൃത്തുകൂടിയായ എം.ബി. ശ്രീനിവാസൻ.
അങ്ങനെ ഗാനരചന- എം.ടി. വാസുദേവൻ നായർ എന്ന തിലകക്കുറിയോടെ നാലു പാട്ടുകൾ പിറന്നു (സിനിമയുടെ ടൈറ്റിൽ കാർഡിൽ പക്ഷേ, കവിതകൾ- എം.ടി. വാസുദേവൻ നായർ എന്നാണ് ചേർത്തിരിക്കുന്നത്. സാധാരണ സിനിമാപ്പാട്ടുകളായല്ല, മഹത്തായ കവിതകളായിത്തന്നെയാണ് അവയെ കാണേണ്ടതെന്നു സാരം). യേശുദാസിന്റെയും എസ്. ജാനകിയുടെയും ശബ്ദത്തിൽ അനശ്വരമായ പാട്ടുകൾ. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമായി ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും എംടി ഗാനരചന നിർവഹിച്ച ഒരേയൊരു സിനിമയായി വളർത്തുമൃഗങ്ങൾ.
കാവ്യം സുന്ദരം
പ്രിയദർശിനി മൂവീസിന്റെ ബാനറിൽ പുറത്തിറങ്ങിയ വളർത്തുമൃഗങ്ങൾ സർക്കസ് കൂടാരങ്ങളിലെ മനുഷ്യജീവിതങ്ങളെക്കുറിച്ചാണ് പറയുന്നത്. സുകുമാരൻ, രതീഷ്, മാധവി, ബാലൻ കെ. നായർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ. പാട്ടുകളിലൂടെ എംടി ആ ജീവിതങ്ങളുടെ സങ്കീർണതകളിലൂടെയും വ്യഥകളിലൂടെയും സഞ്ചരിക്കുന്നു.
കാക്കാലൻ കളിയച്ഛൻ കണ്ണു തുറന്നുറങ്ങുന്നു
കരിമറയ്ക്കകം ഇരുന്ന് വിരൽ പത്തും വിറയ്ക്കുന്നു
കിഴവന്റെ കൈത്തുന്പിൽ ചരടുകളിളകുന്പോൾ
കരയുന്നു ചിരിക്കുന്നു പൊരുതുന്നു മരിക്കുന്നു
കളിയരങ്ങത്ത് നൂറു വീരശൂര നായകന്മാർ...
തന്പിന്റെ പശ്ചാത്തലത്തിൽ മാർച്ചിംഗ് ടെംപോയിലാണ് ഈ ഗാനം. ആഘോഷപൂർവമായ അന്തരീക്ഷത്തിലും മനസിൽ മറഞ്ഞിരിക്കുന്ന വ്യഥ വരികളിൽ അനുഭവിച്ചറിയാം. ഇതു ദൈവത്തിന്റെ പാട്ടാണോ, കിഴവൻ എന്നുദ്ദേശിക്കുന്നത് ദൈവത്തെയാണോ എന്നു സന്ദേഹിക്കുന്നുണ്ട് ശ്രോതാക്കൾ.
ഹിന്ദിയിൽ കിഷോർ കുമാർ പ്രയോഗിച്ചു ജനപ്രിയമാക്കിയ യോഡ്ലിംഗ് എന്ന ആലാപന സങ്കേതം ഈ പാട്ടിൽ യേശുദാസ് ചെയ്യുന്നുണ്ട് എന്നതാണ് കൗതുകം.
സർക്കസ് സംഘത്തിന്റെ സഞ്ചാരങ്ങളെക്കുറിച്ച് എം.ടി. ഇങ്ങനെ എഴുതുന്നു:
കർമത്തിൻ പാതകൾ വീഥികൾ
ദുർഗമ വിജനപഥങ്ങൾ
കളിയുടെ ചിരിയുടെ വ്യഥയുടെ
ഭാണ്ഡക്കെട്ടുകൾ പേറിവരുന്നവർ...
പുതിയൊരിടത്ത് എത്തി കൂടാരമടിക്കുന്നവേളയിലെ അധ്വാനത്തെക്കുറിച്ച് ഇങ്ങനെ:
അസ്തപർവത ചെരുവിൽനിന്നും
കതിരൊളി കയർവലിച്ചു
അടിയാളർ കരിമുകിലുകൾ
തൊഴിലാളർ തൂണുകളുയർത്തി
നീലമേലാപ്പുകൾ കെട്ടും
ആകാശക്കൂടാരം
വിശ്വകർമാവിൻ വർണക്കൂടാരം...
എസ്. ജാനകിയുടെ ശബ്ദത്തിലുള്ള ഒരു മുറിക്കണ്ണാടിയിലൊന്നു നോക്കി, എന്നെ ഒന്നുനോക്കി എന്ന പാട്ടിലേക്കെത്തുന്പോൾ നായികയുടെ പ്രണയമാനസമാണ് തെളിയുന്നത്. ജാനകിയുടെ എണ്ണം പറഞ്ഞ മലയാളം സോളോകളിൽ ഒന്നായി ഇതു മാറി.
മലയാളത്തിലെ ആദ്യ ഗുഡ്നൈറ്റ് സോംഗ് എന്നു വിശേഷിപ്പിക്കാവുന്ന ശുഭരാത്രി ശുഭരാത്രി എന്ന പാട്ടും എംടിയുടെ വരികളായി ഈ ചിത്രത്തിൽ പിറന്നു. ഉൗരുതെണ്ടുമൊരേകാന്ത പഥികന് കാവൽനിൽക്കും താര സഖികളേ നിങ്ങൾക്കു നന്ദി, ശുഭരാത്രി എന്നു തുടങ്ങുന്നതാണ് പാട്ട്. ശുഭരാത്രി നേരുന്പോഴും വ്യഥകളിലൂടെ സഞ്ചരിച്ച് ജീവിതം അത്ര ശുഭമല്ലെന്നു പറഞ്ഞുവയ്ക്കുന്നുണ്ട് എംടിയിലെ കവി. അദ്ദേഹത്തിന്റെ സ്ഥായിയായ ശോകം, ആത്മാന്വേഷണം എന്നിവയെല്ലാം പാട്ടുകളിൽ തെളിയുന്നുണ്ട്. ഒരുപക്ഷേ അതുകൊണ്ടുതന്നെയാവണം, കൂടുതൽ സിനിമകളിൽ അദ്ദേഹം പാട്ടെഴുതാൻ മുതിരാതിരുന്നത്.
"സംഗീതം എന്റെ വിഷയമല്ല'
സിനിമകളിലെ പാട്ടുകൾ ഒരുക്കുന്ന വേളകളിൽ സംഗീതം എന്റെ വിഷയമല്ല എന്നുപറഞ്ഞ് ഒഴിഞ്ഞുകളയാറാണ് എംടിയുടെ പതിവെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ സിനിമാപ്പാട്ടുകളുടെ സംസ്കാര രൂപീകരണത്തിൽ അദ്ദേഹംകൂടി ഭാഗമായ ചിത്രങ്ങളുടെ പാട്ടുകൾക്ക് വലിയ പങ്കുണ്ട്. എല്ലാത്തരം പാട്ടുകളും ആ സിനിമകളിൽ കടന്നുവന്നു.
കെ. രാഘവൻ, ദേവരാജൻ, ചിദംബരനാഥ്, ബാബുരാജ്, പുകഴേന്തി, ഇളയരാജ, ബോംബെ രവി തുടങ്ങിയവരും അദ്ദേഹത്തിന്റെ സിനിമകളുടെ സംഗീതവിഭാഗം കൈകാര്യം ചെയ്തു. ഓരോ ചിത്രങ്ങളിലെയും ഗാനങ്ങൾ ഇന്നും ജനഹൃദയങ്ങളിലുണ്ട്. മൗനത്തിന്റെ സംഗീതത്തെ പ്രണയിക്കുന്പോഴും സലിൽ ചൗധരിയുടെ ഈണങ്ങളിലെ നാടോടി അംശത്തെ എംടി സൂക്ഷ്മതയോടെ അനുഭവിച്ചു.
മഞ്ഞണിപ്പൂനിലാവ് എന്ന പാട്ടിനെക്കുറിച്ച് ഒരഭിമുഖത്തിൽ രാഘവൻ മാസ്റ്റർ പറഞ്ഞതിങ്ങനെയത്രേ: എംടിയും പി. ഭാസ്കരനും വിൻസെന്റും ചേരുന്പോൾ എനിക്കെന്ത് അത്ഭുതങ്ങളാണ് കാണിച്ചുകൂടാത്തത്!
എന്തെന്ത് അദ്ഭുതങ്ങളാണ് പാട്ടുകൾ... എംടിയെന്ന മഹാദ്ഭുതം ആ പാട്ടുകൾക്കുപിന്നിൽ മൗനം നുകർന്നിരിക്കുന്നു!!...
ഹരിപ്രസാദ്