ഭാഷയുടെ പെരുന്തച്ചൻ
Sunday, July 9, 2023 2:17 AM IST
എംടിയുടെ മൗനം വാചാലമാവുന്നത് അക്ഷരങ്ങളെ വിസ്മയമാക്കുന്ന തൂലികയിലൂടെയാണ്. അനർഗളമായി ഒഴുകുന്ന നിളാനദിപോലെ വശ്യമാണ് ഓരോ വാക്കും പ്രയോഗവും
എംടി എന്ന രണ്ടക്ഷരം ഒരു കടലാണ്. ഏഴു പതിറ്റാണ്ടുകളായി തിരയടങ്ങാത്ത കടൽ. തലമുറകൾ ഈ കടലോരത്ത് ആസ്വാദകരായി നിലകൊള്ളുന്നു. കഥകൾ, നോവലുകൾ, തിരക്കഥകൾ എന്നിങ്ങനെ ഓരോ തിരയും ആസ്വാദകർക്ക് നിധികളെ സമ്മാനിക്കുന്നു.
കാലത്തിന്റെ സങ്കീർണതകളും ജീവിതത്തിന്റെ സമസ്യകളും നക്ഷത്രശോഭയുള്ള വാക്കുകളിലൂടെ എംടി കുറിച്ചു. ഒപ്പം ഒട്ടേറെ മിത്തുകളും ശൈലികളും മലയാളത്തിനു കടംതരികയും ചെയ്തു. ഈ തലമുറയിലെ എഴുത്തച്ഛനായ എംടിയുടെ ഓരോ കഥയും ആത്മകഥാംശമുള്ള ഓരോ സാക്ഷ്യമാണ്. നായർതറവാടും ജൻമിത്വവും മരുമക്കത്തായവും പുരാണങ്ങളും സ്വന്തം ഗ്രാമമായ കൂടല്ലൂരും ദേശവാസികളും നിളയും കണ്ണാന്തളിപ്പൂക്കളും നീലത്താമരയുമൊക്കെ ഈ കഥകൾക്ക് ജീവൻ പകർന്നു.
പുന്നയൂർക്കുളം ടി. നാരായണൻനായരുടെയും കൂടല്ലൂർ അമ്മാളുഅമ്മയുടെയും നാല് ആണ്മക്കളിൽ ഇളയവനാണ് വാസു. ഒരു പുത്തനുടുപ്പിനുവേണ്ടി കൊതിച്ച ബാല്യം. വീട്ടിൽ വറുതി ആവോളം. കോപ്പൻമാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലേക്കും മലമക്കാവ് വിദ്യാലയത്തിലേക്കും പല പ്രഭാതങ്ങളിലും വയറെരിഞ്ഞാണ് പോയിരുന്നത്.
ദുരിതപാതകൾ ഏറെ താണ്ടിയാണ് എംടി ബിരുദംവരെ പഠിച്ചത്. ചെറുപ്പത്തിലേ തുടങ്ങി എഴുത്ത്. ആദ്യനോവലിനു കേരളസാഹിത്യ അക്കാദമി അവാർഡ്. അതും ഇരുപത്തിനാലാം വയസിൽ. ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം. ഓരോ അക്ഷരവും കാച്ചിമിനുക്കി പൊന്നാക്കിയ പെരുന്തച്ചനാണ് ജ്ഞാനപീഠത്താൽ ആദരിക്കപ്പെട്ട പത്മവിഭൂഷണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻനായർ എന്ന എംടി.
പാലക്കാട് വിക്ടോറിയ കോളജിൽ രസതന്ത്ര ബിരുദത്തിനു പഠിക്കുന്പോൾ രക്തം പുരണ്ട മണ്തരികൾ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. 1954ൽ മാതൃഭൂമിയുടെ ചെറുകഥാമത്സരത്തിൽ എംടി എഴുതിയ വളർത്തുമൃഗങ്ങൾ ഒന്നാം സ്ഥാനം നേടി.
ഖണ്ഡശഃ പുറത്തുവന്ന പാതിരാവും പകൽവെളിച്ചവുമാണ് ആദ്യനോവൽ. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവലാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായ നാലുകെട്ട്. സ്വർഗം തുറക്കുന്ന സമയം, ഗോപുരനടയിൽ എന്നീ കൃതികൾക്കും പിൽക്കാലത്തു കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
വായനാലോകത്തെ ത്രസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത കാലാതിവർത്തിയായ എത്രയെത്ര നോവലുകൾ. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽ വെളിച്ചവും, രണ്ടാമൂഴം, വാരണാസി.... വായനക്കാർ നെഞ്ചോടു ചേർത്ത ചെറുകഥകളും നോവലുകളും നോവലെറ്റുകളും.
ജീവിക്കാൻ ഒരു ജോലി എന്നതായിരുന്നു ചെറുപ്പത്തിൽ എംടിയുടെ ലക്ഷ്യവും സ്വപ്നവും. ബിരുദശേഷം പട്ടാന്പി, ചാവക്കാട് സ്കൂളുകളിൽ കണക്കുമാഷായും പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും തളിപ്പറന്പിൽ ഗ്രാമസേവകനായും ജോലിനോക്കിയ കാലം എംടിക്കുണ്ട്. അക്ഷരപ്രണയത്തിന്റെ ജ്വലിക്കുന്ന തീക്ഷ്ണതയിൽ 1957ൽ മാതൃഭൂമിയിൽ എഡിറ്ററായി വായനയുടെ വാതായനങ്ങൾ കടന്ന് എഴുത്തുമേശയിൽ രചനാലോകം സൃഷ്ടിച്ചു.
മാടത്ത് തെക്കെപ്പാട്ട് തറവാടും ഭാരതപ്പുഴയോരത്തെ ചെറിയ ലോകവുമൊക്കെ എംടിക്ക് കഥകളും കഥാപാത്രങ്ങളുമായി.
നാലുകെട്ടിലെ അപ്പുണ്ണിയെ ഓർമിക്കുന്നില്ലേ. ഇടുങ്ങിയ ഇടനാഴിയുടെ നടുവിൽ മച്ച്. ചിത്രപ്പണികളുള്ള കട്ടിളയും വാതിലും. തറവാടിന്റെ തെക്ക് ഇല്ലപ്പറന്പും വടക്ക് വടക്കേതിൽ വീടും. ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും.....
അഗ്നിപർവതംപോലെ അശാന്തമായ മനസ്. പാരന്പര്യങ്ങളെ ഉഴുതുമറിച്ച ഭാഷ. കാച്ചിക്കുറുക്കിയ വള്ളുവനാടൻ ഭാഷാപ്രയോഗങ്ങൾ. വലിയ അർഥതലങ്ങളുള്ള ചെറിയ വാക്കുകൾ. എംടി എഴുത്തിലും പ്രയോഗത്തിലും എന്നും വ്യത്യസ്തനാണ്.
ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽനിന്നും കൂടുതൽ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുന്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യനു രണ്ടാമൊതൊരവസരം കൊടുക്കരുത്. എംടിയുടെ മാസ്റ്റർപീസായ രണ്ടാമൂഴത്തിലെ വരികൾ. മഹാഭാരതകഥയിൽനിന്നു വേറിട്ട് ഭീമന് നായകവേഷം കൽപ്പിച്ചു കൊടുത്ത രണ്ടാമൂഴം.
ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തുനിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ യുധിഷ്ഠിരന്റെയും വില്ലാളിവീരനായ അർജുനന്റെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ.
1977ലെ നവംബറിൽ മരണം സമീപത്തെത്തി പിൻമാറിയെന്നും അതിനുശേഷം എഴുതി പൂർത്തിയാക്കിയതാണ് രണ്ടാമൂഴമെന്നും എംടി പറയുന്നു. ആ രണ്ടാമൂഴത്തിൽ സർഗാത്മകതയുടെ ഈറ്റുനോവ് ഏറെ അനുഭവിച്ചെഴുതിയതിനാലാവും മലയാളത്തിലെ ഒന്നാംനിര കൃതിയായി രണ്ടാമൂഴം നിലകൊണ്ടത്. തൊണ്ണൂറുകളിലാണ് വാരണാസി പുറത്തിറങ്ങിയത്.
എംടിയുടെ മൗനം വാചാലമാവുന്നത് അക്ഷരങ്ങളെ വിസ്മയമാക്കുന്ന തൂലികയിലൂടെയാണ്. അനർഗളമായി ഒഴുകുന്ന നിളാനദിപോലെ വശ്യമാണ് വാക്കും പ്രയോഗവും. മരണത്തിന് എംടി നൽകിയ നിർവചനമാണല്ലോ രംഗബോധമില്ലാത്ത കോമാളിയെന്നത്. വാക്കുകളുടെ പ്രവാഹം, ആശയങ്ങളുടെ ലാളിത്യം, ഭാഷയുടെ സൗന്ദര്യം എന്നിവയാണ് ഓരോ വരികളുടെയും തനിമ. തലമുറകൾ ആവർത്തിച്ചു വായിച്ചിട്ടും മുഷിയുന്നില്ല എംടിയെന്ന എഴുത്തുകാരനെ.
സാഹിത്യംപോലെ വിസ്മയമാണ് എംടിയുടെ സിനിമാലോകവും. മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എംടി ചലച്ചിത്രലോകത്തു കൈവച്ചത്.
1973ൽ ആദ്യമായി സംവിധാനം ചെയ്ത നിർമാല്യം രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം നേടി. അറുപതിലേറെ തിരക്കഥകളെഴുതിയ എംടി നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കും അർഹനായി.
ഏതു തരത്തിലുള്ള വായനക്കാരനും എംടിയിലേക്ക് ഒരു പാലമുണ്ടെന്നതാണ് മാന്ത്രികതയുള്ള എഴുത്തിന്റെ പൊരുൾ.
വിസ്തൃതമാണ് ഇദ്ദേഹത്തിന്റെ രചനാലോകം. ചെറുകഥ, നോവൽ, തിരക്കഥ, നാടകം, ഉപന്യാസം, പഠനം, യാത്രാവിവരണം, ഓർമക്കുറിപ്പുകൾ...
എന്തെഴുതിയാലും അക്ഷരങ്ങളിലും ആശയങ്ങളിലും മാരിവില്ല് തെളിയിക്കാനാകുന്ന പ്രതിഭയും പ്രതിഭാസവുമാണ് സാഹിത്യ ലോകത്തെ പെരുന്തച്ചനായ എംടി വാസുദേവൻനായർ.
കൂടല്ലൂരും കഥകളും
കൂടല്ലൂർ ഗ്രാമം എംടി വാസുദേവൻനായർക്കു സമ്മാനിച്ച കഥകളും കഥാപാത്രങ്ങളും എറെയാണ്. വീട്ടുമൊഴികളും നാട്ടുവഴികളുമൊക്കെ നിറഞ്ഞതാണ് എംടിയുടെ കഥാപ്രപഞ്ചം. ഓപ്പോളും ഇരുട്ടിന്റെ ആത്മാവും ഓളവും തീരവും നാലുകെട്ടും പിറവിയെടുത്ത ഭൂമികയുടെ കേന്ദ്രം. ഇവിടെയാണ് തൂതപ്പുഴയും കുന്തിപ്പുഴയും സംഗമിക്കുന്നത്.
കൊയ്യുന്തോറും കതിരിടുന്ന വയൽപോലെ എംടിയുടെ വിരലുകളിൽ കഥകൾ പൊലിച്ചുവന്നു. എഴുത്തുപുരയിൽ കാലം അടയാളപ്പെടുത്തിയ കഥാപാത്രങ്ങളായി അവ പിറവികൊണ്ടു. അക്ഷരപ്പാടങ്ങളിൽ എംടി കൊയ്തതൊന്നും പതിരായിരുന്നില്ല, കതിരായിരുന്നു.
എംടി ഒരിക്കൽ എഴുതി: “എന്റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനേക്കാളും ഞാൻ കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്. വേലായുധേട്ടന്റെയും ഗോവിന്ദൻകുട്ടിയുടെയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷി ഏടത്തിയുടെയും നാടായ കൂടല്ലൂരിനോട്. അച്ഛൻ, അമ്മ, ജ്യേഷ്ഠൻമാർ, ബന്ധുക്കൾ, പരിചയക്കാർ, അയൽക്കാർ ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.
എന്റെ ചെറിയ അനുഭവമണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷൻമാരുടെ കഥകളാണ് എന്റെ സാഹിത്യത്തിൽ ഭൂരിഭാഗവും. മറ്റൊരു തരത്തിൽ പറഞ്ഞാൽ എന്റെതന്നെ കഥകൾ. എനിക്കു സുപരിചിതമായ ഈ ഗ്രാമമാണ് ഭൂരിപക്ഷം കൃതികളുടെയും പശ്ചാത്തലം. അതിലൂടെ ഒഴുകുന്ന പുഴ എന്റെ ജീവധമനിയാണ്. ഗ്രാമം എനിക്ക് ബിംബങ്ങളും വാക്കുകളും തന്നു. ഗ്രാമത്തിലെന്നപോലെ മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങൾ എന്നും എന്നെ ആകർഷിച്ചിരുന്നു.
മറ്റൊരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: “ഇപ്പോ, എന്റെ ഗ്രാമത്തീ തന്നെ ഇനീം എഴുതാൻ ബാക്കീണ്ട്. പലതുണ്ട്. എന്തുകൊണ്ടോ ഇപ്പോ അവിടെയെത്തുന്പോ ഞാൻ ആലോചിക്കുന്നത്... ഒന്ന്, അന്തരീക്ഷം മാറി. പ്രകൃതി മാറി. എന്റെ മുന്പിലുണ്ടായിരുന്ന പലതും മാറി. എന്റെ വയലുകള് പോയി. എന്റെ പുഴ പോയി. എന്റെ കുന്നുകള് പോയി. അപ്പോ ഇതിനോട് ഇപ്പോ പണ്ടത്തെപ്പോലെ ഒരാകർഷണം തോന്നുന്നില്ല. പണ്ടത് നമ്മടെ സ്വത്വത്തിന്റെ ഭാഗംതന്നെയായിരുന്നു”.
നിളയിൽനിന്നു മണൽ ലോറി കയറിപ്പോയി. നീരൊഴുക്കു മെലിഞ്ഞു. കുന്നുകൾ നിലംപൊത്തി. എംടി കഥകളിൽ നാം അറിഞ്ഞ കൂടല്ലൂർ ഇന്നില്ല. കണ്ടാലറിയാത്ത വിധം അതിന്റെ ഛായ മാറിയിരിക്കുന്നു. നാളുകൾ കഴിയുന്പോൾ ഇങ്ങനെയൊരു ഗ്രാമമുണ്ടായിരുന്നു എന്നതിന്റെ ഒരേയൊരു തെളിവ് കൂടല്ലൂരിന്റെ പ്രിയപ്പെട്ട വാസു അനശ്വരമാക്കിയ കഥകൾ മാത്രമായിരിക്കും.
പ്രധാന കൃതികൾ
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി (നോവലുകൾ); ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗം തുറക്കുന്ന സമയം, നിന്റെ ഓർമക്ക്, വാനപ്രസ്ഥം, എംടിയുടെ തിരഞ്ഞെടുത്ത കഥകൾ, ഡാർ എസ് സലാം, രക്തം പുരണ്ട മണൽതരികൾ, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക് (കഥകൾ) ഗോപുരനടയിൽ (നാടകം) കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്വെ ഒരു മുഖവുര, കണ്ണാന്തളി പൂക്കളുടെ കാലം (പ്രബന്ധങ്ങൾ) ആൾകൂട്ടത്തിൽ തനിയെ (യാത്രാവിവരണം) എംടിയുടെ തിരക്കഥകൾ , പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, നഗരമേ നന്ദി, നിഴലാട്ടം, ഒരു ചെറു പുഞ്ചിരി, നീലത്താമര, പഴശിരാജ... (തിരക്കഥകൾ) സ്നേഹാദരങ്ങളോടെ, അമ്മക്ക് (ഓർമകൾ ).
ഡോ. ലിജിമോൾ പി. ജേക്കബ്