അപൂര്‍വം ഈ സ്വരസമന്വയം!
Sunday, July 2, 2023 7:34 AM IST
പല നൂറ്റാണ്ടുകളുടെ, പല സംസ്കാരങ്ങളുടെ സംഗീതസമന്വയമായിരുന്നു അത്. ഇന്ത്യയില്‍നിന്നുള്ള രണ്ടു പ്രഗത്ഭരായ സംഗീതജ്ഞര്‍ ബെര്‍ലിനില്‍ എത്തിയത് സ്പെഷല്‍ എന്ന് അക്ഷരാര്‍ഥത്തില്‍ വിശേഷിപ്പിക്കാവുന്ന ആ കച്ചേരിക്കാണ്. വയലിനിസ്റ്റ് വിദുഷി കല രാംനാഥ്, വീണാ വാദക ഡോ. ജയന്തി കുമരേഷ്. ലൂട്ടെന്‍ കമ്പനി ഓര്‍ക്കസ്ട്രയ്ക്കൊപ്പം അവര്‍ ചേര്‍ന്നപ്പോള്‍ പിറന്നത് ചരിത്രം...
നാനൂറുകൊല്ലം മുമ്പുള്ള സംഗീതം. ഒന്നുകൂടി വ്യക്തമാക്കിയാല്‍ 1600 മുതല്‍ 1750 വരെയുള്ള കാലഘട്ടത്തില്‍ രചിക്കപ്പെട്ട പാശ്ചാത്യ ശാസ്ത്രീയ സംഗീതം. ബറോക്ക് മ്യൂസിക് എന്നാണ് അതിനെ വിളിക്കുന്നത്.
നവോത്ഥാന, ക്ലാസിക്കല്‍ കാലഘട്ടങ്ങള്ക്കിടയ്ക്കുള്ള സംഗീതകാലം. കഴിഞ്ഞദിവസം ജര്‍മനിയില്‍ ബറോക്ക് സംഗീതവും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും ഒത്തുചേര്‍ന്ന ഒരപൂര്‍വ പരിപാടി നടന്നു. വര്‍ത്തമാനകാലത്തെ പ്രഗത്ഭ ഇന്ത്യന്‍ ഉപകരണസംഗീതജ്ഞരായ വയലിനിസ്റ്റ് കല രാംനാഥും വീണാ വാദക ഡോ. ജയന്തി കുമരേഷും ബെര്‍ലിനിലെ ലൂട്ടെന്‍ കമ്പനി ഓര്‍ക്കസ്ട്രയും ചേര്‍ന്നൊരുക്കിയത് ചരിത്രപരമായ ഒരു സംഗീതക്കച്ചേരിയാണ്.
ഇത്തരത്തിലൊന്ന് ഇതാദ്യമായാണ് സംഭവിക്കുന്നത്. ഈ രണ്ടു സംഗീതധാരകള്ക്കും നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. മനോധര്‍മങ്ങളുടെ സാധ്യതകളാല്‍ ഇംപ്രൊവൈസ് ചെയ്യപ്പെട്ടതാണ് ഇവ രണ്ടും. ബറോക്ക് ശൈലിയെയും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ രണ്ടു ധാരകളെയും പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷമുള്ള മോഡേണ്‍ മ്യൂസിക്കിനെയും കൂട്ടിയിണക്കിയായിരുന്നു മ്യൂസിക്കല്‍ ബിലോംഗിംഗ്സ് സീരീസിലെ ഈ പരിപാടി.
"ആവേശവും ഒപ്പം വെല്ലുവിളിയും നിറയ്ക്കുന്നതായിരുന്നു ഈ പ്രോജക്ട്. ട്രഡീഷണല്‍, എക്സ്പെരിമെന്റല്‍, ഫ്യൂഷന്‍ വശങ്ങള് എല്ലാം ഉള്‍ക്കൊള്ളിച്ചായിരുന്നു കച്ചേരി. ബറോക്ക് സംഗീതജ്ഞരായ ഡീഗോ ഓര്‍ടിസ്, ക്ലൗദിയോ മോണ്ടെവ്ദി തുടങ്ങിയവരുടെ സംഗീതം രവീന്ദ്രനാഥ ടാഗോറിന്റെയും ബീറ്റില്സിന്റെയും സംഗീതവുമായി കൂട്ടിയിണക്കി. അതുകൊണ്ടുതന്നെ പലനൂറ്റാണ്ടുകളുടെ സംഗീതമാണ് ഞങ്ങള്‍ അവതരിപ്പിച്ചത്’ കല രാംനാഥ് പറഞ്ഞു.
"പുതിയ ശബ്ദങ്ങളും സുന്ദരമായ രൂപങ്ങളും സൃഷ്ടിക്കുക എന്നതും ഈ കൂടിച്ചേരലിന്റെ ലക്ഷ്യമാണ്. ഇന്ത്യയുടെ തെക്കും വടക്കും നിന്നുള്ള സംഗീതധാരകള്‍ ജര്‍മന്‍ സംഗീതജ്ഞര്‍ക്കൊപ്പം ചേരുമ്പോള്‍ ആ ലക്ഷ്യം സഫലമാകുമല്ലോ.
ബറോക്ക് സംഗീതം ആദ്യമായി കേള്‍ക്കുകയും അവിടത്തെ സംഗീതജ്ഞരുമായി ഒരുമിച്ചു പരിശീലിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവുമായി അതിനുള്ള സാമ്യം വ്യക്തമായി. ഒരുപാട് ഇംപ്രൊവൈസേഷനു സാധ്യതയുള്ള, അനായാസം ഒഴുകുന്ന സംഗീതമാണ് അത്’’ ഡോ. ജയന്തി കുമരേഷ് പറയുന്നു.
ബറോക്ക് മുതല്‍ ബീറ്റില്‍സ് വരെ
ഒരു സംഘം മുഴുവനായി ഒരേ മനസോടെ പ്രവര്‍ത്തിക്കുമ്പോഴാണ് അതിന്റെ വിജയം കായിക ഇനമായാലും നിര്മാണജോലിയായാലും സംഗീതക്കച്ചേരി ആയാലും. വയലിനും വീണയ്ക്കും ഒപ്പം ആഹ്ലാദപൂര്‍വം പിന്നണിയില്‍ ഓര്‍ക്കസ്ട്ര. പരസ്പരം അറിഞ്ഞും ബഹുമാനം നല്‍കിയുമുള്ള പ്രകടനം. അങ്ങനെ ബറോക്ക് യുഗം മുതല്‍ ബീറ്റില്‍സിന്റെ കാലഘട്ടംവരെയുള്ള സംഗീതം ഹംബോള്‍ട്ട് ഫോറത്തില്‍ ഒഴുകിയിറങ്ങി.
സുന്ദരമായൊരു കോമ്പോസിഷനില്‍ രണ്ടു വ്യത്യസ്ത പിച്ചുകളിലാണ് കലയും ജയന്തിയും വായിച്ചത്. വയലിനില്‍ ഹംസധ്വനി, വീണയില്‍ ഗോരഖ് കല്യാണ്‍. ഒരാഴ്ചകൊണ്ട് ഒരുക്കിയ ഈ സമന്വയം ശ്രോതാക്കള്‍ ഹൃദയപൂര്‍വം സ്വീകരിച്ചുവെന്ന് ജയന്തി പറഞ്ഞു. സംഗീതത്തിനും സംഗീതജ്ഞയ്ക്കും ജീവന് നല്‍കുന്നതാണ് കേള്‍വിക്കാരുടെ അഭിനന്ദനമെന്നും, അത് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ധൈര്യം പകരുമെന്നും കല രാംനാഥ് കൂട്ടിച്ചേര്‍ക്കുന്നു.
കലയും ജയന്തിയും
രണ്ടര വയസുമുതല്‍ വയലിനും വായ്പ്പാട്ടും അഭ്യസിച്ചിട്ടുണ്ട് വിദുഷി കല രാംനാഥ്. മഹാപ്രതിഭകളായ ടി.എന്‍. കൃഷ്ണന്റെയും എന്‍. രാജത്തിന്റെയും കുടുംബത്തിലെ ഏഴാം തലമുറയില്‍പ്പെട്ട വയലിനിസ്റ്റാണ് മേവതി ഘരാനയില്‍ ഉള്‍പ്പെടുന്ന കല.
കുഞ്ഞുനാളുകളില്‍ മുത്തച്ഛന് നാരായണ അയ്യരായിരുന്നു ഗുരു. മിഠായിയും മധുരപലഹാരങ്ങളും നല്‍കിയാണ് മുത്തച്ഛന് പരിശീലനത്തിനു പിടിച്ചിരുത്താറെന്നാണ് കഥ. പതിനഞ്ചു വര്‍ഷക്കാലം പണ്ഡിറ്റ് ജസ്രാജിന്റെ ശിഷ്യയായിരുന്നു. പതിനാലാം വയസില്‍ ആദ്യ കച്ചേരി നടത്തി.
പിന്നീട് ഇന്ത്യയിലെ ഏതാണ്ടെല്ലാ പ്രമുഖ സംഗീതോത്സവ വേദികളിലും ലോകത്തിന്റെ വിവിധ നഗരങ്ങളിലും കച്ചേരികള്‍ അവതരിപ്പിച്ചു. ലോകമെമ്പാടും സോദാഹരണ പ്രഭാഷണങ്ങളും വര്‍ക്ഷോപ്പുകളും നടത്തിവരുന്നു.
അസുഖബാധിതരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനായി കലാശ്രീ എന്ന ഫൗണ്ടേഷനും രൂപംനല്കിയിട്ടുണ്ട്. സംഗീത് നാടക് അക്കാദമി പുരസ്കാരം, രാഷ്ട്രീയ കുമാര്‍ ഗാന്ധര്‍വ സമ്മാന്‍, പണ്ഡിറ്റ് ജസ്രാജ് ഗൗരവ് പുരസ്കാര്‍ എന്നിവ നേടിയിട്ടുണ്ട്.
അമ്മ ലാല്‍ഗുഡി രാജലക്ഷ്മിയില്‍നിന്ന് മൂന്നാം വയസില്‍ സരസ്വതി വീണ അഭ്യസിച്ചുകൊണ്ടാണ് ഡോ. ജയന്തി കുമരേഷിന്റെ തുടക്കം. മൃദംഗവും നാദസ്വരവും വായ്പ്പാട്ടും അത്യനായാസം വഴങ്ങുന്ന വീണാ വിദുഷിയും മാതൃസഹോദരിയുമായ പത്മാവതി അനന്തഗോപാലനായിരുന്നു ജയന്തിയുടെ തുടര്‍ന്നുള്ള ഗുരു.
വയലിനിസ്റ്റ് ലാല്‍ഗുഡി ജയരാമന് അമ്മാവനാണ്. ഗണേഷ്കുമരേഷ് വയലിനിസ്റ്റ് ദ്വയത്തിലെ കുമരേഷ് രാജഗോപാലനാണ് ഭര്‍ത്താവ്. സരസ്വതി വീണ വിഷയമാക്കിയാണ് ജയന്തിയുടെ ഗവേഷണ ബിരുദം.
ഏഴു വ്യത്യസ്ത വീണ ട്രാക്കുകള്‍ വായിച്ചൊരുക്കിയ മിസ്റ്റീരിയസ് ഡ്യുവാലിറ്റി എന്ന ആല്‍ബം അനന്യമാണ്.
മദ്രാസ് മ്യൂസിക് അക്കാദമിയുടെ പുരസ്കാരം പത്തു തവണ നേടി. മഹാരാജപുരം സന്താനം സ്മാരക അവാര്‍ഡ്, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം തുടങ്ങിയവയും നേടിയിട്ടുണ്ട്.
ഹരിപ്രസാദ്