കലാഷ് നിക്കോവിന്റെ വിലാപം
Sunday, July 2, 2023 7:30 AM IST
സൈബീരിയയിൽ കർഷക കുടുംബത്തിൽ ജനിച്ച കലാഷ് നിക്കോവ് 1941-ൽ നടന്ന യുദ്ധത്തിൽ നാസി പടയാളികളുടെ വെടിയേറ്റ് മാരകമായി പരിക്കുപറ്റി ആശുപത്രിയിലായ കാലത്ത് എടുത്ത തീരുമാനമാണ് ലോകത്തെ ഏറ്റവും മികച്ച ആയുധത്തിന്റെ നിർമാണത്തിലേക്ക് എത്തിച്ചത്.
‘ആത്മാവിനെപ്പോലും നീറ്റുന്ന ഈ കഠിനവേദന എനിക്ക് താങ്ങാനാവുന്നില്ല. ഒരു ചോദ്യം മനഃസാക്ഷിയോട് ഞാൻ വീണ്ടും വീണ്ടും ചോദിച്ചു. എണ്ണമറ്റ യുദ്ധങ്ങളിലും അതിക്രമങ്ങളിലും ജനലക്ഷങ്ങളെ കൊല്ലാൻ ഞാൻ നിർമിച്ച ആയുധം കാരണമായി. മിഖായേൽ കലാഷ് നിക്കോവ് എന്ന ഞാൻ ലോകമെന്പാടും എണ്ണമറ്റ കൂട്ടക്കൊലകൾക്കും ചോരചിന്തലിനും കാരണക്കാരനാണ്. കൊലക്കളങ്ങളിൽ ചിന്തപ്പെട്ട നിരപരാധികളുടെ രക്തം നീതിക്കുവേണ്ടി നിലവിളിക്കുന്നുണ്ടാകും.’
2013 ഡിസംബർ 23 ന് മരണത്തിന് മാസങ്ങൾക്ക് മുന്പ് റഷ്യൻ ഓർത്തഡോക്സ് സഭാ പാത്രിയാർക്കീസ് കിറിലിന് എഴുതിയ കത്തിൽ വിഖ്യാതമായ എ.കെ. 47 യന്ത്രത്തോക്കിന്റെ നിർമ്മാതാവ് അലക്സാണ്ടർ മിഖായേൽ കലാഷ് നിക്കോവ് എഴുതിയ കത്തിലെ പ്രതിപാദ്യമാണ് മുകളിൽ കുറിച്ചത്.
പാത്രിയാർക്കീസ് കിറിൽ ഈ കത്തും അദ്ദേഹം കൊടുത്ത മറുപടിയും സഭാധികാരികൾ കുന്പസാരരഹസ്യം പോലെ സൂക്ഷിച്ചു. കലാഷ് നിക്കോവിന്റെ മരണശേഷം കത്തും പാത്രിയാക്കീസിന്റെ മറുപടിയും പുറത്തുവിട്ടു. പാത്രിയാർക്കീസിന്റെ മറുപടി ഇപ്രകാരമായിരുന്നു.
“റഷ്യൻ ഓർത്തഡോക്സ് സഭയുടെ മഹാനായ പുത്രനാണ് അങ്ങ്. താങ്കളുടെ ആയുധം നിരപരാധികളെയും അശ്രയമറ്റവരെയും സംരക്ഷിക്കാൻ നിർമിക്കപ്പെട്ടതാണ്. അത് തെറ്റായ കരങ്ങളിലെത്തിയെങ്കിൽ താങ്കൾ ഉത്തരവാദിയല്ല. അങ്ങ് അതിർത്തി കാക്കുന്ന സൈനികന് ശക്തിപകരാൻ നടത്തിയ കണ്ടുപിടുത്തം എക്കാലവും ഓർമിക്കപ്പെടും. താങ്കൾ റഷ്യയുടെ ധീരനായ ദേശസ്നേഹിയാണ്.”
‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ മനുഷ്യനെ കൊല്ലുന്ന ഒരായുധവും നിർമിക്കില്ല, മനുഷ്യകുലത്തിന് പ്രയോജനം ലഭിക്കുന്ന എന്തെങ്കിലുമായിക്കും നിർമിക്കുക. കഠിനാധ്വാനം ചെയ്യുന്ന കർഷകരെ സഹായിക്കുന്ന ഒരു കൃഷിയന്ത്രം നിർമിക്കാനായിരിക്കും ഞാൻ ശ്രമിക്കുക. മനുഷ്യജീവനെടുക്കുന്ന ഒരായുധവും നിർമിക്കാൻ എന്റെ ബുദ്ധിയും കൈകളും ഉപയോഗിക്കില്ല.’ 1999ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ഡൽഹിയിലെ മൗര്യ ഷെറാട്ടണ് ഹോട്ടലിൽ മാധ്യമപ്രവർത്തരോട് കലാഷ് നിക്കോവ് പറഞ്ഞു.
സരസനായ അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്റെ തോക്കുകൊണ്ട് എന്നെ ആരെങ്കിലും കൊല്ലുമോ എന്നാണ് എന്റെ ഭയം.’ ഒരു രാഷ്ട്രത്തലവന് ലഭിക്കുന്ന ഇസഡ് പ്ലസ് സുരക്ഷയാണ് അദ്ദേഹത്തിന് ഇന്ത്യ ഒരുക്കിയിരുന്നത്. 2013 ഡിസംബർ 23ന് റഷ്യയിലെ ഇഷ്വെക്കിൽ 94-ാം വയസിലാണ് കലാഷ് നിക്കോവ് അന്തരിച്ചത്.
വിനാശകാരി
ലോകം കണ്ട ഏറ്റവും വിനാശകാരിയായ യന്ത്രത്തോക്കാണ് എ.കെ. എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന റഷ്യൻ നിർമിത അസാൾട്ട് റൈഫിൾ. സൈനികർക്കും ഭീകരവാദികൾക്കും ഒരുപോലെ പ്രിയപ്പെട്ട ആയുധം. ഈ തോക്ക് ലോകത്തിന് പരിചയപ്പെടുത്തുന്പോൾ അത് സംഹാരത്തിന്റെ ആയുധമാകുമെന്ന് നിർമാതാവ് കരുതിയില്ല.
പട്ടാളക്കാരനും പോലീസിനും തന്റെ കണ്ടുപിടുത്തം ഒരിക്കലും തോൽക്കാത്ത കൃത്യതയുള്ള ആയുധമാകുമെന്നാണ് കലാഷ് നിക്കോവ് കരുതിയത്. എ.കെ. 47നെ വെല്ലാൻ മറ്റൊരായുധം ഉണ്ടാകില്ലെന്ന് ഒരിക്കൽ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളുടെ കേന്ദ്രമായ പെന്റഗണ് അഭിപ്രായപ്പെട്ടിരുന്നു.
എ.കെ. 47 തോക്ക് സൈനികരുടെ കൈകളിൽ എത്തുന്നതിനേക്കാൾ വേഗത്തിലാണ് ഭീകരപ്രവർത്തകരും മാഫിയാസംഘങ്ങളും കുറ്റവാളികളും കൈക്കലാക്കിയത്. ശ്രീലങ്കയിലെ എൽടിടിഇയുടെയും ഖാലിസ്ഥാൻവാദികളുടെയും അഫ്ഗാൻ തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയുമെല്ലാം ആയുധമായി ഇത് മാറി.
കരയിലും വെള്ളത്തിനടിയിലും ഒരുപോലെ പ്രവർത്തിക്കുന്നതും ഒരു കിലോമീറ്റർ അകലെ നിൽക്കുന്ന മനുഷ്യവ്യൂഹത്തിലെ ഒരാളെ മാത്രം ഫോക്കസ് ചെയ്യാവുന്ന ബൈനോക്കുലർ ഘടിപ്പിക്കാവുന്ന കൃത്യതയുള്ളതുമായ പ്രഹരശേഷിയുണ്ട് ഈ തോക്കിന്. എ.കെ. 56 തുടങ്ങിയ ചില പതിപ്പുകളും കലാഷ് നിക്കോവ് തന്നെ പിന്നീട് വികസിപ്പിച്ചെങ്കിലും എ.കെ. 47ന്റെ അത്രയും ശോഭിച്ചില്ല അവയൊന്നും.
ഇന്ത്യയിൽ വി.ഐ.പി സുരക്ഷാ ചുമതല വഹിക്കുന്ന നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്റെ ഒൗട്ടർറിംഗിൽ പ്രവർത്തിക്കുന്ന കമാണ്ടോകൾക്ക് ഈ ഇനം തോക്കാണ് നൽകിയിരിക്കുന്നത്. അവർ സ്വന്തം കണ്ണുകൾ മൂടിക്കെട്ടി ഈ തോക്ക് അഴിക്കാനും തിരികെ അതുപോലെ തന്നെ കൂട്ടിയോജിപ്പിക്കാനും പരിശീലനം നേടിയവരാണ്.
ലോകമെന്പാടും സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പം ഭീകരരും എ.കെ. യുടെ ആരാധകരാകാൻ കാരണം ഇതിന്റെ കൃത്യതയും കാര്യക്ഷമതയും തന്നെയാണ്.
ലോകം ഭയത്തോടെ കാണുന്ന ഭീകരപ്രവർത്തകരുടെ തോളിൽ ഈ തോക്ക് അലങ്കാരമാണ്. അൽ ഖ്വയിദ നേതാവ് ഉസാമ ബിൻലാദന്റെ തോളിൽ തോക്കില്ലാതെ സങ്കൽപ്പിക്കാനാവുമോ.
ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപകൻ അബൂബക്കർ അൽ ബാഗ്ദാദിയും ഉൗണിലും ഉറക്കത്തിലും എ.കെ.47 കൊണ്ടുനടന്നിരുന്നു.ലോകത്തിന്റെ മുഖച്ഛായ മാറ്റിമറിച്ച തോക്ക് എന്നാണ് കലാഷ് നിക്കോവിന്റെ ആത്മകഥയുടെ പേര്. ലോകജനത ഏറ്റവും അധികം ഉരുവിട്ട റഷ്യൻ വാക്ക് കലാഷ് നിക്കോവ് എന്നായിരിക്കും.
എ.കെയുടെ നിർമാണം
സൈബീരിയയിലെ കർഷക കുടുംബത്തിൽ ജനിച്ച മിഖായേൽ കലാഷ് നിക്കോവ് 1941ലെ യുദ്ധത്തിൽ നാസി പടയാളികളുടെ വെടിയേറ്റ് മാരകമായി പരിക്ക് പറ്റി ആശുപത്രിയിലായ കാലത്ത് എടുത്ത തീരുമാനമാണ് ലോകത്തെ ഏറ്റവും മികച്ച ആയുധത്തിന്റെ നിർമാണത്തിലേക്ക് എത്തിച്ചത്.
റഷ്യൻ ചെന്പടയ്ക്ക് ശത്രുക്കളെ നേരിടാൻ ശക്തവും ഫലപ്രദവുമായ ഒരായുധം വേണം. ലോകയുദ്ധത്തിൽ ഹിറ്റ്ലറുടെ നാസി പടയോട് പൊരുതി വൻതോതിൽ റഷ്യൻ സൈനികരെ നഷ്ടമായി.
ഓരോ റൗണ്ടിനുശേഷവും തോക്കിൽ തിര നിറയ്ക്കുന്ന സമയം ലാഭിച്ചാൽ ആൾനാശം കുറയ്ക്കാമെന്നതായിരുന്നു കലാഷ് നിക്കോവിന്റെ ചിന്ത. കാഞ്ചി ഒന്നുവലിച്ചാൽ സെക്കന്റിൽ നാല് വെടിയുണ്ടകൾ ലക്ഷ്യത്തിലെത്തുന്നതും ഗ്യാസ് നിറച്ച സിലിണ്ടറിൽ പ്രവർത്തിക്കുന്നതും ഏതു പ്രതികൂല കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതുമായ തോക്കിന്റെ നിർമാണം ആ സാഹചര്യത്തിലാണ്.
ചെന്പടയുടെ ആയുധശേഖരത്തിലേക്ക് മുതൽകൂട്ടപ്പെട്ട ഈ തോക്ക് ആൾക്കൂട്ടത്തിനിടയിൽ ഒരാളെ മാത്രം ലക്ഷ്യമാക്കാൻ സാധിക്കും. തോക്കിന്റെ ബാരലിന് മുകളിൽ ഘടിപ്പിച്ച ബൈനോക്കുലറിലൂടെ നോക്കി ഒരു കിലോമീറ്റർ വരെ ലക്ഷ്യം കൃത്യതയോടെ നേരിടാൻ ഷാർപ്പ് ഷൂട്ടർമാർക്ക് സാധിക്കും. ലോകമെന്പാടും നൂറ് ദശലക്ഷം ഈ ഇനം തോക്കുകളുള്ളതായാണ് റഷ്യൻ സർക്കാർ നേരിട്ട് നടത്തുന്ന ആയുധ ഫാക്ടറിയിൽ നിന്നുള്ള കണക്ക്.
വ്യാജമായി തോക്ക് നിർമിക്കുന്നവരും റഷ്യയിൽനിന്ന് ഇതിനുള്ള ഫ്രാഞ്ചൈസി കരസ്ഥമാക്കിയതുമായ രാജ്യങ്ങൾ നിർമിച്ച തോക്കുകൾ ഈ കണക്കിൽ പെടുന്നില്ല. കള്ളക്കടത്തിലൂടെ എത്തുന്ന തോക്കിന്റെ കണക്ക് ആർക്കും അറിയില്ല. 20 രാജ്യങ്ങളിൽ ഇത് റഷ്യയുടെ അറിവോ ലൈസൻസോ ഇല്ലാതെയും നിർമിക്കപ്പെടുന്നുണ്ട്. 30 രാജ്യങ്ങളിൽ റഷ്യൻ ലൈസൻസോടെ എ.കെ. 47 നിർമിക്കുന്നുണ്ട്. ഓരോ വർഷവും ഈ ഇനം തോക്ക് കൊണ്ട് കൊല്ലപ്പെടുന്നവർ കാൽലക്ഷത്തോളം പേരാണ്.
വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ സൈനികർ തങ്ങളുടെ എം.16 യന്ത്ര തോക്കുകൾ ഉപേക്ഷിച്ച് കൊല്ലപ്പെട്ട വിയറ്റ്നാം പോരാളികളുടെ എ.കെ. 47 കൈക്കലാക്കിയിരുന്നതായി ഈ കണ്ടുപിടിത്തിന്റെ അറുപതാം വാർഷികവേളയിൽ കലാഷ് നിക്കോവ് വെളിപ്പെടുത്തി.
കമ്യൂണിസ്റ്റ് റഷ്യയിൽ നിരീശ്വരവാദിയായി ജീവിച്ച മിഖായേൽ കലാഷ് നിക്കോവ് 91-ാം വയസിലാണ് പള്ളിയിൽ പോയതും റഷ്യൻ ഓർത്തഡോക്സ് സഭയിൽ മാമോദീസ സ്വീകരിച്ചതും. മാമോദീസ സ്വീകരിച്ചതിനെപ്പറ്റി അദ്ദേഹം പറഞ്ഞു. ‘ ജീവിതസായന്തനത്തിൽ ദൈവം എനിക്ക് വഴികാട്ടിയായി. അൾത്താരക്ക് മുന്നിലെത്തിയപ്പോൾ ഹൃദയം ആനന്ദനൃത്തം ചെയ്തു. സൈനിക ആയുധ ഡിസൈനർ അലക്സാണ്ടർ മിഖായേൽ കലാഷ് നിക്കോവ് എന്ന ഞാൻ ഇനി ദൈവത്തിന്റെ അടിമയാണ്.’
പട്ടാളക്കാരും ഭീകരരും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഈ ആയുധം വിറ്റ് റഷ്യ നേടിയത് ശതകോടികളാണ്. അമേരിക്കയിൽ ജനിച്ചിരുന്നുവെങ്കിൽ അലക്സാണ്ടർ മിഖായേൽ കലാഷ് നിക്കോവ് ശതകോടീശ്വരൻമാരുടെ ഗണത്തിൽ ചേർക്കപ്പെട്ടേനെ.
ജോൺ മാത്യു